165 വര്‍ഷം നീണ്ടുനിന്ന പോര്‍ട്ടുഗീസ്-കേരള ബന്ധത്തിന് ഗുണഫലങ്ങളുണ്ടായിരുന്നുവെന്ന തിരിച്ചറിവോടു കൂടിത്തന്നെ ദൂഷ്യഫലങ്ങളാണേറെയുണ്ടായിരുന്നതെന്നു പറയാതെ വയ്യാ. ഉദയംപേരൂര്‍ സുന്നഹദോസിന്റെ വിവിധ വശങ്ങളെപ്പറ്റിയും പോര്‍ച്ചുഗീസുകാരുടെ ഭരണത്തെപ്പറ്റിയും ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
ഷെയ്ഖ് സൈനുദ്ദീന്റെ ‘തുഹ്ഫത്തുള്‍ മുജാഹിദിന്’, ഫ്രെഡറിക് ചാള്‍സ് ഡാന്‍വേഴ്സിന്റെ ‘The Portuguese in India Vol. 1’, കെ.എം. പണിക്കരുടെ ‘കേരള സ്വാതന്ത്ര്യസമരം’ എ. ശ്രീധരമേനോന്റെ ‘കേരള ചരിത്രം’ തുടങ്ങിയ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ പോര്‍ച്ചുഗീസുകാര്‍ ചെയ്ത നീചപ്രവര്‍ത്തികള്‍ മനസ്സിലാക്കാന്‍ കഴിയും. ഒന്നര നൂറ്റാണ്ടു കാലത്തെ പൈശാചികമായ ആക്രമണങ്ങളും കൊള്ളയും കൊള്ളിവയ്പ്പും മതഭ്രാന്തും പീഡനങ്ങളും ഒക്കെയായിരുന്നു അവരുടെ സംഭാവന.
പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തില്‍ പരിമിതമായ അധികാരങ്ങളേ ഉണ്ടായിരുന്നുള്ളൂ. കൊടുങ്ങല്ലൂര്‍, കൊച്ചി, കണ്ണൂര്‍, പുറക്കാട്, കൊല്ലം എന്നീ പട്ടണങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ടകള്‍ പണിത് അത് കേന്ദ്രമാക്കിയുള്ള ആധിപത്യമാണ് പുലര്‍ത്തിയിരുന്നത്. കടലോര പ്രദേശങ്ങളായിരുന്നു അവരുടെ വിഹാരകേന്ദ്രം. നാവികശക്തിയിലൂന്നിയ അധികാരമായിരുന്നതുകൊണ്ട് ഉള്‍പ്രദേശത്ത് പോര്‍ച്ചുഗീസുകാര്‍ പ്രവേശിക്കുകയോ ഭരണം കയ്യേറാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.
പൂര്‍ണ്ണമായ രാഷ്ട്രീയ അധികാരം കേരളത്തിലില്ലാതിരുന്നതിനാല് അവര്‍ നടപ്പിലാക്കിയ സാമൂഹ്യപരിഷ്കാരങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. 16-ാം നൂറ്റാണ്ടിനൊടുവില്‍ കേരളക്കരയുടെ സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ 19, 20 നൂറ്റാണ്ടുകളില്‍ കേരള സമൂഹത്തില്‍ രൂക്ഷമായിരുന്ന ജാതിവ്യവസ്ഥ, തീണ്ടല്, താലികെട്ടു കല്യാണം തുടങ്ങി എണ്ണമറ്റ സാമൂഹ്യതിന്മകളകറ്റാന് ശ്രമിച്ച കേരള നവോത്ഥാന പ്രസ്ഥാനത്തിന് എന്താണ് പ്രസക്തി?
