പ്രായം തളർത്താത്ത സൗഹൃദവുമായി പൂർവ്വവിദ്യാർത്ഥി സംഗമം മാവേലിക്കരയിൽ

പ്രായം തളർത്താത്ത സൗഹൃദവുമായി പൂർവ്വവിദ്യാർത്ഥി സംഗമം മാവേലിക്കരയിൽ


മാവേലിക്കര: പ്രായം തളർത്താത്ത   സൗഹൃദവുമായി അവർ വീണ്ടും ഒന്നിച്ചു. വാർധക്യത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും അവരുടെ മനസ്സ്  അഞ്ചു പതിറ്റാണ്ടുകളുടെ  പിന്നിലേക്ക് പോയി. 1969 ബാച്ച് ആയിരുന്ന ഇവരെല്ലാം മാവേലിക്കര ഗവ.ബോയ്സ് ഹൈസ് സ്ക്കൂളിൻ്റെ   മുറ്റത്തും ക്ലാസ് മുറികളിലും തുമ്പിയെ പോലെ പാറിപ്പറന്ന് ഇണങ്ങിയും പിണങ്ങിയും  നടന്നവരായിരുന്നു.  അടിപിടി കൂടി വഴക്കിട്ടും ചോറ്റുപാത്രം പങ്കിട്ടും ഒരമ്മമക്കളെപ്പോലെ പഠിച്ചു വലുതായ ഇവരുടെ ഓർമ്മകൾ മരിക്കും വരെ ഉള്ളിൽ ജീവിക്കും.

കുസൃതിക്ക് ചൂരലുകൊണ്ടുള്ള അടിയും നുള്ളും അന്ന് പേടി ആയിരുന്നു. ഇന്ന് അതൊക്കെ പറയുമ്പോൾ രസകരമായിരുന്നു അതെല്ലാമെന്ന് ഈ പൂർവ്വ വിദ്യാർത്ഥികൾ ഒരുപോലെ പറയുന്നു. കൊച്ചുകൊച്ചു കള്ളത്തരങ്ങൾ പറഞ്ഞു ഗുരുനാഥന്മാരെ പറ്റിച്ചു രക്ഷപ്പെട്ട നുറുങ്ങു കഥകൾ പരസ്പ്പരം പൊട്ടിച്ചിരിയോടു കൂടിയാണ് പറയുന്നത്. അന്നത്തെ ഗുരുശിഷ്യ ബന്ധം പവിത്രവും ബഹുമാനവും വാത്സല്യവും നിറഞ്ഞതായിരുന്നു. വഴക്ക് പറഞ്ഞും അടിച്ചും പഠിപ്പിച്ച ആ കാലങ്ങൾ ആണ് ഞങ്ങളെ വലിയവരാക്കിയത് എന്ന്‌ ചില റിട്ടയർ ഉദ്യോഗസ്ഥർ പറഞ്ഞു.

മുപ്പതു പേർ ഉണ്ടായിരുന്ന പത്താം ക്ലാസ് എ  ഡിവിഷനിൽ പഠിച്ച എല്ലാവരും ഉന്നത നിലയിൽ എത്തി എന്ന പ്രത്യേകത ഇവരെ ഒന്നിച്ചു കൂടുവാനും പഴയ സൗഹൃദം പുതുക്കിക്കൊണ്ടു പോകുവാനും ഇടയാക്കുന്നു. സഹപാഠികൾ ചേർന്ന്  എല്ലാ വർഷവും  വിനോദയാത്ര പോകുന്നതും പഠനകാല ഉല്ലാസയാത്രയെ അനുസ്മരിക്കുന്നു.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർ നാട്ടിൽ എത്തുമ്പോൾ അവരുമായി ഒത്തുകൂടുവാനും, ഒന്നു ചേർന്ന് സന്തോഷം പങ്കിടുവാനും  എല്ലാവർക്കും വളരെ  സന്തോഷം. ഇവരുടെ അധ്യാപകരിൽ  നാല് പേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. മാവേലിക്കരയിൽ  സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ ഇപ്പോഴും സജീവമായ ഗംഗാധര പണിക്കർ സാറും ശിവ പ്രസാദ് സാറും ഇവരുടെ അധ്യാപകരാണ്.

222 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം

വർഷങ്ങൾക്കു ശേഷമുള്ള  ഒത്തുചേരൽ അവർക്ക് മറക്കാനാവാത്ത അനുഭവമായി. ഒരുക്ലാസിൽ ഒന്നിച്ചിരുന്ന പഠിച്ച് ഉന്നത പദവിയിലെത്തിയവരാണ് എല്ലാവരുമെന്ന് അവരിലൊരാളും മുൻ ഡപ്യൂട്ടി കളക്ടർ കൂടിയായ കോശി ജോൺ പറഞ്ഞു.

