സത്യസന്ധതയാണ് ജീവിതത്തിലെ ഏറ്റവും നല്ല മൂല്യം

സത്യസന്ധതയാണ് ജീവിതത്തിലെ ഏറ്റവും നല്ല മൂല്യം

പാസ്റ്റര്‍ ബാബു തോമസ്,
ന്യൂയോര്‍ക്ക്.

ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിനിന്റെ പ്രശസ്തമായ പ്രസ്താവനയാണ് ‘സത്യസന്ധതയാണ് ഏറ്റവും നല്ല നയം’ എന്നുള്ളത്‌. ഇന്നത്തെ ലോകത്തില്‍ ഇത് എന്ത് പ്രാധാന്യമര്‍ഹിക്കുന്നു എന്ന് നമുക്ക് തോന്നിപോകും. സത്യസന്ധത എന്നാല്‍ നുണ, വഞ്ചന, മോഷണം എന്നിവയുടെ അഭാവത്തില്‍ ജീവിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്.

സത്യസന്ധന്‍ എന്നാല്‍ വിശ്വസ്തനും, നീതിയുള്ളവനും ആത്മാര്‍ത്ഥതയുള്ളവനും ആയിരിക്കുക എന്നുമാണ് നമുക്ക് ഗ്രഹിക്കുവാന്‍ ഇടയാകുന്നത്. സ്ത്രീ സൗന്ദര്യത്തെ കുറിച്ച് എലനോര്‍ റൂസ് വെല്‍റ്റ് പറയുന്നതിങ്ങിനെയാണ്, ‘പരമാര്‍ത്ഥതയുള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ എത്ര തുറന്ന മനോഭാവമുള്ള വ്യക്തിയായാലും, സത്യവും, സത്യസന്ധതയും അവളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നു എങ്കില്‍ അവളാണ് ഏറ്റവും സൗന്ദര്യമുള്ളവള്‍’.

സത്യസന്ധതയില്ലാത്ത ജീവിതവും നേരായ ജീവിതവും തമ്മില്‍ വലിയ അന്തരമുണ്ട്. സത്യസന്ധത എന്നത് ധാര്‍മ്മിക സ്വഭാവത്തിന്റെ ഒരു മുഖത്തെ സൂചിപ്പിക്കുന്നു. നേരായ പെരുമാറ്റമുള്‍പ്പടെ സമഗ്രത, സല്‍സ്വഭാവം, വിനയം തുടങ്ങിയ ക്രിയാത്മകവും സദ്ഗുണപരവുമായ സവിശേഷതകളാണിതിന്റെ പ്രതിഫലനം. സത്യസന്ധത ഒരു ക്രിസ്ത്യാനിയില്‍ നിന്നകലുമ്പോള്‍, ക്രിസ്ത്യാനിത്വത്തിന്റെ ശക്തി നഷ്ടപെടുന്നതായിട്ടാണ് പ്രസംഗങ്ങളുടെ പ്രഭു എന്നറിയപ്പെടുന്ന ചാള്‍സ് സ്പര്‍ജന്‍ പറഞ്ഞിരിക്കുന്നത്.

സത്യസന്ധതയുള്ളവര്‍ അവരുടെ പെരുമാറ്റത്തിലൂടെ സമാനചിന്താഗതിക്കാരായ മറ്റ് ആളുകളെ തങ്ങളുടെ ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്നു. നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ ശ്രദ്ധിക്കുക, ‘ഒരാള്‍ക്ക് ആദ്യം വേണ്ടത് സ്വന്തം ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക എന്നതാണ്. അതില്ലാത്ത ഒരാള്‍ക്ക് ഒരിക്കലും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. വലിയ സമാധാന കാംഷികളായ മഹന്മാരൊക്കെ സത്യസന്ധതയുടെയും, വിനയത്തിന്റെയും മകുടോദാഹരണങ്ങളാണ്.

