ഒരു പോലീസുകാരനുള്‍പ്പെടെ അഞ്ചു പേര് മരിക്കാനിടയായ ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും മലയാളി ഇന്ത്യന്‍ പതാക വീശിയത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയതായി മാധ്യമങ്ങള്‍.
കൊച്ചിക്കാരന് വിന്‍സന്റ് പാലത്തിങ്കല്‍ ആണ് തോറ്റു തുന്നം പാടിയ ട്രംപിന് പിന്തുണ അറിയിച്ച് ഇന്ത്യന്‍ പതാക പാറിച്ചത്. ഇദ്ദേഹം ബി.ജെ.പി. അനുഭാവിയാണെന്നതാണ് രസകരം.
തോറ്റ ട്രംപിന് പിന്തുണ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ക്യാപ്പിറ്റോളില്‍ ചെന്നതെന്നാണ് വിന്‍സെന്റിന്റെ പക്ഷം. ഒരു ഇന്ത്യന്‍ വാര്‍ത്താ ചാനലിലായിരുന്നു തന്റെ അഭിപ്രായപ്രകടനം. സമാധാനപരമായിട്ടാണ് പ്രതിഷേധിക്കാന്‍ ചെന്നതെന്ന് വിന്‍സന്റ് പറഞ്ഞു.
10 ഇന്ത്യക്കാരുണ്ടായിരുന്നതില് അഞ്ചു പേര് മലയാളികളായിരുന്നു. 50-ല്‍ താഴെ ആളുകള്‍ മാത്രമാണ് പ്രശ്നമുണ്ടാക്കിയത്. താനൊരു ബി.ജെ.പി.ക്കാരനാണെന്നും വിന്‍സന്റ് വെളിപ്പെടുത്തുന്നു. ‘ആന്റിഫ’ എന്ന ഇടതുപക്ഷ സംഘടനയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് വിന്‍സന്റ് ആരോപിക്കുന്നു.
എന്നാല്‍ ‘ആന്റിഫ’യ്ക്ക് ഈ ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ അനുയായികളെ ഇളക്കി ലഹള ഉണ്ടാക്കിയ ട്രംപിന്റെ സംഘാംഗങ്ങള്‍ പലരും രാജിവച്ചു. ക്യാബിനറ്റ് അംഗമായ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡേവോസാണ് രാജിവച്ചവരില്‍ ഒരാള്‍. ഭരണനേട്ടങ്ങള്‍ ആഘോഷിക്കേണ്ട വേളയില്‍ നാലു പേര് മരിക്കേണ്ടി വന്നത് ദുഃഖകരമാണെന്ന് ബെറ്റ്സി പറഞ്ഞു.
ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ഇലനികാവോ, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മാത്യു പോട്ടിംഗര്‍, ട്രംപിന്റെ ഭാര്യ മെലാനിയയുടെ ചീഫ് സ്റ്റാഫ് സ്റ്റെഫാനി ഗ്രിഷാം എന്നിവരും രാജിവച്ചു.
ക്യാപ്പിറ്റോള്‍ പോലീസ് മേധാവി സ്റ്റീഫന്‍ സന്ഡിന്റെ രാജിയും പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയെയാണ് ചൂണ്ടിക്കാട്ടുന്നത്. ആക്രമണം ഉണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടും സ്റ്റീഫന്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ക്യാപ്പിറ്റോളിലെ ആക്രമണം 30 വര്‍ഷത്തെ പോലീസ് ജീവിതത്തിനിടയിലെ വ്യത്യസ്തമായൊരു അനുഭവമാണെന്ന് സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.
