ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പലായ ഭാര്യ സ്വര്‍ണ്ണം ഉപയോഗിക്കാറില്ല. രണ്ടു പെണ്മക്കള്ക്കും സ്വര്‍ണ്ണത്തോട് താല്പര്യമില്ല. ഒരു തരി സ്വര്‍ണ്ണം പോലും ഇല്ലെന്ന് മന്ത്രി ഡോ. കെ.ടി.ജലീല്‍. ഇന്നലെ രാത്രി 9-ന് കൈരളി ടി.വി.യില്‍ എം.ഡി. ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖസംഭാഷണത്തിലാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
മകളുടെ വിവാഹത്തിന് വാങ്ങിയത് 6000 രൂപയുടെ മുത്തുമാലകളാണ്. മഹറായി കൊടുത്തത് ഒരു ഖുറാനും. നേരത്തേ 30 പവന്റെ ആഭരണങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നതായി മന്ത്രി വെളിപ്പെടുത്തി. വിവിധ ആവശ്യങ്ങള്‍ക്കായി പലപ്പോഴായി അത് വിറ്റു.
സ്വര്‍ണ്ണ കള്ളക്കടത്തിന്റെയും ഖുറാന് വിതരണത്തിനായി കൊണ്ടുവന്നതിന്റെയും റംസാന് മാസം സമ്മാനങ്ങള്‍ നല്കിയതിന്റെയും പേരില്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴാണ് മന്ത്രിയുടെ ഈ അഭിമുഖം.
വിശ്വസനീയമായ രീതിയിലാണ് ജലീലിന്റെ സംസാരം. ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ട അഭിമുഖമായിരുന്നു അത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലെല്ലാം സുതാര്യത ഉണ്ടെന്ന തോന്നല്‍ സംസാരത്തിലുടനീളമുണ്ട്.
ഇ.ഡി. ചോദ്യം ചെയ്തില്ല എന്ന തന്റെ ‘നുണ’യാണ് മാധ്യമങ്ങള്‍ ആഘോഷമാക്കിയത്. വാസ്തവത്തില്‍ ആ നുണ പറയേണ്ടി വന്നത് ഇ.ഡി.യുടെ കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ കാരണമാണ്. കൊച്ചിയിലെത്താന്‍ പേഴ്സണല്‍ ഇ-മെയിലിലാണ് അവര്‍ മന്ത്രിയെ ക്ഷണിച്ചത്.
രഹസ്യസ്വഭാവമുണ്ടെന്നും അവര്‍ മന്ത്രിയെ അറിയിച്ചിരുന്നു. അതിന്‍പ്രകാരമാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തില്‍ കൊച്ചി ഇ.ഡി. ആസ്ഥാനത്തെത്തിയത്. അവിടെനിന്നും മടങ്ങുംവഴി പത്രക്കാരുടെ ചോദ്യം ഇ.ഡി.യുമായുള്ള കൂടിക്കാഴ്ച നടന്നോ എന്നായിരുന്നു. മന്ത്രിയുടെ മറുപടി ‘ഇല്ല’ എന്നായിരുന്നു
. എന്നാല്‍ ഇതിനിടെ ഡല്‍ഹിയിലെ ഇ.ഡി. ഉദ്യോഗസ്ഥരില്‍ ആരോ തന്നെ ചോദ്യം ചെയ്തതായി വാര്‍ത്ത പുറത്തുവിട്ടു. ‘നുണ’ പറഞ്ഞത് കൊച്ചി ഇ.ഡി.യുടെ രഹസ്യസ്വഭാവം നഷ്ടമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. ഡല്‍ഹി വാര്‍ത്ത വന്നതോടെ മന്ത്രി ‘നുണ’ പറഞ്ഞു എന്ന തരത്തില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു.
കൈരളി എം.ഡി. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്ക് അളന്നുമുറിച്ചാണ് മന്ത്രിയുട മറുപടി.
ഉപ്പയ്ക്കാണ് മാധ്യമങ്ങളുടെ വാര്‍ത്തയില്‍ അസ്വസ്ഥത. പൊതുപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ തന്നെ പണപരമായി പേരുദോഷം കേള്‍പ്പിക്കരുതെന്ന് ഉപ്പ പറഞ്ഞിരുന്നതായി ജലീല്‍ വെളിപ്പെടുത്തുന്നു. പത്തു പൈസയുടെ കള്ളത്തരം തന്റെ കൈയില്‍ നിന്നും ഉണ്ടാകില്ലെന്ന് ഉപ്പയ്ക്കും ഉമ്മയ്ക്കും വാക്ക് കൊടുത്തിട്ടുണ്ട്. വാര്‍ത്തകളില്‍ ഭാര്യയ്ക്ക് യാതൊരു വിഷമവുമില്ല. എന്നാല്‍ കുട്ടികളില്‍ നേരിയ വിഷമം ഉണ്ടായിട്ടുണ്ട്.
