മരണവാര്‍ത്ത കേട്ട് മടുത്തവരോട് ‘നാളെ നിങ്ങളും മരിക്കും’

മരണവാര്‍ത്ത കേട്ട് മടുത്തവരോട് ‘നാളെ നിങ്ങളും മരിക്കും’


കെ.എന്‍. റസ്സല്‍

എന്റെ ജീവിതത്തില്‍ ഇതുപോലെ മനം കലങ്ങിയ അവസരങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എന്റെ സ്‌നേഹിതര്‍ പലരും കോവിഡ്-19 ബാധിച്ച് മരിച്ചു. രോഗബാധിതരെ ജീവിച്ചിരിക്കുമ്പോഴാണ് നേരില്‍ കണ്ട് ആശ്വസിപ്പിക്കേണ്ടത്. മരിച്ചു കഴിഞ്ഞ് ‘ശവം’ കാണാന്‍ പോകുന്നതിലൊരര്‍ത്ഥവുമില്ല. കൊവിഡ് ബാധിച്ചുള്ള മരണം മൃതശരീരം കാണുവാന്‍ പോലും കഴിയാത്തവിധം ഭീതിജനകമാണ്.

എന്റെ കൂട്ടുകാരുടെ മരണം എന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു. അടുപ്പമുള്ള പലരും അത്യാസന്ന നിലയിലാണ്, ഈ കുറിപ്പെഴുതുമ്പോഴും. ആയിരക്കണക്കിനാളുകള്‍ മരിച്ചുവീഴുന്ന കൂട്ടത്തില്‍ അനവധി സുവിശേഷകന്മാരും ഉണ്ട്. ഒരുപാട് കര്‍തൃദാസന്മാര്‍ നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. പല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരായതു കൊണ്ട് അവരെ സംബന്ധിച്ച കൃത്യമായ കണക്കുകളും ലഭ്യമല്ല.

ഈ വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ട് നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ടി.വി.യിലും അച്ചടിമാധ്യമങ്ങളിലും വരുന്നതിനു മുമ്പേ നമ്മുടെ പ്രിയപ്പെട്ടവരുടെ മരണവിവരം നാം അറിയുകയാണ്. ഈ വാര്‍ത്ത വായിക്കുന്നതില്‍ അസഹിഷ്ണുതയുള്ള ഒരു ‘മാന്യ സഹോദരന്‍’ പറഞ്ഞത് ഇവര്‍ക്ക് വേറെ വാര്‍ത്തയൊന്നും ഇടാനില്ലേ എന്നാണ്.

ഒരു കാര്യം ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം. നമുക്ക് വേണ്ടപ്പെട്ടവര്‍, അതായത് ഭാര്യയോ, ഭര്‍ത്താവോ, മക്കളോ, സഹോദരനോ, സഹോദരിയോ, അപ്പനോ, അമ്മയോ, കൊച്ചുമക്കളോ മരിക്കുമ്പോഴുണ്ടാകുന്ന നൊമ്പരവും വേദനയും വഴിയേ പോകുന്നവന് ഉണ്ടാകണമെന്നില്ല എന്നതാണ്.

മരണവാര്‍ത്തയുടെ ഗൗരവം അറിയണമെങ്കില്‍ ആ വാര്‍ത്തയെ പുച്ഛിച്ചു തള്ളുന്നവരുടെ കുടുംബാംഗങ്ങള്‍ മരിക്കണം. അപ്പോഴാണ് വേദനയുടെ ആഴം അറിയാനാവുക. ഒരു വേര്‍പാട് സംഭവിച്ചാല്‍ പത്രങ്ങളുടെ വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നെറ്റ്‌വര്‍ക്ക് ശൃംഘല വഴി നിമിഷനേരം കൊണ്ടാണ് ആ വാര്‍ത്ത ജനങ്ങളുടെ കൈകളില്‍ എത്തുന്നത്. അത് ആ മരണപ്പെട്ടവരുടെ ബന്ധുജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.

