ഭാരതത്തിലെ പെന്തെക്കോസ്തു സമൂഹം സായിപ്പിന്റെ ഉല്പന്നമല്ല

ഭാരതത്തിലെ പെന്തെക്കോസ്തു സമൂഹം സായിപ്പിന്റെ ഉല്പന്നമല്ല

1905-ലെ പൂനെ മുക്തി മിഷനിലെ ഉണര്‍വ്വാണ് പെന്തെക്കോസ്തിന്റെ യഥാര്‍ത്ഥമായ ഉണര്‍വ്വായി ചരിത്രകാരന്മാരും രമാബായിയും സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഇതിനു മുമ്പ് 1899-ല്‍ തന്നെ ഇവിടെ ആത്മപ്രവാഹത്തിന്റെ അലയടികള്‍ പ്രകടമായിരുന്നു.

പക്ഷേ 1905 ജൂണ്‍ 29-നാണ് അതിന് ആരംഭം കുറിക്കുന്നത്. രാവിലെ 3.30-നാണ് പരിശുദ്ധാത്മാവിന്റെ അനിയന്ത്രിതമായ കവിഞ്ഞൊഴുക്കില്‍ മുക്തി നിമജ്ഞനമാകുന്നത്. ഒരു പെണ്‍കുട്ടി തനിക്കു പരിശുദ്ധാത്മാവ് ലഭിച്ചതായി വിളിച്ചുപറഞ്ഞു. അവള്‍ക്ക് ലഭിച്ച ഈ അത്ഭുതപൂര്‍വ്വമായ അനുഭവത്തെ രമാബായിയുടെ നിര്‍ദ്ദേശപ്രകാരം രാവിലെ നടന്ന പ്രാര്‍ത്ഥനയില്‍ പ്രസ്താവിക്കപ്പെട്ടു. തുടര്‍ന്ന് രമാബായി യോഹന്നാന്റെ സുവിശേഷം 8-ാം അദ്ധ്യായം പഠിപ്പിച്ചുകൊണ്ടിരിക്കവേ പെണ്‍കുട്ടികള്‍ ഓരോരുത്തരായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

രമാബായിക്ക് ഉടനെ ക്ലാസ്സ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കുട്ടികളില്‍ പാപബോധം ഉണ്ടായതോടെ ഉച്ചത്തില്‍ കരയാനും പ്രാര്‍ത്ഥിക്കാനും തുടങ്ങി. പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയായി പ്രാര്‍ത്ഥന. അയല്‍വാസികളായ ഹിന്ദുക്കള്‍ ഇതെന്തെന്നറിയാന്‍ ഓടിക്കൂടി. ഈ അനുഭവങ്ങളെ നേരില്‍ കണ്ട ഒരാള്‍ എഴുതിയിരിക്കുന്നത് മനോഹരമായ പെന്തെക്കോസ്തനുഭവം ജൂണ്‍ 30-ന് തുടങ്ങി എന്നാണ്. അതിങ്ങനെയാണ്:

‘This marvelous Pentecostal began June 30th. On the 29th one girl received a baptism of the Holy Spirit. She gave her testimony on Friday morning, June 30th, in the Church. On Friday evening, while Pandita Ramabai was speaking from John viii, to the praying band in January, (to pray for every individual in the community by name every day), one and another began to pray, until soon she had to stop, for the girls were crying and praying aloud, and the noise became like a roar of a waterfall, and our Hindu neighbors came running in to know what had happened to the girls. This loud praying still continues, unless we absolutely forbid it, which we never do unless we feel that the Lord leads us to do so, as they seem to have more freedom in prayer while praying thus…

രമാബായിയുടെ ജീവിതചരിത്രത്തിലും മി. അബ്രാംസിന്റെ ‘റിവൈവല്‍ ഇന്ത്യാ-2005’ എന്ന ഗ്രന്ഥത്തിലും മുക്തിയിലുണ്ടായ ഉണര്‍വ്വിന്റെ വിവിധ വശങ്ങളെ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
പാപബോധമുണ്ടായ ജനം കരഞ്ഞു നിലവിളിച്ചതായി രേഖയില്‍ കാണുന്നു.