മാധ്യമങ്ങളുടെ വളച്ചുകെട്ടിയുള്ള വാര്‍ത്തകളില്‍ തെല്ലും കുലുങ്ങില്ല. മാധ്യമങ്ങള്‍ രാജാക്കന്മാരല്ല. അവരുടെ ഭാവം അതാണ്. പ്രജകളാണ് രാജാക്കന്മാര്. എന്റെ യജമാനന്മാരുമല്ല മാധ്യമങ്ങള്‍. എന്റെ കടപ്പാട് ജനങ്ങളോടാണ്, മാധ്യമങ്ങളോടല്ല. അതുകൊണ്ട് മാധ്യമകൊലയെ ഭയപ്പെടുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു.
എനിക്കെതിരെ പ്രക്ഷോഭങ്ങള്‍ നടത്തുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത് മുസ്ലീംലീഗാണ്. സാമ്പത്തിക തിരിമറിയുടെ പേരില്‍ ഒരു ലീഗുകാരന് പോലും ഇതുവരെ പുറത്താക്കപ്പെട്ടിട്ടില്ല. ഗള്‍ഫിലുള്ള നിരവധിയാളുകളുടെ കയ്യില്‍ നിന്ന് പണം സമാഹരിച്ച് ഇവിടെ കച്ചവടം നടത്തുന്ന ലീഗുകാരുണ്ട്. അവസാനം കണക്ക് നിരത്തുമ്പോള്‍ കച്ചവടം നഷ്ടം. എത്ര ആളുകളെ ഇവര്‍ കണ്ണീര് കുടിപ്പിച്ചു. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കമറുദ്ദീന് എം.എല്‍.എ. അണികളെ പറ്റിക്കുന്ന പണിയാണ് ലീഗുകാരുടേത്.
250 ഖുറാന് പായ്ക്കറ്റുകള്‍ വന്നതില്‍ 31 എണ്ണമാണ് മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഒരെണ്ണം യു.എ.ഇ. കോണ്‍സുലേറ്റില്‍ വച്ചു തന്നെ പൊട്ടിച്ചു. പുസ്തകത്തിന്റെ ഭംഗി കണ്ടിട്ട് ഹിന്ദുക്കളായ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഖുറാന് എടുത്തത്. ബാക്കി 31 പായ്ക്കറ്റും വിതരണം ചെയ്തിട്ടില്ല. അതു വേണമെങ്കില്‍ തിരികെ അയച്ചു കൊടുക്കാം.
ലീഗുകാര്‍ തിരികെ കൊടുക്കാന്‍ പറഞ്ഞാല്‍ കൊടുക്കാന്‍ തയ്യാറാണ്. ”ഞാന്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് കൂട്ടുനിന്നു എന്ന് ഖുറാനില്‍ തൊട്ട് ഇവര്‍ക്ക് സത്യം ചെയ്യാമോ?” മന്ത്രി വെല്ലുവിളിച്ചു. മറിച്ചു ഞാന്‍ സത്യം ചെയ്യാന്‍ തയ്യാറാണ്. പൊതുജീവിതവും അവസാനിപ്പിക്കാം.
ഞാന്‍ 2005-ല്‍ ഗള്‍ഫില്‍ പോയി വന്നപ്പോള്‍ യൂത്ത് ലീഗുകാര്‍ ഗള്‍ഫില്‍ നിന്നും അനധികൃതമായി പണം പിരിച്ചതായി ആരോപണം ഉന്നയിച്ചു. ആയിരക്കണക്കിന് വിശ്വാസികളുടെ മുമ്പില്‍ വച്ച് ഖുറാനില്‍ കൈവച്ച് സത്യം ചെയ്തു നിരപരാധിത്വം തെളിയിച്ച സംഭവവും മന്ത്രി ജെ.ബി. ജംഗ്ഷനില്‍ പങ്കുവച്ചു.
ഒരു സി.പി.എം. സഹയാത്രികനാണ് താനെന്ന് മന്ത്രി വെളിപ്പെടുത്തി. പാര്‍ട്ടി മെമ്പറല്ല. പക്ഷേ പാര്‍ട്ടി ഒറ്റക്കെട്ടായി തന്റെ കൂടെ നില്ക്കുന്നതില് സന്തുഷ്ടനാണെന്നും മന്ത്രി പറയുന്നു.
മാധ്യമങ്ങള്‍ പടച്ചുവിടുന്ന സാങ്കല്പിക കഥകള്‍ കൊണ്ട് തന്നെ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു. അവര്‍ എന്റെ യജമാനന്മാരല്ല. ജനങ്ങളാണ് എന്റെ യജമാനന്മാര്.
മാധ്യമങ്ങളോട് ”വേറെ പണി നോക്കൂ” എന്ന് പറയാതെ പറഞ്ഞു വച്ചു മന്ത്രി ഡോ. കെ.ടി. ജലീല്‍.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.