█ അഡ്വ. റസ്സല്‍ ജോയി
മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുമ്പോള്‍ ബ്രിട്ടീഷുകാരുടെ സാമന്ത രാജാവായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവ് പറഞ്ഞു: ”ഇത് എന്റെ ഹൃദയരക്തം കൊണ്ടാണ് ഒപ്പിടുന്നത്” എന്ന്. ഇന്ന് നാം അനുഭവിക്കുന്ന പ്രതിസന്ധി അദ്ദേഹം നേരത്തേ മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തം. നമ്മുടെ മണ്ണില്‍ കയറി നിന്ന് നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നവരുടെ സ്ഥാനത്ത് ഇന്ന് തമിഴ്നാടാണ്.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണില്‍ കയറിനിന്ന് തമിഴ്നാട് ഭരണം നടത്തുന്നു. കേരളത്തിന്റെ അതിര്‍ത്തി കടന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭരണം അവര്‍ നടത്തുന്നു. ഇന്ത്യയിലെവിടെയും കാണാത്ത ഒരു പ്രതിഭാസമാണിത്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഡാം തുറക്കാം, ഇഷ്ടമുള്ളപ്പോള്‍ അടയ്ക്കാം. 2018-ല്‍ ഡാം തുറന്നപ്പോള്‍ നൂറുകണക്കിന് മനുഷ്യര്‍ മരിച്ചു. പതിനായിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. വളര്‍ത്തുമൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. കേരളത്തിന്റെ പ്രകൃതി നശിച്ചു.
നമുക്ക് ആരും ചോദിക്കാനും പറയാനുമില്ല. മുല്ലപ്പെരിയാര്‍ കരാറിലൂടെ ബ്രിട്ടീഷുകാര്‍ പതിനായിരം ഏക്കര്‍ സ്ഥലത്തെ പുരാതനമായ മരങ്ങള്‍ വെട്ടിക്കൊണ്ടു പോയി. രത്നങ്ങളും ധാതുക്കളും കവര്‍ന്നു. വന്യമൃഗങ്ങളെ വേട്ടയാടി. പ്രദേശവാസികളേയും ആദിവാസികളേയും അടിമകളാക്കി, തിന്നും കുടിച്ചും ഉല്ലസിച്ചും ജീവിച്ചു. അല്ലാതെ ഈ കരാര്‍ തമിഴനെ വെള്ളം കുടിപ്പിക്കാനൊന്നും ഉണ്ടാക്കിയതല്ല. അതു സംബന്ധിച്ച് നിറംപിടിപ്പിച്ച കഥകള്‍ ഉണ്ടാക്കുകയും ചെയ്തു.
1886-ലാണ് പുതിയ ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാരനായ കേണല്‍ ജോണ്‍ പെനിക്യുക്ക് എന്ന എഞ്ചിനീയര്‍ക്കായിരുന്നു ഡാമിന്റെ നിര്‍മ്മാണ ചുമതല. പെരിയാറിലെ ജലപ്രവാഹത്തിന്റെ ശക്തി കൊണ്ട് രണ്ടു പ്രാവശ്യം അണക്കെട്ട് നിര്‍മ്മാണം പരാജയപ്പെട്ടു. പിന്നീട് കേണല്‍ പെനിക്യുക്ക് ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് വിറ്റ് അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് ബ്രിട്ടീഷുകാര്‍ ഇവിടെ പ്രചരിപ്പിച്ചത്. ഒരു കേണലിന് ഇംഗ്ലണ്ടില്‍ എന്ത് വരുമാനവും സ്വത്തും ഉണ്ടാകും എന്നുള്ളത്, അക്കാലത്തെ ചരിത്രമറിയാവുന്നവര്‍ക്ക് മനസ്സിലാകും. ഒരു കേണലിന്റെ അല്ല, പത്ത് കേണലിന്റെ സ്വത്ത് വിറ്റാല്‍ പോലും മുല്ലപ്പെരിയാര്‍ എന്ന ബൃഹത്തായ അണക്കെട്ട് അക്കാലത്ത് പണിയാന്‍ സാദ്ധ്യമാവുകയില്ലായിരുന്നു. ഈ പ്രചാരണവും ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു.

