
കെ.എന്‍. റസ്സല്‍
മലയാള മനോരമയില്‍ ഇന്ന് വന്ന വാര്‍ത്ത ശരിയാണെങ്കില്‍ എന്‍.സി.എസ്. ചെയര്‍മാര്‍ എന്‍.എം. രാജു രാജ്യസഭാംഗമാകും. സ്വാഗതാര്‍ഹമായ കാര്യമാണിത്. റാന്നിയിലോ തിരുവല്ലയിലോ നിന്ന് അസംബ്ലിയിലേക്ക് മത്സരിക്കാതെ എം.എല്‍.എ.മാരാല്‍ തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലേക്കു പോകാന്‍ കഴിയുന്നത് എന്‍.എം. രാജുവിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കെ.എം. മാണി വഴിയുള്ള കേരള കോണ്‍ഗ്രസ് ബന്ധം ഇന്നുവരെയും കോട്ടം തട്ടാതെ തുടരുകയാണ്. മാണിസാറിന്റെ മരണശേഷം മകന് ജോസ് കെ. മാണിയുമായുള്ള ബന്ധവും ദൃഢമാണ്. പാര്‍ട്ടി ബന്ധത്തേക്കാള്‍ കുടുംബബന്ധത്തിന് സമാനമായ ഒരു ആത്മബന്ധമാണ് രാജുവിന് ഇവരുമായി ഉള്ളത്.
മാണി കോണ്‍ഗ്രസ് പല പ്രാവശ്യം ‘പിളര്‍ന്നും വളര്‍ന്നും’ മുന്നേറുമ്പോഴും താന്‍ ഉള്ളുതുറന്ന് സ്നേഹിച്ചിരുന്ന കെ.എം. മാണിയെ മാത്രം തള്ളിപ്പറഞ്ഞില്ല. പലരും മാണിയെ തള്ളിപ്പറഞ്ഞപ്പോഴും രാജു മാണിയോടു ചേര്‍ന്നു നിന്ന് സഞ്ചരിച്ചു. വിശ്വസ്തനും സ്നേഹിതനുമായി.
പാര്‍ട്ടിയെ ഇടതിലേക്ക് ജോസ് നയിച്ചപ്പോഴും കടുത്ത പിണറായി വിരോധിയായിരുന്ന എന്‍.എം. രാജു ജോസിനെ വിട്ട് യു.ഡി.എഫില്‍ ചേക്കേറാനും പോയില്ല. വിമോചനസമര കാലത്ത് കമ്മ്യൂണിസത്തിനെതിരെ പടനയിച്ച ഈ ‘കത്തോലിക്കാ കോണ്‍ഗ്രസ്’ എത്രനാള്‍ സി.പി.എമ്മിനെ ചുറ്റിവരിഞ്ഞ് നില്ക്കും എന്ന് കണ്ടറിയണം.
ഒരു കാര്യം സത്യമാണ്. ഒരു പ്രസ്ഥാനത്തിന്റെ കൂടെ അതിനകത്തെ സുഖദുഃഖങ്ങളറിഞ്ഞു വിട്ടുപിരിയാതെ നിന്നതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ രാജുവിന് (പത്രവാര്‍ത്ത ശരിയാകുമെങ്കില്‍) ലഭിക്കാന്‍ പോകുന്ന രാജ്യസഭാ സീറ്റ്. അത് അഭിനന്ദനാര്‍ഹമാണ്, സ്വാഗതാര്‍ഹമാണ്. ജോസ് കെ. മാണി അദ്ദേഹത്തോട് കാണിച്ചത് നീതിയാണ്. പെന്തക്കോസ്ത് സഭാ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന രാജു സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവിര്‍ഭാവത്തോടെയാണ്.
പി.സി.ഐ.യുടെ ഒരു വലിയ സംഘം മുക്തി മിഷന് സന്ദര്‍ശിക്കാനും അവിടെ പെന്തക്കോസ്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കാനും പോയപ്പോള്‍ ആ കൂട്ടത്തില്‍ സജീവ സാന്നിദ്ധ്യമായി എന്‍.എം. രാജുവും ഉണ്ടായിരുന്നു. (1905 ജൂണ്‍ 29-നാണ് ആദ്യ അന്യഭാഷാ ഭാഷണത്തോടു കൂടിയ ഉണര്‍വ്വ് പൂനെയിലെ മുക്തിമിഷനില്‍ ഉണ്ടായത്).
പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ ചാപ്റ്റര്‍ നടത്തിയ റാലിയിലും അദ്ദേഹം പങ്കെടുത്തു എന്നാണ് എന്റെ ഓര്‍മ്മ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പി.സി.ഐ.യുടെ പ്രാദേശിക ഘടകങ്ങള്‍ രൂപീകരിച്ചപ്പോള്‍ അവിടെയെല്ലാം രാജു എത്തിച്ചേര്‍ന്ന് വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു. സുവിശേഷവിരോധികളാല്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സുവിശേഷകന്മാരെ കണ്ട് സാന്ത്വനപ്പെടുത്താനും, തകര്‍ത്ത കണ്വന്ഷന് പന്തലുകളും ഹാളുകളും കാണാനും എന്‍.എം. രാജു ഓടിയെത്തി. കേരളത്തിലെ പെന്തെക്കോസ്തു വിശ്വാസികളുടെ ദുരന്തമേഖലകളിലെല്ലാം പാഞ്ഞെത്തി.