ട്രംപിന് ഫേസ്ബുക്കുകാരും വിലക്ക് ഏര്‍പ്പെടുത്തി. ട്വിറ്റര്‍ അക്കൗണ്ടും ക്ലോസ്സ് ചെയ്തു. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അനിശ്ചിതകാലത്തേക്ക് വിലക്കിയിട്ടുണ്ടെന്നു മാത്രമല്ല, അധികാരകൈമാറ്റം കഴിയുന്നതു വരെയും ഇത് ഉപയോഗിക്കാനായി തുറന്നു കൊടുക്കില്ലെന്നും ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ട്രംപിന്റെയും അദ്ദേഹത്തിന്റെ ശിങ്കിടികളുടെയും യൂട്യൂബ് ചാനലുകളെല്ലാം നീക്കം ചെയ്തു. ഈ യൂട്യൂബ് ചാനലുകള്‍ വഴിയാണ് കലാപത്തിന് ആഹ്വാനം ചെയ്തതെന്നും ഗൂഗിള്‍ അറിയിച്ചു. വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ട്രംപിനെതിരെ തിരിഞ്ഞതും ട്രംപിന് നാണക്കേടായി. ലോകത്തിനു മുമ്പില്‍ അമേരിക്കയും നാണംകെട്ടു. ട്രംപ് അമേരിക്കയെ ഒരു ‘ബനാന റിപ്പബ്ലിക്’ ആക്കിയെന്ന് പറഞ്ഞു ട്രംപിനെ പരിഹസിക്കാനും അദ്ദേഹം തയ്യാറായി. ആള്‍ക്കൂട്ടം അധികാരം കൈയടക്കുന്ന ഇടത്തെയാണ് ‘ബനാന റിപ്പബ്ലിക്’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസും അമേരിക്കയെ പരിഹസിക്കാന്‍ മറന്നില്ല. 2019-ല്‍ ഹോങ്കോങ്ങില്‍ ഉണ്ടായ സര്‍ക്കാര്‍ വിരുദ്ധ കലാപത്തെ ക്യാപ്പിറ്റോള്‍ കലാപവുമായി താരതമ്യം ചെയ്യുകയാണ് ഗ്ലോബല്‍ ടൈംസ്.
ജനുവരി 20-ന് പുതിയ പ്രസിഡന്റ് അധികാരത്തില്‍ എത്തുമെങ്കിലും ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്തു പുറത്താക്കണമെന്ന് വാദിക്കുന്നവര്‍ ഏറിവരികയാണ്.
റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. നിലവിലുള്ള വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സിനെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വൈറ്റ്ഹൗസില്‍ ചര്‍ച്ചകളും നടക്കുകയാണ്. ഡെമോക്രാറ്റുകളുടെ ഈ ആവശ്യത്തെ റിപ്പബ്ലിക്കന്‍സിലെ പലരും അംഗീകരിച്ചു കഴിഞ്ഞു. ട്രംപിനെ കൊള്ളാനും തള്ളാനും വയ്യാത്ത പരുവത്തിലായി ഇരുപാര്‍ട്ടികളും.
അമേരിക്കയില്‍ കലാപത്തിനാഹ്വാനം ചെയ്ത ട്രംപിന് ഇനി ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികത ഇല്ലെന്ന് തന്റെ വിശ്വസ്തന് ആദം കിന്‍സിംഗര്‍ ആഞ്ഞടിച്ചു. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാദിനം അടുത്തുപോയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ കൊണ്ട് പ്രസിഡന്റിനെ മാറ്റാന്‍ ഭരണഘടന പ്രകാരം സമയമില്ലെന്നതാണ് ട്രംപിന് തുണയായത്.
അപകടം മണത്തറിഞ്ഞ ട്രംപ് ‘സ്വയം മാപ്പ്’ നല്കി രക്ഷപ്പെടാനുള്ള നീക്കം നടത്തുകയാണ്. വൈറ്റ്ഹൗസ് കൗണ്‍സല്‍ പാറ്റ് സിപോളോണ്‍ നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
‘സ്വയം മാപ്പ്’ നല്കി രക്ഷപ്പെടാന്‍ നിയമം അനുവദിക്കുന്നില്ലെങ്കില്‍ സത്യപ്രതിജ്ഞ നടക്കുന്ന ജനുവരി 20-ന്റെ തലേദിവസം 19-ന് സര്‍ക്കാര്‍ തന്നെ മാപ്പ് പ്രഖ്യാപിച്ച് ട്രംപിനെ ഇറക്കിവിടാനാണ് സാധ്യത. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ അനുയായികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഇങ്ങനെയുള്ള പൊതുമാപ്പ് ‘ഫെഡറല്‍’ കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ്. അതിലൂടെ ട്രംപും കൂട്ടരും രക്ഷപ്പെട്ട് പുറത്തുപോകും എന്നുവേണം കരുതാന്‍.




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.