40 വര്‍ഷം മുമ്പാണ് എന്റെ പിതാവ് മരിച്ചത്. അക്കാലത്ത് ഞങ്ങളുടെ പുറ്റടി ഗ്രാമത്തിനടുത്തെങ്ങും ടെലഫോണ്‍ വന്നിട്ടില്ല. നാട്ടിലേക്ക് ആരോ ടെലഗ്രാം ചെയ്തു. ടെലഗ്രാം കിട്ടി. അപ്പന്റെ ബന്ധുക്കള്‍ യാത്ര ചെയ്ത് പുറ്റടിയിലെത്തിയപ്പോള്‍ ദിവസം നാല് കഴിഞ്ഞിരുന്നു. കുഴിമാടം കണ്ടിട്ട് ദുഃഖത്തോടെ അവര്‍ മടങ്ങിയതെനിക്കോര്‍മ്മയുണ്ട്.

അന്ന് ഫ്രീസര്‍ സംവിധാനമില്ല. ഉണ്ടെങ്കില്‍ തന്നെ പണവുമില്ല. ഉടുമ്പുംചോല താലൂക്കിലെ കുടിയേറ്റ കര്‍ഷകരില്‍ ഭൂരിഭാഗവും കോട്ടയംകാരായിരുന്നു. ഹൈറേഞ്ചില്‍ ആരെങ്കിലും മരിച്ചാല്‍ അന്ന് ജീപ്പുമായി കോട്ടയത്തേക്ക് വച്ചടിക്കും. ബന്ധുക്കളെ കൂട്ടിക്കൊണ്ടു വന്ന് കഴിവതും അന്നു രാത്രി തന്നെ മൃതശരീരം അടക്കം ചെയ്തിരിക്കും.

ഇന്നതല്ല സ്ഥിതി. ലോകം മുഴുവന്‍ നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്ത പരക്കുകയാണ്. ഇവിടെ മരണവാര്‍ത്ത വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ ലിങ്ക് തുറക്കുകയോ വായിക്കുകയോ വേണ്ട. ആ മരണവാര്‍ത്തയുടെ വിശദവിവരങ്ങളറിയാന്‍ കാത്തിരിക്കുന്നവര്‍ വായിച്ചാല്‍ മതി.

ക്രൈസ്തവചിന്ത ആകാശത്തിനു കീഴില്‍ ഭൂമിക്ക് മുകളിലുള്ള എല്ലാ വാര്‍ത്തകളും (അറിയാവുന്നവ) പ്രതിപാദിക്കാറുണ്ട്. പത്രത്തിന്റെ തുടക്കം മുതല്‍ അങ്ങനെ തന്നെയാണ്. അത് മാറ്റാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ട് മറ്റു വാര്‍ത്തകള്‍ക്കിടയിലൂടെയാണ് ഞങ്ങള്‍ മരണവാര്‍ത്തകള്‍ ഇടുക. അല്ലാതെ മരണ വാര്‍ത്തകള്‍ മാത്രം ഇടാന്‍ വേണ്ടി ഇവിടെ പത്രങ്ങള്‍ ഇല്ലല്ലോ.

എന്നാല്‍ തനി പെന്തക്കോസ്തു പത്രങ്ങള്‍ക്ക് സെക്കുലര്‍ മേഖലയില്‍ കൈ വയ്ക്കാന്‍ ഭയമായതു കൊണ്ട് വാര്‍ത്തകളുടെ ദൗര്‍ലഭ്യം ഉണ്ട്. കൊവിഡ് കാലമായതുകൊണ്ട് സഭാ മേഖല നിശ്ചലാവസ്ഥയിലായെന്നു മാത്രമല്ല, സഭാ വാര്‍ത്തകള്‍ ‘മരണ വാര്‍ത്തകള്‍’ മാത്രമായി ചുരുങ്ങുകയും ചെയ്തു. ‘മഹായോഗങ്ങള്‍’ നമുക്കില്ലാതായതോടെ വാര്‍ത്തകളും ഇല്ലാതായി.

ഇതില്‍ വായനക്കാര്‍ കുണ്ഠിതരാകരുത്. നാമും ഒരുനാള്‍ മരിക്കും. മരണവാര്‍ത്തയെ കൊച്ചായി കാണുന്നവര്‍, അസഹിഷ്ണുതയുള്ളവര്‍ മരിക്കുന്നതിനു മുമ്പ് ഒരു കത്തെഴുതി ബന്ധപ്പെട്ടവരെ ഏല്പിക്കണം. ‘എന്റെ മരണവാര്‍ത്ത അച്ചടിദൃശ്യമാധ്യമങ്ങളിലോ, വാട്ട്‌സാപ്പിലോ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയയിലോ കൊടുക്കരുത്. ആരും അറിയാതെ കുഴിച്ചിട്ടേക്കണം.’

