ബൈബിള്‍ നല്‍കുന്നത് സോഷ്യലിസ്റ്റ് സന്ദേശം

ബൈബിള്‍ നല്‍കുന്നത് സോഷ്യലിസ്റ്റ് സന്ദേശം

ഡോ. ഓമന റസ്സല്‍
MA (Hist.), MA (Socio.), MA (Eco.), BEd., MPhil, PhD.
റിട്ട. പ്രൊഫസര്‍ (സീനിയര്‍
അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)


സമത്വമെന്ന ഉദാത്ത ആശയം ഉള്‍ക്കൊള്ളുന്ന മഹത്ഗ്രന്ഥമാണ് ബൈബിള്‍. മരണാനന്തരം ലഭ്യമാകുന്ന സ്വര്‍ഗ്ഗത്തില്‍ മാത്രമല്ല, ഈ ലോകത്തില്‍ത്തന്നെ മനുഷ്യന്റെ സാമ്പത്തികസമത്വവും ജാതിരഹിത സമൂഹസൃഷ്ടിയിലൂടെയുള്ള സമത്വവും ബൈബിള്‍ വിഭാവന ചെയ്യുന്നു. ബൈബിളിലെ പഴയനിയമത്തിലും പുതിയനിയമത്തിലും ആത്മീയജീവിതത്തിനും ഭൗതികനന്മയ്ക്കും വേണ്ടതെല്ലാം ഇഴപിരിയാത്തവിധം ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

പഴയനിയമത്തിലെ പുറപ്പാട് പുസ്തകം ജനത്തിന്റെ കഷ്ടത കാണാന്‍ കണ്ണും അവരുടെ നിലവിളി കേള്‍ക്കാന്‍ ചെവിയുമുള്ള ദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്. മര്‍ദ്ദിതന്റെയും പീഡിതന്റെയും ഉന്നമനത്തിനുള്ള ആഹ്വാനമാണ് ബൈബിളിലുടനീളം നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. യെശയ്യാ പ്രവചന പുസ്തകത്തില്‍ അന്യായ ബന്ധനങ്ങളെ അഴിക്കാനും, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കാനും, വിശപ്പുള്ളവന് അപ്പം നുറുക്കിക്കൊടുക്കാനും, അലഞ്ഞുനടക്കുന്ന സാധുക്കളെ വീട്ടില്‍ ചേര്‍ത്തുകൊള്ളാനും, നഗ്നനെ ഉടുപ്പിക്കാനും, ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും, ബന്ധിതര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും ഉപദേശിക്കുന്നു.

ആദിമ സഭാചരിത്രം പരിശോധിച്ചാല്‍ തികച്ചും സോഷ്യലിസം നിലനിന്നിരുന്ന ഒരു സമൂഹമാണതെന്നു കാണാന്‍ പ്രയാസമില്ല. അപ്പോ. പ്രവ. 4:32-35 നോക്കുക. ”തനിക്കുള്ളത് ഒന്നും സ്വന്തമെന്നു ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവായിരുന്നു. മുട്ടുള്ളവര്‍ ആരും അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥരായവര്‍ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു… പിന്നെ ഓരോരുത്തനു അവനവന്റെ ആവശ്യം പോലെ വിഭാഗിച്ചു കൊടുക്കും.” 2കൊരി. 8:13-ലും സമത്വം സമൂഹത്തിലുണ്ടാകണമെന്ന ഉപദേശം നമുക്ക് കാണാം. ജാതി, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, സമ്പന്ന, ദരിദ്ര വ്യത്യാസമെന്യേ ക്രിസ്തുയേശുവില്‍ എല്ലാവരും ഒന്ന് എന്നു ബൈബിള്‍ ഉദ്‌ഘോഷിക്കുന്നു.

