കേരളപ്പിറവിയും മലയാള ഭാഷയുടെ  ശ്രേഷ്ഠതയും!!!

കേരളപ്പിറവിയും മലയാള ഭാഷയുടെ  ശ്രേഷ്ഠതയും!!!

ഇന്ന് കേരളപ്പിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷമായി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു.

1956 – ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനും ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം ആയിരുന്നു കേരളത്തിന്റെ രൂപീകരണം.

ദ്രാവിഡഭാഷാ കുടുംബത്തിൽപ്പെടുന്ന മലയാളം ഭാരതത്തിലെ കേരളം, ലക്ഷദ്വീപ്‌, പുതുച്ചേരിയുടെ ഭാഗമായ മയ്യഴി എന്നിവിടങ്ങളിലും സംസാരിക്കുന്ന ഭാഷയാണ്. കേരളത്തിന്റെ മാതൃഭാഷ തന്നെ മലയാളം ആണ്. ഇന്ത്യയിൽ ശ്രേഷ്ഠപദവി ലഭിച്ചിട്ടുള്ള അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2013 മേയ് 13 നു കൂടിയ കേന്ദ്രമന്ത്രി സഭാ യോഗം ആണ് മലയാളത്തിനെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാള ഭാഷ. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളുടെ ചില ജില്ലകളിലും, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകം ഉള്ള അനേകരും മലയാളം ഉപയോഗിക്കുന്നതായും കാണുന്നു. മറ്റുള്ള ഇരുപത്തിയൊന്ന് ഭാഷകളുടേതുപോലെ തന്നെ തനതായ വ്യക്തിത്വം ഉള്ളതിനാൽ ആണ് ദേശീയഭാഷയിൽ മലയാളഭാഷയും ഉൾപ്പെടുത്തിയത്.

ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന് നമ്മുടെ മറ്റുഭാഷകൾ ആകുന്ന സംസ്‌കൃതം, തമിഴ് എന്നിവയോട് പ്രകടമായ ബന്ധമുണ്ട്. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്നത് വിദേശ മിഷനറി ആയ ബെഞ്ചമിന്‍ ബെയ്‌ലി ആണ്. ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം സി. എം. എസ്. മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷപ്രവർത്തനത്തിനായി കേരളത്തിൽ എത്തുകയും മലയാളഭാഷയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തു. ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ട് എന്ന മറ്റൊരു വിദേശമിഷണറിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യ നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു.

ആരുടെയും മാതൃഭാഷയെ ഹൃദയത്തിൽ നിന്നും പടി ഇറക്കി വിടുവാൻ ആരും ആഗ്രഹിക്കില്ല അത് സാധിക്കയുമില്ല. പുറമെ നിന്ന് മനുഷ്യമനസ്സിലേക്ക് കോരിയൊഴിക്കപ്പെടുന്ന വസ്തുവല്ല ഭാഷ. അത് ഉള്ളിൽ വളർന്ന് മനസ്സിൽ ശക്തിപ്രാപിക്കേണ്ട ഒന്നാണ്‌. മാതൃഭാഷയിലൂടെയുള്ള പരിശീലനം ആണ് മസ്തിഷ്ക്കത്തിലെ ഭാഷാ ഇന്ദ്രിയത്തെ പുഷ്ടിപ്പെടുത്താൻ ഏറ്റവും സഹായകരം. അങ്ങനെ എങ്കിൽ മലയാളി എന്നല്ല ഏത് ഭാഷക്കാർ ആയാലും അവരവരുടെ ഭാഷ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? അപ്പോൾ തന്നെ മൂന്നാമത് കൂടെയുള്ളവർക്ക് രണ്ടുപേരുടെ ഭാഷ വശമില്ലങ്കിൽ അവർക്ക് അറിയാവുന്ന ഭാഷ കൈകാര്യം ചെയ്യുവാൻ നാം ശ്രമിക്കണം. കുറച്ചു നാളുകൾക്കു മുമ്പ് ഡൽഹിയിലുള്ള ഒരു ഹോസ്പിറ്റലിൽ നേഴ്സുമാർ  മലയാളത്തിൽ സംസാരിച്ചതിന് ഭാഷാ  വിലക്ക് ഏർപ്പെടുത്തി. 