നിങ്ങളുടെ വീട്ടിലെ ആരെങ്കിലും മരിച്ചാല്‍ മാത്രമേ വേര്‍പാടിന്റെ ദുഃഖം മനസ്സിലാകൂ. സ്വന്തം സഹോദരന്മാര്‍ നടത്തുന്ന നമ്മുടെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ നമ്മുടെ തന്നെ സഹോദരീ സഹോദരന്മാരുടെ മരണവാര്‍ത്ത വായിക്കാന്‍ അസ്വസ്ഥതപ്പെടുന്നവര്‍ സെക്കുലര്‍ ദിനപ്പത്രങ്ങള്‍ എങ്ങനെ വായിക്കും?

കൊറോണ വ്യാപനവും മരണവും കുഴിച്ചിടലും കത്തിക്കലുമൊക്കെ നമ്മുടെ വിശുദ്ധന്മാര്‍ വായിക്കരുത്. ടെലിവിഷന്‍ ഓഫാക്കണം. ദിനപത്രങ്ങള്‍ നിര്‍ത്തണം. എന്നാല്‍ ക്രൈസ്തവ ഓണ്‍ലൈന്‍ പത്രങ്ങളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന വടക്കേ ഇന്ത്യയിലെ ദൈവദാസന്മാരുടെയും വിശ്വാസികളുടെയും മരണവാര്‍ത്തകള്‍ മാത്രമാണ് വരുന്നത്.

ഈ മരണവാര്‍ത്ത മാത്രം ഇട്ടിട്ട്, കാലികപ്രസക്തിയുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ എഴുതാതെ വായനക്കാരെ അലോസരപ്പെടുത്തുന്നതും ശരിയല്ല. ഈ വാര്‍ത്ത വായിച്ച് ആ കുടുംബത്തിനായി പ്രാര്‍ത്ഥിക്കാനും, പാവപ്പെട്ടവരാണെങ്കില്‍ അവരെ സഹായിക്കാനും ആരെങ്കിലും തയ്യാറായാല്‍ ക്രൈസ്തവ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നാം പുകഴ്ത്തുകയല്ലേ ചെയ്യേണ്ടത്?

ഇനി സെക്കുലര്‍ അച്ചടിമാധ്യമങ്ങളെ എടുത്താലോ, മരണവാര്‍ത്തകള്‍ക്ക് അവര്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. വാര്‍ത്ത ഇടാന്‍ കൊടുത്താല്‍ മരിച്ച ആളിന്റെ ബന്ധുക്കളും വേണ്ടപ്പെട്ടവരും എവിടെയെല്ലാം ഉണ്ടെന്ന് അവര്‍ ചോദിച്ചറിഞ്ഞിട്ട് ആ എഡിഷനുകളിലെല്ലാം കൊടുക്കും. വലിയ പത്രമായ മലയാള മനോരമ പോലും ലക്ഷങ്ങള്‍ പരസ്യചാര്‍ജ്ജായി കിട്ടാവുന്ന പേജുകളാണ് മരണവാര്‍ത്തകള്‍ക്കായി മാറ്റിവയ്ക്കുന്നത്. ചിലപ്പോള്‍ ഒന്നര പേജ് വരെ ‘നിര്യാതരായവര്‍’ക്കായി മനോരമ മാറ്റിവയ്ക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് ചില ക്രൈസ്തവ പത്രങ്ങളെ (ക്രൈസ്തവചിന്ത അല്ല) ‘മരണപത്രങ്ങള്‍’ എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത്. ഓര്‍ക്കുക, നിങ്ങളും മരിക്കും ഇന്നല്ലെങ്കില്‍ നാളെ. അന്നും ഞങ്ങള്‍ ഇവിടെ ഉണ്ടെങ്കില്‍ നിങ്ങളുടെ മരണവാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കും. ഒരു സംശയവും വേണ്ടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!