ഭക്ഷണം കഴിക്കുന്നതിലും ജാതിയുടെയും മതത്തിന്റെയും കൈയൊപ്പ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ജാതിക്കാരുടെ കടയില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കരുത് എന്നു പറയാന്‍ ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് അഭിമാനിക്കുന്നവര്‍ രംഗത്ത്. ഇവര്‍ ചെയ്യുന്നതാകട്ടെ, ബൈബിള്‍ വിരുദ്ധ നടപടികളും.
സ്വാമി വിവേകാനന്ദന്റെ ആശയം കടം കൊണ്ടാല്‍ കേരളം ‘ഭ്രാന്താലയമാകുന്നു’ എന്ന് പറയേണ്ടി വരുന്നു ഇതൊക്കെ കാണുമ്പോള്‍. എത്ര എഴുതി വിട്ടാലും ഈ ജാതി മത വിദ്വേഷം ഒന്നും ഇനി കേരളത്തില്‍ വിലപ്പോകില്ല എന്നതാണ് സത്യം.
ഇതിനേക്കാള്‍ എത്രയോ അപകടകരമാണ് കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും നാം വാങ്ങുന്ന ഭക്ഷണ പാക്കറ്റുകളിലെ മായം.
ഹോട്ടലുകളിലെ ഭക്ഷണങ്ങളില്‍ പോലും മായം ചേര്‍ക്കുന്നു. വറുത്ത് വച്ചിരിക്കുന്ന ചിക്കന്‍ ചുവന്നിരിക്കുന്നതിനു കാരണം നിറം ചേര്‍ത്ത് പൊരിക്കുന്നതാണ്. സോസുകളിലും മായമുണ്ട്.
നെല്ല് മര ഉരലില്‍ കുത്തി തവിടോടെ ഭക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് തവിടെണ്ണയ്ക്കായി നെല്ല് കുത്തി വെളുപ്പിച്ച് തവിട് എടുത്ത് മാറ്റുന്നു. എന്നിട്ട് തറ മിനുക്കാനായി ഉപയോഗിക്കുന്ന റെഡ് ഓക്സൈഡില്‍ ഓയില്‍ ചേര്‍ത്ത് ചുവന്ന അരിയാക്കി മാറ്റുന്നു. ഇത് മിക്ക അരിമില്ലുകളും ചെയ്യുന്ന പണിയാണ്. ഹലാല്‍ വിരുദ്ധര്‍ ഇതൊന്നും കാണുന്നില്ല എന്നതാണ് രസകരം.
ബിഷപ്പുമാരുടെ രാഷ്ട്രീയ കളിക്കായി ഭക്ഷണത്തെ പോലും മതവല്ക്കരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് ഭക്ഷണങ്ങളില്‍ നിന്നും ‘സൗജന്യമായി’ കിട്ടുന്ന രാസപദാര്‍ത്ഥങ്ങളാണ് കരള്‍, വൃക്ക, ഹൃദയ രോഗങ്ങള്‍ വരുത്തിവയ്ക്കുന്നത്. പഠനങ്ങള്‍ നടത്തി പുറത്തുവന്നിട്ടുള്ള കാര്യങ്ങളാണിത്. മായമില്ലാത്ത ഒരു ഭക്ഷണവും മാര്‍ക്കറ്റില്‍ കിട്ടാനില്ല.
ഒരു പ്രമുഖ കറിപൗഡര്‍ കമ്പനിയുടെ ഉല്പന്നങ്ങളില് കലര്ത്തിയിരുന്ന രാസപദാര്‍ത്ഥങ്ങളെ ചൊല്ലി കോടതിയില്‍ കേസ് നടന്നിരുന്നത് നമുക്കറിയാം. ഒരു പത്രവും ടി.വി. ചാനലുകളും ഇതൊന്നും കണ്ടില്ല. ലക്ഷങ്ങളുടെ പരസ്യമാണ് ഈ കമ്പനികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. ഒരുപിടി രോഗങ്ങള്‍ മനുഷ്യന് സമ്മാനിക്കുന്ന ഈ വിപത്തിനെതിരെയും ഈ കമ്പനിയ്ക്കെതിരെയും കൈരളി ചാനല്‍ പോലും ഒരക്ഷരം മിണ്ടിയില്ല എന്നതാണ് സത്യം.
ഇവിടെയാണ്, എന്തെല്ലാം കുറവുകളുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളെ നെഞ്ചിലേറ്റേണ്ടതിന്റെ ആവശ്യകത വെളിപ്പെടുന്നത്. ഈ കമ്പനിയേയും അതിന്റെ ഉത്പന്നങ്ങളെയും സോഷ്യല്‍മീഡിയ പൊളിച്ചടുക്കുകയായിരുന്നു. ജനങ്ങള്‍ നിത്യരോഗികളായാലും ചത്തൊടുങ്ങിയാലും പാര്‍ട്ടിക്കാര്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും പണം കിട്ടിയാല്‍ മതി.
