അ.പു.ക.കു. അംഗങ്ങള്‍ അരിവാളിന് വോട്ട് ചെയ്യുമോ? ഇന്നും ചുവപ്പ് കണ്ടാല്‍ വിറളി പിടിക്കുന്നവരാണ് യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസികള്‍. 90 ശതമാനം കത്തോലിക്കരും കോണ്‍ഗ്രസുകാരാണ്. പി.ജെ.ജോസഫും കെ. എം. മാണിയുമൊക്കെ എത്രനാള്‍ സിപിഎമ്മിന്റെ കൂടെ നിന്നു എന്ന് പഴയകാല അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും വിലയിരുത്തണം.
രണ്ടു കാര്യങ്ങളില്‍ കത്തോലിക്കര്‍ ഉറച്ചു വിശ്വസിക്കുന്നവരാണ്. ഇത് രണ്ടും കര്‍ത്താവായ ഈശോമിശിഹ സ്വര്‍ഗ്ഗത്തില്‍ നിന്നും നേരിട്ട് കുഞ്ഞാടുകള്‍ക്ക് കെട്ടി ഇറക്കി കൊടുത്തു എന്നവര്‍ വിശ്വസിക്കുന്നു. ഒന്ന് മനോരമ പത്രം. രണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി. കണ്ടത്തില്‍ പത്രത്തേക്കാള്‍ പഴക്കമുള്ള നസ്രാണി ദീപിക ഇന്നുണ്ടോ ആവോ?
ഫാരിസ് അബൂബക്കര്‍ മാന്യനായതു കൊണ്ട് വസ്തുവകകളും അച്ചടിയന്ത്രങ്ങളും തിരിച്ചുകിട്ടി. കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമാണ് കത്തോലിക്കര്‍. സാമുദായിക സംഘടനകളെ ഒറ്റയ്ക്കെടുത്താല്‍ ആസ്തിയില്‍ ഈ റോമന്‍ മതം തന്നെയാണ് മുന്നില്‍. ധനത്തിലും സ്ഥാപനങ്ങളിലൂം കത്തോലിക്കാ സഭയ്ക്കൊപ്പം നില്ക്കാന് വേറൊരു സഭ കേരളത്തിലില്ല. ഇത് കണ്ടറിഞ്ഞ ഒന്നാമത്തെ പത്രം ഈ ജനസമൂഹത്തെ കൂടെ നിര്‍ത്താന്‍ പയറ്റിയ പണികള്‍ക്കു മുമ്പില്‍ ദീപിക തകര്‍ന്നടിയുകയായിരുന്നു.
അതുപോലെതന്നെ കത്തോലിക്കാ സഭയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസില്ല. കോണ്‍ഗ്രസിന്റെ കൂടെ ഉറച്ചു നില്ക്കുന്ന ഏക ക്രൈസ്തവ സമൂഹമാണ് കത്തോലിക്കാ സഭ. അരിവാള്‍ കൈയിലേന്താനും ചുവന്ന ആട പുതയ്ക്കാനും അവര്‍ക്കാവില്ല. കമ്മ്യൂണിസത്തിനെതിരെ കേരളത്തില്‍ പട നയിച്ചതില്‍ പ്രമുഖ സ്ഥാനം ഇന്നും കത്തോലിക്കാ സഭയ്ക്കാണ്. വിമോചനസമരത്തിലും അതല്ലേ നമ്മള് കണ്ടത്. ഇടയ്ക്ക് ജോസഫും മാണിയും സിപിഎമ്മിനെ ആലിംഗനം ചെയ്തിട്ട് എത്രനാള്‍ കൂടെ നിന്നു? മന്ത്രി സ്ഥാനം ഇല്ലാതെ കേ.കോ. കഷണങ്ങള്‍ക്ക് ഒരു മുന്നണിയിലും നില്‍ക്കാനാകില്ല. യുഡിഎഫില്‍ നിന്നാലും എല്‍ഡിഎഫില്‍ നിന്നാലും മന്ത്രിസ്ഥാനം ഉറപ്പ്.
