
ഡോ. മാത്യു ജോയിസ് എംബിഎ, പിഎച്ച്ഡി
പരമോന്നത കോടതിവിധികളിൽ പോലും സാധാരണക്കാരന് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിസ്സാര കാര്യങ്ങളിൽ പോലും കോടതി കയറി ഇറങ്ങി, ഉള്ളതെല്ലാം വക്കീലന്മാർക്കു കൊടുത്ത് വിലപിക്കാൻ വിധിക്കപ്പെട്ട കൂട്ടങ്ങൾ, ജയം ആഘോഷിക്കുന്ന കുറെ പ്രബലന്മാർ, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട സാധാരണക്കാർ ഇതൊക്കെയാണ് ഇന്ന് ഇന്ത്യയിലെ ശരാശരി പൊതുജനം.
ഈയിടെ പ്രശാന്ത് ഭൂഷൺ കേസിലെ വിധി പോലും എത്രയോ ലജ്ജാകരമാണെന്നു തോന്നിപ്പോകും. പ്രതിയുടെമേൽ കെട്ടിയേല്പിച്ച കുറ്റമോ, സകലർക്കും മാതൃകയാവേണ്ട ഒരു ജസ്റ്റീസ് നിയമത്തെ കാറ്റിൽ പറത്തി ബൈക്കിൽ ഹെൽമറ്റോ മാസ്കോ ധരിക്കാതെ രാജവീഥിയിലൂടെ വിഹരിച്ച വിഷയം ഒരു ട്വീറ്റിൽ കൂടെ സോഷ്യൽ മീഡിയായിൽ പരസ്യമാക്കിയതിന്, പ്രശാന്ത് ഭൂഷൺ കോടതിയോട് ക്ഷമ പറയണമത്രേ. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന സുപ്രീം കോടതി വക്കീലായ പ്രതിക്ക് കിട്ടിയ ശിക്ഷയോ അതി വിചിത്രം. ഒരു ഇന്ത്യൻ രൂപ പിഴ, പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം ജയിൽ വാസം അല്ലെങ്കിൽ മൂന്നു വർഷത്തേക്ക് പ്രാക്ടീസ് നിരോധനം. ഇതെന്തു ന്യായം, ഇതെന്തു നീതി എന്ന് മൂക്കത്തു വിരൽ വെച്ച് ചോദിച്ചു പോകുന്നു.
ഈ ഒരു രൂപയ്ക്കു സുപ്രീം കോടതി നൽകിയ വില അപാരം തന്നെ. കാരണം വഴിയിൽ കാണുന്ന ധർമ്മക്കാരനുപോലും ഒരു രൂപ പുച്ഛമാണ് . അതിന് പകരം മൂന്നു മാസത്തെ വരുമാനമെങ്കിലും തത്തുല്യമാക്കി, മൂന്നു ലക്ഷമൊ, മൂന്നു കോടിയോ പിഴ ഈടാക്കിയെങ്കിൽ, ആ കോടതി വിധിക്ക് ഒരു “വെയ്റ്റ് ” തോന്നിയേനേ. ഇനിയിപ്പോൾ ഈ വിധി പല കേസുകൾക്കും “കെയ്സ് ലോ ” ആയി മാറി ചരിത്രം സൃഷ്ടിക്കാതിരുന്നാൽ മതിയായിരുന്നു.
വിഷയം അതല്ലല്ലോ, ഇന്ന് ഇന്ത്യയിലെ യാക്കോബായ – ഓർത്തോഡോക്സ് വിഭാഗങ്ങളെ, ഇതുപോലെ ഒരു കോടതി വിധിയിലൂടെ തല്ലിപ്പിരിക്കുന്ന സംഭവ പരമ്പരകൾ എത്രയോ നാണക്കേടാണ് , ക്രൈസ്തവർക്കിടയിൽ വരുത്തിയിരിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ക്രിസ്ത്യാനികളുടെ വിലയും മാന്യതയും കളഞ്ഞു കുളിച്ചുകൊണ്ടിരുന്ന പള്ളിപ്പിടുത്തങ്ങളും, പോലീസ് ബലപ്രയോഗങ്ങളും, മതാദ്ധ്യ്ക്ഷന്മാരെപോലും വലിച്ചിഴക്കലും, അട്ടഹാസങ്ങളും അസഭ്യം വിളികളും ആകെപ്പാടെ ആത്മീയതക്കും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും, വെല്ലുവിളികളുടെ ഒരു നിന്ദ്യമായ പരമ്പരയായി തുടർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ ഒരു സ്വതന്ത്രമായ അവലോകനം ഇന്നത്തെ സാഹചര്യങ്ങളുടെ വിലയിരുത്തലായി മാത്രം വീക്ഷിച്ചാൽ ധന്യമായി.
