ക്രിസ്തുവിന്റെ മരണം: സബ്സ്റ്റിറ്റ്യൂഷൻ (ബലിയാട്)

ക്രിസ്തുവിന്റെ മരണം: സബ്സ്റ്റിറ്റ്യൂഷൻ (ബലിയാട്)

ഡോ. ബാബു തോമസ്,
ന്യൂയോര്‍ക്ക്.

മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ആധിപത്യത്തിൽനിന്നും മനുഷ്യനെ മോചിക്കാനായി യേശു ബലിയാടാകുകയായിരുന്നു.

നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. വിശുദ്ധ ബൈബിൾ പ്രസ്താവിക്കുന്നു, “നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” അളവുകളില്ലാത്ത സ്നേഹത്തിന്റെ ആഴം യേശുവിന്റെ ക്രൂശുമരണത്തിലൂടെയാണ് വെളിപ്പെടുന്നത്. ഒരാൾ യേശുവിനെ എത്രത്തോളം അറിയുന്നുവോ അത്രത്തോളം സ്നേഹമുള്ള വ്യക്തിയായിരിക്കും.

ഏതൊരു വാർത്തയുടെയും പ്രാധാന്യം പത്രത്തിൽ കൊടുത്തിരിക്കുന്ന സ്ഥലത്തിന്റെ അളവുകൊണ്ട് അളക്കാൻ കഴിയും. അതേ നിയമം ബൈബിളിനും ബാധകമാക്കിയാൽ യേശുവിന്റെ മരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ പ്രയാസമില്ല. നാം ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ, ബൈബിൾ കഥാപാത്രങ്ങളുടെ മരണത്തെക്കുറിച്ചുള്ള അറിയിപ്പുകൾക്ക് നൽകിയിരിക്കുന്ന ഏറ്റവും ചെറിയ ഇടമാണ് നാം കണ്ടെത്തുക. എന്നാൽ അതിൽ നിന്നെല്ലാം വ്യതസ്തമായി ക്രിസ്തുവിന്റെ മരണത്തിനായി സമർപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ വ്യാപ്തിതന്നെ അതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

വിശുദ്ധ ബൈബിളിന്റെ താളുകളിൽകൂടി നാം പ്രാർത്ഥനാപൂർവ്വം സഞ്ചരിക്കുമ്പോൾ പഴയനിയമത്തിൽ നിഴലായും പുതിയനിയമത്തിൽ പൊരുളായും അനേക വാക്യങ്ങളിൽ കൂടിയും അധ്യായങ്ങളിൽകൂടിയും ആഴമേറിയ സത്യം വെളിപ്പെട്ടിരിക്കുന്നതു കാണാം. പുതിയ നിയമത്തിലേക്ക് നാം കടന്നു വരുമ്പോൾ, മത്തായി 66 വാക്യങ്ങളുടെ ഒരു അധ്യായം സമർപ്പിക്കുന്നു; മർക്കോസ് സാധാരണയായി തന്റെ എല്ലാ പ്രസ് താവനകളിലും വളരെ ഹ്രസ്വമായിരുന്നു, 47 വാക്യങ്ങൾ; ലൂക്കോസ്, 56; യോഹന്നാൻ, 42. ഇതെങ്ങനെയുണ്ട്? തീർച്ചയായും, മറ്റെല്ലാ മരണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ആ മരണം!

മനുഷ്യരുടെ രക്ഷയ്ക്കായുള്ള നമ്മുടെ കർത്താവിന്റെ പരമോന്നത വേല അവന്റെ മരണത്തിൽ കൂടി നിവൃത്തിയായി എന്നതാണ് വാസ്തവം. നാം ജീവിക്കാനായി വരുന്നു എന്നാൽ യേശു മരിക്കാൻ വന്നു; അവൻ ചെയ്യാൻ വന്ന വേല നിറവേറ്റാനുള്ള ഉപാധിയായിരുന്നു മരണം. മറ്റൊരു വസ്തുതയും ഒരുപോലെ ശ്രദ്ധേയമാണ്, അതായത് ആ മരണമല്ലാതെ മനുഷ്യ വർഗത്തിന് രക്ഷയില്ലെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ ഏറ്റവും ലളിതമായ വശങ്ങളിൽ ഒന്നാണ് സബ്സ്റ്റിറ്റ്യൂഷൻ. തിരുവെഴുത്തുകളുടെ എണ്ണമറ്റ ഭാഗങ്ങളിൽ അതു പഠിപ്പിക്കുന്നു (യോഹന്നാൻ 10:11; ഗലാത്യർ 2. 20; 1 പത്രോസ് 3. 18).

