ആലപ്പുഴ: അരനൂറ്റാണ്ടിൻ്റെ കാത്തിരിപ്പ് നാളെ അവസാനിക്കും. ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് വിഡിയോ കോൺഫറൻസ് വഴി ഗതാഗതത്തിന് തുറന്ന് കൊടുക്കും. ഒരുമണിയോടെയാണ് ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങുകൾ.
വർഷങ്ങളായി ആലപ്പുഴക്കാർ ബൈപ്പാസിനായി കാത്തിരിക്കുന്നു. നിർമാണത്തിനിടെ പലതവണ തടസ്സങ്ങളുണ്ടായി. അതെല്ലാം തരണംചെയ്താണ് ബൈപ്പാസ് ഉദ്ഘാടനത്തിലെത്തിനിൽക്കുന്നത്. കൊമ്മാടി മുതൽ കളർകോടുവരെ 6.5 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ഇതിൽ 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം നഷ്ടമാകാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ ഉൾപ്പെടുത്തിയത്.
1980 ലാണ് റവന്യു വകുപ്പ് ബൈപാസിന് സ്ഥലമേറ്റെടുത്തത്. 1990 ഡിസംബറിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണൻ ആലപ്പുഴ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിനു തറക്കല്ലിട്ടത്. 2008 ൽ ദേശീയപാത അതോറിട്ടിയുടെ പദ്ധതിയിൽ ബൈപാസിനെയും ഉൾപ്പെടുത്തി. 2010 ൽ ആലപ്പുഴ ബൈപാസിനെ സ്പെഷ്യൽ പ്രോജക്ടായി കേന്ദ്രം പ്രഖ്യാപിച്ചു.

2015 ൽ ബൈപാസ് നിർമ്മാണം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 2017 ൽ ഫണ്ട് ലഭിക്കാതെ പണി തടസപ്പെട്ടതോടെ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. 2018 ൽ മേൽപ്പാലം നിർമ്മാണത്തിനുള്ള അനുമതി റെയിൽവേ നിഷേധിച്ചു. 2020 ൽ ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകി. 17 കോടിയിൽ തുടങ്ങിയ എസ്റ്റിമേറ്റ് എത്തിനിന്നത് 347 കോടിയിൽ. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം തുക വീതം ചെലവഴിച്ചാണ്
ബൈപ്പാസ് യാഥാർഥ്യമാക്കിയത്. മേൽപ്പാലത്തെ ചൊല്ലി റെയിൽവേയുമായി നിലനിന്ന തർക്കം കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സുധാകരനാണ് മുൻകൈയെടുത്തത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകി. സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയായതും നിർമ്മാണത്തുക കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടണമെന്ന ആശയം മുൻ ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ എംപി യുടേതാണ്.
കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളിത്തതോടെയുള്ള രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിത്. രാജ്യത്തെ പ്രധാന ദേശീയപാതയായ കന്യാകുമാരി – മുംബൈ പനവേൽ ദേശീയപാത 66 ലാണ് ഈ ബൈപ്പാസ്. കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് പാതയാണ്.
പ്രധാനകടമ്പകളായ കുതിരപ്പന്തി, മാളികമുക്ക് മേൽപ്പാലം പൂർത്തിയായതോടെയാണ് ബൈപ്പാസ് നിർമാണത്തിനു വേഗംവെച്ചത്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിൽ ഗതാഗത കുരുക്കില്ലാതെ ആലപ്പുഴ കടന്നുപോകാനാകും. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് ബൈപ്പാസിലൂടെ യാത്ര ചെയ്യാം.
ബീച്ചിനു മുകളിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ മേൽപാലമെന്നതും പ്രത്യേകതയാണ്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ്റെ വിശേഷണം ”അതി സുന്ദരമായ ഒരു മത്സ്യകന്യകാ ശില്പമാണ് ആലപ്പുഴ ബൈപ്പാസ് “.

എം.പി. ടോണി
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.