ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്ത്

ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്ത്


ഷാജി ആലുവിള

ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ഡോ. ഭീംറാവു റാംജി അംബേദ്കര്‍ ആണ്. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായും അദ്ദേഹം അറിയപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷവും പതിനൊന്നുമാസവും പതിനെട്ട് ദിവസവും വേണ്ടിവന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന കൈകൊണ്ട് എഴുതിയതാണെന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം.

ഭരണഘടന മുഴുവന്‍ എഴുതാന്‍ ഒരു ഉപകരണവും ഉപയോഗിച്ചിട്ടില്ല.ഡല്‍ഹി നിവാസിയായ ‘പ്രേം ബിഹാരി നാരായണ്‍ റെയ്‌സാദ’ ഈ ബൃഹത്തായ പുസ്തകത്തില്‍ മുഴുവന്‍ ഭരണഘടനയും സ്വന്തം കൈകൊണ്ട് ഇറ്റാലിക് ശൈലിയില്‍ എഴുതുകയായിരുന്നു.

അക്കാലത്തെ പ്രശസ്ത കാലിഗ്രാഫി എഴുത്തുകാരനായിരുന്നു പ്രേം ബിഹാരി. 1901 ഡിസംബര്‍ 16ന് ഡല്‍ഹിയിലെ ഒരു പ്രശസ്ത കൈയക്ഷര ഗവേഷകന്റെ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. തന്റെ മുത്തച്ഛന്‍ രാം പ്രസാദ് സക്‌സേനയ്ക്കും അമ്മാവന്‍ ചതുര്‍ ബിഹാരി നാരായണ്‍ സക്‌സേനയ്ക്കും ഒപ്പമായിരുന്നു അദ്ദേഹം വളര്‍ന്നത്. മുത്തച്ഛന്‍ രാം പ്രസാദ് ഒരു നല്ല കാലിഗ്രാഫര്‍ ആയിരുന്നു. പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹം വലിയ പണ്ഡിതനായിരുന്നു. ഇംഗ്ലീഷ് ഗവണ്‍മെന്റിന്റെ ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം പേര്‍ഷ്യന്‍ ഭാഷ പഠിപ്പിച്ചിരുന്നു.

മനോഹരമായ കൈയ്യക്ഷരത്തിനായി ദാദു ചെറുപ്പം മുതലേ പ്രേം ബിഹാരിയെ കാലിഗ്രാഫി കല പഠിപ്പിച്ചിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം, പ്രേം ബിഹാരി മുത്തച്ഛനില്‍ നിന്ന് പഠിച്ച കാലിഗ്രാഫി ആര്‍ട്ട് പരിശീലിക്കാന്‍ തുടങ്ങി.പതിയെ പതിയെ അയാളുടെ പേര് മനോഹരമായ കൈയ്യക്ഷരത്തിന്റെ പേരില്‍ എല്ലായിടവും പരക്കാന്‍ തുടങ്ങി.ഭരണഘടന അച്ചടിക്കാന്‍ തയ്യാറായപ്പോള്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രേം ബിഹാരിയെ വിളിച്ചുവരുത്തി.നെഹ്രു ഭരണഘടന അച്ചടിക്കുന്നതിന് പകരം ഇറ്റാലിക് അക്ഷരങ്ങളില്‍ കൈയ്യെഴുത്ത് കാലിഗ്രാഫിയില്‍ എഴുതണമെന്ന് ആഗ്രഹിച്ചു.

Prem Behari

അതുകൊണ്ടാണ് പ്രേം ബിഹാരിയെ നെഹ്രു വിളിപ്പിച്ചത്. പ്രേം ബിഹാരി അദ്ദേഹത്തെ സമീപിച്ചതിന് ശേഷം, നെഹ്‌റുജി അദ്ദേഹത്തോട് ഇറ്റാലിക് ശൈലിയില്‍ ഭരണഘടന കൈ കൊണ്ട് എഴുതുവാന്‍ ആവശ്യപ്പെടുകയും അതിന് പാരിതോഷികമായി എത്ര തുക വേണമെന്ന് ചോദിക്കുകയും ചെയ്തു.

