കേരള സര്‍ക്കാരിനെ കബളിപ്പിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി വാങ്ങിയ ഇ.എം.സി.സി. അമേരിക്കയിലെ ദേവാലയങ്ങളെയും വെറുതെ വിട്ടില്ല. കമ്പനിയുടെ പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് ക്ലിഫോര്‍ഡും വൈസ്പ്രസിഡന്റ് പെരുമ്പാവൂര്കാര് ഷിജു വര്‍ഗീസ് മേത്രട്ടയിലും ചേര്‍ന്നാണ് ഈ തട്ടിപ്പുകള്‍ നടത്തിയത്. മറ്റൊരു ഇന്ത്യക്കാരന് കൂടി അംഗമായ അഞ്ചംഗ ബോര്‍ഡാണ് കമ്പനിക്കുള്ളത്.
ന്യൂയോര്‍ക്ക്-ലോങ്ങ് ഐലന്‍ഡിലെ ഗ്രേസ് ഇന്റര്‍നാഷണല്‍ അസംബ്ലിയാണ് തട്ടിപ്പിനിരയായ ഒരു പള്ളി. അവിടുത്തെ പാസ്റ്ററായ റവ. വില്‍സണ്‍ ജോസിനേയും ചര്‍ച്ച് ബോര്‍ഡ് അംഗങ്ങളേയും കബളിപ്പിക്കുകയായിരുന്നു ഇവര്‍. വാഷിംഗ്ടണ്‍ ഡി.സി.യിലെ എയര്‍പോര്‍ട്ടിന്റെ ഒരു ഭാഗം പണിതത് ഇവരാണെന്ന് ഫോട്ടോ ആല്‍ബം കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. ന്യൂജേഴ്സിയിലെ ഒരു ഹോസ്പിറ്റല്‍ പണിതു എന്ന രേഖകളും പടങ്ങളും ഒപ്പം കാണിച്ചു. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടിന്റെ ഒരു ടെര്‍മിനല്‍ പണിതതും ഇ.എം.സി.സി. ഡുറല് എന്ന കമ്പനിയാണെന്ന് പറഞ്ഞു സഭക്കാരെ വിശ്വസിപ്പിച്ചു.
പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയുടെ ഡോര്‍മിറ്ററിയുടെ പണി നടത്തിയത് തങ്ങളാണെന്നൂം ഗ്രേസ് ഇന്റര്‍നാഷണല്‍ അസംബ്ലിയിലെ വിശ്വാസികളെ പറഞ്ഞു ധരിപ്പിച്ചു. യേല്‍ യൂണിവേഴ്സിറ്റിയുടെ നിര്‍മ്മാണം നടത്തിയതും ഇവരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതെല്ലാം ഫോട്ടോകളുടെ അകമ്പടിയോടെ ആല്‍ബമാക്കി കൊടുത്തു വിശ്വാസികളെ കയ്യിലാക്കുകയായിരുന്നു.

പണം വാങ്ങി അങ്ങിങ്ങ് അല്ലറചില്ലറ പണികള്‍ നടത്തിയ ശേഷം പണിയുടെ കോണ്ട്രാക്റ്റ് കാണിച്ച് ബാങ്കില്‍ നിന്നും ഭീമമായ തുക ലോണ്‍ എടുത്തതും പള്ളിക്കാരുടെ തലയിലായി. മൂന്നു ലക്ഷം ഡോളര്‍ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.
2017 ഒക്ടോബറില്‍ പള്ളിയുടെ നിര്‍മ്മാണ കരാര്‍ ഒപ്പുവച്ചു. അപ്പോള്‍ വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത് ഷിജു വര്‍ഗീസായിരുന്നു. 2019 മാര്‍ച്ചില്‍ പ്രസിഡന്റ് എഡ്വേര്‍ഡ് ക്ലിഫോര്‍ഡ് കാന്‍സര്‍ രോഗിയായി മരിച്ചതോടെയാണ് ഷിജു വര്‍ഗീസ് പ്രസിഡന്റായത്.
