ചാനല്‍ ചര്‍ച്ച നടക്കുകയാണ് വിഷയം: ‘സ്വപ്നയുടെ ശബ്ദം ആരന്വേഷിക്കും?’

ചാനല്‍ ചര്‍ച്ച നടക്കുകയാണ് വിഷയം: ‘സ്വപ്നയുടെ ശബ്ദം ആരന്വേഷിക്കും?’

കോവിഡനന്തരം കേരളത്തിന്റെ സാമ്പത്തിക നിലവാരം ഏതളവിലായിരിക്കും എന്നതില്‍ സാമാന്യം സാമ്പത്തികബോധം ഉള്ളവരൊക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ജനസമൂഹത്തിന് നല്ല ആശങ്കയുണ്ട്. ശമ്പളം മുടങ്ങാതെ കിട്ടുമോ? പെന്‍ഷനില്‍ കുറവുണ്ടാകുമോ?

കേരള ജനതയുടെ സാമൂഹ്യബോധം മറ്റേതു സംസ്ഥാന ജനതയെക്കാളും ഉയര്‍ന്നതാണ്. ഈ കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ടി.വി. ചാനലില്‍ ചര്‍ച്ച നടക്കുകയാണ്. വിഷയം കേള്‍ക്കാന്‍ ബഹുരസമാണ്.
‘സ്വപ്നയുടെ ശബ്ദം ആരന്വേഷിക്കും’ എന്തൊരു വലിയ ജനകീയ പ്രശ്‌നമാണിത്? നാടിന്റെ ഭാവിയെക്കുറിച്ച് അല്പമെങ്കിലും ചിന്തയുണ്ടായിരുന്നെങ്കില്‍ സ്വപ്നയുടെ ‘സ്വരം’ ആര് വിട്ടു എന്നറിയാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച വേണമായിരുന്നോ?

വൈകീട്ട് ഏറെ ആളുകളെ ടി.വി.യില്‍ വായും പൊളിച്ചിരുത്താന്‍ പരുവത്തിലുള്ള വിഷയം വേണം. അതിന് മസാല വിഷയം ആണെങ്കില്‍ റേറ്റിംഗ് കൂടും.

കുഞ്ഞുങ്ങളെ ബല്‍ത്സംഗം ചെയ്യുന്നു. അന്ധവിശ്വാസത്തിന്റെ ബലിയാടായത് ആറുവയസ്സുകാരിയായ യു.പി.ക്കാരി. എന്തെല്ലാം അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍. വട്ടവടയില്‍ ദളിതന് തലമുടി വെട്ടാന്‍ ബാര്‍ബര്‍ഷോപ്പില്ല. തമിഴ്‌നാട്ടില്‍ ചെരുപ്പിടാനാവില്ല ദളിതന്. സൈക്കിളില്‍ കയറി സഞ്ചരിക്കാന്‍ ഈ ശാസ്ത്രയുഗത്തില്‍ അനുവാദമില്ലാത്ത മനുഷ്യര്‍ ഉണ്ട് ഇന്ത്യാ രാജ്യത്ത്. പെണ്‍കുഞ്ഞ് ജനിച്ചാല്‍ വായില്‍ നെല്ലിട്ട് കൊന്നുകളയുന്നവരുടെ നാടാണിത്. തവളക്കല്യാണം, കഴുതക്കല്യാണം, പട്ടിക്കല്യാണം… എന്തെന്തു രസകരമായ അന്ധവിശ്വാസങ്ങള്‍, ആചാരങ്ങള്‍.

2000, 3000 കോടി രൂപ ചെലവ് വരുന്ന പ്രതിമകള്‍ സ്ഥാപിക്കുന്ന രാജ്യത്ത് പ്രിയതമയുടെ ശവമഞ്ചവുമായി 20 കി.മീറ്റര്‍ നടന്ന സഹോദരന്റെ നാടാണിത്. പോഷകാഹാരം ആവശ്യത്തിന് കഴിക്കാനില്ലാതെ കുഞ്ഞുങ്ങള്‍ വളരുന്ന നാട്. കുളിക്കുന്ന കുളത്തിലെ വെള്ളം കുടിക്കുന്ന ദരിദ്രരുടെ നാട്.

പക്ഷേ ഇവിടെ ഒരു പ്രമുഖ ടി.വി.യിലെ ചര്‍ച്ച ‘സ്വപ്നയുടെ ശബ്ദം ആരന്വേഷിക്കും’ എന്നതാണ്. കച്ചവടം അല്ലാതെ ഈ നാടിനോട് എന്തു പ്രതിബദ്ധതയാണ് ഈ മാധ്യങ്ങള്‍ക്കുള്ളത്. ഈ ചര്‍ച്ച കൊണ്ട് ആര്‍ക്ക്, എന്തു ഗുണം? എന്ത് സ്വാധീനമാണ് ജനങ്ങളുടെ ഇടയില്‍ ഈ ചര്‍ച്ച വരുത്താന്‍ പോകുന്നത്? കഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!