ക്രിസ്ത്യാനികൾ എന്ന് പറഞ്ഞാൽ നിരവധി ഉപവിഭാഗങ്ങൾ ഉണ്ടെങ്കിലും, അവരുടെ എല്ലാം വിശ്വാസം ഒരേ ദൈവത്തിലും ഒരേ യേശുക്രിസ്തുവിലും ഒരേ വിശുദ്ധ ബൈബിളിനെയും കേന്ദ്രീകരിച്ചാണ് . എങ്കിൽപ്പിന്നെ ഇവർക്കെല്ലാം ഒന്നിച്ചു നിന്നുകൂടേ എന്ന് മറ്റു മതസ്ഥർക്ക് തോന്നാം. പക്ഷെ ഭരണവും അധികാരവും സമ്പത്തും മതത്തിന്റെ പേരിൽ കുമിഞ്ഞുകൂടുമ്പോൾ, മറ്റു സംഘടനകൾ പോലെ വളരുംതോറും പിളരുകയും അധികാരം ഉറപ്പിക്കുകയും ചെയ്യുന്ന പ്രവണതകൾ ക്രിസ്തീയ മതത്തിനും അന്യമല്ല.
കേരളത്തിൽ പ്രബലമായ ക്രിസ്ത്യാനികളിൽ കത്തോലിക്കരും യാക്കോബായക്കാരും മാർതോമ്മായും, സി എസ്ഐ യും, ബ്രദറും, പെന്തക്കോസ്തുവിഭാഗങ്ങളും , ബിലീവേഴ്സ് ചർച്ചെന്നുമൊക്കെ പൊതുജനം കേൾക്കുന്ന വിഭാഗങ്ങൾ പലതാണ്. ഇതിനെല്ലാം ഉപവിഭാഗങ്ങൾ വേറെയുള്ളതിനു ഉദാഹരണമാണ് മാർപ്പാപ്പാ യുടെ കീഴിൽ തന്നെ ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര എന്നീ മൂന്നു പ്രധാന ഗ്രൂപ്പുകൾ.
പാരമ്പര്യവും ആരാധനാ രീതികളും വലിയ വിഭാഗീയ ചിന്തകൾ പ്രകടിപ്പിക്കാതെ മുന്നോട്ടു പോകുന്നു. എന്നാൽ യാക്കോബായ സഭ എന്നറിയപ്പെട്ടിരുന്നതും അന്ത്യോക്യൻ പാത്രിയർക്കീസിനോട് വിധേയത്വം പുലർത്തിയിരുന്ന മലങ്കര സുറിയാനി സഭയിൽ 1912 മുതൽ തുടങ്ങിവെച്ച ഗ്രൂപ്പിസം മലങ്കര യാക്കോബായ, മലങ്കര ഓർത്തോഡോക്സ് എന്ന രണ്ടു ഗ്രൂപ്പുകൾക്ക് കാരണമായി .
ഇടയ്ക്കു അവർ ഒന്നിച്ചുവെങ്കിലും വീണ്ടും അടിച്ചു പിരിഞ്ഞപ്പോഴും, ആദ്യകാല യാക്കോബായ സുറിയാനി സഭയുടെ ഒരേ പൗരോഹിത്യ വേഷങ്ങളും, വിശ്വാസസംഹിതയിലും, ആരാധനാരീതികളും , പ്രാർത്ഥനാക്രമങ്ങളും മാറ്റം വരുത്താതെ സഹോദരവിശ്വാസികളായി തുടരുന്നതിനാൽ, അവരുടെ ഇന്നത്തെ വിഭാഗീയത, വിശ്വാസത്തിൽ അധിഷ്ഠിതമല്ല എന്നത് വ്യക്തമാണല്ലോ.
