തിളങ്ങുന്ന ഇന്ത്യയിൽ മനുഷ്യന് ‘പട്ടിയുടെ വിലയോ’?

തിളങ്ങുന്ന ഇന്ത്യയിൽ മനുഷ്യന് ‘പട്ടിയുടെ വിലയോ’?

ഒരിക്കലും കേൾക്കാനിഷ്ടപ്പെടാത്ത വാർത്തകളാണ് ഇപ്പോൾ ഇന്ത്യയിൽ നാം കേൾക്കുന്നത്. ബംഗളൂരിൽ മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ തല്ലിക്കൊന്നു.

ഓട്ടോറിക്ഷ തൊഴിലാളികൾ ആയിരുന്നു കെ. ഗിരീഷും(32), ഗിരീഷ് മുദല ഗിരിയപ്പയും(34). ഇരുവരുടെയും കാലുകൾ പൊള്ളിച്ചതിനുശേഷം സംഘം ചേർന്ന് ക്രൂരമായി തല്ലിക്കൊന്നുവെന്നാണ് പറയുന്നത്. കൃത്യനിർവ്വഹണത്തിനു ശേഷം പാടത്തും കുളത്തിലും ഉപേക്ഷിക്കുകയായിരുന്നു അവരുടെ മൃതദേഹങ്ങൾ.

ചില ദിവസങ്ങൾക്കുമുമ്പാണ്‌ ഇന്ത്യയിലെ മറ്റൊരു നഗരത്തിൽ ഒരു വിദ്യാർത്ഥിയെ ഒരുപറ്റം യുവാക്കൾ ബലമായി പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചത്. “ഞങ്ങൾ ഉയർന്ന ജാതിക്കാരാണ്, നീ താഴ്ന്ന ജാതിക്കാരൻ, അതിനാൽ നീ ഞങ്ങളുടെ കാലു നക്കുക” എന്നു പറഞ്ഞ് അതു ചെയ്യിക്കുന്നു. മാത്രമല്ല മാധ്യമങ്ങളിലൂടെ അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്നു.

എത്ര നീചമാണ് പുതുതലമുറയുടെ വികൃത നിലവാരം. മതമോ ജാതിയോ, നിറമോ എന്തുമാകട്ടെ ഏത് മനുഷ്യനും ഇന്ത്യയിൽ നീതി കിട്ടുമെന്നുള്ള വിശ്വാസമാണ് ഓരോ പൗരനും. ഇന്ത്യ എന്ന മഹാരാജ്യം സർവ്വ മത സാഹോദര്യത്തിന്റെ ഐക്യവേദിയാണ്. ഒരുമതത്തെയോ അവരുടെ വിശ്വാസത്തെയോ ഹാനിവരുത്തുന്ന പ്രയോഗങ്ങൾ ചെയ്യരുത് എന്നാണ് ഭരണഘടന പറയുന്നത്.

കീഴ്ജാതിക്കാർ മേൽജാതിക്കാരെ വിവാഹം കഴിച്ചകരണത്താൽ എത്ര യുവതീയുവാക്കന്മാരെയാണ് പീഡിപ്പിച്ചു കൊന്നു കളഞ്ഞത്.
ജാതിവ്യവസ്ഥയിലെ വേർകൃത്യങ്ങൾക്കെതിരായി അനേകർ പ്രതികരിച്ചിട്ടുണ്ട്. സർവ്വമത സ്വാതന്ത്ര്യമുള്ള ഭാരതത്തിൽ മതത്തിന്റെയും ജാതിയുടെയും എണ്ണം കുറവല്ല.

നവോത്ഥാന നായകന്മാരിൽ പ്രധാനികൾ ആയിരുന്നു കേരളത്തിൽ നിന്നുള്ള പണ്ഡിറ്റ് കറുപ്പൻ, ശ്രീനാരായണഗുരു, അയ്യൻകാളി, വൈകുണ്ഠസ്വാമികള്‍, സഹോദരനയ്യപ്പൻ, ചട്ടമ്പിസ്വാമികൾ. അവരുടെ ഉദ്ദേശശുദ്ധിയോടുകൂടിയ സാമൂഹിക ഉദ്ധാരണ സമരങ്ങൾ ചരിത്രത്തിലെ മറക്കാൻ കഴിയാത്ത നാഴികക്കല്ലുകളാണ്.

