ഉമ്മന്‍ചാണ്ടി സാര്‍ എല്ലാം ക്ഷമിക്കണം; പി.സി. ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കണം

ഉമ്മന്‍ചാണ്ടി സാര്‍ എല്ലാം ക്ഷമിക്കണം; പി.സി. ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കണം

പി.സി.ജോര്‍ജ്ജ് ഒരു അഴിമതിക്കാരനല്ല. ഗുരുതരമായ മറ്റ് ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഇല്ല. മകന്‍ ഷോണ്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പ്ലാത്തോട്ടം കുടുംബത്തോടുള്ള ജനങ്ങളുടെ കൂറ് തന്നെയാണ്.

ആരുടെ കാര്യത്തിലും സമയം നോക്കാതെ, രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന ആളാണ് പി.സി.ജോര്‍ജ്ജ്. അനീതിക്കെതിരെയും ഉദ്യോഗസ്ഥ മേധാവിത്വത്തിനും അവരുടെ നിഷ്‌ക്രിയത്വത്തിനുമെതിരെയും നിരന്തരം പോരാടുക എന്നതാണ് ജോര്‍ജ്ജിന്റെ ദൗത്യം.

ജോലി ചെയ്യാതെ അമിതശമ്പളം കൈപ്പറ്റുന്ന ബ്യൂറോക്രാറ്റുകളെ ‘നിര്‍ത്തി പൊരിക്കുക’ എന്നത് ജോര്‍ജ്ജിന് ഒരു ഹരമാണ്. ഭീമമായ ശമ്പളം വാങ്ങി പിരിഞ്ഞ ശേഷം അതുപോലെ പെന്‍ഷന്‍ തുകയും വാങ്ങുന്നവരെ പി.സി. വെറുതെവിടാനുദ്ദേശിക്കുന്നില്ല. 60 കഴിഞ്ഞ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും 10,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം വാദിക്കുന്നു.

ഇതൊക്കെയാണ് പി.സി.യെ ജനകീയാക്കുന്നത്. അതുകൊണ്ടാണല്ലോ തന്റെ പാര്‍ട്ടിക്ക് ‘ജനപക്ഷം’ എന്ന പേരിട്ടത്. ഇതൊക്കെയാണെങ്കിലും പി.സി. ഒരു നയതന്ത്രജ്ഞനല്ല. ഒരു എം.എല്‍.എ.യ്ക്ക് എന്തും വിളിച്ചുകൂവാനാവില്ല. അനാവശ്യ വാദങ്ങള്‍ സംസാരത്തില്‍ അറിഞ്ഞോ അറിയാതെയോ വരാന്‍ പാടില്ല. രണ്ടുവട്ടം ആലോചിച്ചിട്ടേ ഒരു പൊതുജന നേതാവ് സംസാരിക്കാവൂ.
ഉമ്മന്‍ചാണ്ടിക്കേറ്റ ഏറ്റവും വലിയ വാക്ശരങ്ങള്‍ പി.സി.ജോര്‍ജ്ജിന്റേതാണ്.

അന്നത്തെ പ്രതിപക്ഷത്തേക്കാള്‍ ഉമ്മന്‍ചാണ്ടിയെ കശക്കിയെറിഞ്ഞത് പി.സി.ജോര്‍ജ്ജായിരുന്നു. പി.സി.ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യം പത്രക്കാര്‍ ചോദിക്കുമ്പോഴേക്കും ഉമ്മന്‍ചാണ്ടി മൗനിയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഉമ്മന്‍ചാണ്ടിക്ക് പി.സി.യില്‍ നിന്നും അത്രമാത്രം ആഴത്തില്‍ മുറിവേറ്റിരിക്കുന്നു.
ഇപ്പോഴത്തെ കേരള രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സാര്‍ ഇതൊക്കെ ക്ഷമിക്കണം.

ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തിരിക്കുന്ന സകലവിധ അഴിമതികളില്‍ നിന്നും കേരളം രക്ഷപ്പെടാന്‍ അത് അനിവാര്യമാണ്. ആര് ജയിച്ചാലും 70-75 നും ഇടയ്ക്ക് സീറ്റേ കിട്ടൂ എന്നാണല്ലോ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതുകൊണ്ട് പി.സി. ജോര്‍ജ്ജ് യു.ഡി.എഫില്‍ ഉണ്ടായിരിക്കണം.

കൊറോണയെ പ്രതിരോധിച്ചതിലും കിറ്റ് നല്‍കിയതിലുമുള്ള മേല്‍ക്കൈ മാത്രമേ പിണറായിക്കുള്ളൂ. പാര്‍ട്ടി അംഗങ്ങള്‍ക്ക് ശുഭകാലം. അനുഭാവികള്‍ക്ക് ഇപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ. യു.ഡി.എഫ്. തുടങ്ങിവച്ച സംരംഭങ്ങള്‍ ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അത് തുടര്‍മാനമായി വരുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം മാത്രം.

എല്‍.ഡി.എഫ്. ഇപ്പോള്‍ വല്ലതും തുടങ്ങി വച്ചിട്ടുണ്ടെങ്കില്‍ അത് അടുത്ത് വരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ തീര്‍ത്തോളും. പക്ഷേ ഒന്നും തുടങ്ങിയിട്ടില്ല എന്നതാണ് സത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!