
█ അഡ്വ. റസ്സല്‍ ജോയി.
ലോകത്ത് ഓരോ വര്‍ഷവും ഒരു ഡാമെങ്കിലും തകരുന്നുണ്ട്. 2019 വര്‍ഷം മൂന്ന് ഡാമുകളാണ് പൊട്ടിയത്. അടുത്തത് മുല്ലപ്പെരിയാര്‍ ആകാതിരിക്കട്ടെ!
മുല്ലപ്പെരിയാറിന്റെ അതേ കപ്പാസിറ്റിയിലുള്ള ഒരു ഡാം തകര്‍ന്നതാണ് അടുത്തകാലത്തുണ്ടായ ഏറ്റവും ഭീകരമായ ഡാം ദുരന്തം. ചൈനയിലെ ഡാമായ ബാങ്കിയാവോ ഡാം ആണ് തകര്‍ന്നത്. ചൈനയിലെ പ്രസിദ്ധമായ ഹൈഡ്രോളജിസ്റ്റ് ചെന്സിങ്ങ് ഡാം തകരുമെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന സര്‍ക്കാര്‍ ചെന്സിങ്ങിന്റെ മുന്നറിയിപ്പ് അവഗണിച്ചു എന്ന് മാത്രമല്ല, അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു.
ബാങ്കിയാവോ ഡാം റഷ്യന്‍ വിദഗ്ദ്ധരാണ് പണിതത് എന്നും, അത് ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണെന്നുമാണ് ചൈനാ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതു പോലെ ചെന്സിങ്ങും പിന്മാറാന് തയ്യാറായില്ല. അദ്ദേഹം ചൈനയിലുടനീളം സഞ്ചരിച്ച് ഈ പ്രശ്നത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കുവാന് ശ്രമിച്ചുകൊണ്ടിരുന്നു. ചെന്സിങ്ങിന്റെ പ്രചരണം ഒരു പ്രക്ഷോഭമായി മാറിയപ്പോള്‍ ചൈനീസ് സര്‍ക്കാര്‍, ഒരു വിദഗ്ദ്ധസമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയും, സമിതി ശാസ്ത്രീയമായി പഠിച്ച് അന്വേഷണ റിപ്പോര്‍ട്ട് ചൈനീസ് സര്‍ക്കാരിന് കൊടുക്കുകയും ചെയ്തു.
പ്രസ്തുത റിപ്പോര്‍ട്ടനുസരിച്ച് ഡാം ദുര്‍ബലമാണെങ്കിലും ബാങ്കിയാവോ ഡാമിന്റെ മുമ്പില്‍ 62 ഡാമുകള്‍ ഉള്ളത് പ്രയോജനം ചെയ്യും എന്ന് വിദഗ്ദ്ധസമിതി വിലയിരുത്തി. ചെന്സിങ്ങിന് ഈ റിപ്പോര്‍ട്ട് സ്വീകാര്യമായില്ല. ബാങ്കിയാവോ ഡാം പൊട്ടുകയാണെങ്കില്‍ മുമ്പിലുള്ള 62 ഡാമുകള്‍ ജലം താങ്ങിക്കൊള്ളുമെന്ന് ചൈനീസ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ഇടുക്കി ഡാം താങ്ങുമെന്ന് പറയുന്നതുപോലെ, മുല്ലപ്പെരിയാര്‍ ഡാമിലുള്ള 15 ടി.എം.സി. വെള്ളത്തിന്റെ ഗതികോര്‍ജ്ജം കണക്കാക്കിയിരിക്കുന്നത് അമേരിക്ക ഹിരോഷിമയിലിട്ട ബോംബിന്റെ 180 ഇരട്ടി പ്രഹരശേഷിയായിട്ടാണ്. അതായത്, നൂറ്റി എമ്പതിലൊന്ന് വെള്ളത്തിന്റെ പ്രഹരശേഷി മാത്രം മതി ഇടുക്കി ഡാം തകരാന്‍.
1975-ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാശം വിതച്ചുകൊണ്ട് ബാങ്കിയാവോ ഡാം തകര്‍ന്നു. തൊട്ടുമുമ്പിലുള്ള ഡാമിന് ബാങ്കിയാവോ ഡാമിന്റെ പ്രഹരശേഷിയെ തടയാനായില്ല. മാലപ്പടക്കം പോലെ 62 ഡാമുകളും പൊട്ടി. ഏകദേശം രണ്ടര ലക്ഷം ജനങ്ങളുമായി കടലില്‍ പതിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം അസ്തമിച്ചു. ഏകദേശം 23000 ആളുകള്‍ രക്ഷ പ്രാപിച്ചു. വീഴാതെ നിന്ന വന്മരങ്ങളില് പിടിച്ചും, കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ അള്ളിപ്പിടിച്ചു കിടന്നുമൊക്കെയാണ് രക്ഷപ്പെട്ടത്. രക്ഷ പ്രാപിച്ചവര്‍ മഹാഭാഗ്യവാന്മാരാണെന്ന് നാം ഒരുപക്ഷേ ചിന്തിക്കാം.
