കെ റെയിലിന്റെ പത്തിലൊന്നു ചിലവില്‍ ഏറെ മികവോടെ ഹൈസ്പീഡ് ട്രെയിന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പിലാക്കാം

കെ റെയിലിന്റെ പത്തിലൊന്നു ചിലവില്‍ ഏറെ മികവോടെ ഹൈസ്പീഡ് ട്രെയിന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പിലാക്കാം

കൊങ്കന്‍ റെയില്‍വേ സമയാധിഷ്ഠിതമായി പൂര്‍ത്തീകരിച്ച മെട്രോമാന്‍ എന്നറിയപ്പെടുന്ന ഈ ശ്രീധരന്‍ മെട്രോറയില്‍ മാത്രമല്ല, റെയില്‍ ഗതാഗതത്തേക്കുറിച്ച് അധികാരികമായി സംസാരിക്കാന്‍ സാങ്കേതിക നൈപുണ്യമുള്ള വ്യക്തിയാണ്.

ഇന്നു ഏറെ ചര്‍ച്ചകള്‍ക്ക് വിഷയമായിക്കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട കെ റയിലിന്റെ ഏതാണ്ട് അതേ സ്പീഡ് നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റൊരു രൂപത്തില്‍ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പൂര്‍ണ വിലയ്‌ക്കെടുക്കുവാന്‍ മടിക്കേണ്ടതില്ല.

നിലവിലുള്ള ബ്രോഡ്‌ഗേജിന്റെ വശങ്ങളിലായി ഇന്ത്യന്‍ റെയില്‍വേയുടെ അധീനതയുള്ള സ്ഥലത്ത് ബ്രോഡ്‌ഗേജ് പാതകള്‍ സ്ഥാപിച്ചു കൊണ്ട് തന്നെ കെ റെയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ നമുക്ക് ഒഴിവാക്കാനാവും ഉയര്‍ന്ന വേഗതയുള്ള യാത്ര കെ റെയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളില്ലാതെ തന്നെ നടപ്പിലാക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് കേരളത്തില്‍ 160 കി.മീ വേഗത ആര്‍ജിക്കാന്‍ ഒരു ബ്രോഡ്‌ഗേജ് പാത കൂടി അധികം സ്ഥാപിച്ചാല്‍ മതി. ഇന്ത്യയില്‍ പലയിടത്തും അവര്‍ ഇത് ചെയ്യുന്നുണ്ട്. ഇപ്പോഴുള്ളതിന്റെ കൂടെ ഒരു ലൈന്‍ കൂടി പണിയാല്‍ റെയില്‍വേയുടെ കയ്യില്‍ സ്ഥലമുണ്ട്. എന്നാല്‍ കെ റെയില്‍ ഇക്കാര്യം അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നത് നിലവില്‍ റെയിലിലുള്ള വളവുകള്‍ ചൂണ്ടിക്കാട്ടിയാണ്. നിലവിലുള്ള റെയിലിന്റെ അലൈന്‍മെന്റ് ഗൂഗിള്‍ മാപ് ഡൗണ്‍ലോഡ് ചെയ്ത് ഓട്ടോകാഡ് സോഫ്‌റ്റ്വേറിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഷോര്‍ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ 2000 മീ കുറവ് റേഡിയസുള്ള 16 വളവുകള്‍ മാത്രമാണ് കണ്ടെത്തിയത്. ചില പ്രധാന സ്റ്റേഷനുകളിലുള്ളതൊഴിച്ചാല്‍ കാസര്‍ഗോഡ് ഷോര്‍ണൂര്‍ ഭാഗത്ത് അത്തരം വളവുകള്‍ ഇല്ല. പുതിയ ബ്രോഡ്‌ഗേജ്‌ലൈന്‍ നിര്‍മ്മിക്കുമ്പോള്‍ ഈ കുറച്ചു വളവുകള്‍ തീര്‍ച്ചയായും നികത്തേണ്ടിവരും. എന്നാല്‍ ഇത് കെ റെയില്‍ വെബ് സൈറ്റില്‍ പറയുന്നതു പോലെ 600 എണ്ണം ഇല്ല…

16 വളവുകള്‍ നികത്തുമ്പോള്‍ അത് കുറച്ചുപേരെ ബാധിക്കും. എന്നാല്‍ നിലവിലുള്ള ബ്രോഡ്‌ഗേജ് ലൈന്‍ വളവ് നികത്തേണ്ടതില്ല. പുതിയതായി നിര്‍മ്മിക്കുന്ന ട്രാക്കിലെ വളവുകള്‍മാത്രം നികത്തിയാല്‍ വേഗവണ്ടികള്‍ വളവുനികത്തിയ പുതിയ ട്രാക്കിലൂടെ ഓടിക്കൊള്ളും.

