കമ്മ്യൂണിസത്തില്‍ ധാര്‍മ്മികത, സത്യസന്ധത, ദയ, സ്‌നേഹം, കടപ്പാടുകള്‍ എന്നിവ ഉണ്ടോ? മാണി സി. കാപ്പന്റെ നിലപാട് സ്വാഗതാര്‍ഹം

കമ്മ്യൂണിസത്തില്‍ ധാര്‍മ്മികത, സത്യസന്ധത, ദയ, സ്‌നേഹം, കടപ്പാടുകള്‍ എന്നിവ ഉണ്ടോ? മാണി സി. കാപ്പന്റെ നിലപാട് സ്വാഗതാര്‍ഹം

ജോസ് കെ.മാണി ഇടതുപക്ഷത്തേക്ക് ചെന്നപ്പോള്‍ അത് സത്കര്‍മ്മം. കാപ്പന്‍ യു.ഡി.എഫിലേക്ക് എത്തിയപ്പോള്‍ അത് കാലുമാറ്റം. കെ.എം.മാണിക്കെതിരെ പാലായില്‍ നിരന്തരം പോരാട്ടം നടത്തിയിരുന്ന ആളാണ് മാണി സി. കാപ്പന്‍.

മാണിയുടെ മരണശേഷമേ മാണി സി. കാപ്പന് പാലായില്‍ ജയിക്കാന്‍ കഴിഞ്ഞുള്ളൂ എന്ന വസ്തുത നിഷേധിക്കുന്നില്ല. കാപ്പനല്ലാതെ ആര് മത്സരിച്ചാലും പാലാ പിടിച്ചെടുക്കാനാവില്ല എന്ന സത്യം ഇടതുപക്ഷത്തിനറിയാം. പിണറായിയുടെ തലയില്‍ തിരുകാന്‍ പറ്റിയ പൊന്‍തൂവലായി തന്നെയാണ് കാപ്പന്റെ വിജയം കാണേണ്ടത്.

സരിത പ്രശ്‌നത്തേക്കാള്‍ കേരളം തിളച്ചുമറിഞ്ഞത് മാണിസാറിന്റെ ബാര്‍ കോഴ ഇടപാടുകളിലും ആരോപണങ്ങളിലുമാണ്. അസംബ്ലിയില്‍ നടക്കാന്‍ പാടില്ലാത്തതു വരെ നടന്നു. തെരുവുകളില്‍ ഇടത് യൂത്തുകാര്‍ അഴിഞ്ഞാടി. എന്നിട്ടെന്തുണ്ടായി, അധികാരം തുടര്‍ന്നു കിട്ടാന്‍ ജോസ് കെ. മാണിയുമായി അവിശുദ്ധ ബന്ധവുമുണ്ടാക്കി.

കാപ്പന്‍ മത്സരിക്കേണ്ട മണ്ഡലം തന്നെയാണ് പാലാ. അയാള്‍ ജയിച്ച് ഇടതിന്റെ മാനം കാത്തതാണ്. എന്നിട്ട് അയാള്‍ പുറത്തും ജോസ് കെ.മാണി അകത്തും. അധികാരത്തിനു മുമ്പില്‍ ധാര്‍മ്മികതയൊക്കെ ഒലിച്ചുപോകുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്.
മന്ത്രി എം.എം.മണിയുടെ ആംഗ്യവിക്ഷേപങ്ങള്‍ എത്ര വിലകുറഞ്ഞതാണ്? പാലായില്‍ ‘ഞങ്ങള്‍ കഷ്ടപ്പെട്ട്’ കാപ്പനെ ജയിപ്പിച്ചതാണെന്നാണ് മൂപ്പരുടെ അവകാശവാദം.

എന്നിട്ട് കുറെ വിലകുറഞ്ഞ ആംഗ്യങ്ങളും തലകുലുക്കലും കാപ്പനെ അധിക്ഷേപിക്കലും. മണി സാറേ, പിന്നെന്തുകൊണ്ട് ഇത്രയുംനാളായിട്ടും ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ അടയാളത്തില്‍ ഒരാളെ പാലായില്‍ മത്സരിപ്പിച്ച് ജയിച്ചില്ല? അതിന് ഇത്തിരി പുളിക്കും.

കാപ്പന്റേത് കൊച്ചുപാര്‍ട്ടിയല്ലേ. ഇപ്പോള്‍ അത് പിളര്‍ന്ന് ചെറുതാകുകയും ചെയ്തിരിക്കുന്നു. ജോസ് കെ.മാണിയുടെ കൂടെ ‘അരമന’കള്‍ ഉണ്ടെന്നാണ് സി.പി.എം. നേതാക്കളുടെ വിശ്വാസം. ഒരു കാര്യം സത്യമാണുതാനും. കാപ്പന്റെ കൂടെയുള്ളതില്‍ കൂടുതല്‍ അണികള്‍ കേരളാ കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണല്ലോ സി.പി.എം. കേരളാ കോണ്‍ഗ്രസിനെ ‘വേളി’ കഴിച്ചിരിക്കുന്നത്. ഇനിയങ്ങോട്ട് ‘സുഖസമൃദ്ധമായ’ ജീവിതമായിരിക്കും എന്നു കരുതാന്‍ വരട്ടെ.

പണ്ട് ജോസ് കെ. മാണിയുടെ പിതാവ് കെ.എം.മാണി ഒരു ഇടതുപക്ഷ സര്‍ക്കാരിനെ മറിച്ചിട്ടിട്ടുണ്ട്. ഈ കുറിപ്പെഴുതുന്ന ആളുടെ ഓര്‍മ്മ ശരിയാണെങ്കില്‍ അത് കേരളജനതയുടെ വികാരമായി മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന നായനാരുടെ സര്‍ക്കാരിനെയായിരുന്നു.

കമ്മ്യൂണിസത്തില്‍ ധാര്‍മ്മികത, സത്യസന്ധത, ദയ, സ്‌നേഹം, കടപ്പാടുകള്‍ എന്നിവ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഈ ലേഖകന്‍ ഇപ്പോഴും.

-കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!