മുൻ വനം വകുപ്പ് മേധാവി രാജ രാജ വർമ്മ, ഓർത്തോപീടിക് സർജൻ അയ്യപ്പൻ പിള്ള, ഫോറസ്റ്റ് റിസേർച്ച് ഇസ്ടിട്യൂട്ടിൽ സയന്റിസ്റ്റ് ആയിരുന്ന ചന്ദ്ര ശേഖര പണ്ടാല, മുൻ ആലപ്പുഴ എ ഡി എം കോശി ജോൺ, അമേരിക്കയിൽ സയന്റിസ്റ്റ് ആയ അലക്സാണ്ടർ ജേക്കബ്, മൃഗ സംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ  മഹാദേവ കൈമൾ, കേണൽ ബിജു പി കോശി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഹരി ശങ്കർ, എം ജി യൂണിവേഴ്സിറ്റി ലൈബ്രേറിയൻ കൂടി ആയിരുന്ന നോവലിസ്റ്റ് കെ കെ സുധാകരൻ, ബാങ്ക് മാനേജർമരായിരുന്ന കൃഷ്ണ മൂർത്തി, ബാലചന്ദ്രൻ നായർ, മുരളീധര ദാസ്, ശ്രീഹരി, രാമാനുജൻ, ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന അലക്സ്, ബിജി മാത്യു, ജോൺ ബാബു, അനന്ത പദ്മനാഭൻ, പ്രവാസിയായിരുന്ന ഗോപിനാഥ വാരിയർ, പി ഡബ്ലിയു ഡി യിൽ സൂപ്രണ്ട് ആയിരുന്ന കേരള വർമ്മ,വിവിധ ബാങ്കുകളിൽ നിന്ന് മാനേജർമാരായി വിരമിച്ചവർ, മറ്റുന്നത സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചവരും ബിസിനസ് രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവരും ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്.

“നമുക്ക് പാർക്കാം മുന്തിരി തോപ്പുകൾ” എന്ന സിനിമയുടെ ഉൾപ്പെടെ കഥ എഴുതിയ മുൻ യൂണിവേഴ്സിറ്റി ലൈബ്രറിയൻ പദവിയിൽ നിന്ന് റിട്ടയർ ചെയ്ത കെ കെ സുധാകരനും ഉൾപ്പെടുന്നു. ഇവരുടെ സഹധർമ്മിണിമാരും  ഈ കൂട്ടായ്മയ്ക്ക് പിന്തുണ നല്കുന്നു. മക്കളും പേരക്കുട്ടികളും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ  റിട്ടയർമെന്റ് ജീവിതം സന്തോഷ പൂരിതമാക്കുകയാണ് ഇവരെല്ലാവരും.

കോവിഡ് എന്ന മഹാവ്യാഥിയുടെ കടന്നുപോക്കിനിടെ ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടെങ്കിലും സുഹൃദ്‌ വലയത്തിന്റെ കണ്ണി പൊട്ടിയില്ല. പിന്നീട്  നടന്ന ഒത്തുചേരലിൽ കാതങ്ങൾ താണ്ടി അവരെത്തി. വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്ക് ചേക്കേറിയവരും പഠിച്ചുവളർന്ന മണ്ണിലേക്കെത്താൻ മടിച്ചില്ല.

പഴയ ഓർമകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയവർ പരസ്പരം  സ്‌നേഹം പങ്കുവെച്ച് മടങ്ങി. വാർദ്ധക്യ ക്ഷീണവും നരയുമൊക്കെ ബാധിച്ചെങ്കിലും ഗുരുകുല ഓർമ്മകളെ അതൊന്നും ബാധിക്കാതെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മധുരം പങ്കുവെച്ചുമാണ് ചെങ്ങാതിമാരെല്ലാം പിരിഞ്ഞത്.

222 വർഷം മുമ്പുള്ള ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ബോയ്‌സ് ഹൈസ്കൂളിന്റെ  ഈ കാമ്പസിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ, ഹയർ സെക്കന്ററിസ്ക്കൂളും, ഹൈസ്ക്കൂളും ഒപ്പം അപ്പർപ്രൈമറി യും ഇപ്പോൾ നടക്കുന്നു. പൈതൃക പട്ടികയിലുള്ള സ്ക്കൂളുകളിൽ ഒന്നാണ് ഇതെന്നു കൂടി ഇപ്പോൾ ഉള്ള പ്രിൻസിപ്പാൾ പുഷ്പ്പ  ലേഖകനോട് പറഞ്ഞു.

          
   – ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!