വി. എം. മാത്യു അവാര്‍ഡ്ദാനം മെയ് 26ന്

വി. എം. മാത്യു അവാര്‍ഡ്ദാനം മെയ് 26ന്

ക്രൈസ്തവചിന്ത ഏര്‍പ്പെടുത്തിയ ‘വി.എം. മാത്യു അവാര്‍ഡ്’ദാനം മെയ് 26 ബുധനാഴ്ച വൈകിട്ട് 6.30-ന് വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. ജയ്‌മോഹൻ അതിരുങ്കലാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. കാര്‍ട്ടൂണിസ്റ്റും വിവര്‍ത്തകനും എഴുത്തുകാരനുമാണ് ജെയ്‌മോഹന്‍. 2020 മാർച്ചിൽ നടത്തേണ്ടിയിരുന്ന അവാർഡ് ദാനം കൊവിഡ് വ്യാപനം മൂലം നീണ്ടു പോവുകയായിരുന്നു.

ജയ്‌മോഹൻ അതിരുങ്കല്‍

മലയാളി പെന്തക്കോസ്ത് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വിശ്വാസികള്‍ തമ്മില്‍ ‘വാര്‍ത്താവിനിമയ ബന്ധങ്ങള്‍’ സ്ഥാപിച്ചുകൊണ്ട് ‘ഗുഡ്‌ന്യൂസ്’ രംഗത്തുവരുന്നത് 1978-ലാണ്. ഗുഡ്‌ന്യൂസിന്റെ സ്ഥാപകാംഗങ്ങളില്‍ പ്രധാനിയായിരുന്ന വി. എം. മാത്യുസാറിന്റെ സഹപ്രവര്‍ത്തകര്‍ തോമസ് വടക്കേക്കൂറ്റ്, സി.വി.മാത്യു, റ്റി.എം.മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഗുഡ്‌ന്യൂസ് ആരംഭിക്കുന്നത്.

2007 ജൂലൈ 22-ന് കര്‍തൃസന്നിധിയിലേക്ക് ചേരുന്നതു വരെയും വി. എം. മാത്യുസാര്‍ ആയിരുന്നു ഗുഡ്‌ന്യൂസിന്റെ ചെയര്‍മാന്‍.
പെന്തക്കോസ്തു യുവാക്കള്‍ മാധ്യമരംഗത്തും സാഹിത്യരംഗത്തും പിച്ചവച്ചു നടന്നു തുടങ്ങുന്നത് വി.എം.മാത്യു സാറിന്റെ കൈപിടിച്ചാണ്. നിരവധി രജിസ്റ്റേഡ് മാധ്യമങ്ങള്‍ ഇന്ന് നമ്മുടെയിടയില്‍ പ്രസിദ്ധീകരിച്ചു വരുന്നു.

അനേകം യുവാക്കള്‍ മികവുറ്റ എഴുത്തുകാരായി മാറിയതിനു പിന്നിലും വി. എം. മാത്യുസാറിന്റെ പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്. മാധ്യമരംഗത്തും സാഹിത്യരംഗത്തും ചാരിറ്റി രംഗത്തും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തന്നെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ക്കു മുമ്പില്‍ തലകുനിച്ചു നില്‍ക്കാനേ ആധുനിക എഴുത്തുകാര്‍ക്കാകൂ.

അനുകരിക്കാന്‍ കൊള്ളാവുന്ന ഒരു മാതൃകാ ദൈവപുരുഷന്‍ എന്ന നിലയിലാണ് മാത്യുസാര്‍ ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന ഉദ്യാഗസ്ഥനായിരുന്നു അദ്ദേഹം. സെയില്‍സ്ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ വിജിലന്‍സ് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു വിരമിച്ചത്.

ഗുഡ്‌ന്യൂസ് തുടങ്ങി ഏതാനും ലക്കങ്ങള്‍ പുറത്തിറങ്ങിയതോടെ ഈ ലേഖകന്‍ വാര്‍ത്തകള്‍ അയച്ചു തുടങ്ങിയിരുന്നു. ‘കെ. എന്‍. റസ്സല്‍ പുറ്റടി’ എന്ന പേരിലായിരുന്നു അന്ന് ഗുഡ്‌ന്യൂസില്‍ എഴുതി തുടങ്ങിയത്. അമരവിള മുതല്‍ മഞ്ചേശ്വരം വരെയുള്ള ചെക്ക്‌പോസ്റ്റുകള്‍ മുന്നറിയിപ്പില്ലാതെ റെയ്ഡ് ചെയ്യാന്‍ പോലീസ് പ്രൊട്ടക്ഷനിലായിരുന്നു വി. എം. മാത്യുസാറിന്റെ യാത്ര.