ഒരേ പള്ളിയിൽ മാമോദീസാ മുങ്ങുകയും, സൺഡേ സ്കൂൾ പഠിക്കയും, എന്നും കണ്ടും സ്നേഹിച്ചും നടന്നവർ, അടുത്ത വീടുകളിൽ ജീവിച്ചവർ, പരസ്പരം സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവർ, ഇന്നിതാ വീണ്ടും കളങ്കമില്ലാത്ത ചരിത്ര സത്യങ്ങളെയും, അഗാധമായ വിശ്വാസങ്ങളെയും മറന്നു പോരാടുന്നു.
എന്റെ അപ്പനും വല്യപ്പനുമൊക്കെ കല്ലും സിമന്റും ചുമന്ന് രക്തം വെള്ളമാക്കി പണിതുയർത്തി അവിടെ തന്നെ കബറടങ്ങി, ഇത്രയും നാൾ ‘നമ്മുടെ പള്ളി’യെന്ന് വിശ്വാസത്തോടെ പറഞ്ഞുകൊണ്ട്, ദിവസ്സവും വൈകുന്നേരം കുരിശിന്തൊട്ടിയിൽ പോയി മെഴുകുതിരിയും കത്തിച്ചുകൊണ്ടിരുന്ന എന്റെ ദേവാലയത്തിൽ ഇന്നലെ വരെ ഒരു ഗ്രൂപ്പിസവും ഇല്ലാതെ ഒറ്റക്കെട്ടായിരുന്നിടത്തു, ഈ പള്ളിയിലെ ആരും കൊടുക്കാത്ത ഏതോ കേസിന്റെ വിധിയുടെ നടത്തിപ്പിൽ, ഇന്നിതാ മറ്റൊരാവകാശിക്ക് സകലവും വിട്ടുകൊടുക്കാൻ പോലീസും പട്ടാളവും ബലപ്രയോഗത്തിനു വന്നെത്തിയിരിക്കുന്നു.
സുപ്രീം കോടതി വിധി അന്തിമമായിരിക്കെ, ജനകീയമല്ലാത്ത വിധി അടിച്ചേൽപ്പിക്കുന്നത് നീതിയല്ല, എന്ന സദാചാര ബോധം പ്രകടിപ്പിക്കുന്നതിൽ ഇപ്പോൾ പ്രസക്തിയില്ലാതായിരിക്കുന്നു.
നീതിയും ന്യായവും നോക്കിയായിരിക്കണം കോടതിവിധികൾ. മുൻസിപ്പുകോടതി മുതൽ ഇന്ത്യയിലെ പരമോന്നത ന്യായപീഠമായ സുപ്രീം കോടതി വരെ വ്യവഹാരങ്ങൾ നടത്തിയത്, പ്രധാനമായും വിശ്വാസത്തെ ചോദ്യം ചെയ്തവയായിരുന്നില്ല. തികച്ചും ഉടമസ്ഥാവകാശവും പട്ടക്കാരുടെ അധികാരപരിധിയും, സഭയുടെ പരമാധ്യക്ഷന്റെ പദവിയോടും വിധേയത്വത്തോടും ബന്ധപ്പെട്ടവയായിരുന്നു. കോടതിയെ മാനിച്ചതുകൊണ്ടാണല്ലോ കോടതികളെ സമീപി ച്ചതും. സഹോദരന്മാർ തമ്മിൽ കലഹിച്ചു പിരിയുമ്പോൾ, അനുരഞ്ജനത്തിനുള്ള ശ്രമത്തിൽ ജയവും തോൽവിയുമല്ല പരമ ലക്ഷ്യം. പിന്നെയോ അവർക്ക് കോടതി വിധിക്കും അതീതമായ നീതി പ്രതീക്ഷിക്കണമെങ്കിൽ, സഹോദന്മാർ തമ്മിൽ ഐക്യപ്പെടാനുള്ള വിട്ടു വീഴ്ചകൾക്ക് സന്നദ്ധമാകണം.
