പുനലൂർ: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്(എസ്ഐഎജി) ജനറൽ സെക്രട്ടറിയും പുനലൂർ ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലുമായ റവ. കെ. ജെ. മാത്യു സെറാമ്പൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി കോഴ്സ് പൂർത്തിയാക്കി. ഫെബ്രുവരിയിൽ സെറാമ്പൂർ സർവകാലശാല ബിരുദദാനചടങ്ങിൽ ഡോക്ടറേറ്റ് ബിരുദം ലഭിക്കും.
ക്രൈസ്തവ സഭാചരിത്രത്തോടുള്ള ബന്ധത്തിൽ നവപെന്തെക്കോസ്ത് സമൂഹങ്ങൾക്കുള്ള വളർച്ചയിൽ അല്മായർക്കുള്ള സ്ഥാനവും സംഭാവനയും കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തെ എങ്ങനെ ആഹ്വാനം ചെയ്യുന്നു എന്ന വിഷയത്തെ അധികരിച്ചാണ് തന്റെ ഗവേഷണ പ്രബന്ധം.
ഇന്നത്തെ മാറിയ സാഹചര്യത്തിൽ അല്മായർക്ക്(വിശ്വാസ സമൂഹത്തിന്) സഭയുടെ വളർച്ചയിലും വികസനത്തിലും എന്തെല്ലാം പങ്കാളിത്തം വഹിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചുള്ള പഠനമാണ് ഗവേഷണ പ്രബന്ധത്തിൽ ഉല്ലേഖനം ചെയതിട്ടുള്ളത്.
കേരളക്കരയിലെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ സർവോൻമുഖമായ വളർച്ചയ്ക്ക് വഴിമരുന്നിടത്തക്ക നിലയിലുള്ള കണ്ടെത്തലുകലും ആശയങ്ങളാലും സമ്പുഷ്ടമാണ് പ്രബന്ധം.
എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ ട്രഷറർ പരേതനായ പാസ്റ്റർ കെ. എം. ജോസഫിൻ്റെ സീമന്തപുത്രനായി മലബാറിലെ പാഴ്സനേജിൽ ജനിച്ചു വളർന്ന റവ. കെ. ജെ മാത്യു അക്കാലത്ത് പല പ്രതിസന്ധികളും കഷ്ടപ്പാടുകളും സഹിച്ചാണ് തന്റെ ബാല്യ-കൗമാര കാലം പൂർത്തിയാക്കിയത്.
സുവിശേഷവേലക്കായി സമർപ്പിച്ചനന്തരം പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വൈദികപഠനം ആരംഭിച്ചു.
തുടർന്ന് ബാംഗ്ലൂരിലുള്ള സതേൺ ഏഷ്യ ബൈബിൾ കോളെജ് , യുണൈറ്റഡ് തിയോളജിക്കൽ കോളേജ് എന്നീ ഉന്നത വേദശാസ്ത്രാഭ്യസന കേന്ദ്രങ്ങളിൽ നിന്നും ബിഡി, എംടിഎച്ച്(സഭാചരിത്രം) സെറാംപൂർ അംഗീകൃത ബിരുദങ്ങൾ നേടിയിട്ടുണ്ട്.
കോഴിക്കോട്, കേരള സർവകലാശാലകളിൽ നിന്നും ആംഗല സാഹിത്യം, തത്വശാസ്ത്രം, ചരിത്രം തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദങ്ങൾ നേടി.
സുവിശേഷവേലയുടെ ആരംഭകാലത്ത് ഇന്ത്യാ എവരി ഹോം ക്രൂസേഡിലും നേപ്പാളിലും പ്രവർത്തിച്ചതിനു ശേഷം കോഴിക്കോട് ജില്ലയിൽ ഓഞ്ഞിൽ, തൃശൂർ ടൗൺ, എറണാകുളം ജില്ലയിലെ പാമ്പാക്കുട, തൃപ്പൂണിത്തുറ, ഇടുക്കി ജില്ലയിലെ പൂമാല എന്നീ എജി സഭകളിൽ ശുശ്രൂഷിച്ചു. സഭാശുശ്രൂഷയോടൊപ്പം കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിലും പുത്തൻകുരിശ് ഗുഡ്ന്യൂസ് ഫോർ ഏഷ്യാ ബൈബിൾ കോളേജിലും വേദാദ്ധ്യപകനായി പ്രവർത്തിച്ചു.
1990-ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപനശുശ്രൂഷ ആരംഭിച്ചു. 1996-ൽ മലയാളം കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2003 അസിസ്റ്റൻ്റ് സൂപ്രണ്ടായി ചുമതലയേറ്റു.
ബഥേൽ ബൈബിൾ കോളേജിനോടുള്ള ബന്ധത്തിൽ എച്ച്എംസി ഡയറക്ടർ, കോളേജ് രജിസ്ട്രാർ, വൈസ് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 2014 മുതൽ 2018 വരെ ബഥേൽ ബൈബിൾ കോളേജിൻ്റെ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2017 മുതൽ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.
ഭാര്യ റോസമ്മ മാത്യു. മകൻ മാർട്ടിൻ ജോ മാത്യു കുടുബമായി ബഹറിനിലും മകൾ മെറിൽ കുടുംബമായി കാനഡയിലും താമസിക്കുന്നു.
റവ. കെ. ജെ. മാത്യുവിന് ക്രൈസ്തവചിന്തയുടെ അഭിനന്ദനങ്ങൾ.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.