ചിന്നു സാജു വല്ലം, പെരുമ്പാവൂർ
നല്ല കുത്തരിച്ചോറ് ചൂടോടെ അവര്‍ വിളമ്പി. ചോറിലൊഴിക്കാന്‍ തേങ്ങയരച്ച ചാറുകറി. തോരന്‍ പോലെ എന്തോ ഒന്ന് അകമ്പടിയായി പാത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വറുത്ത വറ്റല്‍മുളക് അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഒരു ചമ്മന്തിയും ഇത്തിരി അച്ചാറും. ഇതാണ് ഹോട്ടല്‍ ജനനിയിലെ 20 രൂപായുടെ ഊണ്.
ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടില്‍ ചേലമറ്റത്താണ് 20 രൂപയുടെ ഊണ് വിളമ്പുന്ന ഈ ജനകീയ ഹോട്ടല്‍. തിടനാട് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിലെ അഞ്ച് സഹോദരിമാരാണ് ഇവിടെ ഊണ് തയ്യാറാക്കുന്നത്. ബിന്ദു സനോജ്, ജയ സജി, ശാന്തമ്മ ലക്ഷ്മണന്, ജഗദമ്മ അപ്പുകുട്ടന്‍, മേരിക്കുട്ടി ജോസ് എന്നിവരുടെ രുചിക്കൂട്ടുകളാണ് ആസ്വദിക്കാന്‍ കിട്ടുക.
20 രൂപയ്ക്ക് എങ്ങനെയാണ് ഊണ് കൊടുക്കാന്‍ കഴിയുക എന്ന ഞങ്ങളുടെ ചോദ്യത്തിന് അവര്‍ മറുപടി നല്കി. കുടുംബശ്രീ 10 രൂപാ ഇടും. കെട്ടിടത്തിന്റെ വാടകയും കറന്റ് ചാര്‍ജും പഞ്ചായത്ത് വഹിക്കും. സ്പെഷ്യല്‍ കറികള്‍ വേറെയും ഉണ്ടാകും. അതില്‍നിന്നും കിട്ടുന്ന ലാഭവും, കുടുംബശ്രീ നല്കുന്ന 10 രൂപയും, പഞ്ചായത്തിന്റെ സഹായവും എല്ലാംകൂടി ആകുമ്പോള്‍ അഡ്ജസ്റ്റായി പോകും.
കൊറോണക്കാലത്തിന് മുമ്പ് യാത്രക്കാര്‍ ധാരാളമായി ഊണ് കഴിക്കാന്‍ കയറുമായിരുന്നു. അടുത്ത സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അപൂര്‍വമായി വരുന്ന യാത്രക്കാരുമാണ് ഇപ്പോള്‍ ഊണ് കഴിക്കാന്‍ എത്തുക. മുമ്പ് ശരാശരി 150 പേര് ഊണ് കഴിച്ചിരുന്നു. ഇപ്പോള്‍ അത്രയുമില്ല.
5 മാസങ്ങള്‍ക്കു ശേഷം അച്ചടി തുടങ്ങിയ ക്രൈസ്തവചിന്ത കോട്ടയം ആര്‍എംഎസില്‍ പോസ്റ്റ് ചെയ്ത ശേഷം കാഞ്ഞിരപ്പള്ളി വഴി മടങ്ങവേയാണ് ഈ ഹോട്ടലിന്റെ ബോര്‍ഡ് കണ്ണില്പെട്ടത്.
കോളജില്‍ നിന്നും പഠനസാമഗ്രികളും വസ്ത്രങ്ങളും എടുക്കാതെയാണ് ഞാൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീട്ടിലേക്ക് ഓടിയെത്തിയത്. ആ സാധനങ്ങളൊക്കെ എടുക്കാൻ കോളജിലെത്തിയ ശേഷം ഈരാറ്റുപേട്ട വഴി മടങ്ങവേയാണ് 20 രൂപായുടെ ഊണ് കഴിക്കാന്‍ വണ്ടി ചേലമറ്റത്ത് കാർ നിര്‍ത്തിയത്.
ഊണിനു പുറമെ തേങ്ങയരച്ചു വച്ച കേരമീൻ കറിയും കൂടെ ആയപ്പോള്‍ ഊണ് കുശാലായി.
ഓമനടീച്ചര്‍, കെ.എന്‍. റസ്സല്‍, ജോബിന് റസ്സല്‍, രണ്ടര വയസ്സുകാരന് മാത്തു എന്നിവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.