റഫാൽ ചടങ്ങിൽ പൗരോഹിത്യക്കുപ്പായം വേണ്ടായിരുന്നു

റഫാൽ ചടങ്ങിൽ പൗരോഹിത്യക്കുപ്പായം വേണ്ടായിരുന്നു

ജോൺ രാജൻ
അംബാല.

ഞാൻ 1977 ഒക്ടോബറിൽ അംബാല (പട്ടാളസങ്കേതം)യിൽ എത്തിയതാണ്. സൈനികരുടെ പല ചടങ്ങുകളിൽ സർവമതപ്രാർത്ഥന നടത്താറുണ്ട്.

ഒരിക്കൽ (1981) ഒരു സ്കൂൾ (Golden Lion Primary School – Today’s Army School, Ambala Cantt., Please search in Google) സമർപ്പണത്തിന്നു എന്നെ വിളിച്ചു. ചടങ്ങിന് എത്തിയപ്പോൾ കുപ്പായത്തെക്കുറിച്ചു തിരക്കി. ഞാൻ പറഞ്ഞു: ഞങ്ങൾ കുപ്പായം ധരിക്കാറില്ല. ആ ചടങ്ങിൽ ഞാൻ സംബന്ധിച്ച്, വേദപുസ്തകത്തിൽ നിന്നു വചനം വായിച്ച് പ്രാർത്ഥിക്കുകയുണ്ടായി, ഇംഗ്ലീഷ് ഭാഷയിൽ. ചടങ്ങിനുശേഷം പല ഓഫീസേഴ്സ് എൻ്റെ അടുത്തുവന്നു “നന്നായിരുന്നു” എന്നു പറയുകയുണ്ടായി.

കഴിഞ്ഞ 43 വർഷങ്ങൾക്കുള്ളിൽ പല പ്രാവശ്യം ഇപ്രകാരമുള്ള ചടങ്ങുകളിൽ സഭയിൽ വരുന്ന പട്ടാളക്കാർ ബൈബിൾ പാരായണത്തിനും പ്രാർത്ഥനയ്ക്കുമായി എന്നെ ക്ഷണിച്ചിട്ടുണ്ടു. കുപ്പായകാര്യം പറഞ്ഞു ഒഴിഞ്ഞുമാറി.

പൊതുചടങ്ങുകളിൽ ക്രിസ്ത്രീയപുരോഹിതന്മാരെ ക്ഷണിക്കുന്നതു ക്രിസ്തുവിലുള്ള വിശ്വാസം കൊണ്ടോ, ക്രിസ്ത്രീയപ്രാർത്ഥനയിൽ ഉള്ള വിശ്വാസം കൊണ്ടോ അല്ല (പൊതുവേ). എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു, ഉൾക്കൊള്ളിക്കുന്നു, ആരേയും മാറ്റി നിർത്തുന്നില്ല (അതായതു – മതേതരത്വം) എന്നു പൊതുജനത്തെ അറിയിക്കുവാനാണ്.

മോശെക്കും ഏലീയാവിനുമൊപ്പം യേശുവിനെ കുടിലിൽ കുടിയിരുത്തുവാൻ ശ്രമിച്ച പത്രോസ് കേട്ടതു: ഇവന്നു ചെവി കൊടുപ്പിൻ (മത്താ.17:4,5). അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല (മത്താ.17: 8).
യേശു ആരിലും ഉന്നതൻ. അവനൊപ്പം ആരും ഇല്ല.

പിന്നെ സത്യവേദപുസ്തകപ്രകാരം മഹാപുരോഹിതനു “മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം” ഉണ്ടായിരുന്നു ( പുറ.28: 1, 2).

എന്നാൽ വിശുദ്ധവസ്ത്രം ധരിക്കാതിരുന്ന അല്ലെങ്കിൽ ധരിക്കുവാൻ അവകാശമില്ലായിരുന്നവർ ദൈവജ്ഞാനവും ദൈവാത്മാവും ഉണ്ടായിരുന്നതിനാൽ രാജാക്കന്മാരുടെ തിരുമുമ്പിൽ മാനിക്കപ്പെട്ടതായി കാണുന്നു – യോസേഫ് (ഉല്പ.41:38,39), നെഹെമ്യാവ് (നെഹെ.2: 4-8), ശദ്രക്, മേശക്, അബേദ് – നെഗോ, ദാനീയേൽ (ദാനീ.1:17)!

അപ്പോൾ പൌരോഹിത്യ വസ്ത്രമില്ലാത്തവരെയും രാജാക്കന്മാർ അംഗീകരിക്കും; മാനിക്കും.

പക്ഷേ, ഇന്നു വേഷം കെട്ടുവാൻ തയ്യാറായാൽ സ്റ്റേജ് കിട്ടും! കാഴ്ചക്കാർ കഥ അറിയാതെ, കാര്യം അറിയാതെ സ്റ്റേജ് ഷോ വൈറലാക്കുന്നു. ലജ്ജിക്കുന്നു. ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു (ഫിലി. 3:19).