പോര്‍ച്ചുഗീസുകാരുടെ കോട്ടയ്ക്കുള്ളില്‍ അവര്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കും മാത്രമേ താമസിക്കുന്നതിന് അനുവാദമുണ്ടായിരുന്നുള്ളൂ. ആളുകളെ നിര്‍ബന്ധിച്ചു ക്രിസ്ത്യാനികളാക്കി. ക്രിസ്ത്യാനികളല്ലാത്തവരെ കോട്ടയില്‍ നിന്നും ബഹിഷ്കരിച്ചു. ക്രൂരവും പൈശാചികവുമായ ശിക്ഷകള്‍ നല്കി. മതഭ്രാന്തന്മാരും സങ്കുചിത ചിത്തരുമായിരുന്ന പോര്‍ച്ചുഗീസുകാര്‍ ലത്തീന്‍ ക്രിസ്ത്യാനികളെ മറ്റു മതത്തില്‍പ്പെട്ട വൈദ്യന്മാര് ചികിത്സിക്കുന്നതും അക്രൈസ്തവരായ ക്ഷുരകന്മാരെക്കൊണ്ടു മുഖം വടിപ്പിക്കുന്നതും നിരോധിച്ചു. പോര്‍ച്ചുഗീസുകാരുടെ ജാതിമത വിദ്വേഷം ഇതില്‍നിന്നും വ്യക്തമാണല്ലോ.
പോര്‍ച്ചുഗീസുകാര്‍ അനേകം സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായി തുഹ്ഫത്തുള്‍ മുജാഹിദീനില്‍ കാണുന്നു. അവര്‍ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചിരുന്നതായിട്ടാണ് ചരിത്രമതം. കേരളീയ സ്ത്രീകളുമായുള്ള അവരുടെ വിവാഹബന്ധത്തിന്റെ ഫലമായി മെസ്റ്റിക്സ് (സങ്കരവര്‍ഗ്ഗ സന്തതികള്‍) കേരളത്തിലുണ്ടായി. പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും വെറുത്ത ഒരു ജനവര്ഗ്ഗമായി ഇവര്‍ ജീവിച്ചു.
ഒരു കയ്യില്‍ കുരിശും മറുകൈയില്‍ വാളുമായിട്ടാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വന്നത് എന്ന ചരിത്രത്തിന്റെ കണ്ടെത്തല്‍ അവരുടെ ചെയ്തികള്‍ സാധൂകരിക്കുന്നു.
പോര്‍ച്ചുഗീസുകാര്‍ ചെന്നെത്തുന്ന സ്ഥലങ്ങളിലെല്ലാം കത്തോലിക്കാ മതം പ്രചരിപ്പിക്കുന്നതിന് പോപ്പ് അലക്സാണ്ടര്‍ 6-ാമനില്‍ നിന്നും ലഭിച്ച അനുമതിപത്രവുമായാണവര് വന്നത്. തോക്കും വാളും ഉപയോഗിച്ചായിരുന്നു പറങ്കികള്‍ മതപരിവര്‍ത്തനം നടത്തിയത്. അതുകൊണ്ടുതന്നെ ക്രിസ്തുമതം വിഭാവന ചെയ്യുന്ന മനംമാറ്റം എന്ന മഹനീയ ആശയത്തില്‍ നിന്ന് കത്തോലിക്കാ മതം ബഹുദൂരം അകന്നുപോയി.
1502-ല്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് തുറമുഖം നശിപ്പിക്കുകയും കോറമണ്ഡലില്‍ നിന്ന് അരിയുമായി വന്ന രണ്ട് വലിയ കപ്പലുകളെയും 22 വള്ളങ്ങളെയും ആക്രമിക്കുകയും ചെയ്തു. 800 ആളുകള്‍ അഗ്നിയില്‍ കിടന്നു പിടഞ്ഞു മരിച്ചു. വള്ളങ്ങളും നശിപ്പിച്ചു. കപ്പലിലുണ്ടായിരുന്നവരെ കൊല്ലുന്നതിനു മുമ്പ് കൈകളും ചെവികളും മൂക്കും വെട്ടിമാറ്റി. അവരുടെ കാലുകള്‍ ചേര്‍ത്തുകെട്ടി. കെട്ടഴിക്കാതിരിക്കാന്‍ പല്ലുകള്‍ തല്ലിക്കൊഴിച്ചു. ചെത്തിയെടുത്ത കണ്ണും മൂക്കുമൊക്കെ കറിവച്ചു തിന്നോളാന്‍ പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പുമെഴുതി കോഴിക്കോട് രാജാവിനു കൊടുത്തയച്ചുവത്രേ.
