ജയ്മോഹൻ അതിരുങ്കൽ
ഉമ്മൻ എന്ന വാക്ക് (പേര്) തോമാ എന്ന സിറിയൻ പേരിന്റെ മലയാളമാണെന്നു ‘വിക്കിപ്പീഡിയ’. ചാണ്ടി, അലക്സാണ്ടറുടെ നാടൻ രൂപവും. മാണി, ഇമ്മാനുവേൽ ആണെന്നും, വർഗീസ്, വറുഗീസ്, വറീത് എന്നീ പേരുകൾ, ഗ്രീഗോറിയോസ് (ജോർജ്) എന്നിവരുടെ രൂപഭേദങ്ങളാണെന്നു മറിയണം. അലക്സാണ്ടർ അറബിയിൽ(?) ‘സിക്കന്ദർ’ ആണ്. ഇങ്ങനെ പേരിനെക്കുറിച്ച് കുറെ എഴുതാറുണ്ട്.
ഉമ്മൻ ചാണ്ടിയെപ്പറ്റിയുള്ള വിവരങ്ങൾകൊണ്ട് ഇന്നത്തെ പത്രങ്ങളെല്ലാം പേജുകൾ നിറച്ചുകാണും. അൻപതു വർഷത്തെ നിയമസഭാംഗത്വം അദ്ദേഹം പൂർത്തിയാക്കുകയാണ്. ഒരു ഇലക്ഷനിലും തോറ്റിട്ടുമില്ല! കാലാവധിയിൽ ഇദ്ദേഹത്തെ ജയിക്കാൻ കെ.എം. മാണിസാർ മാത്രമേ കാണൂ. ഒരിക്കൽപ്പോലും കേരളം വിട്ടൊരു കളിക്ക് ”ഓസീ” എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന ഉമ്മൻ ചാണ്ടി മുതിർന്നിട്ടില്ല, പാർലമെൻറിൽ അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിട്ടില്ല.
ഇത്രയധികം ജനസമ്പർക്കപരിപാടി നടത്തിയ വേറൊരാളില്ല. ഉമ്മൻ ചാണ്ടിക്ക് അപരനുമില്ല! രാഹുൽ ഗാന്ധിക്കുപോലും അപരനുണ്ടായിരുന്നുവെന്നു പറയുന്നു (വയനാട്ടിൽ മത്സരിച്ചപ്പോൾ).
ജനങ്ങൾക്കിടയിലാണ് ഉമ്മൻ ചാണ്ടി. ജനം അദ്ദേഹത്തിന്റെ കൂടെയുണ്ട്. സ്വന്തമായി മൊബൈൽ ഫോണില്ലാത്തയാളാണ് ഉമ്മൻ ചാണ്ടി, അതിന്റെ കുഴപ്പങ്ങളൊക്കെ അനുഭവിക്കുകയും ചെയ്തു. ആരോടും മുഖം കറുത്തു സംസാരിക്കുകയില്ല, ആരുടെയും ആവശ്യത്തിനുനേരേ മുഖം തിരിക്കുകയുമില്ല.
ഉമ്മൻ ചാണ്ടിയെ എതിർ പക്ഷത്തുള്ള ആരെങ്കിലുമായി താരതമ്യപ്പെടുത്താമെങ്കിൽ, അത് ഇ.കെ.നായനാരുമായിട്ടാണ്. അത്ര ജനകീയനായിരുന്നു അദ്ദേഹം.
ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം ങ്ങൾ അദ്ദേഹത്തെ വളരെ വേദനിപ്പിച്ചു. അവർക്കും കുടുംബമുള്ളതാണെന്ന ചിന്തയില്ലാതെയാണു തത്പര കക്ഷികൾ ആരോപണങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്! നായനാരുടെ ഭാര്യ, മണിച്ചന്റെ കാറിൽ യാത്ര ചെയ്തു എന്ന ആരോപണം മറുപക്ഷത്ത് ആരോ ഉയർത്തി വിഷമിപ്പിച്ചിരുന്നു. അതാണു രാഷ്ട്രീയം.
ഉമ്മൻ ചാണ്ടി, ലാളിത്യമുള്ളയാളാണ്. ജനങ്ങൾക്കിടയിൽ ജീവിക്കാനിഷ്ടപ്പെടുന്നയാളാണ്. ജനങ്ങൾ അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നു. ദൈവം, അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നൽകട്ടെയെന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
ഉമ്മൻ ചാണ്ടിയെക്കുറിച്ച് ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാർ പറയുന്നവയിൽനിന്ന്: “ജനസമ്പർക്കപരിപാടികളിൽ വിശ്രമമോ ഭക്ഷണമോ അദ്ദേഹത്തിനു പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നില്ല. കിട്ടുന്നതു കഴിക്കുക, കാറിൽ ഉറങ്ങുക, വന്നുചേർന്നവരെയെല്ലാം കാണുക.അതാണു ജീവിതക്രമം. പോക്കറ്റിലെ ചെറിയ ഡയറിയിൽ എഴുതിയാൽ മാത്രമാണ് ഒരു പരിപാടിക്ക് ഔദ്യോഗികസ്ഥിരീകരണം ലഭിക്കുകയുള്ളൂ.
പറയുന്നതെല്ലാം അദ്ദേഹം കേൾക്കുമെങ്കിലും, അനുസരിക്കണമെന്നില്ല. സ്വീകാര്യമല്ലാത്ത കാര്യമാണു പറയുന്നതെങ്കിൽ, താത്ക്കാലികമായ ബധിരത നടിച്ചുകളയും! നേരിട്ടെതിർക്കാതെ വിയോജിപ്പു പ്രകടിപ്പിക്കുന്ന ഒരു നയതന്ത്രം! രണ്ടുമൂന്നു തവണ” ഏങ് ഏങ് ” എന്നു പറയുകയാണെങ്കിൽ, അത്ര പെട്ടെന്ന് ആ ബധിരത വിട്ടു പോകുകയില്ലെന്നു തീർച്ചയാണ്. ചീഫ് സെക്രട്ടറിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ ഇടതുവശത്തിരുന്നു പറഞ്ഞ പല കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു; ചില കാര്യങ്ങളിൽ “ഏങ് എങ് ” പറഞ്ഞു.
കൊച്ചുമകൻ എഫിനോവ, ഉമ്മൻ ചാണ്ടിയുടെ വലിയ ‘ദോസ്താ’ണ്. രാത്രിയിൽ കഞ്ഞി, പയറുതോരൻ, ചമ്മന്തി, അച്ചാർ എന്നിവയാണ് ഉമ്മൻ ചാണ്ടിയുടെ ഇഷ്ട ഭക്ഷണമെന്ന് എഫിനോവ പറയുന്നു.
നീക്കിബാക്കി: ഉമ്മൻ എന്ന പേരു ബൈബിളിലില്ല.എന്നാൽ, ചാണ്ടി ബൈബിളിലുണ്ട്: “… ശൗൽ കുന്തം ചാണ്ടി” ( 1 ശമൂവേൽ 18:11. പഴയ സത്യവേദപുസ്തകത്തിൽ ‘ചാണ്ടി ‘ എന്നായിരുന്നു. ഇപ്പോഴത്തേതിൽ ‘ചാടി’ എന്നാക്കിയിട്ടുണ്ട്). ഇങ്ങനെയൊക്കെ സഭകളിലെ ബൈബിൾ ക്വിസിൽ ചോദിക്കുന്നതു കേട്ടിട്ടുണ്ട്!






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.