രാജമാതാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും സൗഖ്യവും

രാജമാതാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും സൗഖ്യവും

2011 ആഗസ്റ്റ് 25. ഹോങ്കോങ്ങില്‍ നിന്നും മലേഷ്യയില്‍ കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെന്നിറങ്ങി. എന്റെ മച്ചുനന്‍ കെനിയും ഭാര്യ സ്വപ്നയും മക്കള്‍ ശാലോം, എസിക്കിയേല്‍ എന്നിവര്‍ സ്വീകരിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരോടൊപ്പം കോലാലംപൂരില്‍ അവരുടെ ഭവനത്തിലെത്തി വിശ്രമിച്ച ശേഷം അടുത്തദിവസം പട്ടണം കാണാന്‍ പോയി.

അടുത്ത രണ്ടു ദിവസം അവര്‍ ആരാധിക്കുന്ന സഭയിലെ യോഗങ്ങളില്‍ ശുശ്രൂഷിച്ചു. 29-ന് മലേഷ്യയിലെ രാജാവിന്റെ ജന്മസ്ഥലമായ കൂവാലടെരങ്ങാന പ്രവിശ്യയില്‍ പോയി. അവിടെയാണ് എന്റെ അമ്മയുടെ അപ്പാപ്പനും ബ്രദര്‍ കെനിയുടെ പിതാവുമായ ജോര്‍ജ്ജുകുട്ടിയപ്പച്ചനും കുടുംബവും ബന്ധുക്കളും പാര്‍ക്കുന്നത്. രാത്രിയില്‍ ആ ഭവനത്തില്‍ നടന്ന യോഗത്തില്‍ ധാരാളം പേര്‍ സംബന്ധിച്ചു. ആഗസ്റ്റ് 30, 31 തീയതികളില്‍ മലേഷ്യയില്‍ ദേശീയദിനാഘോഷവും പെരുന്നാളും ആയിരുന്നു.

ഇപ്പോഴത്തെ രാജാവിന്റെ അമ്മ കൂവാലടെരങ്ങാന പ്രവിശ്യയുടെ സുല്‍ത്താനയാണ്. അവര്‍ പാര്‍ക്കുന്ന രാജകൊട്ടാരത്തില്‍ ആ ദിവസങ്ങളില്‍ വലിയ ആഘോഷപരിപാടികള്‍ ഉണ്ടായിരുന്നു. അന്ന് പ്രജകള്‍ക്കെല്ലാം സ്വാതന്ത്ര്യത്തോടെ കൊട്ടാരത്തില്‍ ചെല്ലാനും രാജമാതാവിനെ വന്ദനം ചെയ്യാനും ആഘോഷപരിപാടിയില്‍ പങ്കുകൊള്ളാനും കൊട്ടാരവളപ്പില്‍ തയ്യാറാക്കിയിരുന്ന വിഭവസമൃദ്ധമായ ആഹാരം ഭക്ഷിക്കുവാനും അവസരം ഉണ്ടായിരുന്നു.

രാജാവിന്റെ സഹപാഠിയും ആത്മാര്‍ത്ഥ സുഹൃത്തും ആയിരുന്ന ബ്രദര്‍ കെനിക്കു രാജകൊട്ടാരത്തില്‍ എപ്പോഴും പ്രവേശനം ഉണ്ട്. ജോര്‍ജ്ജുകുട്ടിയപ്പച്ചനും, അദ്ദേഹത്തിന്റെ അളിയന്‍ ഐസക് അങ്കിളും ടെറിങ്ങാനയില്‍ വളരെ പ്രശസ്തരാണ്. അതുകൊണ്ട് ദേശീയ ദിനാഘോഷത്തില്‍ സംബന്ധിക്കാന്‍ 31-നു രാവിലെ അവര്‍ എന്നെ കൂട്ടിക്കൊണ്ട് കൊട്ടാരത്തിലേക്കു പോയി. അവിടെ എത്തിയപ്പോള്‍ ഒരുകൂട്ടം ജനം രാജമാതാവിനെ വന്ദനം ചെയ്യുന്നതിന് നിരനിരയായി നില്‍പ്പുണ്ടായിരുന്നു.

അവര്‍ ഓരോരുത്തരും കൊട്ടാരത്തിന്റെ മുഖമണ്ഡപത്തില്‍ ഇരുന്ന സുല്‍ത്താനയെ വന്ദനം ചെയ്ത ശേഷം കൊട്ടാരവളപ്പിലെ വിഭവസമൃദ്ധമായ ഭക്ഷണമേശയില്‍ നിന്നും ഓരോരുത്തര്‍ക്കും ആവശ്യമായത് എടുത്ത്, ആഘോഷപരിപാടികളില്‍ പങ്കുകൊണ്ടിരുന്നു. എന്നാല്‍, ജോര്‍ജ്ജുകുട്ടിയപ്പച്ചനും കെനിയും ഐസക് അങ്കിളും കൊട്ടാരവുമായി വളരെ അടുപ്പമുള്ളവരായിരുന്നതിനാല്‍ ഞങ്ങള്‍ നേരിട്ട് സുല്‍ത്താനയുടെ മൂമ്പാകെ ചെന്നു വന്ദനം പറഞ്ഞു.