1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് Indian independence Act പ്രകാരം മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കി തിരുവിതാംകൂറില്‍ ഉടനീളം പെരുമ്പറ കൊട്ടി അറിയിച്ചു. മുല്ലപ്പെരിയാര്‍ പാട്ട കരാറിന്റെ നിയമവിരുദ്ധതയും അനന്തര പ്രത്യാഘാതങ്ങളും നന്നായി അറിവുണ്ടായിരുന്ന ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ ഇതിനെതിരെ പോരാടിയിരുന്നു. അന്നത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിനോട് കരാര്‍ തുടരാനാവില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
കൃഷിക്കും കുടിവെള്ളത്തിനും മാത്രമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ ഉഗ്രശബ്ദമുയര്ത്തി. ഇതിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചു. കരാറിലെ വ്യവസ്ഥയനുസരിച്ച് തര്‍ക്കം ആര്‍ബിട്രേറ്റര്‍ക്ക് വിട്ടു. പക്ഷേ ആര്‍ബിട്രേറ്റര്‍മാരായ ഡേവിഡ് ദേവദാസിനും, വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ക്കും യോജിക്കാനായില്ല. അതോടെ തര്‍ക്കം അമ്പയറുടെ മുന്നിലെത്തി. ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സര് നളിനി നിരഞ്ജന് ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. തിരുവിതാംകൂറിന്റെ ഭാഗത്തു നിന്ന് ദിവാന് സര് സി.പി. രാമസ്വാമി അയ്യരും, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗത്തു നിന്ന് സര് അല്ലാടി കൃഷ്ണസ്വാമി അയ്യരുമായിരുന്നു 1941 ജനുവരി ഒന്ന് മുതല്‍ അഞ്ച് വരെ നടന്ന വിചാരണയില്‍ പങ്കെടുത്തത്.

1941 മെയ് 12-ന് അമ്പയര്‍ പ്രഖ്യാപിച്ച വിധി തിരുവിതാംകൂറിന് അനുകൂലമായിരുന്നു. ജലസേചനത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു അമ്പയറുടെ വിധി. ജലസേചന ആവശ്യത്തിന് വെള്ളം കൊണ്ടുപോകുന്നതിനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമേ മദ്രാസ് പ്രസിഡന്‍സിക്ക് അവകാശമുള്ളൂവെന്നും അദ്ദേഹം വിധിച്ചു. എന്നാല്‍ ഈ വിധി മുഖവിലയ്ക്കെടുക്കാന്‍ മദ്രാസ് പ്രസിഡന്‍സി തയ്യാറായില്ല. വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ടുപോയി. താന്‍ നേടിയ വിധിയുടെ ബലത്തില്‍ 1886-ലെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തെ സ്നേഹിച്ചിരുന്ന, തമിഴ്നാട്ടുകാരനായ ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ ഭഗീരഥപ്രയത്നം തന്നെ നടത്തി.
1947 ജൂലൈ 21-ന് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ ഡല്‍ഹിയില്‍ ചെന്നു കണ്ട് നിവേദനം നല്കി. അന്യായമായ കരാര്‍ വ്യവസ്ഥകളും മദ്രാസ് പ്രസിഡന്‍സിയുടെ കരാര്‍ ലംഘനങ്ങളും അമ്പയറുടെ വിധിയും വിശദമായി സര് സി.പി. രാമസ്വാമി അയ്യര്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ ബോദ്ധ്യപ്പെടുത്തി. മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് പ്രസിഡന്‍സിക്ക് വെള്ളം കൊണ്ട് പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ ആദായം ഉണ്ടാകുമ്പോള്‍ തിരുവിതാംകൂറിന് വര്‍ഷംതോറും 40,000/- രൂപ മാത്രമാണ് കിട്ടുന്നതെന്നും, ഈ അന്യായം ഇനി തുടരാനാവില്ലെന്നും താന്‍ വൈസ്രോയിയെ അറിയിച്ചതായി സര് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടി റിപ്പോര്‍ട്ടില്‍ സാധ്യമായതെല്ലാം ചെയ്യാമെന്നും, സര് സി.പി. രാമസ്വാമി അയ്യരുടെ വാദം ശരിയാണെന്നും വൈസ്രോയി സമ്മതിച്ചതായും പറയുന്നു.
