ഞങ്ങള്‍ കുമളിയില്‍ നിന്നും എത്തിയ 12 പേര്‍ കോട്ടയം ഡിസിസി ഓഫീസില്‍ ഗാഢനിദ്രയിലാണ്. പാതിരാ കഴിഞ്ഞു കാണും. ആരോ മുറിയില്‍ ലൈറ്റിട്ടു. ഞാന്‍ കണ്ണു തുറന്ന് നോക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടി കിടക്കാനുള്ള ഇടം തപ്പുകയാണ്.
ഷെല്‍ഫില്‍ നിന്നും മനോരമ പത്രം ഊരിയെടുത്ത് സിമന്റ് തറയില്‍ വിരിച്ച് നീണ്ടുനിവര്‍ന്നൊരു കിടപ്പ്. അല്പം കഴിഞ്ഞ് ഞാന്‍ കണ്ണു തുറന്ന് ഒളിഞ്ഞുനോക്കിയപ്പോള്‍ ചുരുണ്ടുകൂടി സുഖനിദ്രയിലായിരുന്നു ഉമ്മന്‍ചാണ്ടി.
ഇടുക്കി ജില്ല രൂപീകരിച്ച ശേഷം ആദ്യം കുറെ നാളുകള്‍ ജില്ലാ ഓഫീസുകള്‍ ദേവലോകത്തായിരുന്നു. ഇന്നത്തെപ്പോലെ അധികാര വികേന്ദ്രീകരണമൊന്നും അന്നുണ്ടായിട്ടില്ലല്ലോ. എല്ലാറ്റിന്റെയും പരമാധികാരി കളക്ടറാണ്. പേരിനൊരു ജില്ലാ വികസന സമിതി ഉണ്ടെങ്കിലും കളക്ടര്‍ തന്നെയാണ് ജില്ലയുടെ പ്രധാന ഭരണകര്‍ത്താവ്.
കുമളി-ആലടി റോഡ് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡിസിസി കൂടുമ്പോള്‍ ധര്‍ണ നടത്താനായിട്ടാണ് ഞങ്ങള്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തേക്ക് പുറപ്പെട്ടത്.
ഇ.എം. ആഗസ്തിയായിരുന്നു അന്ന് കെ.എസ്.യു.വിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ്. അദ്ദേഹം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പിന്നങ്ങോട്ട് പൊരിഞ്ഞ മുദ്രാവാക്യം വിളിയായി. 12 പേരേ ഉള്ളെങ്കിലും ദേവലോകം കിടുങ്ങി. ഞങ്ങള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു.
വിവരം തിരക്കിയ കളക്ടര്‍ ഞങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തന്നു. നിവേദനവും നല്‍കി. റോഡ് പണിയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹത്തില്‍ നിന്നും ഉറപ്പും കിട്ടി.
കോട്ടയത്തേക്ക് വരുമ്പോള്‍ തന്നെ ഞങ്ങളുടെ ലെഫ്റ്റ് ഹാന്‍ഡ് പെട്രോള്‍ വില്ലിസ് ജീപ്പ് ഞങ്ങളോട് ഇണങ്ങിയും പിണങ്ങിയുമാണ് സഹകരിച്ചത്.
ധര്‍ണ കഴിഞ്ഞു ടൗണിലെത്തി അന്തിയോളം പണിതാണ് ജീപ്പിന്റെ കേടുപാടുകള്‍ തീര്‍ത്തത്. ഐഎൻറ്റിയുസിയുടെ അഖിലേന്ത്യാ നേതാവ് പി.എ. ജോസഫിന്റെ പിതാവ് തന്റെ പഠനത്തിന് ഏല്പിച്ചിരുന്ന 200 രൂപയാണ് ആകെയുണ്ടായിരുന്നത്. അന്നദ്ദേഹം ഒറ്റപ്പാലം കോളേജ് യൂണിയന്‍ ചെയര്‍മാനും, ഡിഗ്രി ഫൈനല്‍ ഈയര്‍ വിദ്യാര്‍ത്ഥിയുമാണ്.
ഈ തുകയുടെ മുഖ്യപങ്കും ശാപ്പാടടിച്ചും ജീപ്പ് നന്നാക്കിയും തീര്‍ന്നു. അവസാനം ഒറ്റപ്പാലം വരെ കഷ്ടിച്ചു ചെല്ലാനുള്ള പണവുമായി അദ്ദേഹം യാത്രയായി. ഞങ്ങള്‍ പെരുവഴിയിലും. സന്ധ്യയായി. ആഹാരത്തിനും പെട്രോളിനും കാശില്ല.
എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴാണ് ഒരു അംബാസിഡര്‍ കാര്‍ ഞങ്ങള്‍ സമീപം വന്നു നിന്നത്. ഞങ്ങളുടെ ജീപ്പിലെ കൊടിയും ബാനറും കണ്ടാണ് കാര്‍ നിര്‍ത്തിയത്. ഇറങ്ങിവന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി.
കാര്യം ചോദിച്ചറിഞ്ഞ അദ്ദേഹം ആദ്യം തെരക്കിയത് ഭക്ഷണം കഴിച്ചോ എന്നാണ്. ഇല്ലെന്നു കേട്ട മാത്രയില്‍ 50 രൂപാ തന്നു. എന്നിട്ട് പറഞ്ഞു, ”ഭക്ഷണം കഴിച്ച് ഡിസിസി ഓഫീസില്‍ കിടക്കുക. നാളെ പോകാം.” ഞങ്ങള്‍ക്ക് സന്തോഷമായി.
കെഎസ്ആര്‍ടിസി.ക്ക് സമീപമുള്ള വാടകക്കെട്ടിടമായ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഞങ്ങള്‍ ചെന്നു. ഇടുങ്ങിയ ഹാളില്‍ ഒരു മേശയും ഒരു അശോകാ ചെയറും ഒരു കട്ടിലും ഉണ്ടായിരുന്നു. കട്ടിലില്‍ ഒരു തഴപ്പായും, അതിലൊരു കറുത്ത കരിക്കട്ട പോലൊരു തലയിണയും, അടുപ്പത്ത് വച്ചാല്‍ പുകയുന്ന പരുവത്തിലുള്ളത്.

ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു വികൃതിക്കാരന്‍ കട്ടിലില്‍ കയറി കിടപ്പായി. താഴെയിറങ്ങി കിടക്കാന്‍ എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ഇഷ്ടന്‍ അവിടെ കിടന്നുറങ്ങി. ഞങ്ങള്‍ മനോരമ വിരിച്ച് തറയിലും. മൂളിവന്ന കൊതുകിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഉടുമുണ്ട് പറിച്ചു പുതച്ചു. എന്നിട്ടും മുണ്ട് കിഴിച്ചുകൊണ്ട് കൊതുകിന്റെ ‘ഇന്‍ജക്ഷന്‍’ ഇടയ്ക്കിടെ കിട്ടി.
ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥയില്‍ നിന്നും കോട്ടയത്തെത്തിയപ്പോള്‍ അനുഭവപ്പെട്ട അമിതമായ ചൂടും യാത്രാക്ലേശവും കൊണ്ട് എല്ലാവരും പെട്ടെന്നുറങ്ങി.
ആ സമയത്താണ് ഉമ്മന്‍ചാണ്ടിയുടെ വരവ്.
തന്റെ കട്ടിലില്‍ കിടക്കുന്ന ആളാരാണെന്നറിയാന്‍ തലയില്‍ നിന്നും മെല്ലെ തുണി നീക്കി. ‘കൂട്ടത്തില്‍ വന്നവര്‍ ശല്യപ്പെടുത്തുന്നതില്‍’ കുപിതനായ ഉറക്കക്കാരന്‍ മലയാളം നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ കൊണ്ട് ‘സഹപ്രവര്‍ത്തകനെ’ അഭിഷേകം ചെയ്തു.
‘കുഞ്ഞൂഞ്ഞ്’ തുണി മെല്ലെ മൂടിയിട്ട് അനങ്ങാതെ നടന്നുമാറി, ഷെല്‍ഫില്‍ നിന്നും മനോരമയെടുത്ത് നിലത്തു കിടന്നുറങ്ങി.
നിമിഷനേരം കൊണ്ട് ‘കുഞ്ഞൂഞ്ഞ്’ ഗാഢനിദ്രയിലാകുമ്പോഴും ഞാന്‍ ഉറങ്ങാതെ കിടന്നു.
കട്ടിലില്‍ കിടന്നുറങ്ങിയ വികൃതിക്കാരന്‍ രാവിലെ ഉമ്മന്‍ചാണ്ടിയോട് ക്ഷമ പറയുമ്പോള്‍ തിരിച്ച് അദ്ദേഹം വികൃതിക്കാരനെ ആശ്വസിപ്പിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്ന കത്തിന്‍പ്രകാരം അദ്ദേഹം ഞങ്ങള്‍ക്ക് 200 രൂപാ തന്നു. അങ്ങനെ ഞങ്ങള്‍ കുമളിയില്‍ തിരിച്ചെത്തി.
ലേഖകന്‍ പിന്നീട് ആത്മീയതയിലേക്കു തിരിഞ്ഞെങ്കിലും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇന്നും വ്യാപൃതനാണ്. ഇപ്പോള്‍ അഖിലകേരള ബാലജനസഖ്യം കുമളി യൂണിയന്‍ രക്ഷാധികാരിയാണ്.

സണ്ണി ഇലഞ്ഞിമറ്റം























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.