ഫാദർ തോമസ് എം. കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം

ഫാദർ തോമസ് എം. കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം


തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. തടവ് ശിക്ഷയ്ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കോൺവെന്റിൽ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാ. തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പറഞ്ഞത്. സിബിഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായത്.

കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. സിസ്റ്റർ അഭയ കൊലക്കേസിൽ ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10-നാണ് പൂർത്തിയായത്.

1992 മാർച്ച് 27-നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. 
ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്.

ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റർ അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്.
സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോൾ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അന്നത്തെ മദർ സുപ്പീരിയർ ബെനിക്യാസ്യ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകി. തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തു. 1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സിബിഐ എസ്പി ത്യാഗരാജനും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്.

ഹൈക്കോടതി നിർദേശപ്രകാരം കേസ് വീണ്ടും സിബിഐ അന്വേഷിച്ചു. 2008 നവംബർ 18-ന് സിബിഐ എ.എസ്.പി. നന്ദകുമാർ നായർ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റൽ ഫിംഗർ പ്രിന്റ്, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നൽകി.
കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയിൽ ഹർജി നൽകി. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു. മറ്റു രണ്ടുപേർ വിചാരണ നേരിടാൻ കോടതി നിർദേശിച്ചു. വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതിവരെ ശരിവെച്ചു. പ്രതികൾ വിചാരണ നേരിട്ടു.

ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റർ അഭയയെ പ്രതികൾ കിണറ്റിൽ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സിബിഐ നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാൻ കിണറ്റിൽച്ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പിൽ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദം.

49 സാക്ഷികളെ വിസ്തരിച്ചു. പത്തോളം പേർ വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയശേഷം പിൻമാറിയ സഞ്ജു പി. മാത്യുവിനെതിരേ സി.ബി.ഐ. നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!