നില്ക്കക്കള്ളി ഇല്ലാതാകുമ്പോള്‍ ഗതികേടു കൊണ്ട് നിലനില്പ്പിനായിട്ടാണ് കേ.കോ. നേതാക്കള്‍ സിപിഎമ്മിനെ പുണരുന്നത്. രക്ഷപ്പെടാന്‍ പുതിയ വഴികള്‍ തുറന്നു കിട്ടുമ്പോള്‍ അവര്‍ നന്ദികേടിന്റെ വക്താക്കളായി കോണ്‍ഗ്രസില്‍ ചേക്കേറും. അയിത്താചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, തീണ്ടല്, തൊടീല് എന്നിവയ്ക്കെതിരെയും ജന്മിത്വത്തിനെതിരെയും പോരാടി, വാരിക്കുന്തമേന്തി ചൂഷകവര്‍ഗ്ഗത്തെ ഉദ്ധരിക്കാന്‍ തോക്കിനു മുമ്പില്‍ വിരിമാറ് കാട്ടിയ കമ്മ്യൂണിസത്തിന്റെ ധീരസഖാക്കള്‍ക്കൊപ്പം ഇരിക്കാന്‍, എകെജി സെന്ററില്‍ കാല്‍കുത്തുവാന്‍ ജോസ് കെ. മാണിക്ക് എന്ത് യോഗ്യത?
പഞ്ചായത്ത് ഇലക്ഷനില്‍ നാലു താലൂക്കിലെ പഞ്ചായത്തുകള്‍ പിടിച്ചെടുക്കണമല്ലോ. അതിന് ഒരു ജനപ്രിയ പ്രകടനവും നടത്താനാവാത്ത ഒരു സാമൂഹ്യ പ്രശ്നങ്ങളിലും ഇടപെടാത്ത ജോസ് കെ.മാണിയെ കൂടെ നിര്‍ത്തണമല്ലേ? അപ്പന് ആനപ്പുറത്ത് കയറിയാല്‍ മകന്റെ പൃഷ്ടത്തില്‍ തഴമ്പ് കാണില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അറിഞ്ഞിരിക്കണം.
അപ്പനും മകനും ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിമാരാകാന്‍ കുപ്പായം തുന്നിവച്ച കഥ, പിണറായിയും കോടിയേരിയും ഓര്‍ക്കണം. ത്രിപുരയും ബംഗാളും സിപിഎമ്മിനെ കാലപുരിയ്ക്കയച്ചപ്പോള് ഇത്തിരി ചുവന്ന വെട്ടം കേരളത്തില്‍ കത്തി നില്‍ക്കുന്നത് അണയാതെ സൂക്ഷിക്കാനാണോ ധാര്‍മ്മികതയെ പിച്ചിച്ചീന്തിയ സിപിഎമ്മിന്റെ വൃത്തികെട്ട ഈ കളി. ഈ വെട്ടം അണയാതിരിക്കാന്‍ എല്‍ഡിഎഫിന്റെ ഈ ഭരണം പേരെ?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വിജ്ഞാനത്തിലും സമത്വത്തിലും മുന്നില്‍ നില്ക്കുന്ന കേരളത്തെ ഈ നിലയില്‍ പാകപ്പെടുത്തിയതില്‍ പഴയകാല കമ്മ്യൂണിസ്റ്റുകളും നവോത്ഥാന നായകരും ഉണ്ട്. കൂടെ ക്രൈസ്തവ മിഷനറിമാരും. അത് വായിച്ചുള്ള അറിവ് പോലും ജോസ് കെ. മാണിക്കുണ്ടാവില്ല. ധനസമാഹരണവും അധികാരം കയ്യാളലുമല്ലാതെ കേ.കോ.ന് എന്തു ലക്ഷ്യമാണ് കേരളത്തിലുള്ളത്. എന്ത് രാഷ്ട്രീയ പ്രത്യയശാസ്ത്രമാണിവര്ക്കുള്ളത്? അധികാരമോഹവും ഖജനാവില്‍ കയ്യിടലുമല്ലാതെ എന്ത് അജണ്ടയാണ് ഇവര്‍ക്ക് കേരളത്തില്‍ നടപ്പിലാക്കാനുള്ളത്? ഒമ്പത് കേ.കോ. കഷണങ്ങളായി ഈ പാര്‍ട്ടി പിരിഞ്ഞുനില്‍ക്കുന്നത് ഇതുകൊണ്ടാണെന്ന് വൈകിയ വേളയിലെങ്കിലും എകെജി സെന്ററിലെ മേലാളന്മാര് മനസ്സിലാക്കണം.