നിരവധിയാളുകള്‍ നിലത്തു വീണുരുണ്ടു. ചിലര്‍ തുള്ളിച്ചാടി. ചിലരാകട്ടെ അലറിവിളിച്ച് മുട്ടിന്മേല്‍ നിന്ന് ദൈവത്തെ സ്തുതിച്ചു. അയല്‍വാസികള്‍ ഇതെന്തെന്നറിയാന്‍ ഓടിക്കൂടി. (1905-ല്‍ ഇത് പൂനെ മുക്തിയില്‍ സംഭവിക്കുമ്പോള്‍ കേരളത്തില്‍ പെന്തെക്കോസ്തു സഭകള്‍ ഉടലെടുത്തിട്ടില്ല. കേരളത്തിലെ സഭാ സ്ഥാപകരെന്നു വാഴ്ത്തപ്പെടുന്ന കര്‍ത്തൃദാസന്മാരില്‍ ചിലര്‍ അന്ന് ജനിച്ചിട്ടു പോലുമില്ല. ജനിച്ചവരാകട്ടെ, ശൈശവദശയിലുമായിരുന്നു.)

രണ്ടു പെണ്‍കുട്ടികളുടെ മുഖം ദിവ്യപ്രകാശത്താല്‍ തിളങ്ങുന്നത് കാണാമായിരുന്നുവത്രേ. 20 മിനിറ്റോളം ഇത് തുടരും, എന്നിട്ട് നില്‍ക്കും. അല്പം കഴിഞ്ഞ് പിന്നെയും തുടരും. മുക്തിയിലെ സകല സ്ഥാപനങ്ങളും അടച്ചിട്ടു. കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോലും ആരും എത്താതായി. അത്രമാത്രം തീവ്രമായ ആത്മീയാനുഭവത്തിന് ഉടമകളായി മാറി മുക്തിയിലെ വനിതകള്‍.

2000 പേര്‍ അന്നു മുക്തിയില്‍ ഉണ്ടായിരുന്നുവെങ്കിലും 1905 ജൂണ്‍ 29-ന് 700 പേര്‍ അടങ്ങുന്ന ഒരു കൂട്ടമാണ് ആരാധനയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ ഒരു കൂട്ടത്തിന്മേല്‍ പെന്തെക്കോസ്തനുഭവം പെയ്തിറങ്ങുന്നത മുക്തിയിലാണ് എന്ന് നിസ്സംശയം പറയാം. ഇവരിലധികവും ബ്രാഹ്മണ സമുദായത്തിലെ വിധവകളായിരുന്നു. (ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു രമാബായി. അതേക്കുറിച്ച് പിന്നീട് എപ്പോഴെങ്കിലും പ്രതിപാദിക്കാം.)

1906-ലെ അസൂസാ സ്ട്രീറ്റിലെ ഉണര്‍വ്വിനു മുമ്പേ ഇന്ത്യയില്‍ അന്യഭാഷാ ഭാഷണത്തോടു കൂടി ഉണര്‍വ്വുണ്ടായി എന്നതില്‍ ഭാരതീയ പെന്തെക്കോസ്തര്‍ക്ക് അഭിമാനിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഭാരത പെന്തെക്കോസ്ത് സായിപ്പിന്റെ ഉല്പന്നമല്ല എന്നര്‍ത്ഥം.

എന്നാല്‍ ഭാരത പെന്തെക്കോസ്ത് സഭകള്‍ക്ക് സംഘടിതഭാവം കൈവരുന്നത് സായിപ്പന്മാരുടെ വരവോടെയാണെന്ന വസ്തുത നിഷേധിക്കുന്നില്ല.

കെ.എന്‍.റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!