മരണത്തിലും കപട പുരോഹിതരെയും പ്രകൃതി ചൂഷകരെയും പി.ടി.  അകറ്റി  നിർത്തി

മരണത്തിലും കപട പുരോഹിതരെയും പ്രകൃതി ചൂഷകരെയും പി.ടി. അകറ്റി നിർത്തി

പുഴകളും തടാകങ്ങളും കുന്നുകളും മലകളും നിറഞ്ഞ പച്ചപ്പ് വിരിച്ച ഈ കൊച്ചു കേരളം പി.ടി യ്ക്ക് എന്നും ഹരമായിരുന്നു. താമസിക്കാൻ വീട് വേണം, കൃഷി ചെയ്യാൻ മണ്ണ് വേണം, പക്ഷേ അത് പ്രകൃതിയെ കൂടെ സംരക്ഷിച്ചുകൊണ്ടാകണം എന്നേ പി.ടി തോമസ് പറഞ്ഞുള്ളു.

ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ മഹാനെ കൊന്ന പാരമ്പര്യമുള്ള കത്തോലിക്കാ സഭ പി.ടി യെ കൊല്ലാതെ വിട്ടത് ഭാഗ്യം. എന്നിട്ടും ബിഷപ്പൻമാരും അച്ചമാരും അടങ്ങിയിരുന്നില്ല. അവർ കൊന്നു പി.ടി.യെ പ്രതീകാത്മകമായി. ‘കൊല്ലുക മാത്രമല്ല’ ശവമഞ്ചത്തിൽ കിടത്തി വിലാപയാത്ര കൂടി നടത്തി ക്രൂരത കാട്ടി. അതുകൊണ്ട് തന്നെയാവണം ആ ശരീരത്തിന് സമീപം ഈ കപട വേഷധാരികളെ അടുപ്പിക്കണ്ട എന്നദ്ദേഹം തീരുമാനിച്ചത്.

മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുന്‍മ്പാണ് തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം പി.ടി, ഉറ്റ സുഹൃത്ത് ഡിജോ കാപ്പന് നല്‍കിയത്. തന്റെ ഭാര്യയും മക്കളും അറിയാതെ അസാമാന്യമായ മനക്കരുത്തോടെയാണ് അദ്ദേഹം അത് ചെയ്തത്. കേരള രാഷ്ട്രീയത്തിന് പി.ടി തോമസിന്റെ വിയോഗം വലിയ ഞെട്ടലായി മാറുമ്പോഴും തനിക്ക് ഇനി അധികദൂരം ബാക്കിയില്ലെന്ന കാര്യം പി.ടിക്കുണ്ടായിരുന്നു എന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികള്‍. വെല്ലൂരില്‍ ചികിത്സയില്‍ തുടരുന്നതിനിടെ നവംബര്‍ 22നാണ് ഡിജോ കാപ്പനെ പി.ടി. ഫോണില്‍ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം എന്നെ സംസ്‌കരിക്കാന്‍. കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പാടില്ല. ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന ഗാനം പൊതുദര്‍ശനത്തിനിടെ ശാന്തമായി കേള്‍പ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.ഇങ്ങനെയാണ് ഡിജോയ്ക്ക് പി.ടി. തോമസ് നല്‍കിയ നിര്‍ദ്ദേശം. മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുമ്പ്‌ മാത്രമായിരുന്നു ഈ ഫോണ്‍ സംഭാഷണം നടന്നത് എന്നതാണ് മറ്റൊരു കൗതുകം.

ജനാധിപത്യവാദിയും പരിസ്ഥിതി സ്‌നേഹിയും മതേതര വിശ്വാസിയുമായിരുന്നു താന്‍ എന്ന് ജീവിതം കൊണ്ട് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മരണത്തിലും അതേ മതേതരവാദിയായാണ് പി.ടി ജനമനസുകളില്‍ ഇടം പിടിക്കുന്നത്.

ഏറ്റവും വിപ്ലവകരമായ ഒന്നായിരുന്നു പി ടി തോമസിന്റെ പ്രണയവും വിവാഹവും കുടുംബ ജീവിതവും. സമ്പന്ന ബ്രാഹ്മണകുടുംബത്തിലെ പെണ്‍കുട്ടിയെ ജീവിത സഖിയായി ഒപ്പം കൂട്ടുമ്പോള്‍ ഒരിക്കല്‍ പോലും അവരുടെ വിശ്വാസത്തെയോ ജീവിത രീതിയേയോ മാറ്റാന്‍ പി.ടി. ശ്രമിച്ചിരുന്നില്ല.