ഒരു ബ്രോഡ്‌ഗേജ് പാത കൂട്ടിച്ചേര്‍ത്താല്‍ മണിക്കൂറില്‍160 കി.മീ വേഗമാര്‍ജിക്കാന്‍ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് ഏര്‍പ്പെടുത്തിയാല്‍ മാത്രം മതിയാകും. ഇപ്പോള്‍ ‘ വന്ദേ ഭാരത്’ ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്ന 3 റൂട്ടുകളില്‍ റെയില്‍വേ അത് ചെയ്തിട്ടുണ്ട്. പുതിയ ലൈന്‍ വേഗതീവണ്ടികള്‍ക്ക് മാത്രമായി മാറ്റി വെക്കും. 30 മിനുട്ട് ഇടവിട്ട് ഇരുദിശകളിലേക്കും ട്രെയിനുകള്‍ ഓടിക്കാം. ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടാതെ തന്നെ ഓടിക്കാര്‍ ഈ 30 മിനുട്ട് ഗ്യാപ് മതി. ഇത് റോഡുകളിലെ ട്രാഫിക് ലൈറ്റുകളുടെ സമന്വയിപ്പിച്ചുള്ള പ്രോഗ്രാമിംഗ് പോലെ തന്നെയാണ്.

കെ റെയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ ബ്രോഡ്‌ഗേജ് പരിഹരിക്കും. 16 വളവുകള്‍ നികത്തുന്നതിനേ പുതിയതായി ഭൂമി ഏറ്റെടുക്കേണ്ടൂ. ബാധിക്കുന്ന ആളുകള്‍ താരതമ്യേന വളരെക്കുറവായിരിക്കും. അതേ കാരണം കൊണ്ടു തന്നെ ബാധിക്കുന്ന വാണിജ്യസ്ഥാപനങ്ങളും കുറവായിരിക്കും. പുതിയതായി ഒരു ബഫര്‍ സോണിന്റെ ആവശ്യകത വരുന്നില്ല. നിലവിലെ റെയിലിനോട് ചേര്‍ന്ന് അതേ ഉയരത്തില്‍ നിര്‍മ്മിക്കുന്നതിനാല്‍ പുതുതായി വെള്ളപ്പൊക്ക സാധ്യതയില്ല. 1 കി.മീ. ബ്രോഡ് ഗേജ് റെയില്‍ നിര്‍മ്മിക്കാനുള്ള ചെലവ് 20 കോടിയില്‍ താഴെയാണ്.

ആയതിനാല്‍ ഈ പുതിയ റെയിലിന്റെ ചെലവ് 532 X 20 കോടി =10,640 കോടി. രൂ. നീണ്ട പാലങ്ങള്‍ക്കുകൂടിയുള്ള ചെലവ് 5000 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്താല്‍ ആകെ 15640 കോടി രൂപ. ഇത് വളരെയധികം യുക്തിസഹവും താങ്ങാവുന്നതുമാണ്. ഇന്ത്യന്‍ റെയില്‍വേ പകുതി തുക നല്‍കും. കേരള ഗവ. 7820കോടി രൂപ മുടക്കിയാല്‍ മതി. നീതി ആയോഗ് കെ റെയിലിന് കണക്കാക്കിയ 1.26 ലക്ഷം കോടി രൂപയുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്.

പദ്ധതിയ്ക്കായി ജപ്പാന്റെ കടം ആവശ്യമായി വരില്ല . അതിനാല്‍ തന്നെ അവരുടെ സാധന സാമഗ്രികള്‍ വാങ്ങേണ്ട ബാധ്യതയുമില്ല. പുതുതായി നികത്തേണ്ടിവരുന്ന 16 വളവുകളിലെ ഏറ്റെടുക്കുന്ന സ്ഥലങ്ങളിലുണ്ടാക്കുന്ന പരിമിതാഘാതങ്ങള്‍ കൂടാതെ അധികം പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാവുകയുമില്ല. നിലവില്‍ റെയില്‍വേയുടെ കയ്യിലുള്ള സ്ഥലത്തു കൂടെ തന്നെ പോകുന്നതു കൊണ്ട് പ്രത്യേകിച്ചും. നിലവിലുള്ള റെയില്‍വേ ലൈനിനോട് തൊട്ട് തന്നെ നിര്‍മ്മിക്കുന്നതിനാല്‍ ഗ്രൗണ്ട് വര്‍ക്ക് വളരെ കുറവേ വേണ്ടി വരൂ.