2006-ല്‍ തിരുവല്ലയില്‍ നടന്ന ശതാബ്ദി കണ്‍വന്‍ഷനിലും സജീവമായി പ്രവര്‍ത്തിച്ചു. 40 ലക്ഷം ചെലവായ കണ്‍വന്‍ഷനില്‍ കടം വന്ന വലിയൊരു തുക കൊടുത്തു തീര്‍ത്തത് വൈസ്പ്രസിഡന്റായിരുന്ന എന്‍.എം. രാജുവും പ്രസിഡന്റ് തോമസ് വടക്കേക്കൂറ്റും ചേര്‍ന്നായിരുന്നു. ലേഖകന്‍ അന്ന് പി.സി.ഐ.യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
കുമ്പനാട് ഐ.പി.സി. ഹെഡ്ക്വാര്‍ട്ടറില്‍ 50 ലക്ഷം മുടക്കി സ്റ്റേജും പ്രാര്‍ത്ഥനാമുറിയും പണിത് കൊടുത്തതും എന്‍.എം. രാജുവാണ്. പാവങ്ങളെ വ്യക്തിപരമായി സഹായിക്കുന്ന കാര്യത്തില്‍ അദ്ദേഹം ശുഷ്കാന്തി കാണിച്ചില്ല എന്നാണ് ലേഖകന്റെ വിലയിരുത്തല്‍. സഭയുടെ ഭൗതിക വളര്‍ച്ചയില്‍ രാജുവിന്റെ ചെറുസഹായങ്ങളുണ്ടായിട്ടുണ്ടെന്നത് തള്ളിക്കളയാനാവില്ല.
ഒരു ജനപ്രതിനിധിയാകുക എന്ന തന്റെ ആഗ്രഹം ന്യായമാണ്. അതിനുള്ള രാഷ്ട്രീയ പാരമ്പര്യം ഉണ്ടുതാനും. പക്ഷേ സഭ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനോ ആത്മീയ-രാഷ്ട്രീയ മേഖലകളില്‍ വളര്‍ത്തിയെടുക്കാനോ ശ്രമിച്ചിട്ടില്ല. സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സഭയുടെ വിദേശ വരുമാനം പലരും കയ്യിട്ടുവാരാന്‍ ശ്രമിച്ചിട്ടുള്ളപ്പോള്‍ എന്‍.എം. രാജു തന്റെ വ്യവസായത്തില്‍ നിന്നും ലഭിച്ച ലാഭവിഹിതം സഭയ്ക്ക് ചെലവാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് മാതൃകാപരമാണ്, കരണീയമാണ്.
താന്‍ ആഗ്രഹിച്ചിരുന്ന കേരള അസംബ്ലി മെമ്പര്‍ പദവിയേക്കാള്‍ വലുതാണ് രാജ്യസഭാംഗത്വം. ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പരമോന്നത സഭയാണത്. ഇവിടെ നല്ലൊരു ഡിപ്ലോമാറ്റായി പ്രവര്‍ത്തിക്കന്‍ എന്‍.എം. രാജു ബാദ്ധ്യസ്ഥനാണ്. ലോക്സഭ പോലെ വലിയൊരു നിയമനിര്‍മ്മാണ വേദിയൊന്നുമല്ല രാജ്യസഭ. അതുകൊണ്ട് ജോലിഭാരം കുറയും.
പക്ഷേ ഒരു കാര്യം പറയാതെ വയ്യ. താന്‍ ശ്രദ്ധിക്കേണ്ടത് പക്വമായ ഇടപെടലുകളിലാണ്. സംസാരവും പെരുമാറ്റവും വിനയപൂര്വ്വമാകണം. 24 മണിക്കൂറും ഗേറ്റുകള്‍ തുറന്നു കിടക്കണം. ആര്യാടന് മുഹമ്മദിന്റെ വീടു പോലെ. ആര്‍ക്കും എപ്പോഴും എന്തിനും കയറിച്ചെല്ലാന്‍ കഴിയണം. ഗൂര്ഖായും അപ്പോയ്ന്റ്മെന്റും രജിസ്റ്റര്‍ ബുക്കും വേണ്ട. ഒരു പച്ചമനുഷ്യനായി എന്‍.എം. രാജു മാറട്ടെ.
മനോരമയുടെ കണ്ടെത്തലുകള്‍ ഫലപ്രാപ്തിയിലെത്തട്ടെ. അഭിവാദനങ്ങള്‍.




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.