പ്രേം ബിഹാരി നെഹ്‌റുജിയോട് പറഞ്ഞു ‘ഒരു പൈസ പോലും ഇതിന് എനിക്ക് വേണ്ട.ദൈവത്തിന്റെ കൃപയാല്‍ എനിക്ക് എല്ലാ കാര്യങ്ങളും ലഭിച്ചു, എന്റെ ജീവിതത്തില്‍ ഞാന്‍ തികച്ചും സന്തുഷ്ടനാണ്’. ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം നെഹ്രുജിയോട് ഒരു അഭ്യര്‍ത്ഥന നടത്തി ‘എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഭരണഘടനയുടെ എല്ലാ പേജുകളിലും ഞാന്‍ എന്റെ പേരും അവസാന പേജില്‍ എന്റെ മുത്തച്ഛന്റെ പേരും എഴുതും.’നെഹ്‌റുജി അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചു.ഈ ഭരണഘടന എഴുതാന്‍ അദ്ദേഹത്തിന് ഒരു വീട് നല്‍കി.അവിടെ ഇരുന്നുകൊണ്ട് പ്രേംജി മുഴുവന്‍ ഭരണഘടനയുടെയും കയ്യെഴുത്തുപ്രതി എഴുതി.

എഴുത്ത് തുടങ്ങുന്നതിന് മുമ്പ് നെഹ്‌റുജിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി ശ്രീ രാജേന്ദ്ര പ്രസാദിനൊപ്പം 1949 നവംബര്‍ 29ന് പ്രേം ബിഹാരി നാരായണ്‍ ശാന്തിനികേതനിലെത്തി.അവര്‍ പ്രശസ്ത ചിത്രകാരന്‍ നന്ദലാല്‍ ബസുവുമായി ചര്‍ച്ച ചെയ്യുകയും പേജുകളുടെ ശൂന്യമായ ഭാഗം എങ്ങനെ, പ്രേം ബിഹാരി എഴുതണമെന്നും നന്ദലാല്‍ ബസുപറഞ്ഞു മനസിലാക്കി.

നന്ദലാല്‍ ബോസും ശാന്തിനികേതനിലെ അദ്ദേഹത്തിന്റെ ചില വിദ്യാര്‍ത്ഥികളും കുറ്റമറ്റ ചിത്രങ്ങള്‍ കൊണ്ട് ഈ വിടവുകള്‍ നികത്തി. മോഹന്‍ജൊ ദാരോ മുദ്രകള്‍, രാമായണം, മഹാഭാരതം, ഗൗതം ബുദ്ധന്റെ ജീവിതം, അശോക ചക്രവര്‍ത്തിയുടെ ബുദ്ധമത പ്രചാരണം, വിക്രമാദിത്യന്‍, അക്ബര്‍ ചക്രവര്‍ത്തി, മുഗള്‍ സാമ്രാജ്യം എന്നിവയുടെ ഒരു കൂടിച്ചേരുവകള്‍ ആയിരുന്നു അത്.

ഇന്ത്യന്‍ ഭരണഘടന എഴുതുവാന്‍ പ്രേം ബിഹാരിക്ക് 432 പേന ആവശ്യമായിവന്നു. എഴുതിയ പേനക്ക്നിബ് നമ്പര്‍ 303 ഉപയോഗിച്ചാണ്തന്റെ ദൗത്യം പൂര്‍ത്തീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും ചെക്കോസ്ലോവാക്യയില്‍ നിന്നുമാണ് നിബുകള്‍ കൊണ്ടുവന്ന് ഉപയോഗിച്ചത്. ഒരു മുറിയില്‍ ഇരുന്നുകൊണ്ട് നീണ്ട ആറ് മാസത്തോളം സമയം എടുത്തു മുഴുവന്‍ ഭരണഘടനയുടെയും കൈയ്യെഴുത്തുപ്രതി എഴുതി തീര്‍ക്കുവാന്‍. ഭരണഘടന എഴുതാന്‍ 251 പേജുള്ള പേപ്പര്‍ ഉപയോഗിക്കേണ്ടി വന്നു. ആ കയ്യെഴുത്ത് ഭരണഘടനയുടെ ഭാരം 3 കിലോ 650 ഗ്രാം ആണ്. 22 ഇഞ്ച് നീളവും 16 ഇഞ്ച് വീതിയുമാണ്‌ ഭരണഘടനക്കുള്ളത്.

ഈ അമൂല്യഗ്രന്ഥം ഒരു കേടും കൂടാതെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സൂക്ഷിച്ചിരിക്കുന്നു എന്നുള്ളതില്‍ നമുക്ക് അഭിമാനം കൊള്ളാം.

പ്രേം ബിഹാരി 1966 ഫെബ്രുവരി 17 ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!