പുതിയ നിര്‍മ്മാണ സാമഗ്രികളും കുറവേ വേണ്ടി വരൂ. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ഈ പദ്ധതിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും; പകുതി തുക കേരളം നല്‍കുന്നതിനാലും അതിലൂടെയോടുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ മാനേജ്‌മെന്റ് പൂര്‍ണമായും അവരുടെ കയ്യിലാണെന്നതിനാലും . ഇതിലൂടെ ഓടുന്ന മിക്കവാറും ട്രെയിനുകളും അന്തര്‍സംസ്ഥാന ട്രെയിനുകളായതിനാല്‍ എല്ലാ മലയാളികള്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും ഇത് പ്രയോജനം നല്‍കുകയും ചെയ്യും. നിലവിലുള്ള മംഗള, മെയില്‍, കേരള എക്‌സ്പ്രസ്, ശതാബ്ധി, രാജധാനി തുടങ്ങിയ ട്രെയിനുകള്‍ക്ക് ഈ പാതയിലൂടെ അതിവേഗം സഞ്ചരിക്കാം. പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ആവശ്യമില്ലാത്തതിനാലും നിലവിലുള്ള സ്റ്റേഷനുകള്‍ നവീകരിച്ച് ഈ റെയിലിനെ ഉള്‍ക്കൊള്ളാമെന്നതിനാലും അതും യാത്രക്കാര്‍ക്ക് പ്രയോജനം നല്‍കും.

വേഗത്തിലോടുന്ന വണ്ടികള്‍ക്ക് സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്കും മറ്റ് ടെയിനുകള്‍ ഉപയോഗിച്ച് എളുപ്പം വേഗവണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളിലെത്താം*. നിലവിലുള്ള സ്റ്റേഷനുകളെല്ലാം റോഡ് മാര്‍ഗേണയുള്ള ഗതാഗതത്തിന് ബന്ധമുള്ളവയും ഓട്ടോ ബസ് തുടങ്ങിയവ കിട്ടുന്ന ഇടങ്ങളുമാണ്. നിര്‍മ്മാണച്ചെലവ് കുറവായതിനാല്‍ നിലവിലുള്ള ദീര്‍ഘദൂര ട്രെയിനുകളിലെ യാത്രാ നിരക്കില്‍ തന്നെ യാത്ര സാധ്യമാക്കാനുമാവും. പുതിയ വന്ദേ ഭാരത് ട്രെയിനുകളില്‍ സെക്കന്റ്, തേഡ് ക്ലാസുകള്‍ ഏര്‍പ്പെടുത്താനുമാകും. നമ്മള്‍ 2000 മീ റേഡിയസില്‍ താഴെയുള്ള പുതിയ റെയിലാണ് ഉണ്ടാക്കുന്നത് എന്നതിനാല്‍ 160 കി.മീ വേഗത ആര്‍ജിക്കാനും കഴിയും. നിലവിലുള്ള റെയിലില്‍ പാലിക്കുന്ന കര്‍ശനമായ സ്റ്റാന്റേഡുകള്‍ പോലെ തന്നെ ലംബമാന ഗ്രേഡിയന്റ് പാലിക്കാനുമാകും.

കെ റെയില്‍ നിര്‍മ്മാണത്തിനാവശ്യമായ വിഭവങ്ങളിലും സമ്പത്തിലും ഒരു ചെറിയ ഭാഗം മാത്രം ഉപയോഗിച്ചു കൊണ്ട് നിലവിലുള്ള റെയിലിന് അനുബന്ധമായി ഒരു പുതിയ ബ്രോഡ്‌ഗോജ് പാത നിര്‍മ്മിക്കുകയും 16 വളവുകള്‍ പുതിയ അലൈന്‍മെന്റില്‍ നികത്തുകയും ചെയ്തു കൊണ്ട് കെ റെയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ മറികടക്കാനാവും.

(കടപ്പാട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!