ഡോ.ബി.ആർ. അംബേദ്‌ക്കർ അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ഇന്ത്യയിലെ ജാതിവ്യവസ്ഥിതിക്കെതിരായി പോരാടുകയും ദളിതരുടെയും മറ്റ്‌ സാമൂഹ്യ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തു.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദളിത് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം പര്യടനം നടത്തിയതും ശ്രദ്ധേയമാണ്. ഇതൊക്കെ നടന്നിട്ടും ചരിത്രപരമായി വർണ്ണവ്യവസ്ഥയിൽ നിന്നും പുറത്താക്കി അയിത്തജാതിക്കാരെന്ന് മുദ്രകുത്തിയതു കൊണ്ടല്ലേ സാധുക്കളെ തല്ലിക്കൊല്ലുന്നതും, കാലുനക്കിക്കുന്നതും, പീഡിപ്പിക്കുന്നതും. ജാതി വർണ്ണങ്ങളുടെ ഉത്ഭവം ആധുനിക കാലത്തിനു മുമ്പാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പട്ടികജാതി പട്ടികവർഗ്ഗങ്ങളിലെ ജനങ്ങൾക്ക് ജോലിസംവരണം ഏർപ്പെടുത്തി.

1950 മുതൽ താഴ്ത്തപ്പെട്ട ജനതയെ സംരക്ഷിക്കാനും അവരുടെ സാമൂഹിക സാമ്പത്തിക നില മെച്ചപ്പെടുത്താനും നിയമ നിർമ്മാണം നടത്തുകയും ചെയ്തു. താഴ്ത്തപ്പെട്ട ജാതികളോടുള്ള വിവേചനം ഇന്ത്യൻ ഭരണഘടന അനുശ്ചേദം 15 അനുസരിച്ച് നിയമ വിരുദ്ധമാണ്. എന്നിട്ടും ദളിതർക്കെതിരായ അക്രമം ഇന്ത്യയിൽ വർദ്ധിച്ചു വരുകയാണ്. ഏത് കുറ്റം ആരുചെയ്താലും ഭരണഘടനാ നിയമപ്രകാരം ശിക്ഷിക്കുവാനുള്ള നിയമം നിയമകർത്താക്കൾക്കുള്ളപ്പോൾ ആണ് മോഷണക്കുറ്റം ആരോപിച്ച് തല്ലി കൊല്ലുന്നതും കാലു നാക്കിക്കുന്നതും. ഇതൊക്കെ അപലനീയം തന്നെ.

സാക്ഷരത കേരളത്തിൽ പോലും വിശപ്പുകൊണ്ട് മോഷ്ടിച്ചതിന് കെട്ടിയിട്ട് തല്ലിക്കൊന്നില്ലേ ഒരു ആദിവാസി യുവാവിനെ. ഇതിനൊക്കെ ഉത്തരവാദികൾ ആരാണ്? വേണമെങ്കിൽ ഭരണ പ്രതിപക്ഷത്തെ നമുക്ക് പഴിചാരം. ഇത് അവരുടെ ഉത്തരവാദിത്വക്കുറവാണോ? അതോ ഒരു ആശയമാണോ? ഭരണകൂടം ഇതൊക്കെ കണ്ടിട്ടും നടപടികൾ കൈക്കൊണ്ടിട്ടും ഈ പീഡനപരമ്പര വർധിക്കുന്നതിന്റെ കാരണം എന്താണ്?

ഇങ്ങനെപോയാൽ ഇത്തരം ദുര്യോഗങ്ങൾ ദുരന്തം കൂടുതൽ വിതയ്ക്കുമെന്നുള്ളത് ഭരണനേതാക്കന്മാർ ഒന്നുകൂടി അറിഞ്ഞിരിക്കണം. മാനവികതയുടെയും സാക്ഷരതയുടെയും വെളിച്ചം ഇനി എന്നാണ് നമ്മുടെ യുവതലമുറയിൽ ഉണ്ടാകുന്നത്?


ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!