അത് അധിക നാൾ കഴിയും മുമ്പ്  പിൻവലിക്കുകയും ചെയ്തു. ജോലിയുടെ സൗകര്യത്തിനായി മലയാളമോ ഇതര ഭാഷ അറിയുന്ന മറ്റു സംസ്ഥാനക്കാരോ അവരവരുടെ ഭാഷ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷെ ആ ഭാഷ അറിയാത്തവരെ പരിഹസിക്കുന്നതിന് ആയി തീരരുത്. കേരളത്തിൽ വന്ന് കച്ചവടങ്ങളും ജോലിയും ചെയ്യുന്ന ഇതരസംസ്ഥാനക്കാരും, പ്രത്യേകിച്ചു ഗുജറാത്തി, പഞ്ചാബി എന്നിവരും നന്നായി മലയാളം സംസാരിക്കുന്നു. കേരളത്തിൽ വന്നു താമസിച്ചിരുന്ന ജൂതന്മാർ നന്നായി മലയാളം പഠിക്കയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഏത് ഭാഷയും ഒരു ദൈവീക വരം തന്നെയാണ്.

ഒറീസ, ബംഗാൾ, നേപ്പാൾ, യൂ. പി., എന്നീ സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികൾ ഇവിടെ വന്ന് ആറു മാസം കൊണ്ട് നന്നായി മലയാളം പറയുമ്പോൾ തന്നെ അവരുടെ പ്രാദേശിക ഭാഷ അവർ കൈകാര്യം ചെയ്യുമ്പോൾ ഇവിടെ ആരും അവരെ വിലക്കുന്നില്ല. പൊതുവെ വടക്കേ ഇൻഡ്യയിൽ മലയാളി കളെ മദ്രാസികൾ എന്നാണ് വിളിക്കുന്നത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അത് ഒരു അവഗണന തന്നെ അല്ലെ എന്ന്. മലയാളികൾ കേരളീയർ എന്ന് അറിയാവുന്ന ഉത്തരേന്ത്യക്കാർ പലപ്പോഴും വിളിക്കുന്നതും മദ്രാസി എന്നാണ്. വടക്കേഇൻഡ്യയിൽ മാത്രമല്ല പല രാജ്യങ്ങളിലെയും അനേക പ്രസ്ഥാനങ്ങളുടെ അമരക്കാരായി അനേക മലയാളികൾ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും കൈരളിക്ക് അഭിമാനിക്കാവുന്നതാണ്. മറ്റൊരാളിന് അറിയാത്ത ഭാഷകൊണ്ടു അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം നാം ഭാഷ കൈകാര്യം ചെയ്യണം.

അപ്പോൾ തന്നെ ഹിന്ദിയോ ഇംഗ്ളീഷോ വശം ഇല്ലാത്ത ഒരു മലയാളി രോഗി ആശുപത്രിയിൽ അഡ്മിറ്റ്‌ ആയാൽ മലയാളി നേഴ്‌സുമാർ ആ രോഗിയോട് മലയാളമേ പറയുവാൻ പറ്റു. നമ്മൾ ഇന്ത്യക്കാർ ആണ് വിവിധസംസ്ഥാനക്കാർ, വിവിധ ഭാഷക്കാർ പക്ഷെ ജോലി ചെയ്യുന്ന പ്രസ്ഥാനം ഒരു കുടുംബം, അതിലെ സഹോദരി സഹോദരന്മാരാണ് അതിലെ എല്ലാ ജോലിക്കാരും. അതിൽ പലതരം തസ്തികകൾ കണ്ടേക്കാം പക്ഷെ ഏകസഹോദര്യ ബന്ധം ഉണ്ടങ്കിൽ ഒരു അപകർഷതയ്ക്കും അവിടെ സ്ഥാനം ഇല്ല. കേരളം എന്നു കേട്ടാൽ അഭിമാന പൂരിതമാകട്ടെ നമ്മുടെ അന്തരംഗം.


ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!