‘ഒരിക്കല്‍ ഒരു റബ്ബി തന്റെ ശിഷ്യരുടെ സത്യസന്ധത പരീക്ഷിക്കാനായി അവരെ ഒരുമിച്ച് വിളിച്ച് ഒരു ചോദ്യം ചോദിച്ചു. ‘നിങ്ങള് റോഡില്‍കൂടി നടക്കുമ്പോള്‍ പണം നിറച്ച ഒരു പേഴ്‌സ് റോഡില്‍ കിടക്കുന്നത് കണ്ടെത്തിയാല്‍ നിങ്ങള്‍ എന്തു ചെയ്യും?’ റബ്ബി ചോദിച്ചു.
‘ഞാനത് അതിന്റെ ഉടമസ്ഥന് തിരികെ നല്കുമായിരുന്നു’, ഒരു ശിഷ്യന്‍ പറഞ്ഞു. അവന്റെ ഉത്തരം വളരെ വേഗത്തില്‍ ആയിരുന്നു. അവന്‍ ശരിക്കും പറഞ്ഞത് അര്‍ത്ഥമാക്കുന്നുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടണം, റബ്ബി വിചാരിച്ചു. ‘ആരും കണ്ടില്ലെങ്കില്‍ ഞാന്‍ പണം സൂക്ഷിക്കും. മറ്റൊരാള്‍ പറഞ്ഞു. ‘അവന് ഒരു തുറന്ന നാവുണ്ട്, പക്ഷേ ദുഷ്ടമായ ഹൃദയമാണ്’, റബ്ബി സ്വയം പറഞ്ഞു.

‘ശരി’, റബ്ബി മൂന്നാമത്തവനോട് പറഞ്ഞു സത്യസന്ധമായി ഉത്തരം പറയാന്‍, അപ്പോള്‍ മൂന്നാമന്‍ പറഞ്ഞു, ‘സത്യസന്ധമായി പറഞ്ഞാല്‍, അത് സ്വന്തമാക്കാന്‍ ഞാന്‍ പ്രലോഭിപ്പിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അത്തരം പ്രലോഭനങ്ങളെ ചെറുക്കാനും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനും എനിക്ക് ശക്തി നല്‍കാനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും’. ആഹാ! റബ്ബി ചിന്തിച്ചു, ഇതാ ഞാന്‍ പ്രതീക്ഷിച്ച ഉത്തരം, ഇവനെ വിശ്വസിക്കുവാന്‍ കൊള്ളാം.

‘സത്യസന്ധത വളരെ ചെലവേറിയ സമ്മാനമാണ്. വിലകുറഞ്ഞ ആളുകളില്‍ നിന്ന് ഇത് പ്രതീക്ഷിക്കരുത്’, എന്നാണ് വാറന്‍ ബഫറ്റ് പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ സത്യസന്ധതയില്ലാത്തവര്‍ മനോവിഭ്രാന്തിയുള്ളവരും കുറ്റബോധത്തിനടിമപ്പെട്ടു ജീവിക്കുന്നവരും ആയിരിക്കും. സ്ത്രീയായാലും പുരുഷനായാലും ഇങ്ങനെയുള്ളവര്‍ ഏതു മതവിശ്വാസിയെങ്കിലും അവരെ ആശ്രയിക്കുന്നതപകടമാണ്. ഒരു കാര്യം സത്യമാണ് സമൂഹത്തില്‍ എത്ര വഷളത്തം വര്‍ദ്ധിച്ചാലും സത്യസന്ധമായി ജീവിക്കുന്ന ചിലരെങ്കിലുമുണ്ട്. അങ്ങനെയുള്ളവര്‍ സ്വന്തനേട്ടങ്ങളെക്കാള്‍ മറ്റുള്ളവരുടെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നവരായിരിക്കും.

നമുക്ക് ദോഷമായി മറ്റൊരാള്‍ ചെയ്യരുതെന്ന് നാം ആഗ്രഹിക്കുന്നതുപോലെ നാമും മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാതിരിക്കുക എന്ന തത്വമാണ് യേശു പഠിപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലും, മറ്റുള്ളവര്‍ക്ക് മനഃപൂര്‍വ്വമായി എങ്ങനെ ദോഷം ചെയ്യാനാകും എന്ന ഒരു ദുഷിച്ച പ്രവണതയാണ് അനേകരിലും വര്‍ദ്ധിച്ചുവരുന്നത്. നാം മറ്റുള്ളവരാല്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കപെടുന്നുവെങ്കില്‍ സത്യസന്ധമായി സംസാരിക്കുകയും, ഇടപെടുകയും ചെയ്യണം. വില്യം ഷേക്‌സ്പിയറിന്റെ അഭിപ്രായത്തില്‍, ‘ഒരു പാരമ്പര്യവും സത്യസന്ധതപോലെ സമ്പന്നമല്ല.’

