അമേരിക്കന്‍ ഭരണഘടനയില്‍ എല്ലാവരും സമന്മാര്‍: പ്രസിഡന്റിന് കൂടുതല്‍ അധികാരം

അമേരിക്കന്‍ ഭരണഘടനയില്‍ എല്ലാവരും സമന്മാര്‍: പ്രസിഡന്റിന് കൂടുതല്‍ അധികാരം



ഡോ. ഓമന റസ്സല്‍

അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യ ലബ്ധി സ്ഥിരവും ശാശ്വതവുമായ പുതിയൊരുഗവണ്‍മെന്റിന്റെ രൂപീകരണം അനിവാര്യമാക്കി. 1775-ല്‍ സമ്മേളിച്ച രണ്ടാം കോണ്‍ടിനെന്റല്‍ കോണ്‍ഗ്രസ് ആറുവര്‍ഷം നിലനിന്നു.

അമേരിക്കന്‍ ജനതയെ യുദ്ധത്തിലൂടെ വിജയത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ച കോണ്‍ടിനെന്റെല്‍ കോണ്‍ഗ്രസ് വ്യാപാരം നിയന്ത്രിക്കുകയും കരനാവികസേനകള്‍ക്ക് രൂപം നല്‍കുകയും കറന്‍സി അച്ചടിക്കുകയും മറ്റു രാജ്യങ്ങളുമായി ഉടമ്പടികളിലേര്‍പ്പെടുകയും പണം കടം വാങ്ങുകയും ചെയ്തു. വിവിധ രാജ്യങ്ങളിലേക്കു സ്ഥാനാപതികളെ നിയോഗിക്കുകയും സ്ഥാനാപതികളെ സ്വീകരിക്കുകയും ചെയ്തു .

പക്ഷേ ഈ കാലയളവില്‍ കോണ്‍ടിനെന്റെല്‍ കോണ്‍ഗ്രസിന് നിയമപരമായ ഒരസ്ഥിത്വമോ അധികാരമോ ഉണ്ടായിരുന്നില്ല. കാരണം വിവിധ കോളനികള്‍ നിയോഗിച്ച പ്രതിനിധികളുടെ സമ്മേളനമായിരുന്നു അത്.എങ്കിലും യുദ്ധകാലത്തെ അടിയന്തിരഘട്ടത്തില്‍ ചില അധികാരങ്ങള്‍ കോണ്‍ടിനെന്റെല്‍ കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടതായിവന്നു.

യുദ്ധകാലത്തിനിടയില്‍ 13 ബ്രിട്ടീഷ് കോളനികളും തമ്മില്‍ ഉണ്ടായ ഒരു സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ 1777-ല്‍ ചിലനിയമങ്ങള്‍ എഴുതിയുണ്ടാക്കി. ആര്‍ട്ടിക്കിള്‍സ് ഓഫ് കോണ്‍ഫെഡറേഷന്‍ എന്ന് നാമകരണം ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്റ്റേറ്റിനും പ്രാതിനിധ്യമുള്ള ‘കോണ്‍ഗ്രസ്’നിലവില്‍ വരികയും ചെയ്തു. ഭരണ ഘടനാ നിര്‍മ്മാണത്തിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്.

കേന്ദ്ര ഭരണം ഏതു രൂപത്തിലായിരിക്കണം, അതില്‍ വിവിധ സ്റ്റേറ്റുകള്‍ക്ക് പ്രാതിനിധ്യം നല്‍കേണ്ടതെങ്ങനെ, ഭരണത്തിനാവശ്യമുള്ള പണം എങ്ങനെ കണ്ടെത്തും, സ്റ്റേറ്റുകള്‍ക്ക് നല്‍കേണ്ട വിഹിതംനിശ്ചയിക്കുന്നതെങ്ങനെ എന്നു തുടങ്ങി അനേകം പ്രശ്‌നങ്ങള്‍ യുദ്ധാനന്തരം പരിഹരിക്കേണ്ടതുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരത്തിനു ശേഷം അമേരിക്കന്‍ഐക്യനാടുകളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. വ്യാപാരമാന്ദ്യം അനുഭവപ്പെട്ടു. മിക്കസ്റ്റേറ്റുകളുടേയും സമ്പത്‌വ്യവസ്ഥ തകര്‍ന്നു. പണ ദൗര്‍ലഭ്യം രൂക്ഷമായി. സ്വര്‍ണ്ണവും വെള്ളിയും ആവശ്യത്തിനു ലഭിച്ചില്ല. കൃഷിക്കാര്‍ക്കു ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെയായി. പലരും കൃഷിസ്ഥലങ്ങള്‍ വില്ക്കാന്‍ നിര്‍ബന്ധിതരായി. 1786-ല്‍ ഷേസ് റെബല്യന്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെട്ട കര്‍ഷകലഹള ബോസ്റ്റണ്‍ നഗരത്തെ പിടിച്ചുകുലുക്കി.