മറ്റൊരു പള്ളിയുടെ ജിംനേഷ്യം യൂണിറ്റ് പണിയാമെന്നു പറഞ്ഞ് അവരെയും പടങ്ങള്‍ കാണിച്ച് പണം പിടുങ്ങി. ലോങ്ങ് ഐലന്‍ഡിലെ ബെത്ത്പേജിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. വിശ്വാസികളെ കബളിപ്പിച്ച് ഇവര്‍ കൈക്കലാക്കിയത് മൂന്നു ലക്ഷം ഡോളറാണ്. മലയാളികളുടെ ദേവാലയമാണിത്.

മറ്റു നിരവധി മലയാളികളേയും പള്ളികളേയും ഷിജു വര്‍ഗീസ് കബളിപ്പിച്ചിട്ടുണ്ട്. ഫിലദെല്ഫിയാക്കാരന് ഒരു എഡ്വേര്‍ഡ് എം. സ്ഥാപിച്ച ഈ കമ്പനിക്ക് പല സ്ഥലങ്ങളിലും പല പേരുകളാണ്. ഇ.എം.സി.സി.യുടെ കൂടെ എന്തെങ്കിലും കൂടി കൂട്ടിച്ചേര്‍ത്താണ് ഓരോ സ്ഥലങ്ങളിലും ഇവര്‍ അറിയപ്പെടുക.
5000-ത്തിലധികം കോടിയുടെ മത്സ്യബന്ധനത്തിന് ധാരണാപത്രം ഒപ്പിട്ട ഇവര്‍ക്ക് ഒരു വള്ളം പോലും ഉള്ളതായി അറിവില്ല. ആഴക്കടല്‍ ഇവര്‍ കണ്ടിട്ടുപോലുമില്ല. മത്സ്യം കടലില്‍ നിന്നും പിടിച്ച് കരയില്‍ ഇട്ടു കൊടുത്താല്‍ തിന്നാനേ ഇവന്മാര്ക്കറിയൂ.
ഇവരുമായി പിണറായി വിജയന് എന്ന ഇരട്ടച്ചങ്കന് ഉണ്ടാക്കിയ കരാര്‍ 5000 കോടി മാത്രം. അതൊക്കെ എന്ത് എന്ന നിസ്സാരഭാവത്തിലുള്ള മന്ത്രിമാരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു.
ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചയുടെ നിജസ്ഥിതി മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കറിയാം. മാതൃഭൂമിയുടെ അഭിമുഖത്തില്‍ അവതാരകന് വേണുവിന്റെ ചോദ്യശരങ്ങള്‍ ചാട്ടുളി പോലെയാണ് മന്ത്രിയുടെ ചങ്കില് തറച്ചത്. മന്ത്രി ഞഞ്ഞാപിഞ്ഞാ പറഞ്ഞതല്ലാതെ വ്യക്തമായ ഒരു മറുപടിയും പറഞ്ഞില്ല. വിളറി വെളുത്ത മുഖവുമായി വേണുവിന്റെ മുമ്പിലിരുന്ന് മന്ത്രി പരുങ്ങുന്നത് നാം കണ്ടു.
വകുപ്പ് മന്ത്രി അറിയാതെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ എം.ഡി. ധാരണാപത്രം ഒപ്പിട്ടുവത്രേ. എന്തൊരു തമാശ! പ്രതീക്ഷകളോടെ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പിടിപ്പുകേടുകളുടെ ഭാണ്ഡത്തില്‍ ഒന്നുകൂടി കുത്തിക്കെട്ടി വയ്ക്കാന്‍ കിട്ടിയിരിക്കുന്നു. ഒടുവില്‍ കരാര്‍ റദ്ദാക്കിയതോടെ ‘എല്ലാം ശരിയായി.’
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.