യു.ഡി.എഫ്. പ്രകടനപത്രികയില്‍ പെന്തെക്കോസ്തു സഭകള്‍ക്കും പരിഗണന

യു.ഡി.എഫ്. പ്രകടനപത്രികയില്‍ പെന്തെക്കോസ്തു സഭകള്‍ക്കും പരിഗണന

എല്‍.ഡി.എഫിന്റെ പ്രകടനപത്രികയ്ക്കു പിന്നാലെ യു.ഡി.എഫിന്റെ പ്രകടനപത്രികയും പുറത്തിറങ്ങി. എല്‍.ഡി.എഫ്. പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ്. വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ പെന്തക്കോസ്തു സഭകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഉറപ്പു തരുന്നു.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയില്‍ വിവിധ ഭാഗങ്ങളില്‍ വച്ച് സഭകളും പാസ്റ്റര്‍മാരും വിവിധ ആവശ്യങ്ങള്‍ എഴുതി നല്‍കുകയുണ്ടായി. അതിനുള്ള പരിഹാരമാണ് യു.ഡി.എഫ്. വാഗ്ദാനം ചെയ്യുന്നത്.

സഭാംഗങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തത് യു.ഡി.എഫ്. സഭയെ അവഗണിച്ചതിനു തുല്യമാണ്. എന്നാല്‍ വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും സഭാംഗങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവും പാസ്റ്റര്‍മാര്‍ രമേശിനു മുന്നില്‍ വച്ചിട്ടുണ്ട്.
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെ അക്കാദമിക് മേഖലകളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സഭ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങളില്‍ യു.ഡി.എഫ്. ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ മേഖലകളിലുമുള്ള ആളുകളെ സ്പര്‍ശിക്കുന്ന യു.ഡി.എഫ്. പ്രകടനപത്രിക കൂടുതല്‍ ജനകീയമാണ്. രാഹുല്‍ഗാന്ധി വിഭാവനം ചെയ്ത ‘ന്യായ്’ പദ്ധതി പ്രകാരം പാവങ്ങളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിനു വേണ്ടി സാധാരണക്കാരന്റെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ നിക്ഷേപിക്കുന്ന പദ്ധതി കേരളത്തില്‍ നടപ്പിലാക്കുംമെന്ന് യു.ഡി.എഫ്. പ്രകടനപത്രിക പറയുന്നു. ക്ഷേമപെന്‍ഷനുകള്‍ 2500 ആക്കുമെന്ന് എല്‍.ഡി.എഫ്. പറയുമ്പോള്‍ 3000 ആക്കുമെന്നാണ് യു.ഡി.എഫിന്റെ വാഗ്ദാനം.

പാവപ്പെട്ടവര്‍ക്കായി ഒന്നര ലക്ഷം വീടുകള്‍ പണിയുമെന്നാണ് എല്‍.ഡി.എഫ്. പറയുന്നത്. അത് 5 ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ് യു.ഡി.എഫ്. അര്‍ഹരായവര്‍ക്ക് അരി സൗജന്യമായി നല്‍കുമെന്നും പ്രകടനപത്രികയില്‍ ഉണ്ട്. 40-60 വയസ്സ് പ്രായമുള്ള പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം പെന്‍ഷന്‍ നല്‍കുമെന്നും പറയുന്നു.
”ഐശ്വര്യകേരളം, ലോകോത്തര കേരളം, സംശുദ്ധ സദ്ഭരണം” ഇതാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. ബെന്നി ബഹനാന്‍ എം.പി., സി.പി. ജോണ്‍, ഡോ. ശശി തരൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., ഫ്രാന്‍സിസ് ജോര്‍ജ്ജ്, അനൂപ് ജേക്കബ് എം.എല്‍.എ., ജി. ദേവരാജന്‍, അഡ്വ. ജോണ്‍ ജോണ്‍ എന്നിവരാണ് പ്രകടനപത്രികാ സമിതി അംഗങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!