ഒരിക്കല്‍ ഒരു ചെറുപ്പക്കാരന് തലനാരിഴ ദൈര്‍ഘ്യത്തില്‍ സ്ഥാനം നഷ്ടപെട്ട ഒരു കഥ വായിച്ചിട്ടുണ്ട്, ഒരു പ്രത്യേക ബാങ്കില്‍ ഒരു ട്രസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നു, അതില്‍ നാല് ചെറുപ്പക്കാരും ഒരു വൃദ്ധനും ജോലി ചെയ്തിരുന്നു. ദീര്‍ഘനാളത്തെ സര്‍വീസുള്ള വയോധികനെ അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം നല്‍കിയശേഷം, ബാങ്കിന്റെ ഉന്നതാധികാരികള്‍ നാലു ചെറുപ്പക്കാരില്‍നിന്നും യോഗ്യനായ ഒരാള്‍ക്ക് ട്രസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല കൈമാറാനും സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു. ഓരോരുത്തരുടെയും ജോലിയിലുള്ള കൃത്യതയും, അര്‍പ്പണവും പരിഗണിച്ച ശേഷം, നാല് ചെറുപ്പക്കാരില്‍ ഒരാളെ പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ശമ്പളത്തില്‍ ഗണ്യമായ, ശമ്പളവര്‍ധനവും തീരുമാനിച്ചിരുന്നു.

അന്നു വൈകുന്നേരം നാലുമണിക്ക് സ്ഥാനക്കയറ്റത്തെകുറിച്ച് അറിയിക്കുവാനായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഉച്ചസമയത്ത് സ്ഥാനക്കയറ്റം ലഭിക്കേണ്ട യുവാവ് ഉച്ചഭക്ഷണത്തിനായി ഒരു കഫറ്റീരിയയിലേക്ക് പോയി (കാന്റീന്‍). ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളും അതിനിടയില്‍ ഭക്ഷണം വാങ്ങാനെത്തിയ പലരോടൊപ്പം ലൈനില്‍ അവന്റെ പിന്നില്‍ ഉണ്ടായിരുന്നു. ഒരു ചെറിയ കഷണം വെണ്ണ ഉള്‍പ്പെടെ യുവാവ് തന്റെ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഉദ്യോഗസ്ഥന്‍ കണ്ടു. വെണ്ണ, അവന്‍ തന്റെ പ്ലേറ്റില്‍ മറച്ചു വച്ചുകൊണ്ടു അതിന്റെ മുകളില്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ എടുത്തുവയ്ക്കുകയും വെണ്ണയുടെ കാശു കൊടുക്കാതെ കാഷ്യറോട് കള്ളം പറഞ്ഞു പോയതും ബാങ്കിലെ മേല്‍ ഉദോഗസ്ഥന്‍ ശ്രദ്ധിക്കുകയുണ്ടായി.

അന്ന് ഉച്ചതിരിഞ്ഞ് ബാങ്കിലെ മേലുദ്യോഗസ്ഥന്‍ തന്റെ ഓഫീസിലേക്ക് യുവാവിനെ വിളിപ്പിച്ചിട്ടു ഇങ്ങനെ പറഞ്ഞു ‘നിനക്ക് ഒരു സ്ഥാനക്കയറ്റം തരാനും, ശമ്പളവര്‍ദ്ധനവ് അനുവദിക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കഫറ്റീരിയയില്‍ കണ്ട കാര്യങ്ങള്‍ കാരണം, നുണ പറയുകയും മോഷ്ടിക്കുകയും ചെയ്യുന്ന ഒരാളെ തങ്ങളുടെ ട്രസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി നിയമിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല എന്ന് മാത്രമല്ല നിന്നെ ഇന്നുതന്നെ പിരിച്ചുവിടുകയാണ്.

എവിടെയൊക്കെ കള്ളം പറഞ്ഞു രക്ഷപെടാന്‍ നോക്കിയാലും, ആരെയൊക്കെ പറ്റിച്ചാലും, ഒരിക്കല്‍ പിടിക്കപെടുമെന്നു മാത്രമല്ല ദൈവത്തിന്റെ പിടിയില്‍നിന്ന് രക്ഷനേടാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സര്‍വ ശക്തനും സര്‍വ്വവ്യാപിയും, സര്‍വജ്ഞാനിയുമായ ദൈവത്തിന്റെ കൈയില്‍ നിന്ന് രക്ഷപെടാന്‍ ആര്‍ക്കും സാധ്യമല്ല എന്നുള്ള പാഠം നാം ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!