എമി കോണി ബാരറ്റ്‌ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

എമി കോണി ബാരറ്റ്‌ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ഡോ: ബാബു തോമസ്, ന്യൂയോർക്ക്

ന്യൂയോർക്ക്: എമി കോണി ബാരറ്റ്‌ അമേരിക്കൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് വൈറ്റ് ഹൗസിൽ ആചാരപരമായ ചടങ്ങിൽ വിശുദ്ധ ബൈബിളിൽ ഒരു കരം വച്ചും മറ്റേ കരം ഉയർത്തിപിടിച്ചുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

കറുത്തവർഗക്കാരനും ക്രിസ്തീയ സദാചാര നിലവാരങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ജസ്റ്റിസ് ക്ലാരൻസ് തോമസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് ചൊല്ലിക്കൊടുത്ത ജുഡീഷ്യൽ ഓത്തും കഴിഞ്ഞശേഷമാണ് ഔദ്യോഗിക പദവിയിൽ പ്രവേശിച്ചത്. 48-നെതിരേ 52 വോട്ടുകൾനേടിയാണ് സുപ്രീംകോടതിയിലെ 115-ാമത് ജഡ്ജിയായി 48-കാരിയായ ഏമി സ്ഥാനമേറ്റത്.

ജസ്റ്റിസ് രൂത്ത് ബേഡർ ജിൻബെർഗ് മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് എമി കോണി ബാരറ്റിൻ്റെ നിയമനം. പ്രസിഡൻ്റ് ട്രംപ് നാമനിർദേശം ചെയ്തു സെനറ്റ് അംഗീകരിക്കുന്ന മൂന്നാമത്തെ സുപ്രീംകോടതി ജസ്റ്റിസാണ് ബാരറ്റ്‌. അമേരിക്കൻ ഭരണഘടനയിലുള്ള തന്റെ അഗാധമായ അറിവും ശരിയായി വ്യാഖാനിക്കുവാൻ കഴിയുമെന്ന ഉറപ്പുമാണ് തന്നെ തിരഞ്ഞെടുക്കുവാൻ കാരണമായത്. അമേരിക്കൻ ഭരണഘടന എഴുതിയപ്പോൾ എന്തുദ്ദേശത്തോടെയാണോ എഴുതിയോ ആ ഉദ്ദേശത്തോടുകൂടിയാകണം നിയമം വ്യഖ്യാനം ചെയ്യേണ്ടത് എന്ന മിതവാദികളായവരുടെ വാദവും കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ നിയമനം

സാധാരണ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ച അസാധാരണ കഴിവുള്ള വ്യക്തിയാണ് ജസ്റ്റിസ് ബാരറ്റ്‌. ഏഴു മക്കളുടെ മാതാവും (രണ്ടെണ്ണം ദത്തെടുത്ത ഹെയ്തി എന്നദേശത്തിലെ കറുത്ത വർഗ്ഗക്കാരായ കുട്ടികളാണ്), നല്ല ധാർമ്മിക നിലവാരം പുലർത്തുന്ന കുടുംബിനിയും ക്രൈസ്തവ വിശ്വാസിയുമാണ്. മറുപടി പ്രസംഗത്തിൽ തന്നെ തിരെഞ്ഞടുത്ത പ്രസിഡന്റിന് നന്ദിയും അമേരിക്കൻ ജനത തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു ഭംഗം വരാതെ ഭരണഘടനാ മുറുകെപിടിച്ചുകൊണ്ടു മുന്നേറുമെന്നും ആരെയും ഭയപ്പെടുകയോ, പ്രീതിപ്പെടുത്തുകയോ ചെയ്യുന്ന രീതിയിലുള്ള നിയമനടപടികൾ സ്വീകരിക്കുകയില്ലെന്നും പ്രസ്താവിച്ചു.

അമേരിക്കൻ സമുന്നത കോടതിയിലിപ്പോൾ യാഥാസ്ഥിതിക ചിന്താഗതിയുള്ള ജസ്റ്റിസ്മാർക്കു ഭൂരിപക്ഷം വന്നിരിക്കുകയാണ്. ഇനിയിപ്പോൾ ഗർഭഛിത്രം നടത്തുന്നവർക്കും, സ്വവർഗ വിവാഹത്തിന്റെയും ഒക്കെ സാധ്യതകൾ എങ്ങിനെയായി തീരുമെന്ന് കണ്ടറിയണം. സ്വവർഗവിവാഹമൊക്കെ തെറ്റാണെന്നും, കോടതി പുനർചിന്തനം നടത്തണമെന്നുമുള്ള ജസ്റ്റിസ് ക്ലാരൻസ് തോമസിന്റെ അടുത്തിടെയുള്ള പ്രസ്താവനയൊക്കെ ഇത്തരുണത്തിൽ ചിന്തനീയമാണ്.

എന്തായാലും ഒരു ക്രിസ്തീയ വീക്ഷണമുള്ള യാഥാസ്ഥിതിക ജഡ്ജിനെകൂടി അമേരിക്കയുടെ പരമോന്നത കോടതിയിൽ അവരോധിക്കുവാനുള്ള അവസരം സഫലീകരിച്ചിരിക്കുന്നതിനാൽ ട്രംപിന് ഭൂരിഭാഗം വരുന്ന യാഥാസ്ഥിതികരുടെ വോട്ട് 2016 ലെ എന്നപോലെ നേടാനാകുമെന്നു ചിലർ ചിന്തിക്കുന്നുണ്ട്. ഡെമോക്രറ്റുകളുടെ ശക്തമായ എതിർപ്പിനെ വകവയ്ക്കാതുള്ള നിയമനമാകയാൽ പിന്നീട് ഡെമോക്കറ്റുകൾക്കു ഭൂരിപക്ഷമുള്ള ഭരണം വന്നാൽ ഭവിഷ്യത്തുകൾ പ്രതീക്ഷിക്കാമെന്ന് അവരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!