ചെറിയ ചെറിയ ലഹളകളിലൂടെ സ്റ്റേറ്റുകള്‍ തമ്മിലുണ്ടായിരുന്ന മാത്സര്യവും അസൂയയും വളര്‍ന്നു വന്നു. അമേരിക്കയും ബ്രിട്ടനുമായുള്ള യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിയില്‍ തന്നെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കലഹത്തിന് പഴുതുകള്‍ ഉണ്ടായിരുന്നു. ഉടമ്പടി വ്യവസ്ഥകള്‍ ബ്രിട്ടനും അമേരിക്കന്‍ സ്റ്റേറ്റുകളും ലംഘിക്കാന്‍ തുടങ്ങി. 1783-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അമേരിക്കന്‍ കപ്പലുകള്‍ കാനഡയിലും വെസ്റ്റിന്‍ഡീസിലും അടുക്കുന്നത് നിരോധിച്ചു.

യുദ്ധാനന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ശക്തവും ഏകീകൃതവുമായ ഒരു ദേശീയ ഗവണ്‍മെന്റ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത സ്റ്റേറ്റുകള്‍ക്ക് ബോധ്യമായി. പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ 1786-ല്‍ കോളനികളുടെ പ്രതിനിധികള്‍ സമ്മേളിച്ചു. നിലവിലുള്ള കോണ്‍ഫെഡറേഷന്റെ നിയമ വ്യവസ്ഥകളെ നവീകരിക്കുവാന്‍ രണ്ടാമത്തെ സമ്മേളനം 1787 മെയ് മാസം ഫിലദെല്‍ഫിയയില്‍ ചേരുവാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ഫിലദെല്‍ഫിയ സമ്മേളനം നാലുമാസത്തെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഒരു പുതിയ ഭരണ ഘടന എഴുതിയുണ്ടാക്കി. 1787 സെപ്റ്റംബര്‍ 17-ാം തിയതി പ്രതിനിധികള്‍ ഒപ്പുവെച്ച ഭരണഘടനയാണ് ഇന്നും അമേരിക്കയില്‍ നിലവിലുള്ളത്.

1787-ലെ ഫിലദെല്‍ഫിയ കണ്‍വന്‍ഷന്റെ സമയത്ത് നിലവിലുണ്ടായിരുന്ന 13 സ്റ്റേറ്റുകളില്‍ 9 സ്റ്റേറ്റുകള്‍ ഭരണഘടന സ്വീകരിച്ചുകഴിഞ്ഞാല്‍ ഭരണഘടന നിലവില്‍ വന്നതായി പരിഗണിക്കാമെന്ന് കണ്‍വന്‍ഷന്‍ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച് 1788-ല്‍ 9 സ്റ്റേറ്റുകള്‍ ഭരണഘടന അംഗീകരിച്ചതോടെ നിയമമായിത്തീര്‍ന്നു. ഫിലദെല്‍ഫിയ കണ്‍വന്‍ഷനില്‍ അംഗങ്ങളായിരുന്നവര്‍ ”ഫൗണ്ടിംഗ് ഫാദേഴ്‌സ്” എന്ന പേരില്‍ അറിയപ്പെട്ടു. കണ്‍വന്‍ഷന്റെ പ്രസിഡന്റായി ജോര്‍ജ്ജ് വാഷിങ്ടണ്‍ തെരെഞ്ഞെടുക്കപ്പെട്ടു. ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, അലക്‌സാണ്ടര്‍ ഹാമില്‍ടണ്‍, പില്‍ക്കാലത്ത് അമേരിക്കയുടെ നാലാമത്തെ പ്രസിഡന്റായി തെരഞ്ഞെടുപ്പെട്ട ജെയിംസ് മാഡിസണ്‍ തുടങ്ങിയ പ്രഗത്ഭ വ്യക്തികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

