ഐ.പി.സി. ജനറല്‍ പ്രസിഡന്റ് എന്നെ മൂലക്കിരുത്തി, അവഗണിച്ചു, ഒഴിവാക്കി: റവ. സാം ജോര്‍ജ്ജ്

ഐ.പി.സി. ജനറല്‍ പ്രസിഡന്റ് എന്നെ മൂലക്കിരുത്തി, അവഗണിച്ചു, ഒഴിവാക്കി: റവ. സാം ജോര്‍ജ്ജ്

ഐ.പി.സി. ജനറല്‍ സെക്രട്ടറി സാം ജോര്‍ജ്ജിനെ അവഗണിച്ചുകൊണ്ടാണ് പ്രസിഡന്റ് വല്‍സന്‍ ഏബ്രഹാം ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് സാം ജോര്‍ജ്ജ്.

ഏറ്റവും കൂടുതല്‍ വോട്ട് വാങ്ങി ജയിച്ച ആളാണ് സാം ജോര്‍ജ്ജ്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന ജനറല്‍ കൗണ്‍സിലിന് മുന്നോടിയായി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് താന്‍ അയച്ച ദീര്‍ഘമായ കത്തിലാണ് തന്റെ ദുഃഖങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

പ്രസിഡന്റില്‍ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകളുടെ കഥയാണ് കത്തില്‍ നിറയെ. കത്ത് തുടങ്ങുന്നത് പ്രസിഡന്റ് തന്നെ മൂലയ്ക്കിരുത്തി എന്ന് പറഞ്ഞുകൊണ്ടാണ്. അവഗണനയും പാര്‍ശ്വവല്‍ക്കരണവുമാണ് അദ്ദേഹത്തോട് പ്രസിഡന്റ് ചെയ്തതെന്നും കത്തില്‍ പറയുന്നു. ജനറല്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ഏകാധിപത്യപരമായിരുന്നു. തന്നിഷ്ടപ്രകാരമാണ് കാര്യങ്ങളെല്ലാം ചെയ്തത്.

ഐ.പി.സി. ജനറല്‍ എക്‌സിക്യൂട്ടീവ്കളുടെ ചുമതലകള്‍ ഭരണഘടനയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ ചുമതലകളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതൊന്നും പ്രസിഡന്റ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഭരണഘടനാവിരുദ്ധമായിട്ടായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍. ആരുടെയും അഭിപ്രായങ്ങള്‍ കേട്ടിരുന്നില്ല.

തന്നിഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. കത്തുകള്‍ അയയ്ക്കുന്നതും പ്രസിഡന്റ് തന്നെ. ജനറല്‍ സെക്രട്ടറി ചെയ്യേണ്ട ജോലി അദ്ദേഹം ഏറ്റെടുത്തു ചെയ്ത് അധികാരപ്രമത്തത കാട്ടിയതായി സാം ജോര്‍ജ്ജ് ആരോപിക്കുന്നു.

”2020 ആഗസ്റ്റില്‍ നടന്ന സൂം മീറ്റിംഗ് റെക്കോര്‍ഡ് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് സമ്മതിച്ചില്ല. മീറ്റിംഗില്‍ പങ്കെടുത്ത ആരോ എടുത്ത വീഡിയോ വച്ചാണ് ഞാന്‍ മിനിറ്റ്‌സ് എഴുതി പ്രസിഡന്റിന് സമര്‍പ്പിച്ചത്. ആ മിനിറ്റ്‌സില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി മടക്കിത്തരണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായ ഞാന്‍ എഴുതിക്കൊടുത്ത മിനിറ്റ്‌സ് തിരുത്തി തന്നില്ലെന്ന് മാത്രമല്ല, ജനറല്‍ പ്രസിഡന്റ് തനിയെ മറ്റൊരു മിനിറ്റ്‌സ് എഴുതി തയ്യാറാക്കി എന്റെ പേരും കൂടെ വച്ച് അയയ്ക്കുകയായിരുന്നു.