മുഴുവൻ സ്വത്തും ഇളയ മകനാണെന്ന് , കോടതിക്ക് വിധിക്കാം. എങ്കിലും പരസ്പരം അറിയാവുന്ന സഹോദരർ, കോടതി വിധിയെ മാനിക്കുന്നതോടൊപ്പം, അവരുടേതായ വിട്ടുവീഴ്ചകൾ ചെയ്യാൻ ഒരു തടസ്സവുമില്ല. ഓരോരുത്തരും സ്വന്ത നിലയിൽ കഷ്ടപ്പെട്ട് നേടിയതൊക്കെയും, കോടതിവിധി എന്ന് ഒരു ആയുധം കാണിച്ചു ഒരുത്തൻ മാത്രം കൈവശപ്പെടുത്തിയാലും, വിവേകവും ക്രിസ്തീയ സ്നേഹവും ഉള്ളിൽ പേറുന്ന സഹോദരന്, മറ്റവന്റെ കഷ്ടപ്പാടിന്റെ, വിയർപ്പിന്റെ ഫലം സ്വന്തമാക്കി അനുഭവിക്കാൻ മനസ്സ് വരില്ല. പ്രത്യുത, അവന്റേതൊക്കെയും അവന് വിട്ടുകൊടുത്തിട്ടു, ക്രിസ്തീയ സ്നേഹം വെളിവാക്കിയാൽ, ലോകം ക്രിസ്ത്യാനിയെ എന്നും മാനിക്കും, വ്രണിത ഹൃദയക്കാരനോടൊപ്പം പങ്കു ചേർന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പലരും മുന്നോട്ടു വന്നാലും, നഷ്ടപ്പെട്ടവന്റെ രോദനം കാലാകാലങ്ങളിൽ നിലനിൽക്കുമെന്നതിൽ സംശയമില്ല.
ഇവിടെയാണ് ബാവാക്കക്ഷി – മെത്രാൻ കക്ഷികൾ മാതൃകയാവേണ്ടിയത് . വിധി എഴുതിയത് നിയമം മാത്രം നോക്കിയായിരിക്കാം. ” നിയമം ജയിച്ചു, നീതിയും ന്യായവും പരാജയപ്പെട്ടു” എന്ന് പറയാൻ എളുപ്പമാണ് . ഇന്ത്യൻ ഓർത്തഡോക്സ് എന്നോ മെത്രാൻ കക്ഷിയെന്നോ പറയുന്ന വിഭാഗത്തിന് വിധിയുടെ ബലമുണ്ട് , നീതിന്യായ വകുപ്പുകളുടെ പരിരക്ഷയും ഇപ്പോൾ ഉണ്ടു്. അതിനെ മറികടക്കാൻ ഉടനടി ഒരു ഓർഡിനൻസോ, ചർച് ആൿടോ കൊണ്ടുവരാൻ സാധിക്കയില്ല. അതിനുള്ള ശ്രമങ്ങൾ പേരിനു മുന്നോട്ടു കൊണ്ടുപോയി കാല താമസം വരുത്തുമ്പോഴേക്കും, വിധിനടത്തിപ്പുകൾ പോലീസ് സംരക്ഷണയിൽ പ്രാവർത്തികമാക്കിയിരിക്കും.
അപ്പോഴും കോടതിവിധിയുടെ ഞങ്ങള് വിജയിച്ചുവെന്നും, ആർക്കും ഞങ്ങളുടെ പള്ളികളിൽ വന്ന് ആരാധനകളിൽ സംബന്ധിക്കുന്നതിനു തടസ്സമില്ലെന്നും വിശാല മനസ്കത തുറന്നു കാട്ടി മറ്റു വിഭാഗത്തിന് സാധാരണജനങ്ങളുടെ കണ്ണിൽ പൊടിയിടാം. നീതി നഷ്ടപ്പെട്ടു, എല്ലാ പള്ളികളും, പള്ളി സ്വത്തുക്കളും നഷ്ടപ്പെട്ടവന്റെ വിലാപത്തിനു വിലയില്ലാതാവും.
വിശുദ്ധ ബൈബിളിൽ മത്തായി 5:23-24 ലായി
“ ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ , നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” എന്നാണല്ലോ രണ്ടു സഹോദരങ്ങളും ഒരുപോലെ വിശ്വസിക്കുന്ന യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്. അല്ലാതെ പിടിച്ചു കൈവശമാക്കിയ അന്യന്റെ സ്വത്തുക്കൾ അനുഭവിക്കുമ്പോൾ, സമാധാനമോ സ്നേഹമോ സംതൃപ്തിയോ മനസ്സിൽ ഉണ്ടാവുമോ?.