മുഖപക്ഷം കാണിക്കരുതെന്നും, ദരിദ്രനെ അപമാനിക്കരുതെന്നും, കൂട്ടുകാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണമെന്നും, അനാഥരെയും വിധവകളെയും കുറിച്ച് കരുതല്‍ വേണമെന്നും അനുശാസിക്കുന്നതിലൂടെ ഭൗതികനന്മകള്‍ പങ്കുവയ്ക്കണമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

ദരിദ്രരോട് സുവിശേഷം അറിയിക്കുകയെന്നതാണ് തന്റെ ജനനോദ്ദേശം എന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു. അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ആശ്വസിപ്പിക്കാനായി അരികെ വിളിക്കുന്ന സ്‌നേഹ സ്വരൂപനാണ് ക്രിസ്തു. ഗുരുവായിരിക്കെ ശിഷ്യന്മാരുടെ കാല്‍ കഴുകി എളിമത്വത്തിന്റെ ഉദാത്തമാതൃക കാട്ടിയ യേശു ‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്ന വിപ്ലവകരമായ ആശയം ലോകത്തിനു നല്‍കി.

ദൈവം സ്‌നേഹമാണെന്നും, ദയാലുവാണെന്നും, അതുകൊണ്ടുതന്നെ പരസ്പരം സ്‌നേഹിക്കയും ദയ കാണിക്കുകയും ചെയ്യണമെന്നും, ഓരോരുത്തന്‍ തന്റെ ഗുണമല്ല മറ്റുള്ളവരുടെ ഗുണവും കൂടെ നോക്കണമെന്നും, ഒരുവന്‍ തന്നേക്കാള്‍ മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതണമെന്നും ബൈബിള്‍ പഠിപ്പിച്ചു. പരസ്പരസ്‌നേഹത്തിലും സഹായസഹകരണങ്ങളിലും അധിഷ്ഠിതമാവണം ക്രിസ്തീയസഭ.

കാണുന്ന സഹോദരനെ സ്‌നേഹിക്കാന്‍ കഴിയാത്തവന് കാണാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാന്‍ കഴിയുമെന്ന ഹൃദയസ്പൃക്കായ ചോദ്യമുയര്‍ത്തുന്നു ബൈബിള്‍. മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കണമെന്ന സുവര്‍ണ്ണവാക്യം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ ജീവിതമെത്ര സുന്ദരവും ധന്യവുമായിരിക്കും!

കര്‍ഷകരെ ചൂഷണം ചെയ്യാന്‍ പാടില്ലെന്ന കര്‍ശനമായ താക്കീതാണ് യാക്കോബ് 5:4-ല്‍ വായിക്കാന്‍ കഴിയുന്നത്. ”നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരന്റെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ, അതു നിങ്ങളുടെ അടുക്കല്‍ നിന്നും നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി കര്‍ത്താവിന്റെ ചെവിയില്‍ എത്തിയിരിക്കുന്നു.” അദ്ധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടത് (2തിമോ. 2:6) എന്ന തത്വം കര്‍ഷകന്റെ ഉപജീവനത്തിനുള്ള ദൈവത്തിന്റെ കരുതലാണ്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, പീഡിതരുടെ മോചനം, സാമ്പത്തികസമത്വം, ഏകഭാര്യാത്വം, ജാതിരഹിത സമൂഹം തുടങ്ങിയ വിപ്ലവാശയങ്ങള്‍ ലോകത്തിനു നല്‍കിയത് ക്രിസ്തുവാണ്. രണ്ടു വസ്ത്രമുള്ളവന്‍ അതിലൊന്ന് ഇല്ലാത്തവനു നല്‍കി സമത്വം കൈവരിക്കണമെന്നുപദേശിച്ച ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവകാരി ക്രിസ്തു തന്നെ. ബൈബിള്‍ വരച്ചുകാട്ടുന്ന സ്‌നേഹം,

സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, പങ്കുവയ്ക്കല്‍, വിശ്വസ്തത, സൗമ്യത, ലാളിത്യം ഒക്കെ ജീവിതത്തില്‍ പാലിക്കാന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ യാതൊരു പ്രയാസവുമില്ല, തീര്‍ച്ച. ധനമോഹം സര്‍വ്വദോഷങ്ങളുടെയും മൂലകാരണമെന്ന് ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉണ്മാനും ഉടുപ്പാനുമുണ്ടെങ്കില്‍ മതിയെന്നു വയ്പീന്‍ എന്ന് ബൈബിള്‍ ഉപദേശിക്കുന്നു.