നഗ്‌നമായ ഭരണഘടനാ ലംഘനവും പ്രോട്ടോക്കോള്‍ ലംഘനവുമാണ് അദ്ദേഹം നടത്തിയത്. വല്‍സന്‍ ഏബ്രഹാം എഴുതിയുണ്ടാക്കിയ മിനിറ്റ്‌സിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ കൂടി വച്ചുകെട്ടി തന്നു. എന്റെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ ഈ നടപടി ശരിയായില്ലെന്ന് അദ്ദേഹത്തെ ഇമെയിലിലൂടെ അറിയിച്ചു.” സാം ജോര്‍ജ്ജ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എഫ്.സി.ആര്‍.എ. സംബന്ധിച്ചുള്ള പേപ്പറുകള്‍ കെ.പി.കുര്യനല്ലാതെ മറ്റാര്‍ക്കും നല്‍കരുതെന്നും ജനറല്‍ കൗണ്‍സില്‍ ഓഫീസിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും പിന്നീട് അറിഞ്ഞു.
ജനറല്‍ കണ്‍വന്‍ഷന്‍ ജനറല്‍ പ്രസിഡന്റിന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടത്തിയത്. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സാം ജോര്‍ജ്ജിനോട് ചര്‍ച്ച ചെയ്യുകയോ, അഭിപ്രായങ്ങള്‍ ചോദിക്കുകയോ ചെയ്തില്ല എന്നും തന്റെ കത്തില്‍ ആരോപിക്കുന്നു.

വിസ്താരഭയത്താല്‍ കത്തിലെ പ്രസക്തഭാഗങ്ങള്‍ മാത്രമേ ഇവിടെ കുറിക്കുന്നുള്ളൂ. വല്‍സന്‍ ഏബ്രഹാമിന്റെ ഏകാധിപത്യ പ്രവണതകളെ മണത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ സാം ജോര്‍ജ്ജിനോട് ഈവക കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ അന്ന് ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. ജനറല്‍ കൗണ്‍സിലില്‍ ഈ വിഷയം ആരോ ഉന്നയിച്ചപ്പോള്‍ ”ഞങ്ങള്‍ ചക്കരയും തേങ്ങയും പോലെയാണെ”ന്നാണ് പറഞ്ഞത്. അന്ന്, തന്നെ ഒഴിവാക്കിക്കൊണ്ട് ജനറല്‍ പ്രസിഡന്റ് എല്ലാം ചെയ്യുകയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ജനറല്‍ കൗണ്‍സില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമായിരുന്നു.

അന്നും നല്ലപിള്ള ചമയാനാണ് ശ്രമിച്ചത്. അഡ്മിനിസ്‌ട്രേഷന്‍ അറിയാമെങ്കില്‍ ഏതു പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുടെ മുമ്പില്‍ മര്യാദയ്ക്ക് നില്‍ക്കും.എഴുത്തുകുത്തുകള്‍ നടത്തുന്നതും ഓഫീസ് ഫയലിംഗും ദൈനംദിന ഓഫീസ് കാര്യങ്ങള്‍ നോക്കി നടത്തുന്നതിന്റെയും ചുമതല ജനറല്‍ സെക്രട്ടറിക്കാണ്.

സാം ജോര്‍ജ്ജ് അപകടകാരിയായ ആളല്ല. നല്ല മനുഷ്യനാണ്. പക്ഷേ ചുമതലകള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള ആര്‍ജ്ജവം ഇല്ലെന്നതാണ് സത്യം. അത് അദ്ദേഹം അംഗീകരിക്കുകയുമില്ല. ‘ഉറ്റ’സുഹൃത്തുക്കള്‍ അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് ആരെയും വിശ്വാസമില്ല. അതുകൊണ്ട് സാം ജോര്‍ജ്ജിനെയും ആര്‍ക്കും വിശ്വാസമില്ല. ഇതാണ് അദ്ദേഹം ഒറ്റപ്പെടാനുള്ള പ്രധാന കാരണം. അടിയന്തിരഘട്ടങ്ങളില്‍ ‘ഇന്നത്’ ചെയ്യണം, ‘ഇന്നത്’ ചെയ്യണ്ട എന്ന് ഉപദേശിക്കാന്‍ കഴിവുള്ള ആത്മാര്‍ത്ഥ സ്‌നേഹിതര്‍ ഇല്ലാത്തതിന്റെ ദുരിതമാണ് അദ്ദേഹം ഇന്നനുഭവിക്കുന്നത്. ഇനി ആരെങ്കിലും ഉപദേശിച്ചാല്‍ അത് സ്വീകരിക്കാന്‍ തയ്യാറുമല്ല എന്നത് മറ്റൊരു കാര്യം.

ഞങ്ങള്‍ ഈ പറയുന്നതും അദ്ദേഹം മുഖവിലയ്‌ക്കെടുക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ നന്മ ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞങ്ങള്‍ ഇത്രയും പറഞ്ഞുവച്ചത്.

കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!