അവര്‍ നിന്നിരുന്ന സ്ഥലത്തിന് താഴെ ഇരുപത് മീറ്ററോളം ചെളി നിറഞ്ഞിരുന്നു. ഭക്ഷണം ലഭിക്കാതിരുന്ന ഇവര്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ മുഖാന്തിരം ഭക്ഷണം ഇട്ടുകൊടുത്തിരുന്നു. ഭൂരിഭാഗം ഭക്ഷണപാക്കറ്റുകളും നിറഞ്ഞ ചെളിയിലാണ് വീണത്. ശുദ്ധജലവും ഭക്ഷണവും കിട്ടാതെ ക്ലേശിച്ചപ്പോള്‍ ഇവര്‍ ഒഴുകിവരുന്ന ശവശരീരങ്ങള്‍ ഭക്ഷിക്കാന്‍ തുടങ്ങി. അത് അമ്മയുടേതാകാം, അപ്പന്റേതാകാം, ഭാര്യയുടേതാകാം, ഭര്ത്താവിന്റേതാകാം, മക്കളുടേതാകാം. ശവശരീരങ്ങളാണ് ഭക്ഷിച്ചത്. തുടര്‍ന്ന് ഇരുപത്തിമൂവായിരത്തോളം വരുന്ന ഈ രക്ഷപ്പെട്ട മഹാഭാഗ്യവാന്മാര് സാംക്രമികരോഗം ബാധിച്ച് അതിദാരുണമായി മരിച്ച സംഭവമാണ് ചൈനയില്‍ കണ്ടത്. ഇതുപോലൊരു ദുരന്തം ഇവിടെ സംഭവിച്ചുകൂടാ. നമ്മുടെ പിഞ്ചുമക്കളും യുവാക്കളും ഇതുപോലെ കൊല്ലപ്പെട്ടു കൂടാ. നാം ഉണരണം, ഉണര്‍ന്നേ മതിയാകൂ.
തിരുവിതാംകൂര്‍ ദിവാനു ശേഷം (സര് സി.പി. രാമസ്വാമി അയ്യര്‍) അധികാരത്തില്‍ വന്ന ദുരമൂത്ത, അഴിമതി നിറഞ്ഞ ജനാധിപത്യ സര്‍ക്കാരുകള്‍ മുമ്പേ നടന്ന കാര്യങ്ങളൊന്നും കണ്ടതായി പോലും ഭാവിച്ചില്ല. നയാപൈസ പോലും വാങ്ങാതെ, തമിഴരുടെ കൃഷിയും കുടിവെള്ളവും മുടങ്ങരുത് എന്ന ദീനാനുകമ്പയാല്‍ അവര്‍ കരാര്‍ തുടരാന്‍ അനുവദിച്ചു. എന്നാല്‍ എല്ലും തോലുമായി അധികാരത്തില്‍ ഏറിയിരുന്ന ഇവര്‍ പുഷ്ടി പ്രാപിക്കുകയും ചെയ്തു. പഴയ കുടിലുകളുടെ സ്ഥാനത്ത് രമ്യഹര്മ്മ്യങ്ങള് ഉയര്‍ന്നുവരുന്നത് അലാവുദ്ദീന്റെ അത്ഭുതവിളക്ക് കൈയിലുണ്ടായതുകൊണ്ടാണെന്ന് കേരളജനത വിശ്വസിച്ച് ഉത്തമര്ണ്ണര്ക്ക് സിന്ദാബാദ് വിളിക്കാന്‍ ഓടി നടന്നു.
രാജഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് എറിഞ്ഞുകൊടുത്ത 40,000/- രൂപ എന്ന പാട്ടത്തുക 1970 ആയപ്പോള്‍ ജനാധിപത്യ സര്‍ക്കാര്‍ 10 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ച് കേരളത്തിലെ ജനങ്ങളെ സന്തോഷഭരിതരാക്കി. ആനന്ദലബ്ധിക്കിനിയെന്തു വേണം! കേരളജനത സന്തോഷം കൊണ്ട് മതിമറന്ന് തുള്ളിച്ചാടി. പാര്‍ട്ടി അണികള്‍ ആനന്ദനൃത്തം ചെയ്തു. 1970-ല്‍ കരാര്‍ പുതുക്കി കൊടുത്തപ്പോള്‍ 400 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള അധികാരവും തമിഴ്നാടിനു കൊടുത്ത് നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ ദീനദയാലുത്വത്തിന് മാതൃകയായി. പാര്‍ട്ടി അണികള്‍ തങ്ങളുടെ സര്‍ക്കാരിന്റെ മഹാമനസ്കതയ്ക്കു മുമ്പില്‍ എന്തു ചെയ്യണമെന്നറിയാതെ സന്തോഷാശ്രുക്കളുമായി നിന്നു.
1970-ലെ കരാറിലൂടെ നമുക്ക് മീന്‍ പിടിക്കാനുള്ള സ്വാതന്ത്ര്യം എന്ന മഹാസ്വാതന്ത്ര്യം ലഭിച്ചു. ഈ മഹാസ്വാതന്ത്ര്യത്തില് മീനുകള്‍ പോലും പുളകിതഗാത്രരായി. പക്ഷേ ദോഷം പറയരുതല്ലോ, നമ്മുടെ പാട്ടത്തുക 10 ലക്ഷമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.
(തുടരും)






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.