അതിനുശേഷം കെനി എന്നെ പരിചയപ്പെടുത്തി. ”എന്റെ മച്ചുനനും അമേരിക്കയില്‍ പാസ്റ്ററുമായ ഡോ. കോശി വൈദ്യന്‍.” പിന്നെ നേരെ കൊട്ടാരത്തിനകത്തേക്കു കൂട്ടിക്കൊണ്ടു പോയി. അതിനകത്തും ഭക്ഷണമേശയില്‍ ആഹാരം ഒരുക്കിയിരുന്നു. എന്നോടൊപ്പം വന്ന പ്രിയപ്പെട്ടവര്‍ രാജകുടുംബാംഗങ്ങളോട് സംസാരിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും തുടങ്ങി. എന്നാല്‍, ഞാന്‍ പ്രഭാതഭക്ഷണം കഴിച്ചതിനാല്‍ എല്ലാവരോടും അനുവാദം ചോദിച്ചിട്ട് പുറത്തുള്ള കാഴ്ചകള്‍ കാണാനിറങ്ങി.

അപ്പോള്‍ പൂമുഖത്ത് സുല്‍ത്താനയുടെ അടുക്കല്‍ പരിചാരിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടപ്പോള്‍ രാജമാതാവ് കൈനീട്ടി, എന്നെ അവരുടെ അടുക്കലേക്കു ക്ഷണിച്ചു. എനിക്കു ഹസ്തദാനം ചെയ്തിട്ട് വിശേഷങ്ങള്‍ ചോദിച്ചു. ജനം ഭക്ഷണം ശേഖരിച്ചു കൊണ്ട് ആഘോഷപരിപാടികളില്‍ പങ്കുകൊള്ളാന്‍ പോയിരുന്നതിനാല്‍ എന്നോട് വളരെ തുറന്ന് സംസാരിക്കാനുള്ള അവസരം ലഭിച്ചു. ഒടുവില്‍ എന്റെ കണ്ണുകളിലേക്കു നോക്കി,

അവര്‍ ഇപ്രകാരം പറഞ്ഞു: ‘Pastor, I have a problem. I am gripped with some kind of terrible fear.’ അതു പറഞ്ഞിട്ട് അവര്‍ വീണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി. ആ നോട്ടത്തില്‍ എന്നോട് എന്തോ പറയാന്‍ ആഗ്രഹമുണ്ടെങ്കിലും പരിചാരിക അടുത്തു നില്‍ക്കുന്നതിനാല്‍ കഴിയുന്നില്ലെന്നു മനസ്സിലായി.

ഞാന്‍ അവരോടു പറഞ്ഞു: ‘Madam, I am going to pray for you that you will be delivered from that fear right now.’ അതു പറഞ്ഞിട്ട് ”സകല നാമത്തിനും മീതെ ഉന്നതമായ നാമത്തില്‍” രാജമാതാവിന്റെ വിടുതലിനായി വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് ആമേന്‍ പറഞ്ഞിട്ട് ഞാന്‍ അവരോടു പറഞ്ഞു: ‘Madam, you are delivered from all your fear and God is going to satisfy you with long life.’

അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ പരിസരം മറന്ന്, സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് രണ്ടു കരങ്ങളും ഉയര്‍ത്തി, ‘I am delivered, my fear is gone!’ എന്നു പറഞ്ഞ്, വീണ്ടും ഹസ്തദാനം ചെയ്ത് അവരുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
ഭക്ഷണം കഴിച്ച ശേഷം പുറത്തുവന്ന എന്റെ പ്രിയപ്പെട്ടവര്‍ കണ്ടത് ഞാനും സുല്‍ത്താനയും കരങ്ങള്‍ പിടിച്ചു കുലുക്കിക്കൊണ്ട് സംസാരിക്കുന്നതാണ്.

എന്താണ് സംഭവിച്ചതെന്നു തിരക്കിയ അവരോട് ഞാന്‍ സംഭവിച്ചത് പങ്കുവച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: ”സുല്‍ത്താനയെ ബന്ധിച്ചിരുന്നത് മരണഭീതിയായിരുന്നു. അവരുടെ സഹോദരിയും മറ്റൊരു മകനും ഹൃദയസ്തംഭനം മൂലം അവരുടെ കണ്‍മുമ്പില്‍ വീണു മരിച്ചിരുന്നു. അന്നുമുതല്‍, താനും അതുപോലെ മരിക്കുമെന്ന ഭയത്തിലായിരുന്നു!”

അങ്ങനെ ‘രാജകൊട്ടാരത്തിലും നീ എന്റെ സാക്ഷിയാകും’ എന്ന് ദൈവം അരുളിച്ചെയ്ത മറ്റൊരു പ്രവചനം കൂടി നിവൃത്തിയായ ദിവസമായിരുന്നു അത്.

-റവ. ഡോ. കോശി വൈദ്യന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!