അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം; വരുന്നത് ബൈഡന്‍ യുഗം

അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം; വരുന്നത് ബൈഡന്‍ യുഗം


പി.ജി. വര്‍ഗീസ്,
ക്രൈസ്തവചിന്ത ഒക്കലഹോമ പ്രതിനിധി

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വന്‍വിജയം കരസ്ഥമാക്കിയ ജോ ബൈഡന്‍ 46-ാമത് പ്രസിഡന്റായും, കമല ഹാരിസ് വൈസ്പ്രസിഡന്റായും ഇന്ന്‌ ചുമതലയേല്‍ക്കും.

ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന വര്‍ണ്ണശബളമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.

കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ നിയുക്ത പ്രസിഡന്റ്, കര, നാവിക, വ്യോമ സേനാ മേധാവികളുടെ അകമ്പടിയോടു കൂടി നിയുക്ത വൈസ്പ്രസിഡന്റിനോടൊപ്പം വൈറ്റ്ഹൗസിന്റെ വെസ്റ്റ് സൈഡില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ ഉച്ചയോടു കൂടി എത്തിച്ചേരും. കുടുംബാംഗങ്ങളുടെയും യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുടെയും മുന്‍ പ്രസിഡന്റുമാരുടെയും, മറ്റു ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും.

സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞാ വാചകങ്ങള്‍ ആദ്യം നിയുക്ത വൈസ്പ്രസിഡന്റ് കമല ഹാരിസ് ഏറ്റുചൊല്ലും. തൊട്ടുപിന്നാലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഭാര്യ ഡോ. ജില്‍ എന്നിവര്‍ ബൈബിളില്‍ കൈവച്ചുകൊണ്ട് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും.

പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നിയുക്ത പ്രസിഡന്റ് പ്രസംഗിക്കും. അതിനുശേഷം യു.എസ്. ക്യാപ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന വാഷിംഗ്ടണ്‍ ഡി.സി.യിലെ പെന്‍സില്‍വാനിയ അവന്യൂവില്‍ നിന്നും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് യാത്രയാകും.

റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്ന ആയിരങ്ങളെ പ്രസിഡന്‍ഷ്യല്‍ വാഹനത്തില്‍ ഇരുന്നുകൊണ്ട് താന്‍ അഭിവാദ്യം ചെയ്യും. അമേരിക്കന്‍ ജനതയും മറ്റു രാജ്യങ്ങളില്‍ ഉള്ളവരും ടെലിവിഷനില്‍ കൂടി തത്സമയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിക്കും. ഈ വര്‍ഷം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായതിനാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

മാത്രമല്ല, കഴിഞ്ഞ ആഴ്ചയില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് വമ്പിച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. ക്യാപ്പിറ്റല്‍ സെക്യൂരിറ്റിയേയും വാഷിംഗ്ടണ്‍ ഡി.സി. പോലീസിനെയും കൂടാതെ 20,000ല്‍ പരം നാഷണല്‍ ഗാര്‍ഡിനെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് ജോ ബൈഡന്റെ വരവോടുകൂടി അമേരിക്കയില്‍ ജനാധിപത്യം പുനര്‍ജനിക്കുകയാണ്. അഹങ്കാരത്തിന് കയ്യും കാലും വച്ച ട്രംപിന്റെ പരാജയം തികച്ചും സമയോചിതവും ആവശ്യവുമായിരുന്നു. ദൈവം നിഗളികളോട് എതിര്‍ത്തുനില്‍ക്കുകയും താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു എന്നുള്ള ബൈബിള്‍ വചനം ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണ്. ഈ അവസാന ദിവസങ്ങളില്‍ കാട്ടിക്കൂട്ടിയ ഗൂഢാലോചനയുടെ ഫലമായി കഴിഞ്ഞ ആഴ്ചയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ സംഭവിച്ച അക്രമങ്ങള്‍ ലോകം ലജ്ജയോടുകൂടിയാണ് വീക്ഷിച്ചത്. ട്രംപ് നേതൃത്വം കൊടുത്ത ഈ ആക്രമങ്ങള്‍മൂലം 5 പേര്‍ മരണപ്പെടുകയും ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മാത്രമല്ല പ്രസിഡന്റ് പദവിയില്‍നിന്നും തന്നെ വീണ്ടും (രണ്ടാമത്തെ തവണ) ഇംപീച്ച് ചെയ്യുവാന്‍ ജനപ്രതിനിധി സഭ തീരുമാനിക്കുകയും ചെയ്തു. ഇത്ര ലജ്ജാകരമായ ഒരു നടപടി ഇതിനുമുന്‍പ് ഒരു പ്രസിഡന്റും നേരിട്ടില്ല.

വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി വിജയിച്ച ജോ ബൈഡനെ അംഗീകരിക്കുവാന്‍ തയ്യാറാകാതെ കള്ള പ്രചരണവുമായി നടന്ന ട്രംപും കൂട്ടരും അവസാനം ലജ്ജിച്ചു തലതാഴ്ത്തി പോകുന്ന കാഴ്ചയാണ് ലോകം കണ്ടത്, ട്രംപിന് വോട്ടുചെയ്യുകയും കൊടിപിടിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റിവ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന കുറെ കപട, ഉഡായിപ്പ് അനുകൂലികളും പ്രവചനക്കാരും എഴുത്തുകാരും ഒക്കെ ഇപ്പോള്‍ മൗനത്തിലായി. ജോര്‍ജിയ സ്‌റ്റേറ്റില്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന രണ്ടു സെനറ്റ് സീറ്റകളില്‍കൂടി ഡെമോക്രറ്റുകള്‍ വിജയിച്ചതോടുകൂടി കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചു. പഞ്ചായത്ത് മെമ്പര്‍ പോലുള്ള (അമേരിക്കയില്‍ കൗണ്ടി, സിറ്റി മുതലായ ഭരണസമിതികള്‍) ഒരു ചെറിയ പദവിയില്‍ എങ്കിലും പ്രവര്‍ത്തിക്കുകയോ അതിനുള്ള യോഗ്യതയോ പോലുമില്ലാത്ത ട്രംപ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റായത് അമേരിക്കക്കാരുടെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാന്‍!

കോവിഡ് മഹാമാരി, ഇതുമൂലം സൃഷ്ടിക്കപ്പെട്ട വര്‍ദ്ധിച്ച തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടിയേറ്റ, ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍, വര്‍ണവിവേചനം, റഷ്യ, നോര്‍ത്ത് കൊറിയ, ചൈന തുടങ്ങിയ ഏകാധിപത്യ രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ അനീതികള്‍, ഇന്ത്യ, ഇന്തോനേഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന മതപീഢനങ്ങള്‍, ആഗോള താപനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇങ്ങനെ അനവധി വിഷയങ്ങള്‍ ബൈഡന്‍ ഭരണകൂടത്തെ കാത്തിരിക്കുന്നു. കൂടാതെ ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ആണവായുധങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇറാന്‍, നോര്‍ത്ത് കൊറിയ തുടങ്ങിയ ഏകാധിപത്യ രാജ്യങ്ങളെ നിലക്കു നിര്‍ത്തേണ്ട ഭാരിച്ച ഉത്തരവാദിത്വവും ഉണ്ട്.

അമേരിക്കയുടെ പൊതുരാഷ്ട്രീയത്തില്‍ നീണ്ട 47 വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള, മുന്‍ വൈസ് പ്രസിഡണ്ടും, ഇരുത്തം വന്ന നയതന്ത്രജ്ഞനുമാണ് ഡെമോക്രാറ്റിക് നേതാവായ ജോ ബൈഡന്‍. താന്‍ നയിക്കുന്ന പൂതിയ ഭരണകൂടം അമേരിക്കയുടെ നഷ്ടപ്പെട്ട വില വിണ്ടെടുക്കുന്നതിനും ലോകരാജ്യങ്ങളുടെ മുന്‍പില്‍ യശസ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തയ്യാറായിക്കഴിഞ്ഞു.

‘ദൈവത്തിന്റെ കൃപയാല്‍ എന്റെ ഈ വിട്ടില്‍ നിന്നും വൈറ്റ് ഹസിലേക്ക്’ എന്ന് ചില നാളുകള്‍ക്കു മുമ്പ് ബൈഡന്‍ തന്റെ ലിവിങ് റൂമില്‍ എഴുതിയ വാചകത്തിന്റെ സാക്ഷാത്കാരമാണ് ഇപ്പോള്‍ നിറവേറ്റപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!