ക്രിസ്തു നല്‍കിയ സമത്വത്തിന്റെ പുത്തന്‍ ആശയങ്ങള്‍ ലോകത്തിന്റെ മുഖഛായ മാറ്റി. സാംസ്‌കാരികമായി ഉന്നതതലങ്ങളിലേക്ക് ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ മനുഷ്യരാശിയെ കൈപിടിച്ചുയര്‍ത്തി. വിദ്യാഭ്യാസ പ്രചരണത്തിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും സമൂഹത്തിന്റെ താഴെത്തട്ടിലുണ്ടായിരുന്നവരുടെ ഉന്നമനത്തിനും ഉച്ചനീചത്വങ്ങളില്ലാത്ത സമൂഹസൃഷ്ടിക്കും ഇവ ഉത്തേജനമായി. ബൈബിള്‍ ലോകത്തിന് പുത്തനാശയവും പുതിയ വെളിച്ചവും പുതിയ സാന്മാര്‍ഗ്ഗികതയും വിപ്ലവകരമായ ഭൗതികചിന്തയും നല്‍കി.

ക്രിസ്തു മതത്തിന്റെ മൗലിക തത്ത്വങ്ങളില്‍ (Fundamental Tenets) നിന്നും വ്യതിചലിച്ച് ആത്മാവ് നഷ്ട്ടപ്പെടുത്തി അതിന്റെ ചില ആചാരങ്ങള്‍ക്ക് (Practices) അമിതപ്രാധാന്യം നല്‍കുന്നതാണ് ക്രിസ്ത്യാനികളുടെ ഇന്നത്തെ പ്രശ്‌നത്തിന് കാരണം.
ക്രിസ്തുവിനു ശേഷം 19 നൂറ്റാണ്ടുകള്‍ക്കിപ്പുറം ജീവിച്ചിരുന്ന കാറല്‍ മാര്‍ക്‌സിനു സോഷ്യലിസമെന്ന ആശയം ലഭിച്ചത് ബൈബിളില്‍ നിന്നായിരുന്നു.

യഹൂദനായിരുന്ന തന്റെ പിതാവ് ക്രിസ്തുമത വിശ്വാസം സ്വീകരിച്ച വ്യക്തിയായിരുന്നതു കൊണ്ട് കുട്ടിക്കാലത്തു തന്നെ ബൈബിളിലെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ കാറല്‍ മാര്‍ക്‌സിനു കഴിഞ്ഞു. ലോകചരിത്രത്തെത്തന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞ മാര്‍ക്‌സിയന്‍ സോഷ്യലിസ്റ്റ് ചിന്താഗതിയുടെ വേരുകള്‍ ബൈബിളിലുടനീളം കാണാം. കാതലായ ആത്മീയതത്വങ്ങള്‍ വിട്ടുകളയുകയും, ഭൗതിക സോഷ്യലിസം മാത്രം ബൈബിളില്‍ നിന്ന് സ്വീകരിക്കുകയുമാണ് മാര്‍ക്‌സ് ചെയ്തത്. അതുകൊണ്ടു തന്നെ മാര്‍ക്‌സിയന്‍ ചിന്താഗതി അപൂര്‍ണ്ണമാണ്.

ഈശ്വര വിശ്വാസവുമായി മാര്‍ക്‌സിയന്‍ ചിന്താഗതി സമരസപ്പെടുന്നതല്ലെങ്കിലും ഈ രണ്ടു വിശ്വാസത്തെയും ഒരുപോലെ ജീവിതത്തില്‍ സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന സാമാന്യ ജനങ്ങളും ബൗദ്ധികരും ധാരാളമുണ്ട്. ഇതൊക്കെയാണെങ്കിലും മനുഷ്യന്റെ ഭൗതിക ഉയര്‍ച്ചയ്ക്കും സാമൂഹ്യനീതിയ്ക്കും സമത്വത്തിനും വലിയ സംഭാവനകള്‍ നല്‍കാന്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്.

One thought on “ബൈബിള്‍ നല്‍കുന്നത് സോഷ്യലിസ്റ്റ് സന്ദേശം

  1. This posting is purely satanic. The so-called Socialism and communism are merely
    political and totally unbiblical. Biblical facts cannot be compared with man-made political manifesto. If you compare Gods Wisdom with your limited knowledge, it is sin. You are misguiding believers. Please evaluate Biblical facts in the light of Ancient Hebrew Wisdom”.
    If you study more about DNA you may get threw the communication of our creator. It may reveal truth.Please don’t use Holy Bible for manipulating your limited perspective. Be a child of God and win Souls.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!