പുതിയ ഭരണഘടന അനുസരിച്ച് കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ 1789 ജനുവരിയിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫെബ്രുവരി നാലാം തിയതിയും നടത്തണമെന്ന് തീരുമാനിച്ചു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അമേരിക്കയുടെ പ്രഥമ പ്രസിഡന്റായി 1789 ഏപ്രില്‍ 30-ാം തിയതി ജോര്‍ജ്ജ് വാഷിംങ്ടണെ ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയും അമേരിക്ക ഒരു റിപ്പബ്ലിക്കായി തീരുകയും ചെയ്തു.
ഭരണകൂടം മാനുഷീക അവകാശങ്ങള്‍ നിര്‍വഹിക്കുവാന്‍ മനുഷ്യനുണ്ടാക്കിയ ഒരുപകരണമാണെന്നതായിരുന്നു അമേരിക്കന്‍ ഭരണഘടനാ ശില്പികളുടെ വിശ്വാസം. അത് ദൈവത്തിന്റെ ദാനമല്ലെന്നും മനുഷ്യന് മാറ്റാന്‍ കഴിയുന്നതാണെന്നും അവര്‍ വാദിച്ചു. ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴില്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ ആവശ്യങ്ങള്‍ക്കപ്പുറം സ്വന്തമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ വ്യക്തമാക്കി.

18-ാം നൂറ്റാണ്ടിലെ ലോകത്തില്‍ ഇതൊരു പുതിയ ആശയമായിരുന്നു. രാജാധികാരം ദൈവദത്തമാണെന്നും അത് മാറ്റാന്‍ മനുഷ്യന് അധികാരം ഇല്ലെന്നുമുള്ള ‘Divine Right of Kingship’ എന്ന അന്നുവരെ രൂഢമൂലമായി നിലനിന്നിരുന്ന ആശയത്തിന് കടക വിരുദ്ധമായ രാഷ്ട്രീയ സംഹിതയാണ് ഈ പുതിയ ആശയം മുന്നോട്ടുവച്ചത്. തങ്ങളുടെ ഭരണകൂടത്തിന് അടിസ്ഥാനമായി ലിഖിതമായ ഒരു ഭരണഘടന ഉണ്ടായിരിക്കണമെന്നും അത് എല്ലാഅംഗങ്ങള്‍ക്കും ബാധകമായിരിക്കണമെന്നും അമേരിക്ക ആഗ്രഹിച്ചു. അങ്ങനെയാണ് അമേരിക്കന്‍ ഭരണഘടന ഒരു സാമൂഹ്യ ഉടമ്പടിയും മൗലീക പ്രമാണവുമായിത്തീര്‍ന്നത്.

അമേരിക്കന്‍ യൂണിയനില്‍ ചേരുന്ന ഓരോ സ്റ്റേറ്റിനും ആ സ്റ്റേറ്റിനെ സംബന്ധിക്കുന്ന ചിലകാര്യങ്ങളില്‍ സ്വന്തമായ ഭരണാധികാരം നല്കിക്കൊണ്ടുള്ള ഫെഡറല്‍ ഭരണഘടനയാണ് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ വിദേശകാര്യം, യുദ്ധം, കറന്‍സി, അന്തര്‍ സംസ്ഥാന വാണിജ്യം തുടങ്ങിയ പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരപരിധിയിലാക്കി. സ്റ്റേറ്റുകള്‍ക്കുകൂടി പ്രാതിനിധ്യമുള്ള സെന്‍ട്രല്‍, ഫെഡറല്‍ എന്നീ രണ്ടുവിഭാഗം ഗവണ്‍മെന്റുകളിലൂടെയാണ് അമേരിക്കന്‍ ഭരണം നിര്‍വഹിക്കപ്പെടുന്നത്. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഭരണഘടനയാണ് അമേരിക്കന്‍ ഭരണഘടന.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിയമനിര്‍മ്മാണം നടത്തുന്നത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിന് രണ്ട് മണ്ഡലങ്ങളാണുള്ളത്. ഉപരിമണ്ഡലമായ സെനറ്റും അധോമണ്ഡലമായ ജനപ്രതിനിധി സഭയും (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്). സെനറ്റിലേയ്ക്ക് ഓരോ സ്റ്റേറ്റിനും രണ്ട് പ്രതിനിധികളെ വീതം അയയ്ക്കാം. സെനറ്റര്‍മാരുടെ കാലാവധി 6 വര്‍ഷമാണ്. ഓരോ സ്റ്റേറ്റിലേയും ജനസംഖ്യയുടെ അനുപാതം അനുസരിച്ചാണ് ജനപ്രതിനിധി സഭയിലേയ്ക്കുള്ള അംഗസംഖ്യ നിര്‍ണയിക്കുന്നത്. അവരുടെ കാലാവധി 2 വര്‍ഷമാണ്.
പ്രസിഡന്റാണ് നിയമങ്ങള്‍ നടപ്പാക്കുന്നത്. നാലു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് തടസമില്ല. ഓരോ സ്റ്റേറ്റിലേയും ജനങ്ങള്‍ പ്രത്യേകമായി തിരഞ്ഞെടുക്കുന്ന ഇലക്ടര്‍മാര്‍ അടങ്ങിയ ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ സ്റ്റേറ്റിലുമുള്ള കോണ്‍ഗ്രസ്സ് അംഗങ്ങളുടെ (പ്രതിനിധി സഭാംഗങ്ങളും സെനറ്റര്‍മാരും) സംഖ്യയ്ക്ക് തുല്യമായി അത്രയും ഇലക്ടര്‍മാരെ ഓരോ സ്റ്റേറ്റും തിരഞ്ഞെടുക്കുന്നു.