മഹാനായ സുവിശേഷകൻ ഡി. എൽ. മൂഡിയുടെ അഭിപ്രായപ്രകാരം ഉല്പത്തി 22-13 ൽ നല്കപ്പെട്ടിരിക്കുന്നതിനെക്കാൾ വ്യക്തമായ വിശദീകരണമോ പകരക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തമോ മറ്റെങ്ങും കണ്ടെത്താൻ കഴിയില്ല. ബലിയാടായി മരിക്കുക എന്നതിന്റെ അർഥം ഗ്രഹിക്കുവാൻ ഈ ഭാഗം അപഗ്രഥിച്ചു പഠിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും യേശു മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരകനായി മരിച്ചു എന്ന ഉപദേശം മറന്നുകൊണ്ടാണ് പലരും പ്രസംഗിക്കുന്നത്. യേശുവിന്റെ ക്രൂശുമരണം പ്രഖ്യാപിക്കാത്ത ഒരു പ്രസംഗവും ക്രിസ്തുവിന്റെ സഭയുടെ സന്ദേശമല്ല. എന്നാണ് മൂഡി പ്രസ്താവിക്കുന്നത്. പാപികളിൽ പ്രത്യാശയുടെ കിരണം നല്കപ്പെടണമെങ്കിൽ യേശുവിന്റെ ബലിമരണം എന്തിനായിരുന്നെന്നും, എന്താണെന്നും വ്യക്തമാക്കണം.

ഉല്പത്തി 22-ലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അബ്രാഹാമിന് തന്റെ പുത്രനെ അർപ്പിക്കാൻ ഒരു യാത്ര വേണ്ടിവന്നത് എന്തുകൊണ്ട് ? ആ പ്രവൃത്തി ധൃതിപിടിച്ചുള്ള പ്രേരണയല്ല, മറിച്ച് ശാന്തവും മനഃപൂര്‍വ്വവും, കണക്കുകൂട്ടപ്പെട്ടതുമായ ഉദ്ദേശ്യമായിരുന്നുവെന്ന് വെളിപ്പെടുത്തുവാനായിരുന്നു . ബൈബിളിലെ ക്രിസ്തുവിന്റെ പകരക്കാരനായ മരണത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങളിൽ ഒന്നാണിത്.

ഇസഹാക്കിന്റെ യാഗത്തിന്റെ സൂചകം മനുഷ്യ വർഗ്ഗത്തിന്റെ പാപത്തിന്റെ പ്രായശ്ചിത്തബലിയാകാനുള്ള ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു. വാഗ്ദത്ത പുത്രനായ ഇസഹാക്കിനെ വാഗ്ദത്ത മിശ്ശിഹായെ വെളിപ്പെടുത്തുന്നു., ഇസഹാക്കിനു പകരമായി യാഗമായ ബലിയാട് , യേശുവിന്റെ അമാനുഷിക ജന്മത്തിന്റെ സാദൃശ്യം. തന്റെ പിതാവിന്റെ പ്രിയപ്പെട്ടവനും ഏകജാതനുമായ പുത്രനായിരുന്നു ഇസഹാക്ക്. താൻ വിറകു തലയിൽ ചുമന്നുകൊണ്ട് പോകുന്നത് യേശു കുരിശു ചുമക്കുന്നതിന്റെ നിഴലായി ദർശിക്കാം.

ബലിയർപ്പിക്കപ്പെടാനുള്ള ഇസഹാക്കിന്റെ സന്നദ്ധത പോലെ പിന്നീട് യേശുവും മരകുരിശും പേറികൊണ്ട് മരണസ്ഥലത്തേക്ക് പോയി. ഇസാഹക് തലയിൽ ചുമന്ന വിറകു യാഗപീഠത്തിന്മേൽ അടുക്കി അവനെ അതിന്റെ മുകളിൽ വിരിച്ചുകിടത്തി. യേശുവിനെയും തന്റെ ക്രൂശിന്മേൽ വിരിച്ചുകിടത്തി കൈകളിലും, കാലുകളിലും കാരിരുമ്പാണികൾ അടിച്ചുകയറ്റി. പാപത്തിന്റെ ശിക്ഷയായ് മനുഷ്യവർഷത്തെ വിടുവിക്കുവാൻ യേശു സ്വയമായി ക്രൂശുമരണം ഏറ്റെടുത്ത് വിശ്വസിക്കുന്നവർക്ക് വിടുതൽ ഒരുക്കി. ഇതൊന്നും ഐതീഹങ്ങളല്ല, തെളിവുകളുള്ള ചരിത്ര സംഭവങ്ങളാണ്.
യിസ്ഹാക്കിന്റെ കാര്യത്തിൽ നടന്നതുപോലെ ദൈവപുത്രനു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല, പകരം, കർത്താവായ യേശു നമ്മുടെ പകരക്കാരനായി വന്നു, നമുക്കു പകരം മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!