മെക്സിക്കോയില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയാന്‍ പണിതു തുടങ്ങിയ ‘വേലികെട്ട്’ പാതിവഴിയില്‍ നില്‍ക്കുകയാണ്. വേലി പണിയുമെന്ന് ട്രംപ് 2016-ല്‍ പ്രഖ്യാപിച്ചെങ്കിലും അതിനുമുമ്പേ മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് അതിര്‍ത്തിയില്‍ വേലി പണിതു തുടങ്ങിയിരുന്നു. 550 മൈല്‍ നീളത്തിലാണ് ട്രംപ് അധികാരത്തില്‍ വരുന്നതിനു മുമ്പ് വേലി പണിതിരുന്നത്.
2016-ലെ തന്റെ അതിര്‍ത്തിവേലി പ്രഖ്യാപനം ഒരു പുതിയ പദ്ധതിയായി കരുതിയാണ് പലരും വോട്ട് ചെയ്തത്. അതിനു മുമ്പുതന്നെ മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തിയില്‍ വേലി കെട്ടി തുടങ്ങിയിരുന്നത് നല്ലൊരു വിഭാഗത്തിനും അറിയുമായിരുന്നില്ല.
ചൈന ശത്രുക്കളുടെ കൈയില്‍ നിന്നും രക്ഷപ്പെടാനാണ് വന്മതില് പണിതത്. മെക്സിക്കന്സ് യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ശത്രുക്കളല്ല. അവര്‍ വിസയില്ലാതെ അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നത് നിയമലംഘനം തന്നെയാണ്. പക്ഷേ ഏറ്റവും താഴെക്കിടയിലുള്ള തെരുവ് വൃത്തിയാക്കല്‍ പോലുള്ള ജോലികള്‍ ചെയ്യുന്നത് അവരാണ്.
1954 മൈല്‍ ആണ് അമേരിക്ക-മെക്സിക്കോ അതിര്‍ത്തി. 3145 കിലോമീറ്റര്‍. കാലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്സിക്കോ, ടെക്സാസ് എന്നീ സ്റ്റേറ്റുകളാണ് മെക്സിക്കോയോട് ഉരുമ്മി കിടക്കുന്ന അമേരിക്കന്‍ സ്റ്റേറ്റുകള്‍. വെള്ളക്കാരോടല്ലാതെ മറ്റു യാതൊരു ജനവിഭാഗത്തോടും താല്പര്യമില്ലാത്ത ട്രംപിന്റെ വര്‍ണ്ണവെറി പരക്കെ പ്രതിഷേധാര്ഹമായിട്ടുണ്ട്. ഇപ്പോഴത്തെ ഇലക്ഷനില്‍ അത് പ്രതിഫലിക്കയും ചെയ്തു. അദ്ദേഹം തോല്‍ക്കാനുള്ള പല കാരണങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്.
മതില് കെട്ടിയിട്ട് മെക്സിക്കോക്കാരുടെ കയ്യില്‍ നിന്നും പണം ഈടാക്കുമെന്ന് പറഞ്ഞപ്പോള്‍ 2016-ല്‍ കുറെ പേരെങ്കിലും അത് വിശ്വസിച്ചുപോയി. നമ്മുടെ പറമ്പില്‍ വേലി കെട്ടുമ്പോള്‍ അടുത്ത പറമ്പുകാരന് പണം തരുമെന്ന പ്രഖ്യാപനം ഉട്ടോപ്യന്‍ ചിന്താഗതിയല്ലാതെ മറ്റെന്താണ്? നടക്കാത്ത കാര്യങ്ങളുടെ കിറുക്കന് സ്വപ്നം.

