വയനാടിന്റെ വികസനം ത്വരിതമാക്കിയ നൂറനാലച്ചൻ

വയനാടിന്റെ വികസനം ത്വരിതമാക്കിയ നൂറനാലച്ചൻ

ക്രൈസ്തവചിന്തയുടെ വായനക്കാരനും സ്നേഹിതനുമായിരുന്ന ഫാ. മത്തായി നൂറനാൽ ഓർമ്മയായിട്ട് പതിനാറ് വർഷം തികയുകയാണ്.

2004 നവംബർ 29 ന് കാലയവനികക്കുള്ളിലേക്ക് മറഞ്ഞു പോയപ്പോൾ ക്രൈസ്തവചിന്തക്ക് വേണ്ടി റീത്ത് സമർപ്പിച്ചത് ഇന്നെന്നപോലെ ലേഖകൻ ഓർക്കുന്നു

ഇന്നേക്ക് 64 വർഷം മുമ്പ് ഒരു നിയോഗമെന്നോണം വയനാടൻ ചുരം കയറിയ യുവവൈദികനായിരുന്നു നൂറനാൽ .

ഇന്നത്തെ വയനാട് തന്നെ പല പരിമിതികളും നിറഞ്ഞതാണ്. അപ്പോൾ പിന്നെ 64 വർഷം മുൻപത്തെ സ്ഥിതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ . അന്നത്തെ വയനാടൻ ജീവിതം ദുരിതപൂർണമായിരുന്നു. പകർച്ചവ്യാധികൾ, അതികഠിനമായ ശൈത്യം, ആതുരാരോഗ്യ സ്ഥാപനങ്ങളുടെ അഭാവം, രൂക്ഷമായ വന്യമൃഗശല്യം ഇവയെല്ലാം വയനാട്ടിലെ ജീവിതത്തെ ദുഷ്ക്കരമാക്കിയിരുന്നു. കുടിയേറ്റക്കാരന്റെ ഭാരങ്ങൾ മനസ്സിലാക്കി അവരിലൊരാളായി നൂറനാലച്ഛൻ അലിഞ്ഞു ചേരുകയായിരുന്നു.

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളനിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചക്കായി ക്രൈസ്തവചിന്ത മുഖ്യപത്രാധിപർ കെ.എൻ. റസ്സൽ വയനാട്ടിൽ എത്തിയിരുന്നു. ആ അഭിമുഖം ക്രൈസ്തവചിന്ത തൊട്ടടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോഴിക്കോട്-കണ്ണൂർ ജില്ലകളുടെ ഭാഗമായിരുന്ന വയനാട് പ്രത്യേക ജില്ലയായി 1980 ൽ രൂപികരിക്കാൻ മുഖ്യപങ്കുവഹിച്ച നൂറനാലച്ചൻ ജില്ലാ രൂപീകരണ കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു

1950 -കളിൽ വയനാട്ടിൽ നടന്ന കുടിയിറക്കുകൾക്ക് എതിരെ എകെജിയോടും ഫാദർ വടക്കനോടും ചേർന്ന് അച്ഛനും സജീവമായി സമര രംഗത്ത് വന്നു. 1959ൽ ഇഎംഎസ് ഗവൺമെന്റ് സുൽത്താൻ ബത്തേരി യിൽ വച്ച് 1,000 പേർക്ക് പട്ടയ വിതരണം നടത്തിയതിന്റെ പിന്നിലും നൂറനാലായിരുന്നു.

വയനാടൻ കുടിയേറ്റ കർഷകന്റെ കണ്ണീരൊപ്പാൻ അദ്ദേഹം മലബാർ കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് സഹായത്തോടെ ഐക്യനാണയ സംഘങ്ങൾ രൂപീകരിച്ചു. കർഷകന് 5 രൂപ പോലും വായ്പ്പ ലഭിക്കാത്ത സാഹചര്യത്തിൽ 50 രൂപ മുതൽ 250 രൂപ വരെ വായ്പ്പ ലഭിച്ചു. 5 പറ നെല്ലി ന് (ഒരു പൊതി) 5 രൂപ ലഭിച്ചിരുന്ന കാലമാണന്നോർക്കണം .

മേൽപ്പറഞ്ഞ ഐക്യനാണയ സംഘങ്ങൾ പിന്നീട് സർവ്വീസ് സഹകരണ ബാങ്കുകളായി . ആവശ്യാനുസരണം വായ്പ്പ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്ന സ്ഥിതി സംജാതമായി. 1960 മുതൽ നൂറനാലച്ചൻ പ്രസിഡന്റായിരുന്ന സുൽത്താൻ ബത്തേരി സഹകരണബാങ്ക് വളർന്ന് പന്തലിച്ചിന്ന് പത്തോളം ശാഖകളുണ്ട്.

വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കമായിരുന്ന വയനാട്ടിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നുമില്ലാതിരുന്ന 1965-ൽ വയനാട്ടിലെ ആദ്യത്തെ കോളേജായ ബത്തേരി സെന്റ് മേരീസ് കോളേജ് സ്ഥാപിച്ചു.

അദ്ദേഹം ചെയ്ത സേവനങ്ങളെ പരിഗണിക്കുമ്പോൾ പൊതുജീവിതത്തിൽ ഇത്രയധികമായി പ്രവർത്തിച്ചിട്ടുള്ള വൈദികർ ഉണ്ടോയെന്ന് ഇന്നും സംശയമാണ് .

കെ. ജെ. ജോബ്
വയനാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!