സാമൂതിരിയുടെ ദൂതനായി ചെന്ന തലപ്പെണ്ണ നമ്പൂതിരിയുടെ കയ്യും കണ്ണും മൂക്കും ചെവിയും അറുത്ത് പകരം നായയുടെ ചെവി വെച്ചുകെട്ടി രസിച്ച പോര്‍ച്ചുഗീസുകാരെ ക്രിസ്ത്യാനികളെന്ന് വിളിക്കുന്നത് തന്നെ പാതകമാണ്. കത്തോലിക്കാ സഭാ സ്ഥാപനത്തിന് പോപ്പിന്റെ അധികാരപത്രവുമായി വന്നവര്‍ ക്രൈസ്തവസഭയ്ക്ക് അപമാനമാണ് വരുത്തിവച്ചത്.
ചതിയന്മാരായിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് ജനങ്ങളുടെ വിശ്വാസമോ ബഹുമാനമോ നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അവരുടെ രാക്ഷസീയ കൃത്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതിന് കാരണമാവുകയും ചെയ്തു.
മമ്മാലി മരയ്ക്കാരുടെ കപ്പല്‍ ആക്രമിച്ച് അതിലെ യാത്രക്കാരെ മുഴുവന്‍ കൊന്ന് ചാക്കില്‍ക്കെട്ടി വലിച്ചെറിഞ്ഞതില്‍ നിന്നും പറങ്കികളുടെ മറ്റൊരു ഭീകരമുഖമാണ് കാണാന്‍ കഴിയുക. പറങ്കികളുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് ‘കേരളപ്പഴമ’ എന്ന പുസ്തകത്തിലും പരാമര്‍ശമുണ്ട്.
മുസ്ലീങ്ങളോടായിരുന്നു പോര്‍ച്ചുഗീസുകാര്‍ ഏറ്റവുമധികം ക്രൂരത കാട്ടിയത്. അകാരണമായി മുസ്ലീങ്ങളെ മര്‍ദ്ദിക്കുക, മുഖത്തും ശരീരത്തിലും തുപ്പുക, ഹജ്ജ് യാത്ര നിരോധിക്കുക, ധനം കൊള്ളയടിക്കുക, മതഗ്രന്ഥം ചവിട്ടുക, അഗ്നിക്കിരയാക്കുക, മുസ്ലീങ്ങളെ അടിമകളാക്കി വില്‍ക്കുക, തീക്കൊള്ളി കൊണ്ടു കുത്തുക, ഇരുട്ടറകളില്‍ കൂട്ടമായി താമസിപ്പിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ചെയ്തു.
1501 ഒക്ടോബര്‍ മാസം ഒന്നാം തീയതി 300 ഹാജിമാരും സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു കപ്പല്‍ മക്കയില്‍ നിന്നു വരുംവഴി കണ്ണൂരിനു സമീപം വെച്ച് ഗാമയും അനുചരന്മാരും തടഞ്ഞു. സമ്പത്ത് അപഹരിച്ചശേഷം യാത്രക്കാരെ ചങ്ങലയ്ക്കിട്ടു. കപ്പലിനു തീകൊളുത്തി. തന്റെ മുറിയുടെ ദ്വാരത്തില്‍ കൂടി നോക്കിയ ഗാമയ്ക്ക് കാണാന്‍ കഴിഞ്ഞത് സ്ത്രീകള്‍ കുട്ടികളെയുമെടുത്ത് ആഭരണങ്ങളും രത്നങ്ങളും ഊരി നീട്ടിക്കൊണ്ടു ‘രക്ഷിക്കണേ’ എന്ന് വിലപിക്കുന്നതാണ്. എന്നിട്ടും ‘ക്രിസ്ത്യാനിയായ’ കിരാതന് ഗാമയുടെ കരളലിഞ്ഞില്ല. ക്രൂരകൃത്യങ്ങള്‍ ചെയ്ത് ക്രിസ്ത്യാനിത്വത്തിന് കളങ്കം ചാര്‍ത്തിയവരായിരുന്നു പോര്‍ച്ചുഗീസുകാര്‍.
പോര്‍ച്ചുഗീസുകാരുടെ ക്രൂരതകളുടെ പട്ടിക വളരെ നീണ്ടതാണ്. അവര്‍ നല്കിയ പരിമിതമായ സാമൂഹ്യ സംഭാവനകളെ നിഷ്പ്രഭമാക്കുകയാണ് അവരുടെ കൊടുംക്രൂരതകള്‍ ചരിത്രത്തിലുടനീളം.
– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.