കമ്പനികളുടെ ‘മഞ്ഞ’പ്പൊടിയും നാം വീട്ടില്‍ പൊടിക്കുന്ന മഞ്ഞള്‍പൊടിയും ഒന്ന് ചേര്‍ത്തുവച്ച് നോക്കണം.
രണ്ടും വെവ്വേറെ പാത്രങ്ങളില്‍ ലയിപ്പിക്കുമ്പോഴും രണ്ടിന്റെയും വ്യത്യാസം മനസ്സിലാകും. മുളകുപൊടിയിലും മായമുണ്ട്. വെളിച്ചെണ്ണയിലാണ് ഏറ്റവുമധികം മായം കലര്‍ത്തുന്നത്. വാഹനങ്ങളില്‍ ഉപയോഗിച്ചിട്ട് മാറ്റിക്കളയുന്ന കരിഓയില്‍ തമിഴ്നാട് വഴി കറങ്ങി കേരളത്തിലെത്തുമ്പോള്‍ കണ്ണുനീര് സമാനമായ തെളിഞ്ഞ എണ്ണയായി മാറുന്നു. ഇതാണ് നിശ്ചിത അളവില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്. ഈ എണ്ണ പോലീസും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് പിടിച്ചിട്ടുണ്ടെങ്കിലും പിന്നങ്ങോട്ട് എന്തു നടന്നു എന്ന് ആര്‍ക്കും അറിയില്ല.
ഹോട്ടലുകളില്‍ നിന്നും അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിക്കുമ്പോഴും ഹോട്ടലിന്റെ പേര് മാധ്യമങ്ങള്‍ വെളിപ്പെടുത്താറില്ല. ദൃശ്യ ശ്രവണ മാധ്യമങ്ങളുടെ ഒരു കൂട്ടായ യത്നം ഇതിന്റെ പിന്നില്‍ ഉണ്ടായാല്‍ കുറെ ഹോട്ടലിലെങ്കിലും നല്ല ഭക്ഷണം ലഭിക്കുമായിരുന്നു.
നടന് ശ്രീനിവാസന് തന്റെ സുഹൃത്ത് വെളിപ്പെടുത്തിയ ഒരു സംഭവം ഞെട്ടലോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്. ഒരു സ്റ്റാര്‍ ഹോട്ടലിലെ കുക്കായിരുന്നു തന്റെ ഈ സുഹൃത്ത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ചിക്കന്‍ കറി മുഴുവന്‍ കഴിക്കാറില്ല. അവര്‍ മിച്ചം വയ്ക്കുന്ന ചിക്കന്റെ കഷണങ്ങള്‍ കഴുകിയെടുത്തിട്ട് ഇറച്ചി വേര്‍പെടുത്തും. അതാണ് ഇതേ ഹോട്ടലില്‍ കട്ട്ലറ്റായി ‘പുതിയ വേഷത്തില്‍’ പുറത്തുവരുന്നത്. ഈ കഥ കേട്ട അന്നുമുതലാണ് പറ്റുന്ന ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ശ്രീനിവാസന് വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോയി തുടങ്ങിയത്.
‘ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍’ കേസില്‍ ഇന്നുവരെ ആരെയും ശിക്ഷിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത വന്നു കണ്ടിട്ടില്ല. ഇതെല്ലാം ഇടവഴികളില്‍ തീര്‍ന്നുപോവുകയാണ് പതിവ്. വികസിതരാജ്യങ്ങളില്‍ മികച്ച ഭക്ഷണവും ആരോഗ്യവും പ്രജകള്‍ക്ക് പ്രദാനം ചെയ്യുന്ന ഭരണസംവിധാനമാണുള്ളത്.
ഇവിടെ ഒട്ടുമിക്ക പായ്ക്കറ്റ് ഭക്ഷണങ്ങളിലും മായമുണ്ട് എന്നത് പകല്‍ പോലെ സ്പഷ്ടമാണ്. ഈ കമ്പനികളെ സര്‍ക്കാര്‍ തൊടില്ല എന്നതാണ് സത്യം. അന്നും ഇന്നും പണം തന്നെയാണ് എല്ലാറ്റിനെയും നിയന്ത്രിക്കുന്നത്.
അതുകൊണ്ട് ജാതിയും മതവും ഭക്ഷണവുമായി കൂട്ടിക്കുഴയ്ക്കരുത്. ഒരുമിച്ചു നിന്ന് വിഷം തീറ്റിക്കുന്ന കമ്പനികള്‍ക്കെതിരെ പോരാടുകയാണ് ഇപ്പോള്‍ അഭികാമ്യം. കമ്പനികള്‍ കവറില്‍ തരുന്ന ഭക്ഷണം പാടേ ഒഴിവാക്കി, പഴയ കാലത്തേതു പോലെ കഴിവതും വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഓര്‍ക്കുക, ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ കേടാകുന്നതിന്റെ പ്രധാന കാരണം പായ്ക്കറ്റ് ഭക്ഷണങ്ങളാണ്.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.