പത്രോസ് ശതാധിപൻ്റെ വീട്ടിൽ പോയപ്പോഴും പൌലൊസ് രാജാക്കന്മാരുടെ തിരുമുമ്പാകെ ക്രിസ്തുവിൻ്റെ സാക്ഷിയായി നിന്നപ്പോഴും പൗരോഹിത്യവസ്ത്രം അണിഞ്ഞിരുന്നില്ല. എങ്കിലും ശതാധിപൻ രക്ഷിക്കപ്പെട്ടു (പ്രവൃ.10:44-48), ഫെസ്തൊസ് പൌലൊസിൻ്റെ വിദ്യാബഹുത്വത്തെ (പ്രവൃ. 26:24) അംഗീകരിച്ചു. അഗ്രിപ്പാരാജാവ് “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു” (പ്രവൃ. 26:28). കുപ്പായത്തിൻ്റെ മഹത്വമോ ഭംഗിയോ നിറമോ കൊണ്ടല്ല എന്നതു നിശ്ചയം.

പിന്നെ ‘പെന്തെകൊസ്തുകാർ’ കുപ്പായത്തോടു വിമുഖത കാണിക്കണമോ? ചില പ്രത്യേക സാഹചര്യങ്ങളിൽ, ചടങ്ങുകളിൽ ഒരു ‘കുപ്പായം’ നീളം കൂടിയതോ കുറഞ്ഞതോ, വെളുത്തതോ ചുമന്നതോ ധരിക്കുന്നതു പാപമാണോ? വെറുതേ ചോദിച്ചു പോയതാ. ആരും പിണങ്ങരുതു.

‘സുവിശേഷവിഹിത സഭകളിലെ വിശ്വാസികൾ’ കുപ്പായമിടുന്ന പാസ്റ്ററന്മാരെ അംഗീകരിച്ചിരിക്കുന്നു എന്നു കരുതാമോ? ‘സ്വതന്ത്ര ഇന്ത്യയിൽ ഒരു സർക്കാർ ചടങ്ങിൽ സുവിശേഷവിഹിതസഭയ്ക്കിതുപോലൊരു അവസരം ഇതിനു മുമ്പ് ലഭിച്ചിട്ടുണ്ടോ’ എന്ന ചോദ്യം പ്രസക്തമാകുമായിരുന്നു പാസ്റ്റർ കുപ്പായം ഇടാതെ നിന്നു സങ്കീർത്തനം വായിച്ച് പ്രാർത്ഥിച്ചിരുന്നെങ്കിൽ !? കുടാതെ സങ്കീർത്തനം “ആംഗലഭാഷയിൽ വായി”ക്കുകയും, “കടഞ്ഞെടുത്ത വാക്കുകളിലൂടെ ആയിരം പ്രസംഗങ്ങൾക്കു കഴിയാത്ത നിലയിൽ സുവിശേഷം കൈമാ”റുകയും ചെയ്ത വ്യക്തി ‘സുവിശേഷവിഹിതസഭ’ യുടെ ആളാണോ അതോ കാതോലിക്, മാർത്തോമ്മാ സഭകളുടെ ആളാണോ എന്നു മുന്നിൽ നിന്ന മന്ത്രിമാർക്കോ കൂടെ നിന്ന ഗ്രന്ധിക്കോ തന്ത്രിക്കോ അറിയില്ലായിരുന്നു! അവർക്കു അദ്ദേഹം ഒരു ക്രിസ്ത്രീയപുരോഹിതൻ മാത്രമായിരുന്നു എന്നതാണു സത്യം. കഥ അറിയാതെ ആട്ടം കാണുന്നവർ സീതയെ ശ്രീരാമൻ്റെ അമ്മ ആക്കിയാൽ അതിശയിക്കേണ്ട!?

സർക്കാർ ചടങ്ങുകളിൽ ക്രിസ്തുവിൻ്റെ നാമത്തിൽ നില്ക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ നഷ്ടമാകാതിരിപ്പാൻ സത്യസുവിശേഷം ഘോഷിക്കുന്നവർ കുപ്പായം ‘കടം എടുക്കേണ്ടതായി’ വരുന്ന ഗതികേട് ഒഴിവാക്കുവാൻ നേതൃത്വം കനിയണം!? ‘പാസ്റ്റർ’ ക്കു സങ്കീർത്തനം വായിച്ച് പ്രാർത്ഥിക്കുവാൻ അവസരം കിട്ടണമെങ്കിൽ, അങ്ങനെ സോഷ്യൽ മീഡിയായിൽ വൈറലാകണമെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ കുപ്പായം കൂടാതെ കഴിയുമോ?

ദൈവം അനുഗ്രഹിക്കട്ടെ.

One thought on “റഫാൽ ചടങ്ങിൽ പൗരോഹിത്യക്കുപ്പായം വേണ്ടായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!