ക്രൈസ്തവസാക്ഷ്യം ലോകത്തിനു മാതൃകയാക്കാൻ, എന്തെങ്കിലും ഇരു കൂട്ടരുടെയും മനസ്സുകളിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ, വിട്ടുവീഴ്ചയ്ക്കും, തുറന്ന മനസ്സോടെ ചർച്ചകൾക്കും ഇനിയും വൈകിയിട്ടില്ല. പലതും മറക്കാൻ ഇരു കൂട്ടരും മനസ്സ് തുറന്നാൽ സമവായത്തിന് സാധ്യതകൾ ഏറെയുണ്ട്. ഒരു ആത്മീയാചാര്യനായി മേല്പട്ടക്കാരനായി പാത്രിയർക്കീസിനെ അംഗീകരിച്ചാൽ എന്ത് നഷ്ടമെന്നോ,
രണ്ടായിരം വർഷങ്ങളിലൂടെ സഭയെ വളർത്തി വിശ്വാസ തീഷ്ണത നിലനിർത്തിയ പൂർവപിതാക്കന്മാരെ പ്രാർത്ഥനകളിൽ ഓർക്കുന്നതിലെ ഔന്നത്യമോ, പ്രാർത്ഥനാപൂർവ്വം ചർച്ച ചെയ്തു ഒത്തുതീർക്കാൻ കഴിയണം. ബൈബിളും ത്രിത്വവും അടിസ്ഥാന വിശ്വാസങ്ങളുമാണ് ക്രിസ്ത്യാനിയുടെ തറക്കല്ലുകൾ. മറ്റെല്ലാം അസ്ഥാനത്തോ അപ്രസക്തങ്ങളോ ആയി വിശ്വാസികൾ ഉത്ഘോഷിക്കുന്നതിന് മുമ്പേ അവരെ കൂട്ടിനിർത്താൻ മേലധ്യക്ഷന്മാരും ഒത്തു തീർപ്പിനു സന്നദ്ധരായാൽ അവർക്കു നല്ലത് .
ദേവാലയങ്ങൾ വിശ്വാസികൾക്ക് സ്നേഹത്തിലും സമാധാനത്തിലും ഒത്തുകൂടി ദൈവത്തെ മഹത്വപ്പെടുത്താനുള്ളതായിരിക്കട്ടെ. സുവിശേഷം പ്രസംഗിച്ചു ദൈവരാജ്യം ഉത്ഘോഷിക്കാനാണ് സഭ. അല്ലെങ്കിൽ അതിനുള്ളിൽ എന്ത് പൂജ നടത്തിയാലും, കാണാൻ ദൈവസാന്നിധ്യം അവിടെയുണ്ടാവില്ല, കേൾക്കാൻ ദൈവം ചെവി ചായ്ക്കയുമില്ല. മറ്റുള്ളവർക്ക് എന്നും പരിഹാസികൾ മാത്രമായിരിക്കും.
മുൻ ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ പറഞ്ഞതുപോലെ “അങ്ങയുള്ളിടത്തു യേശു വീണ്ടും വീണ്ടും. നിന്ദിക്കപ്പെടുകയും കുരിശിൽ ഏറ്റപ്പെടുകയും ചെയ്യുമ്പോൾ, ബറബ്ബാസുകൾ വാഴ്ത്തപ്പെട്ടു കൊണ്ടേയിരിക്കും; ഒരു പക്ഷെ നിയമത്തിന്റെ പിന്തുണയോടെ !”.
(ലേഖകൻ ജയ്ഹിന്ദ് വാർത്തയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, എക്സ്പ്രസ് ഹെറാൾഡ്. അസോ. എഡിറ്റർ, എന്നിവയ്ക്ക് പുറമെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ഡയറക്ടറും ഇപ്പോൾ ബോർഡ് വൈസ് ചെയർമാൻ കൂടിയാണ്. 2019 മുതൽ അമേരിക്കയിലെ നെവാഡാ സ്റ്റേറ്റിലെ ലാസ് വേഗാസിൽ താമസിക്കുന്നു)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.