ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തില്‍ രണ്ടാം തലമായ ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യം ഉണ്ടോ? രാഷ്ട്രീയനേതാക്കള്‍ക്കുള്ള ഭരണാവബോധം ജനങ്ങള്‍ക്കും ഉണ്ട്. ഒരുപക്ഷേ ജനങ്ങളുടെ അഭിപ്രായമായിരിക്കും മറ്റാരുടെ അഭിപ്രായത്തേക്കാളും ഫലപ്രദം.
152 ബ്ലോക്ക് പഞ്ചായത്തുകളുണ്ടെന്നാണ് കണക്കുകളില്‍ കാണുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും ഇടയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസക്തി എന്താണ്?
എല്ലാ ബ്ലോക്കുകളിലും വാഹനങ്ങള്‍ ഉണ്ട്. പ്രസിഡന്റിന്റെ ശമ്പളം, അംഗങ്ങളുടെ ശമ്പളം, നിരവധി സ്റ്റാഫുകളുടെ ശമ്പളം തുടങ്ങി വന്‍ സാമ്പത്തികബാദ്ധ്യത ഉണ്ടാക്കുന്ന സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്ത്. വാസ്തവത്തില്‍ ഈ ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരങ്ങള്‍ താഴത്തെ തട്ടായ ഗ്രാമ പഞ്ചായത്തിലേക്കും ഉയര്‍ന്ന തട്ടായ ജില്ലാ പഞ്ചായത്തിനുമായി വീതം വച്ച് നല്കിയാല് പോരേ. കോടികളുടെ ലാഭം സര്‍ക്കാരിന് ഇതുമൂലം ഉണ്ടാകും.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം സാമ്പത്തികബാധ്യത ഉണ്ടായിട്ടുള്ള ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലല്ലോ.
കുറെ മദ്ധ്യനിര രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താന്‍ ഒരു കറങ്ങുന്ന കസേരയും ഓഫീസും അനിവാര്യമാണ്. ഗ്രൂപ്പ് കളിച്ച് ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും സി.പി.എമ്മിന്റെ കുറച്ച് പണിയില്ലാത്ത പാര്‍ട്ടി നേതാക്കളെയും കുടിയിരുത്താനുള്ള ഒരു സംവിധാനം എന്നതില്‍ കവിഞ്ഞ് ഈ ബ്ലോക്ക് പഞ്ചായത്തുകളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ബ്ലോക്ക് ചെയ്യുന്ന മിക്ക വര്‍ക്കുകളും ഗ്രാമപഞ്ചായത്തിന് നല്‍കാം. വലിയ വര്‍ക്കുകള്‍ ഉണ്ടെണ്ടില് ജില്ലാ പഞ്ചായത്തുകളെ ഏല്‍പ്പിക്കാം. രണ്ടിന്റെയും ഇടയ്ക്കുള്ള ഈ ‘സാധനം’ സര്‍ക്കാര്‍ ഇല്ലാതാക്കണം.
ഇ.എം.എസിന്റെ തലയിലുദിച്ച ജനകീയാസൂത്രണം ഫലപ്രദമായി വിനിയോഗിക്കുന്ന ഭരണസംവിധാനമാണല്ലോ ഗ്രാമപഞ്ചായത്തുകള്‍. ഗാന്ധിജിയുടെ ഗ്രാമസ്വരാജിന്റെ പരിഷ്കരിച്ച പതിപ്പ്. അധികാരവും പണവും താഴെത്തട്ടിലേക്ക് എത്തിച്ച ജനകീയാസൂത്രണം മികച്ച ഭരണസംവിധാനം തന്നെയാണ്.
ഈ സംവിധാനം വരുന്നതിനു മുമ്പ് പേരിനൊരു പഞ്ചായത്ത് സമിതി മാത്രമാണുണ്ടായിരുന്നത്. സമിതി തീരുമാനങ്ങളെടുത്തിട്ട് അവര്‍ അവരുടെ വഴിക്കു പോകും. പഞ്ചായത്ത് ‘എക്സിക്യൂട്ടീവ്’ ഓഫീസറായിരുന്നു ഭരണം നടത്തിയിരുന്നത്. ജനകീയാസൂത്രണം വന്നപ്പോള്‍ കളി മാറി. പഞ്ചായത്തുകള്‍ക്ക് അധികാരമായി. പണം വിനിയോഗിക്കാനുള്ള അധികാരവും പഞ്ചായത്ത് ഭരണസമിതിക്കു കിട്ടി.
പഞ്ചായത്തംഗങ്ങള്‍ക്ക് ചെറിയതോതിലുള്ള ശമ്പളവും കിട്ടിയതോടെ വികസനകാര്യങ്ങളില്‍ പഞ്ചായത്ത് അംഗങ്ങള്‍ താല്പര്യമുള്ളവരായി മാറി. എല്ലാവരും എന്നും ഓഫീസില്‍ എത്തി ഭരണകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. അനിവാര്യമാണെങ്കില്‍ നിയമനിര്‍മ്മാണം നടത്തി ഈ ബ്ലോക്ക് പഞ്ചായത്ത് എന്ന ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടത്താവളത്തെ ഇല്ലാതാക്കണം.
അതുകൊണ്ട് ഇടത്തരം രാഷ്ട്രീയനേതാക്കളെ അധികാരം നല്കി ആശ്വസിപ്പിച്ച് പിടിച്ചുനിര്‍ത്താനായി ബ്ലോക്ക് പഞ്ചായത്ത് ഭരണക്രമം വേണ്ടേ വേണ്ട.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.