എന്നാല്‍ ബ്രിട്ടീഷുകാര്‍ അമ്പയറുടെ വിധിയും കരാര്‍ വ്യവസ്ഥകളും തൃണവല്‍ഗണിച്ച് വൈദ്യുതി പദ്ധതിയുമായി മുന്നോട്ടുപോയി. ഇത്രയേറെ കേരളത്തെ സ്നേഹിച്ച സര് സി.പി. രാമസ്വാമി അയ്യരുടെ പ്രതിമയാണ് കേരളാ സെക്രട്ടറിയേറ്റിനു മുമ്പില്‍ സ്ഥാപിക്കേണ്ടത്. തമിഴ്നാട്ടിലുള്ള പെനിക്യുക്കിന്റെ പ്രതിമകള്‍ കണ്ട് നിസ്സംഗരായ മലയാളികള്‍ പഠിക്കണം. തമിഴ്നാട്ടുകാരനായിരുന്നിട്ടു കൂടി ശക്തമായ നിയമപോരാട്ടത്തിലൂടെ സര് സി.പി. രാമസ്വാമി അയ്യര്‍ കേരളത്തിന് നേടിത്തന്ന ആദ്യത്തെ അനുകൂല വിധിയെ (രണ്ടാമത്തെ അനുകൂലവിധി ഗ്രന്ഥകര്ത്താവിന്റേതാണ്) മാറ്റിമറിച്ചത് 1970-ലെ കേരള സര്‍ക്കാരാണ്.
പെരിയാര്‍ വൈദ്യുതിനിലയത്തിന്റെ ഏതാവശ്യത്തിനു വേണ്ടിയും വൈദ്യുതി ഉല്പാദിപ്പിക്കുവാന് തമിഴ്നാടിന് കേരള സര്‍ക്കാര്‍ അനുമതി നല്കി. 1970 മെയ് 29-ന് കേരളവും തമിഴ്നാടും തമ്മില്‍ ഒപ്പുവച്ച ഈ അനുബന്ധ കരാറാണ് പിന്നീടുള്ള നിയമപോരാട്ടങ്ങളില്‍ തമിഴ്നാടിന് ഏറെ ഗുണകരവും കേരളത്തിന് തിരിച്ചടിയായും തീര്‍ന്നത്. 1970-ലെ അനുബന്ധ കരാര്‍ കേരളത്തിലെ തലമുറകളെ മൊത്തത്തില്‍ കച്ചവടമാക്കിയ കരാറാണ്. ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത മഹാപരാധം. കരാര്‍ വ്യവസ്ഥ ലംഘിച്ചാല്‍ പാട്ടഭൂമിയില്‍ പ്രവേശിക്കുവാന്‍ കരാര്‍ റദ്ദാക്കുവാനുള്ള വ്യവസ്ഥ 1886-ലെ പാട്ടക്കരാര്‍ വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാല്‍ കേരളം പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ തമിഴ്നാട് സര്‍ക്കാര്‍ സമര്‍ത്ഥമായി മുതലെടുക്കുകയാണ് ഉണ്ടായത്. മാറിമാറി വന്ന കേരള സര്‍ക്കാരുകള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയപ്പോഴൊക്കെ വളരെ സമര്‍ത്ഥമായി കരുക്കള്‍ നീക്കുവാനും കേരള നേതാക്കളെ കയ്യിലെടുക്കുവാനും അതുവഴി അന്യായമായും വഞ്ചനാപരമായും അനര്‍ഹമായ നേട്ടം കൊയ്യുവാനും കേരളത്തിന്റെ മേല്‍ അധീശത്വം സ്ഥാപിക്കുവാനും തമിഴ്നാടിന് സാധിച്ചു. ഒരുനാളും മാപ്പ് കിട്ടാത്ത വന്‍ചതിയാണ് കേരള നേതാക്കള്‍ ദൈവത്തിന്റെ ഈ സ്വന്തം നാടിനോട് ചെയ്തത്.
(തുടരും)
ലേഖകന്‍

അഡ്വ. റസ്സല്‍ ജോയി സുപ്രീംകോടതിയടക്കം ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസുകള്‍ നടത്തിവരുന്ന വ്യക്തിയാണ്. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ജൂനിയറായി സേവനം ചെയ്ത ഇദ്ദേഹം കൃഷ്ണയ്യരുടെ നിര്‍ദ്ദേശാനുസരണം ലോട്ടറി കേസുള്‍പ്പെടെ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കേസുകള്‍ വിഭിന്ന കോടതികളില്‍ നടത്തിയിട്ടുണ്ട്. സേവ് കേരളാ ബ്രിഗേഡ് എന്ന സംഘടനയുടെ പ്രസിഡന്റുമാണ് ഇദ്ദേഹം. ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന വര്‍ഗീസിന്റെയും റോസിയുടെയും മകനാണ്. അഭിഭാഷകയായ മഞ്ജു ഭാര്യയും, ജോണ്‍, റോസ്, സാറ എന്നിവര്‍ മക്കളുമാണ്.
Ph: 9388606957
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.