ലോകത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമായ അമേരിക്കന്‍ പ്രസിഡന്റിന് വളരെ വിപുലമായ അധികാരങ്ങള്‍ ഉണ്ട്. നിയമങ്ങള്‍ വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് കഴിയും. സ്ഥാനപതികളേയും ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. സര്‍വ്വസൈന്യാധിപനാണ് (Commander in Chief) പ്രസിഡന്റ്. നീതിന്യായ കോടതികള്‍സ്ഥാപിക്കുന്നതിനും രാജ്യത്തിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം പ്രസിഡന്റിനുണ്ട്.
അമേരിക്കന്‍ ഭരണഘടന ഭേദഗതി അത്യന്തം സങ്കീര്‍ണവും ക്ലേശകരവുമായ നടപടിയാണ്. കോണ്‍ഗ്രസ്സിന്റെ ഇരുമണ്ഡലങ്ങളിലേയും മുന്നില്‍ രണ്ടംഗങ്ങളുടെ പിന്‍തുണയോ അല്ലെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം സ്റ്റേറ്റുകളുടെ നിയമ സഭകള്‍ ഭേദഗതിക്ക് പിന്‍തുണ നല്കുകയോ വേണം. തന്നയുമല്ല, ഭേദഗതികള്‍ ഭരണഘടനയുടെ ഭാഗമായി അംഗീകരിക്കുന്നതിന് പിന്നെയും നാലില്‍മൂന്ന് ഭാഗം സ്റ്റേറ്റുകള്‍ ആ ഭേദഗതിയെ സ്വീകരിച്ച് സ്ഥിരപ്പെടുത്തണം.

ഗവണ്‍മെന്റിന്റെ മൂന്ന് ഘടകങ്ങളായ കോണ്‍ഗ്രസ്സ് (ഘലഴശഹെമൗേൃല), പ്രസിഡന്റ് (Executive), കോടതികള്‍ (Judiciary) എന്നിവയെ ഭരണഘടന പരസ്പരം ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ പ്രസിഡന്റിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ്സില്‍ സ്ഥാനമില്ല. മന്ത്രിസഭാംഗങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ഒരു മണ്ഡലത്തിലും സംബന്ധിക്കുവാന്‍ അവകാശമില്ല. ജഡ്ജിമാര്‍ക്ക് മരണം വരെ ആ പദവിയില്‍ തുടരാം. ഒരു പാര്‍ട്ടിയുടെ പ്രസിഡന്റ് അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സില്‍ മറ്റൊരുപാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായെന്നും വരാം. സുപ്രീംകോടതിക്ക് പ്രമുഖസ്ഥാനമുണ്ട്. അത് ഭരണഘടനയുടെ വ്യാഖ്യാതാവായി വര്‍ത്തിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യങ്ങളെ സംബന്ധിക്കുന്ന അവകാശ നിയമാവലി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്നും വളരെ വിപുലമായ അധികാരങ്ങള്‍ പ്രസിഡന്റിനും കോണ്‍ഗ്രസ്സിനും പുതിയ ഭരണഘടന നല്കിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. അവകാശ നിയമാവലികൂടി ഭരണ ഘടനയില്‍ കൂട്ടിച്ചേര്‍ത്തതോടുകൂടി അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം, ജൂറി മുഖേനയുള്ള കേസ് വിസ്താരത്തിനുള്ള അവകാശം, ക്രൂരവും അസാധാരണവുമായ ശിക്ഷകളില്‍ നിന്നുള്ള സംരക്ഷണം, സേര്‍ച്ച് വാറണ്ടുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍കൂടി ഉള്‍ക്കൊണ്ട് മാനുഷിക മുഖമുള്ള ഭരണഘടനയായി മാറി. എല്ലാ മനുഷ്യരും സമന്മാരായി സൃഷ്ടിക്കപ്പെട്ടവരാണ് എന്ന ഉദാത്ത ആശയം ഉദ്‌ഘോഷിക്കുന്ന അമേരിക്കന്‍ ഭരണഘടന മനുഷ്യസമൂഹത്തിന് ആശയും ആവേശവും പകരാന്‍ എന്നും പര്യാപ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!