കെ-ഫോണ്‍ പദ്ധതിയെ തകര്‍ക്കാന്‍ അംബാനിയും കൂട്ടരും?

കെ-ഫോണ്‍ പദ്ധതിയെ തകര്‍ക്കാന്‍ അംബാനിയും കൂട്ടരും?

ഇന്റര്‍നെറ്റ് പൗരാവകാശമാക്കിയ സംസ്ഥാനമാണ് കേരളം. വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സംവിധാനം ഹൈസ്പീഡില്‍ ഗ്രാമീണ ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുന്നതാണ് കെ-ഫോണ്‍ പദ്ധതി.

ഇതിനെ തകിടംമറിക്കുവാന്‍ വന്‍കിട കുത്തക ഫോണ്‍ കമ്പനികള്‍ ശ്രമിക്കുന്നതായി കുറെനാള്‍ മുമ്പേ ആരോപണമുയര്‍ന്നിരുന്നു.
ഐഡിയായും ജിയോയും എയര്‍ടെല്ലും വോഡാഫോണും ഉള്‍പ്പെടെയുള്ള വന്‍കിട നെറ്റ് വിതരണ ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയാണ് കെ-ഫോണ്‍ വന്നാല്‍ ഉണ്ടാവുക. സെക്കന്റില്‍ 10 എം.ബി. മുതല്‍ ഒരു ജി.ബി. വരെ വേഗത ലഭിക്കും. മാസം 100 രൂപയ്‌ക്കോ അതില്‍ താഴെയുള്ള നിരക്കിലോ നെറ്റ് ഉപയോഗിക്കാം.

പാവപ്പെട്ടവര്‍ക്കാണ് ഇത് ഏറെ ഗുണകരമാവുക. 20 ലക്ഷത്തോളം വരുന്ന പാവങ്ങള്‍ക്ക് സൗജന്യമായി വേഗതയോടു കൂടിയ നെറ്റ് കണക്ഷന്‍ കരഗതമാകുമെന്നര്‍ത്ഥം. ബാക്കിയുള്ള 90 ലക്ഷം കുടുംബങ്ങള്‍ക്കും ഹൈസ്പീഡ് നെറ്റ് കണക്ഷന്‍ കുറഞ്ഞ ചെലവില്‍ ലഭിക്കും. സ്വര്‍ണ്ണകള്ളക്കടത്തില്‍ അകപ്പെട്ട ശിവശങ്കറിന്റെ തലയിലുദിച്ച പദ്ധതിയായിട്ടാണ് ഇത് അറിയപ്പെടുന്നത്. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു തന്നെ പോവുകയാണ്.

കെ-ഫോണ്‍ പദ്ധതി നടപ്പിലായാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. വീട്ടിലിരുന്ന് അപേക്ഷകള്‍ നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാം. ഉള്‍നാടന്‍ ഗ്രാമങ്ങളിലെല്ലാം കെ-ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ തടസ്സമില്ലാതെ വേഗത്തില്‍ കിട്ടും. ഓണ്‍ലൈന്‍ വിദ്യാഭ്യാസമേഖലയും സംപുഷ്ടമാകും. വീടുകളിലിരുന്ന് കമ്പനികളുടെ ജോലി ചെയ്യാനും ബിസിനസ് ചെയ്യാനും സാധിക്കും.

എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഒന്നാക്കി നെറ്റ്‌വര്‍ക്ക് ശൃംഖലയെ സര്‍ക്കാര്‍ മാറ്റി. കെ-ഫോണ്‍ പദ്ധതിക്കായി 52000 കി.മീ. നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഇടണം. ഇതില്‍ പകുതിയോളം ഇട്ടു കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം നെറ്റ് സൗകര്യം സുഗമമാകും. കുത്തക കമ്പനികളുടെ തോന്നുംപോലെയുള്ള ബില്ലിംഗും ഉണ്ടാകില്ല.

കെ.എസ്.ഇ.ബി.യുടെ 1000 ഓഫീസുകള്‍ക്കായി പ്രതിവര്‍ഷം 15 കോടി രൂപയാണ് ഇന്റര്‍നെറ്റിനായി ചെലവാകുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ സ്ഥാപനങ്ങള്‍ക്കായി 40 കോടിയും സിവില്‍സ്റ്റേഷനുകള്‍ക്കായി 20 കോടിയും നിലവില്‍ നെറ്റ്‌വര്‍ക്കിനായി ചെലവാകുന്നു. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ 25 കോടി വേറെയും. 20 ലക്ഷം വരുന്ന ദരിദ്രവിഭാഗങ്ങള്‍ ഇപ്പോള്‍ത്തന്നെ 477 കോടി രൂപയുടെ നെറ്റ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ 1707 കോടി രൂപയാണ് ബി.എസ്.എന്‍.എല്ലും മറ്റു സ്വകാര്യ നെറ്റ്‌വര്‍ക്ക് കമ്പനികളും കൂടി കേരളത്തില്‍ നിന്നും തട്ടിയെടുക്കുന്നത്. ഇതില്‍ 90 ലക്ഷം സാധാരണ ജനങ്ങള്‍ മാസം 100 രൂപാ വച്ച് സ്വകാര്യ കമ്പനികളില്‍ നിന്നും നെറ്റ് ഉപയോഗിച്ചാല്‍ അതിന് 1080 കോടി രൂപ വരും. അങ്ങനെ 1707 കോടിയിലധികം രൂപയുടെ ബിസിനസാണ് കേരളത്തില്‍ അവസാനിക്കാന്‍ പോകുന്നത്. ഇത് കെ-ഫോണ്‍ ശൃംഖലയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമീണരായ 20 ലക്ഷം പാവപ്പെട്ടവര്‍ക്ക് സൗജന്യമായും, ബാക്കിയുളളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഹൈസ്പീഡ് നെറ്റ്‌വര്‍ക്ക് സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

ശിവശങ്കറിന്റെ ശ്രമഫലമായി ആരംഭിച്ച കെ-ഫോണ്‍ പദ്ധതിയെ തകര്‍ക്കാന്‍ ഇ.ഡി.യെക്കൊണ്ട് പൂട്ടിടീക്കുകയാണ്. അതുവഴി സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി കെ-ഫോണ്‍ പദ്ധതി ഇല്ലാതാക്കാം എന്നതാണ് അംബാനിയുടെയും കൂട്ടുകാരുടെയും ലക്ഷ്യം. 1707 കോടിയാണ് കേരളത്തില്‍ നിന്നും പ്രതിവര്‍ഷം ഇവര്‍ വാങ്ങിക്കൊണ്ടു പോകുന്നത്, കൊള്ളവിലയ്ക്ക് നെറ്റ് സംവിധാനങ്ങള്‍ വിറ്റ്.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!