പണമില്ലാതെ സഭാ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. ഐപിസിയിലെ ആയിരക്കണക്കിന് സുവിശേഷകര്‍ക്ക് കൊറോണക്കാലത്ത് സഹായമെത്തിക്കാന്‍ കഴിയുന്നില്ല. ഒരു കോടിയില്‍ പരം രൂപ മരവിച്ചു കിടക്കുന്നു. പെനാല്‍റ്റികള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നു. കോടികളുടെ ബാദ്ധ്യതയിലേക്ക് സഭ കൂപ്പുകുത്തുന്നു.
പാവപ്പെട്ട സുവിശേഷകന്മാരോട് ചെയ്ത ഈ കടുംകൈ ക്ഷമിക്കാവുന്നതല്ല. പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിച്ചുകൊണ്ട് വേണമായിരുന്നോ ഐ.പി.സി.ക്കെതിരെയുള്ള പോരാട്ടം. പണം അയയ്ക്കാന്‍ പറ്റുന്നില്ല. കിടക്കുന്ന പണം എടുക്കാനുമാകുന്നില്ല. പെനാല്‍റ്റി 43 ലക്ഷം അടച്ചു. ഇനിയൊരു 35 ലക്ഷം (കൃത്യമായി അറിയില്ല) അടയ്ക്കാന്‍ നോട്ടീസ് വന്നെന്ന് കേള്‍ക്കുന്നു. മറ്റൊന്നു കൂടി പിന്നാലെ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
അനീതി കാട്ടുന്നത് നേതാക്കന്മാരല്ലേ. കേസ് കൊടുക്കണമെങ്കില്‍ അവര്‍ക്കെതിരെ കൊടുക്ക്. പകരം പാവപ്പെട്ട സുവിശേഷകന്മാരുടെ കഞ്ഞികുടി മുട്ടിച്ച ഈ പണി ആരു ചെയ്താലും ക്ഷമിക്കാവുന്നതല്ല. ഇത് കൊടുംപാതകമായിപ്പോയി.
നേതാക്കന്മാര് ഭരണഘടനാ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നീതി ലഭിക്കാന്‍ ലോക കോടതിയെ സമീപിക്കേണ്ടി വരാം. അതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവില്ല. വിശ്വാസികള്‍ തമ്മിലുള്ള പ്രശ്നം കോടതിയില്‍ തീര്‍പ്പാക്കുന്നത് ബൈബിള്വിരുദ്ധമാണെന്നതും നാം തിരിച്ചറിയണം. പക്ഷേ നേതൃത്വം ചെയ്യുന്നത് ഒന്ന്, എഴുതി വച്ചേക്കുന്ന നിയമം മറ്റൊന്ന്. അതാണ് മിക്ക കേസുകളുടെയും ആവിര്‍ഭാവത്തിന് കാരണം.
പുറത്താക്കപ്പെട്ടയാള്‍ സഭയ്ക്കകത്തേക്ക് കയറിപ്പറ്റാന്‍ നടത്തിയ ശ്രമം സഭയുടെ ‘ഹൃദയം’ തന്നെ പറിച്ചെടുത്തു കളഞ്ഞു എഫ്.സി.ആര്.എ. കേസിലൂടെ. അത്യന്തം ഹീനമായിപ്പോയി ഈ നടപടി. വാടക കൊടുക്കാനാവാതെ വലയുന്ന ശുശ്രൂഷകന്മാര്. മരുന്നിന് പണമില്ല. ചികിത്സ ലഭിക്കാതെ മരണങ്ങള് വരെ സംഭവിക്കുന്നു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ശുശ്രൂഷകന്മാര് വടക്കേയിന്ത്യയില്‍ ഉണ്ട്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു.
കേന്ദ്രസര്‍ക്കാരില്‍ പരാതി കൊടുത്ത എഫ്സിആര്‍എ ബിനാമിക്കാരന്‍ ആത്മപരിശോധന നടത്തണം. ആര്‍ക്കു വേണ്ടിയാടോ താന്‍ ഇതു ചെയ്തത്. തനിക്ക് എന്തു ഗുണം കിട്ടി? ലോകത്തൊരിടത്തും ആരും ഇതുപോലൊരു പണി ചെയ്യാറില്ല. സ്വന്തം സഭയോടും സ്വന്തം സഹോദരന്മാരോടുമാണ് ഈ കൊടുംചതി ചെയ്തിരിക്കുന്നത്. ഉയരത്തില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. കാത്തിരുന്ന് കാണാം സുഹൃത്തേ.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.