രാജിവച്ച കോണ്‍ഗ്രസ് നേതാക്കള്‍ അധികാരം കിട്ടിയാല്‍ തിരിച്ചുവരും: സുധീരന്‍ എരിതീയില്‍ എണ്ണ ഒഴിച്ചത് ശരിയായില്ല

രാജിവച്ച കോണ്‍ഗ്രസ് നേതാക്കള്‍ അധികാരം കിട്ടിയാല്‍ തിരിച്ചുവരും: സുധീരന്‍ എരിതീയില്‍ എണ്ണ ഒഴിച്ചത് ശരിയായില്ല

സീറ്റ് കിട്ടാതായപ്പോള്‍ അലമുറയിട്ട് കരയുന്നു ചിലര്‍. ചിലര്‍ക്ക് ഏങ്ങലടി മാത്രം. മറ്റു ചിലര്‍ വിങ്ങിപ്പൊട്ടുന്നു. കരയാതെ, മോങ്ങാതെ കണ്ണീര്‍ വാര്‍ക്കുന്നവരും ഉണ്ട്. ചിലര്‍ക്ക് മിണ്ടാട്ടമില്ല. പ്രതിഷേധം ഭാവങ്ങളില്‍ മാത്രം. വേണ്ടപ്പെട്ടവരുടെ മരണം സംഭവിച്ചാല്‍ ഇവറ്റകള്‍ ഇത്രയും കരയുമെന്ന് തോന്നുന്നില്ല. ‘ഹൃദയം പൊട്ടി’ കരച്ചിലാണ്.

കേരള അസംബ്ലിയില്‍ ആകെ 140 സീറ്റുകളാണുള്ളത്. ഒരു ‘900’ സീറ്റുണ്ടായിരുന്നെങ്കില്‍ മുല്ലപ്പള്ളിയും ചാണ്ടിസാറും ചെന്നിത്തലയും ഇത്രയും തെറി കേള്‍ക്കേണ്ടി വരില്ലായിരുന്നു.
അല്ല മാളോരേ, ഒരു സംശയം. യു.ഡി.എഫ്. ജയിച്ചാല്‍ ഈ കരഞ്ഞവരും രാജി വച്ചവരും മടങ്ങിവരുമോ ഇല്ലയോ? മടങ്ങിവരും. നിശ്ചയം.

രാജി കൊണ്ടും കരച്ചില്‍ കൊണ്ടും യു.ഡി.എഫിനെ പരാജയപ്പെടുത്താമെന്നുള്ള അതിമോഹമാണ് ഈ നാടകങ്ങള്‍ക്കു പിന്നില്‍. ‘ഞങ്ങളില്ലാതെ നിങ്ങള്‍ ഭരിക്കണ്ട’ എന്നതാണ് ഈ സീറ്റുമോഹികളായ ദുഷ്ടന്മാരുടെ ചിന്ത. ചൗവ്വരിച്ചാറില്‍ നീലം മുക്കി അലക്കിത്തേച്ച ഷര്‍ട്ടിട്ട് വടി പോലെ നടക്കുന്ന ഈ രാജിവീരന്മാരുടെ പൂതി ജനങ്ങള്‍ക്കു മനസ്സിലായി സുധീരന്മാരെ.

ജനസേവനമാണത്രേ! മന്ത്രിയാകാന്‍ വിളിച്ചപ്പോല്‍ പാര്‍ട്ടി ബെഞ്ചില്‍ കിടന്നുറങ്ങി അവിടെ കിടന്നു മരിച്ച നേതാക്കന്മാരുടെ മണ്ണാണ് ഈ കേരളം. ഇന്ത്യ ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും മോചിതയാകാന്‍ പരശതം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീരമൃത്യു വരിച്ച നാടാണിത്. ‘ദി കിംഗ്’ എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ വേഷം രാജിവച്ച ‘വിവരംകെട്ട’ ഈ നേതാക്കള്‍ ഒന്നു കാണണം.

ബ്രിട്ടീഷുകാര്‍ വെട്ടിക്കളഞ്ഞ കൈയും കാലുമില്ലാതെ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ ഭൂമിയാണ് ഭാരതം. ഭാര്യയെയും മക്കളെയും കാണാനാകാതെ വഴിയില്‍ വീണു മരിച്ച സമരസേനാനികളുടെ ഓര്‍മ്മ ഇന്നും നമ്മെ നടുക്കുകയാണ്. ‘വ്യാജ ആദര്‍ശ’ സുധീരന്മാരും അയാളുടെ രാജിവച്ച കിങ്കരന്മാരും കുറഞ്ഞപക്ഷം ‘കാലാപാനി’യെങ്കിലും കാണണം.

രാജിവച്ച ഇവന്മാര്‍ക്ക് സ്ഥാനമാനങ്ങളും പണവും കൈയാളാന്‍ ഒരു ഏണിപ്പടിയായി കോണ്‍ഗ്രസിനെ കണ്ടു, അത്രമാത്രം. ജനങ്ങള്‍ക്കു വേണ്ടി, നാടിന്റെ നന്മയ്ക്കു വേണ്ടി ‘നിശബ്ദ’ സേവകരാകാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാരനും തയ്യാറാകണം. അധികാരം വരുമ്പോള്‍ വരട്ടെ. പിടിച്ചുവാങ്ങാന്‍ ശ്രമിക്കരുത്.
യു.ഡി.എഫിനെ ഈ രാജികളൊന്നും ബാധിക്കില്ല എന്നതാണ് സത്യം. അണികളായ ജനലക്ഷങ്ങളാണ് എല്ലാ പാര്‍ട്ടികളുടെയും ശക്തി. അവര്‍ വോട്ട് ചെയ്‌തോളും. അധികാരമോഹികളെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ആദര്‍ശപുത്രന്‍ വി.എം.സുധീരന്‍ പോലും ഈ തെരഞ്ഞെടുപ്പ് കാലത്ത് നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസിന് അധികാരം കിട്ടാതിരിക്കാന്‍ പറ്റുന്ന പരുവത്തിലുള്ള ഡയലോഗാണ് അടിച്ചുവിട്ടത്.

’90’ സീറ്റുകള്‍ കൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ലല്ലോ. അതുകൊണ്ട് ”ശാന്തരാകൂ. ഇനി വരുന്ന അവസരങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും” എന്ന് പറഞ്ഞു പിണങ്ങി നിന്നവരെ ആശ്വസിപ്പിക്കേണ്ട നേതാവാണ് സുധീരന്‍. അതിനു പകരം സീറ്റുമോഹികളെ പരസ്യപ്രസ്താവനയിലേക്ക് തള്ളിവിട്ടത് സുധീരനെ പോലെയുള്ള നേതാക്കന്മാര്‍ക്ക് ഭൂഷണമല്ല. ഇവിടെ എരിതീയില്‍ എണ്ണ ഒഴിച്ച് സംഭവം ആളിക്കത്തിക്കാനാണ് സുധീരന്‍ ശ്രമിച്ചത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമ്പോള്‍ ഇവരില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസില്‍ തിരിച്ചെത്തും. അതാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം.

കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!