അസംബ്ലിയില്‍ ഉറക്കം തൂങ്ങിയിരുന്ന എംഎല്‍എ ‘രണ്ടെന്ന്’ കേട്ടപ്പോള്‍ ഒന്ന് കത്തോലിക്കര്‍ക്ക് വേണമെന്നു പറഞ്ഞ് ചാടിയെഴുന്നേറ്റത് ഓര്‍മ്മയുണ്ടോ ആവോ. രണ്ടു ജിറാഫിനെ വിദേശത്തു നിന്നും കൊണ്ടുവരുന്ന കാര്യം അസംബ്ലിയില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നല്ലോ ഈ സംഭവം. കത്തോലിക്കാ വിശ്വാസികളെ പോലെയല്ല ഇതര ക്രൈസ്തവ ഗ്രൂപ്പുകള്‍.
യാക്കോബായ, പെന്തക്കോസ്ത്, മാര്‍ത്തോമ്മാ, സിഎസ്ഐ, ബ്രദറണ്‍ സഭകളിലെ വിശ്വാസികള്‍ കത്തോലിക്ക വിശ്വാസികളെപ്പോലെ കറതീര്‍ന്ന കോണ്‍ഗ്രസ്സുകാരല്ല. ഗവണ്മെന്റ് ചെയ്യുന്ന നന്മപ്രവര്ത്തികള്ക്കനുസരിച്ച് അവരുടെ വോട്ടുകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇപ്പോഴത്തെ ഭരണസംവിധാനത്തില്‍ ഈ ഗ്രൂപ്പുകള്‍ സംതൃപ്തരാണ്. പിന്നെന്തിന് അധികാരത്തിന് വേണ്ടി പാഞ്ഞുനടക്കുന്ന ജോസ് കെ. മാണിയെയും കൂട്ടരേയും ഇടതുപക്ഷത്തിന്റെ തലയിലേറ്റണം. ജോസ് കെ.മാണിയുടെ ജനകീയ അടിത്തറയെപ്പറ്റി എലഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ കമന്റ് കേട്ടപ്പോള്‍ അറിയാതെ വന്നു മനഃപുരട്ടല്.
നിങ്ങളെ ജയിപ്പിക്കാന്‍ കൂടെ നടന്നവരേയും യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തെ ഇടതുപക്ഷത്തേക്ക് നയിച്ച പത്രങ്ങളെയും വ്യക്തികളെയും നിങ്ങള്‍ക്ക് വേണ്ട. ജോസ്. കെ മാണി തന്നെ സിപിഎംൻ്റെ അന്തകനാകും. ഭരണ തുടർച്ച കിട്ടിയാല്‍ (കിട്ടട്ടെയെന്ന് ആശംസിക്കുന്നു) ആറു മാസത്തിനകം കെ.എം. മാണിയുടെ മകന് ജോസ് കെ.മാണി തന്നെ അത് ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും. അതാണ് അവരുടെ പാരമ്പര്യം.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.