ട്രംപ് അധികാരമേറ്റയുടനെ തന്നെ സെനറ്റിലും കോണ്‍ഗ്രസിലും ഈ ആവശ്യം ഉന്നയിച്ചു. ഒരു മൈല്‍ വേലി പണിയാന്‍ 20 മില്യന്‍ ഡോളറാണ് ചെലവ്. സ്റ്റീല്‍ തൂണുകള്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചാണ് പണി. മുറിച്ചുമാറ്റാന്‍ പറ്റാത്ത വിധത്തിലുള്ള ദൃഢമായ വേലി തന്നെയാണിത്. മെക്സിക്കോയില്‍ നിന്നും മതിലിനുള്ള പണം വാങ്ങുമെന്നു പറഞ്ഞ ട്രംപ് സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും മുമ്പില്‍ കൈനീട്ടിയപ്പോള്‍ അവര്‍ മൈന്‍ഡ് ചെയ്തില്ല. ബഡ്ജറ്റില്‍ അവതരിപ്പിച്ചെങ്കിലും വേലി പണം അനുവദിച്ച് നല്കാന് അവര്‍ തയ്യാറായില്ല. ഒടുവില്‍ വിവിധ പ്രോജക്ടുകള്‍ക്ക് അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചാണ് 450 മൈല്‍ വേലി പണിത് ട്രംപ് മാനം കാത്തത്. കൊട്ടും കുരവയുമില്ലാതെ മുന്‍ പ്രസിഡന്റുമാര്‍ 450 മൈല്‍ പണിതിരുന്നു. ലോകശ്രദ്ധ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച് കോലാഹലത്തോടെ പണി തുടങ്ങിയിട്ട് കഷ്ടിച്ച് അത്രയും തീര്‍ക്കാനേ ട്രംപിനായുള്ളൂ. ഇനിയും 1000 മൈല്‍ കിടക്കുന്നു പണിയാന്‍.
പിന്നെ പണം കണ്ടെത്തിയത് അഭയാര്‍ത്ഥി ഫണ്ടില്‍ കയ്യിട്ടു വാരിയാണ്.
ഒരു വര്‍ഷം 130,000 അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നാണ് ചട്ടം. എല്ലാ രാജ്യങ്ങളും അവരവരുടെ നാടിന്റെ വിസ്തൃതിയും സാമ്പത്തികവും അടിസ്ഥാനമാക്കിയാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരം റെഫ്യൂജീസിനെ സ്വീകരിക്കേണ്ട അമേരിക്ക കഴിഞ്ഞവര്‍ഷം സ്വീകരിച്ചത് 15000 പേരെ മാത്രം. ബാക്കി ഒരു ലക്ഷത്തി പതിനയ്യായിരം പേര്‍ക്ക് കൊടുക്കേണ്ട സൗജന്യഭക്ഷണമുള്പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുത്താണ് മതില് പണിതത്.
പിന്നെയും പണം തികയാതെ വന്നപ്പോള്‍ രാജ്യം അത്യന്തം ഭീഷണിയിലൂടെ കടന്നുപോകുന്നെന്നും, ആഭ്യന്തര സുരക്ഷയ്ക്ക് പണം വേണമെന്നും കോണ്‍ഗ്രസിനോടും സെനറ്റിനോടും ആവശ്യപ്പെട്ടു. അവര്‍ പണം അനുവദിച്ചില്ല. പിന്നെ പ്രൈവറ്റ് പാര്‍ട്ടികളോട്, വിശേഷിച്ച് കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള സമ്പന്നന്മാരുടെ കയ്യില്‍ നിന്നും പണം പിരിച്ചാണ് മതില് പണി തുടര്‍ന്നത്. ഇപ്പോഴും പണി ഇഴഞ്ഞുനീങ്ങുന്നുണ്ട്. 1000 മൈല്‍ കൂടി പണിതാലേ മെക്സിക്കോ-അമേരിക്കന്‍ ബന്ധം വേലിക്കെട്ടിനുള്ളിലാകൂ. പണി തീര്‍ത്താലും പിന്നെയും കിടക്കുന്നു കടമ്പകളേറെ. 1954 മൈല്‍ നീളത്തില്‍ ആയിരക്കണക്കിന് ക്യാമറകള്‍ സ്ഥാപിക്കണം. വേലിക്ക് അറ്റകുറ്റപ്പണികള്‍ നടത്തണം. വേലി വന്നെങ്കിലും പോലീസിന്റെ പട്രോളിംഗ് തുടരണം. ആയിരക്കണക്കിന് പോലീസുകാര്‍,

വാഹനങ്ങള്‍, മറ്റു സ്റ്റാഫുകള്‍ എല്ലാം പിന്നെയും അനിവാര്യമാണ്. വര്‍ഷം അതിന് 750 മില്യന്‍ ഡോളര്‍ ചെലവ് വരുമത്രേ.
തുഗ്ലക്ക് പരിഷ്കാരങ്ങള്‍, വര്‍ണ്ണവെറി, എല്ലാ ഇസ്ലാമും ഭീകരരാണെന്നുള്ള മുദ്രകുത്തല്‍, പാട്ടും പ്രാര്‍ത്ഥനയും നടത്തി വിശ്വാസികളെ കയ്യിലെടുക്കുന്ന സൂത്രം, മൂന്ന് കല്യാണങ്ങള്‍ (ഇപ്പോഴത്തെ സ്ത്രീയുമായി എഗ്രിമെന്റ് മാത്രം), രാജ്യങ്ങളെ വിരട്ടല്‍, കൊറോണയ്ക്ക് ബ്ലീച്ച് ഇന്‍ജക്ട് ചെയ്താല്‍ മതിയെന്ന വിവരമില്ലാത്ത പ്രഖ്യാപനം, ടാക്സ് റിട്ടേണുകള്‍ കൃത്യമായി കൊടുക്കാത്ത വ്യക്തി, അള്‍ട്രാവൈലറ്റ് രശ്മികള്‍ ശരീരത്തിലൂടെ കയറ്റിവിട്ടാല്‍ കൊറോണ നശിക്കുമെന്ന കണ്ടെത്തല്‍, പ്രതിപക്ഷ ബഹുമാനമില്ലാത്ത പ്രസംഗങ്ങള്‍, നാലാംകിട വാചകമടി, തോറ്റിട്ടും ജയിച്ചെന്ന പ്രഖ്യാപനം, അണികളോട് തെരുവിലിറങ്ങി സന്തോഷിച്ചോളാന് ആഹ്വാനം. ഇതൊക്കെ തനി ഉച്ചക്കിറുക്കെന്നല്ലാതെ മറ്റെന്തു പറയാന്‍!




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.