കുമ്പനാട് കണ്‍വന്‍ഷനില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് വര്‍ഗീസ് മത്തായിയും രാജന്‍ ആര്യപ്പള്ളിയും

കുമ്പനാട് കണ്‍വന്‍ഷനില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് വര്‍ഗീസ് മത്തായിയും രാജന്‍ ആര്യപ്പള്ളിയും

ഈ വര്‍ഷം നടക്കുന്ന വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ വര്‍ഗീസ് മത്തായിയും ജോയിന്റ് കണ്‍വീനര്‍ രാജന്‍ ആര്യപ്പള്ളിയും അവകാശപ്പെട്ടു. മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

ഐ.പി.സി.യുടെ 97-ാമത് കണ്‍വന്‍ഷന്‍ 17-ാം തീയതി ഞായറാഴ്ച ആരംഭിക്കും. 24-ന് സമാപിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു കണ്‍വന്‍ഷനാണിത്. വൈക്ട്ട് ഏഴു മുതല്‍ 9.30 വരെയാണ് സമ്മേളനം. യൂട്യൂബിന്റെ വിവിധ ചാനലുകള്‍ വഴി പ്രസംഗം കേള്‍ക്കാം. തല്‍സമയ പ്രസംഗങ്ങളല്ല നടക്കുന്നത്. പ്രസംഗങ്ങള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു. അത് യൂട്യൂബ് വഴി കേള്‍പ്പിക്കാനാണ് ഉദ്ദേശ്യം.

സഭാ ജനറല്‍ പ്രസിഡന്റ് റവ. വത്സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍, ജോണ്‍ കെ. മാത്യു, കെ. ജോയി, രാജു ആനിക്കാട്, ടി.ഡി. ബാബു, കെ.ജെ. തോമസ്, എം.പി. ജോര്‍ജ്ജുകുട്ടി, ഷാജി ദാനിയേല്‍, തോമസ് ഫിലിപ്പ്, ജേക്കബ് മാത്യു, പി.ജെ. തോമസ്, സാബു വര്‍ഗീസ്, വര്‍ഗീസ് ഏബ്രഹാം, ഫിലിപ്പ് പി. തോമസ്, കെ.സി. ജോണ്‍, ഷിബു തോമസ്, തോംസണ്‍ കെ. മാത്യു, വില്‍സണ്‍ ജോസഫ്, ബാബു ചെറിയാന്‍ എന്നിവരാണ് പ്രസംഗകര്‍.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പബ്ലിസിറ്റി ഭാരവാഹികള്‍ മറുപടി നല്‍കി. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടിയില്ല.
”യൂട്യൂബ് ചാനല്‍ വഴി പ്രസംഗിക്കുന്നത് ഒരു വലിയ കാര്യമല്ല. ആര്‍ക്കും അത് സാധിക്കും. കൂടുതല്‍ കേഴ്‌വിക്കാരെ ഇതില്‍ കിട്ടണമെന്നില്ല.

എന്നാല്‍ ഐ.പി.സി.യിലെ ഏറ്റവും മുതിര്‍ന്ന നേതാവും സ്റ്റേറ്റ് പ്രസിഡന്റ്, സെക്രട്ടറി, ജനറല്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയായ പാസ്റ്റര്‍ കെ.സി.ജോണിന്റെ നിയന്ത്രണത്തിലുള്ള ‘പവ്വര്‍ വിഷന്‍’ ചാനലിനെ എന്തുകൊണ്ട് സംപ്രേഷണം ഏല്‍പ്പിച്ചുകൂടാ?” എന്ന് ക്രൈസ്തവചിന്ത ചീഫ് എഡിറ്റര്‍ കെ.എന്‍. റസ്സല്‍ ചോദിച്ചു. ”സാധാരണ സെക്കുലര്‍ ചാനല്‍ പോലെയാണ് പവ്വര്‍ വിഷന്‍. സാറ്റലൈറ്റ് വഴി തല്‍സമയ സംപ്രേഷണമാണല്ലോ അവര്‍ നിര്‍വ്വഹിക്കുന്നത്. പിന്നെന്തിന് വളരെ കുറച്ച് ആളുകള്‍ മാത്രം സന്ദര്‍ശിക്കാന്‍ സാദ്ധ്യതയുള്ള യൂട്യൂബിനെ ആശ്രയിക്കണം?” റസ്സല്‍ ചോദിച്ചു.

അത് ഞങ്ങളുടെ അധികാരത്തില്‍ പെട്ട കാര്യമല്ല, അത് തീരുമാനിക്കുന്നത് ജനറല്‍ എക്‌സിക്യൂട്ടീവ് ആണെന്നായിരുന്നു വര്‍ഗീസ് മത്തായിയുടെയും ആര്യപ്പള്ളിയുടെയും മറുപടി.
മാധ്യമപ്രവര്‍ത്തകരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സി.പി. മോനായി, ഫിന്നി മാത്യു, സാംകുട്ടി മാത്യു, സാംകുട്ടി ചാക്കോ, ജോജി ഐപ്പ് മാത്യൂസ് എന്നിവരും മറ്റ് മാധ്യമ സ്‌നേഹിതരും പങ്കെടുത്തു.

സമ്മേളനത്തിൽ കെ എൻ റസ്സലും അച്ചൻകുഞ്ഞ് ഇലന്തൂരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!