മഹാരാജാസ് കോളേജില്‍ വെച്ചാണ് പി.ടി തോമസ് ഉമയെ പരിചയപ്പെടുന്നത്. ഉമ അന്ന് അവിടെ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അതിനോടകം മഹാരാജാസ് വിട്ടിരുന്നെങ്കിലും കെ.എസ്.യു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ പി.ടി. ക്യാമ്പസില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. അക്കാലത്ത് മഹാരാജാസിലെ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഉമ. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടെ രൂപപ്പെട്ട സൗഹൃദം വൈകാതെ പ്രണയമായി മാറി.

അന്യമതസ്ഥനും ഇടുക്കിയിലെ കര്‍ഷകുടുംബത്തിലെ അംഗവുമായ പി.ടി തോമസുമായുള്ള വിവാഹം ഉമയുടെ വീട്ടുകാര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാനാവുമായിരുന്നില്ല. പി.ടി തോമസിന്റെ വീട്ടുകാര്‍ക്ക് അത്ര എതിര്‍പ്പുണ്ടായിരുന്നില്ല. കല്ല്യാണം പള്ളിയില്‍ വെച്ച് നടത്തണമെന്നൊരു നിര്‍ബന്ധം മാത്രമായിരുന്നു പി.ടിയുടെ അമ്മയ്ക്കുണ്ടായിരുന്നത്. ഒടുവില്‍ രണ്ടും കല്‍പിച്ച് ഉമയെ പി.ടി. വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് നേരെ പോയത് സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടേയും മേഴ്‌സി രവിയുടേയും വീട്ടിലേയ്ക്കാണ്‌. മകള്‍ തനിക്കൊപ്പം ഉണ്ടെന്നും സുരക്ഷിതയാണെന്നും പി.ടി. തോമസ് ഉമയുടെ പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. വയലാര്‍ രവിയുടെ വീട്ടില്‍ നിന്നും ഒരുങ്ങി പ്രതിശ്രുത വധൂവരന്‍മാര്‍ കോതമംഗലത്തെ ക്‌നാനായ പള്ളിയിലേക്ക് എത്തി. പി.ടിയുടെ വീട്ടുകാരുടേയും മഹാരാജാസിലേയും പാര്‍ട്ടിയിലേയും സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഉമയെ പി.ടി. ജീവിതസഖിയാക്കി.

വയലാര്‍ രവിയെ കൂടാതെ ബെന്നി ബെഹന്നാന്‍, വര്‍ഗ്ഗീസ് ജോര്‍ജ് പള്ളികര, കെ.ടി ജോസഫ്, ജയപ്രസാദ് തുടങ്ങി യുവനേതാക്കളെല്ലാം പാര്‍ട്ടി പരിപാടി എന്ന പോലെ വിവാഹം വിജയകരമാക്കാന്‍ മുന്നില്‍ നിന്നു.

വിവാഹത്തിന് ശേഷവും മതം ഇരുവരുടേയും ജീവിതത്തില്‍ ഒരു വിഷയമായില്ല. ദമ്പതികള്‍ക്ക് പിന്നീട് രണ്ട് ആണ്മക്കള്‍ ജനിച്ചു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ച് വളരാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കും പി.ടിയും ഉമയും നല്‍കി. തങ്ങളുടെ വിവാഹത്തില്‍ എന്ന പോലെ വലിയ ആഡംബരങ്ങളില്ലാതെ ആണ് മക്കളുടെ വിവാഹവും പി.ടി. നടത്തിയത്.

2014ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ പി.ടിക്ക് ഹൃദയാഘാതമുണ്ടായിരുന്നു. സഹയാത്രികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്. അതിനു ശേഷമാണ് വില്ലനായി അര്‍ബുദം പി.ടിയുടെ ജീവിതത്തിലേക്ക് വന്നത്. ഈ പരീക്ഷണഘട്ടവും പി.ടി.യുടെ പോരാളി മറികടക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇക്കുറി വെല്ലൂരിലേക്ക് ചികിത്സയ്ക്ക് വേണ്ടി പുറപ്പെടുപ്പോള്‍ പെട്ടെന്ന് തിരിച്ചെത്താം എന്ന ഉറപ്പ് സുഹൃത്തുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയാണ് പിടി യാത്ര പറഞ്ഞത്. എന്നാല്‍ വെല്ലൂരിലെ ചികിത്സയ്ക്കിടെ അര്‍ബുദം പിടിമുറുക്കിയതോടെ ഇനി അധികസമയമില്ലെന്ന് പി.ടിയും തിരിച്ചറിഞ്ഞിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!