കോണ്‍ഗ്രസ് തകരണമെന്ന് വിജയരാഘവന്‍

കോണ്‍ഗ്രസ് തകരണമെന്ന് വിജയരാഘവന്‍

കേരളത്തില്‍ കോണ്‍ഗ്രസ് തകരുമെന്ന് പ്രത്യാശിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള വിജയരാഘവന്‍. വര്‍ഗ്ഗീയശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടിയതാണ് വിജയരാഘവനെ ചൊടിപ്പിച്ചത്. മുസ്ലീംലീഗാണ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത്. ആ സഖ്യത്തെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്നതാണ് വിജയരാഘവന്റെ പരിഭവത്തിന് കാരണം.

ആ സഖ്യത്തെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തള്ളിക്കളഞ്ഞല്ലോ. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചു കഴിഞ്ഞ സ്ഥിതിക്ക് സി.പി.എം. സെക്രട്ടറി പിന്നെ എന്തിനാണ് ഇത്ര വിഷമിക്കുന്നത്. പഞ്ചായത്ത് ഇലക്ഷനില്‍ ചില സ്ഥലങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് ഉണ്ടാക്കിയ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടു പോവുക സ്വാഭാവികം. അതില്‍നിന്നും കോണ്‍ഗ്രസ് കരകയറിക്കഴിഞ്ഞു.

പിന്നെയും കഴിഞ്ഞകാല യു.ഡി.എഫ്. സഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസല്ല, സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ്. ആ സഖ്യം നിലനിന്ന് കാണാന്‍ സി.പി.എം. ആഗ്രഹിക്കുന്നുവത്രേ. അസംബ്ലി ഇലക്ഷനില്‍ ഈ വിഷയം കത്തിച്ചു നിര്‍ത്താന്‍ സി.പി.എം. ആഗ്രഹിക്കുന്നു എന്നതാണ് കാരണം. കോണ്‍ഗ്രസ് വേണ്ടെന്നു വച്ച സഖ്യം സി.പി.എം. അവരുടെ മേല്‍ ‘അടിച്ചേല്‍പ്പിക്കുകയാണ്.’
ആട്ടെ, വിജയരാഘവനോട് ഒരു ചോദ്യം: ”സഖാവേ, നമ്മള്‍ ഈ വര്‍ഗ്ഗീയശക്തികളുമായൊന്നും കൂട്ടുകൂടാത്ത തനി പരിശുദ്ധരാണോ?”
വി.പി.സിങ്ങ് ഉണ്ടായിരുന്നെങ്കില്‍ അതിന് മറുപടി പറയുമായിരുന്നു.

പാര്‍ലമെന്റില്‍ രണ്ട് സീറ്റുണ്ടായിരുന്ന ജനസംഘവുമായി (ഇപ്പോഴത്തെ ബി.ജെ.പി.) വി.പി.സിംഗ് സഖ്യമുണ്ടാക്കി. ആ വി.പി. സിംഗുമായി സി.പി.എം. സഖ്യത്തിലേര്‍പ്പെട്ടു. അങ്ങനെ ബി.ജെ.പി.യുടെ രണ്ടു സീറ്റ് 84 സീറ്റായി. പിന്നീടങ്ങോട്ട് ബി.ജെ.പി. അടിവച്ചടിവച്ച് വളരുകയായിരുന്നു. സത്യത്തില്‍ ബി.ജെ.പി.യെ ഇന്ത്യയില്‍ വളര്‍ത്തിയെടുത്തതിന്റെ ക്രെഡിറ്റ് മുഴുവനും സി.പി.എമ്മിനും വി.പി.സിംഗിനുമാണ്. അന്ന് ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ ഇ.എം.എസിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്: ”ഡല്‍ഹിയിലെ സി.പി.എം.കാര്‍ ആര്‍ക്ക് വോട്ട് ചെയ്യും?”

ബുദ്ധിമാനും കൗശലക്കാരനുമായ ഇ.എം.എസിന്റെ മറുപടി ഏതാണ്ടിതുപോലെയാണ്. ”കോണ്‍ഗ്രസ് അധികാരത്തില്‍ വരാതിരിക്കാനും ബി.ജെ.പി. ജയിക്കാതിരിക്കാനും” വോട്ട് ചെയ്യും. ആ വോട്ടിംഗ് രീതിയുടെ ഗുട്ടന്‍സ് എന്താണെന്ന് ഈ ഭൂമി മലയാളത്തിലുള്ളവര്‍ക്ക് ആര്‍ക്കും ഇതുവരെയും പിടികിട്ടിയിട്ടില്ല.
പി.എം. അബൂബക്കര്‍ ഉള്‍പ്പെടുന്ന അഖിലേന്ത്യാ ലീഗുമായി സി.പി.എമ്മിന് ഉണ്ടായിരുന്ന ബാന്ധവം

പുതുതലമുറയ്ക്കറിയില്ലല്ലോ. പിന്നെ അവര്‍ ലീഗില്‍ ലയിക്കുകയായിരുന്നു. സി.പി.എം. എന്ന കക്ഷി മാത്രം ഒരിക്കലും വര്‍ഗ്ഗീയ പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല എന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്കു പറ്റിയ ഇടം ‘ഭൂമി മലയാളം’ അല്ല.

കോണ്‍ഗ്രസ് തകരണമെന്ന വിജയരാഘവന്റെ ആഗ്രഹം കൊള്ളാം. സുന്ദരം, മോഹനം. കോണ്‍ഗ്രസ് തകരുക വഴി ബി.ജെ.പി. ബദല്‍ ആയിട്ട് വന്നോളും. പിന്നെ അധികം താമസിയാതെ കേരളത്തെ ‘ത്രിപുര’ ആക്കി മാറ്റാം. സഖാവേ, ഇരിക്കുന്ന കമ്പ് തന്നെ മുറിച്ചോളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!