ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ജോ ബൈഡനും കമല ഹാരിസും: അമേരിക്ക ഇനി പുതുയുഗത്തിലേക്കെന്ന് ലോകമാധ്യമങ്ങള്‍

ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ജോ ബൈഡനും കമല ഹാരിസും: അമേരിക്ക ഇനി പുതുയുഗത്തിലേക്കെന്ന് ലോകമാധ്യമങ്ങള്‍

വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ്പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഹിസ്പാനിക് വംശജയായ സുപ്രീംകോര്‍ട്ട് ജസ്റ്റിസ് സോണിയ സോഡമേയോര്‍, വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ ഏഷ്യന്‍ വംശജയായ കമല ഹാരിസിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തന്റെ ഭര്‍ത്താവും അഭിഭാഷകനുമായ ടഗ് എന്‍ഹോഫ് പിടിച്ചിരുന്ന രണ്ടു ബൈബിളുകളില്‍ കൈ വച്ചുകൊണ്ടു ദൈവനാമത്തില്‍ സത്യപ്രതിജ്ഞാ വാചകങ്ങള്‍ ഏറ്റുചൊല്ലിയപ്പോള്‍ അത് ചരിത്രനിമിഷങ്ങളായി മാറുകയായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ ദേശീയഗാനം സദസ്സ് ഏറ്റുചൊല്ലിയതിനു ശേഷം സുപ്രീംകോര്‍ട്ട് ചീഫ് ജസ്റ്റിസ് ജോണ്‍ റോബെര്‍ട്‌സ് ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുചൊല്ലി ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ചുമതലയേറ്റു.

തന്റെ ഭാര്യ ഡോ. ജില്‍ പിടിച്ചിരുന്ന 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ കൈ വച്ചു കൊണ്ടു ദൈവനാമത്തിലാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാന അതിഥികള്‍ക്കൊപ്പം മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബാറാക് ഒബാമ, നിലവിലെ വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവരും കുടുംബസമേതം സന്നിഹിതരായിരുന്നു. കര്‍ശന സുരക്ഷയും കോവിഡ് നിയന്ത്രണങ്ങള്‍ മൂലവും വളരെ കുറച്ചു പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചുള്ളു. എന്നാല്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിന്റെ അസാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, അത് തന്റെ ഉള്ള വില കൂടി നഷ്ടപ്പെടുത്തുകയും ചെയ്തു.


ലോകത്തിലെ ഏറ്റവും വലിയ പദവിയായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ബൈഡന്‍ നടത്തിയ ഉജ്ജ്വല പ്രസംഗം തികച്ചും സമയോചിതവും പ്രത്യാശ നല്‍കുന്നതും ആയിരുന്നു. ”സന്ധ്യയിങ്കല്‍ കരച്ചില്‍ വന്നു രാപാര്‍ക്കും ഉഷസിലോ ആനന്ദഘോഷം വരുന്നു” എന്ന സങ്കീര്‍ത്തനം 30-ലെ വാക്യം ഉദ്ധരിച്ചുകൊണ്ട് താന്‍ നടത്തിയ പ്രസംഗം ലോകത്തിനു പുത്തന്‍ ഉണര്‍വും പ്രത്യാശയും പകര്‍ന്നു നല്‍കുന്ന ചരിത്രപ്രസിദ്ധ പ്രസംഗമായി മാറി. താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കും എന്നുള്ള തന്റെ പ്രസ്താവന കരഘോഷത്തോടെയാണ് അമേരിക്കന്‍ ജനത ഏറ്റെടുത്തത്. മാത്രമല്ല, സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ട്രംപ് നേതൃത്വം കൊടുത്തു നടത്തിയ അതിക്രമങ്ങളുടെ ഫലമായി ഉണ്ടായ അസമാധാനത്തെക്കുറിച്ചും കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനെക്കുറിച്ചും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിനെക്കുറിച്ചും, മുന്നിലുള്ള മറ്റു വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ചും എല്ലാം വിശദമായി താന്‍ പറയുകയുണ്ടായി.

സ്ഥാനാരോഹണ ചടങ്ങിനു ശേഷം മരണപ്പെട്ട സൈനികര്‍ വിശ്രമിക്കുന്ന ആര്‍ലിംഗ്ടണ്‍ സെമിത്തേരിയില്‍ പോയി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷം പ്രസിഡന്റ് ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് യാത്രയായി.
സല്‍ഭരണം കാഴ്ചവയ്ക്കുവാന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ്പ്രസിഡന്റ് കമല ഹാരിസും നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

പി.ജി വര്‍ഗ്ഗീസ്
(ക്രൈസ്തവചിന്ത ഒക്കലഹോമ പ്രതിനിധി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!