ആത്മീയ നിലവാരം ഉയരുന്നത് പള്ളികളുടെ വലിപ്പത്തിലും നിര്‍മ്മാണച്ചെലവ് കൂടുന്നതിലും പുതുമയിലും മനോഹാരിതയിലുമൊക്കെയാണെന്ന് വിശ്വസിക്കുന്ന കുറെ അന്ധവിശ്വാസികള്‍ ക്രൈസ്തവ സഭകളിലുണ്ട്.
പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍. അതാണ് ഈ സഭകളുടെ സുവിശേഷ വീക്ഷണത്തില്‍ വന്ന മൂല്യശോഷണത്തിന് ഒരു പ്രധാന കാരണം.
വിദേശ പ്ലാനും പദ്ധതിയും ടെക്നോളജിയും ഉപയോഗപ്പെടുത്തി കോടികള്‍ മുടക്കി വില കൂടിയ കല്ലുകള്‍ പാകിയും, കലാപരമായി മോടി പിടിപ്പിച്ചും, സിനിമാ തിയേറ്റര്‍ പോലെയോ, സ്റ്റാര്‍ ഹോട്ടലുകള്‍ പോലെയോ, ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ പോലെയോ പള്ളികള്‍ പണിതാലേ ദൈവത്തിന്റെ ആലയമാകുകയുള്ളൂ എന്ന് ഇക്കൂട്ടര്‍ ധരിച്ചുവശായിരിക്കുന്നതു പോലെ തോന്നുന്നു.
എല്ലാം വെടിഞ്ഞ് ദരിദ്രനായി പിറന്ന്, ദരിദ്രരോടൊപ്പം സഹവസിച്ച് ലളിതമായ ജീവിതശൈലി പഠിപ്പിക്കുകയും, വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ജീവിച്ചു കാണിച്ചുതരികയും ചെയ്ത ദൈവപുത്രനായ യേശുവിനെ ഇക്കൂട്ടര്‍ ഓര്‍ക്കുന്നുമില്ല. ഉത്തുംഗസൗധങ്ങള് പണിത് അതിന് ദേവാലയമെന്ന് പേരു വിളിച്ച് ദൈവത്തെ പരിഹസിക്കുകയും ചെയ്യുന്നു.
മണ്‍കൂടാരങ്ങളില്‍ ദൈവം വസിക്കുന്നില്ല എന്ന ബൈബിള്‍ വാക്യം ഈ കൂട്ടര്ക്കറിയില്ല. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
പള്ളികളുടെ ദൃശ്യചാരുതയുടെ കാര്യത്തില്‍ ഇന്ന് ഒരുതരം മത്സരം തന്നെ നടക്കുന്നു. ഒരു കൂട്ടര് പെട്ടകം പോലുള്ള പള്ളി പണിതാല്‍ മറ്റൊരു കൂട്ടര് കപ്പലിന്റെ ആകൃതിയിലുള്ള പളളി പണിയും.
പിന്നെ കൂടാരം, താജ്മഹല്‍, ബോട്ട്, വിമാനം, മിസൈല്‍ ഇങ്ങനെ പോകുന്നു ആധുനിക മോഡലുകള്‍. ഇപ്പോള്‍ അത് സ്റ്റാര്‍ ഹോട്ടലുകളുടെയും ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററുകളുടെയും ഫാഷനിലെത്തി നില്ക്കുന്നു.
ഈ ആഡംബര മത്സരത്തിനും ധൂര്‍ത്തിനും കൂട്ടുനില്‍ക്കുന്ന ക്രൈസ്തവ സഭാ നേതാക്കളും യേശുവിനെ മറന്നു. അത്ര പഴയതൊന്നുമല്ലെങ്കില് പോലും പുതിയ ഫാഷനിലുള്ള പള്ളി പണിയാന്‍ വേണ്ടി നിലവിലുള്ള പള്ളി പൊളിച്ചുമാറ്റുന്ന കേമന്മാരുമുണ്ട്.
പളളി പണിയുന്നതിന് ചില വൈദീകരും ഇടവക പ്രമാണിമാരും കാണിക്കുന്ന ശുഷ്കാന്തിയും കഷ്ടപ്പാടും കണ്ടാല്‍ വസിക്കാന്‍ ഇടമില്ലാഞ്ഞിട്ട് പെരുവഴിയിലോ മറ്റോ അലയുന്ന ഒരു വ്യക്തിയാണ് നമ്മുടെ ദൈവം എന്നു തോന്നിപ്പോകും.
ഓരോ ഇടവകയിലും വീടില്ലാത്ത എത്രയോ ആളുകളുണ്ട്. അവരില്‍ ഒരാള്‍ക്കെങ്കിലും വീട് വച്ചു കൊടുത്തിട്ടാണ് ഇങ്ങനെ ധൂര്‍ത്ത് നടത്തുന്നതെങ്കില്‍ സഹിക്കാമായിരുന്നു. ബൈബിള്‍ പറയുന്നു: ”ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാത്തത് എന്ന് സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്തായി 25:45)






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.