കുമളി ചെക്ക്‌പോസ്റ്റ് റെയ്ഡ് ചെയ്തതിനു ശേഷം കമ്പംമെട്ട് ചെക്ക്‌പോസ്റ്റിലേക്കുള്ള യാത്രയില്‍ തന്റെ സ്റ്റേറ്റ് കാര്‍ പുറ്റടി ജംഗ്ഷനില്‍ നിര്‍ത്തി എന്നെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഞാന്‍ അയച്ചുകൊണ്ടിരുന്ന ന്യൂസിലെ എന്റെ പേരും സ്ഥലവും ഹൃദിസ്ഥമാക്കിയാണ് അദ്ദേഹം വന്നത്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വി. എം. മാത്യുസാര്‍ ചെയ്ത സംഭാവനകള്‍ ചെറുതല്ല. ശാലേം ട്രാക്റ്റ് സൊസൈറ്റി കോടിക്കണക്കിന് സുവിശേഷ പ്രതികളാണ് ഇതിനോടകം വിതരണം ചെയ്തിട്ടുള്ളത്. ഇതിന്റെ സ്ഥാപകനും അദ്ദേഹമാണ്. ഗുഡ്‌ന്യൂസ് പബ്ലിക്കേഷന്‍സ് വഴി അനവധി പുസ്തകങ്ങളും മാത്യു സാര്‍ പുറത്തിറക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായ ചാരിറ്റി,

മാധ്യമം, സാഹിത്യം എന്നീ മേഖലകളില്‍ നിന്ന് ഓരോ വര്‍ഷവും ഒരാളെ അവാര്‍ഡിനായി തെരഞ്ഞെടുക്കും. ഈ വര്‍ഷം പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും വിവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ ജെയ്‌മോഹന്‍ അതിരുങ്കലിനെയാണ് തെരഞ്ഞെടുത്തത്. വര്‍ഗീസ് ചാക്കോ, ഡോ. ഓമന റസ്സല്‍, എം .പി. ടോണി എന്നിവരടങ്ങിയ സമിതിയാണ് ജെയ്‌മോഹനെ തെരഞ്ഞെടുത്തത്. 2021-ലെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത് ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെയായിരിക്കും.

വി. എം. മാത്യുസാറിന്റെ സഹധര്‍മ്മിണി അദ്ധ്യാപികയായിരുന്ന ആനി മാത്യുവും സീമന്തപുത്രന്‍ രാജു മാത്യുവും നിത്യതയിലേക്കു ചേര്‍ക്കപ്പെട്ടു. രാജു മാത്യു ഐപിസി സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. രണ്ടാമത്തെ മകന്‍ ഫിന്നി മാത്യു പാസ്റ്റര്‍ ഷിബു തോമസ് ശുശ്രൂഷിക്കുന്ന ഒക്കലഹോമ ഐപിസി. ഹെബ്രോന്‍ സഭാ സെക്രട്ടറിയാണ്. മൂന്നാമത്തെ മകന്‍ കുര്യന്‍ മാത്യു ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍ തന്നെ പീസ് ആന്‍ഡ് ജസ്റ്റിസിന്റെ ചുമതലയും വഹിക്കുന്നു.

ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. നാലാമത്തെ മകന്‍ വെസ്‌ലി ഗുഡ്‌ന്യൂസ് ഓണ്‍ലൈന്‍ പത്രത്തിന്റെ മുഖ്യചുമതല വഹിക്കുന്നു. യുഎസ്എയില്‍ നടന്ന പിസിനാക്, ഐപിസി നാഷണല്‍ കോണ്‍ഫ്രന്‍സുകളുടെ നാഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി. എം. മാത്യുസാറിന്റെ സുഹൃത്തുക്കളും ഐക്യ പെന്തക്കോസ്തു പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നവരുമായ ദൈവദാസന്മാര്‍, മാധ്യമ സുഹൃത്തുക്കള്‍, എഴുത്തുകാര്‍, കുടുംബാംഗങ്ങള്‍ എല്ലാവരും സൂം അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ജെസ്‌വിന്‍ ജോണും സംഘവും(കോഴിക്കോട്) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

വരുന്ന ബുധനാഴ്ച(മെയ് 26) ഇന്ത്യന്‍സമയം വൈകിട്ട് 6.30-നാണ് അവാര്‍ഡ്ദാന സമ്മേളനം ആരംഭിക്കുന്നത്. (യു.എസ്.എ. – 8 a.m., യു.കെ. – 1 p.m., യു.എ.ഇ. 5 p.m.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!