2017-ല്‍ രണ്ടാം പ്രാവശ്യം ശുശ്രൂഷയ്ക്കായി ഇന്ത്യയിലേക്ക് യാത്ര തിരിക്കുമ്പോള്‍ വളരെ ക്ഷീണം തോന്നിയിരുന്നെങ്കിലും അതു ഗണ്യമാക്കാതെ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ വിശ്രമമില്ലാതെ യാത്ര ചെയ്തു ശുശ്രൂഷിച്ച് ഫിലദെല്‍ഫിയായില്‍ മടങ്ങിയെത്തി.
എന്നാല്‍, പെട്ടെന്ന് ക്ഷീണം വര്‍ദ്ധിച്ചതു മൂലം അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ടി വന്നു. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഭവനത്തില്‍ തിരികെയെത്താമെന്നു കരുതിയാണ് വീടിനടുത്തുള്ള ജീന്‍സ് ഹോസ്പിറ്റലില്‍ ചെന്നത്. എന്നാല്‍ എന്റെ ഓക്സിജന്‍ ലെവല്‍ അപകടകരമാംവിധം താണതിനാല്‍ ഉടന്‍ അഡ്മിറ്റാക്കി ഓക്സിജന്‍ നല്കി എന്നെ പരിശോധനയ്ക്ക് വിധേയമാക്കി.
ഒരാഴ്ചയില്‍ അധികം അവിടെ കഴിഞ്ഞ എനിക്ക് ആശ്വാസകരമായ റിപ്പോര്‍ട്ടല്ല ലഭിച്ചത്. വര്‍ഷങ്ങളായുണ്ടായിരുന്ന ‘ഈഡിയോപതിക് പള്‍മനറി ഫൈബ്രോസിസ്’ വളരെ മൂര്‍ച്ഛിച്ച് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത മുപ്പത് ശതമാനമേ ഉള്ളൂ എന്ന വാര്‍ത്ത മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തി. രോഗകാരണം അറിവില്ലാത്തതു കൊണ്ട് അതു പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമല്ല. ഇപ്പോള്‍ ഒന്നുരണ്ട് ട്രയല്‍ മെഡിസിനുകള്‍ പ്രചാരത്തിലുണ്ട് എങ്കിലും അതിന്റെ പാര്‍ശ്വഫലം വളരെ കൂടുതലും പ്രയോജനം വളരെ കുറവും മാത്രമാണ്.
വൈദ്യശാസ്ത്ര പ്രകാരം ഇതിനുള്ള ഏക പരിഹാരം ശ്വാസകോശം മാറ്റിവയ്ക്കലാണ്. അതിന് വിദഗ്ദ്ധമായ റ്റെംപിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തുകൊണ്ട് ജീന്‍സില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി.
ചില പരിശോധനകള്‍ക്കു ശേഷം കുറിപ്പടി വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്കു മടങ്ങാം എന്ന ചിന്തയോടെ ജീന്‍സ് ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ ചെന്ന ഞാന്‍ നാളുകള്‍ക്കു ശേഷം അവിടെനിന്നും ഭവനത്തിലേക്കു മടങ്ങുമ്പോള്‍ ഡോക്ടര്‍മാരുടെ വാക്കുകള്‍ അംഗീകരിക്കുന്നതിന് മടി തോന്നി. എന്റെ മനസ്സ് ഒരു ‘Sprin control mode’ ലേക്കു തിരിഞ്ഞു.
അനുകൂലമായ, സാധകാത്മകമായ വശങ്ങള് കണ്ടെത്താനുള്ള ശ്രമത്തിലായി. 24/7 ഓക്സിജന്‍ കോണ്സന്ട്രേറ്റിന്റെ സഹായത്തോടെ ജീവിക്കുകയോ? ശ്വാസകോശങ്ങള്‍ മാറ്റിവയ്ക്കുകയോ? എനിക്ക് ഇനി എങ്ങനെ യാത്ര ചെയ്യാന്‍ കഴിയും? ശുശ്രൂഷാകാലം തികഞ്ഞുവെങ്കില് പിന്നെ എന്തിനു ദൈവം എന്നെ ഭൂമിയില്‍ ആയിരിക്കാന്‍ അനുവദിക്കുന്നു? ഭവനത്തിലേക്ക് വിളിച്ചുകൂടെ? നൂറുനൂറ് ചോദ്യങ്ങള്‍ മനസ്സിനെ ഭാരപ്പെടുത്തുന്നുണ്ട്.
യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ജീവിതപാത മുന്നോട്ടു കാണാന്‍ കഴിയാത്ത വിധം ഒരു കൊടുംവളവില്‍ ഞാന്‍ എത്തി നില്ക്കുന്നു. ജീവിതത്തില്‍ ഇങ്ങനെ ഒരു കൊടുംവളവ് ഞാന്‍ അല്പം പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ ഓക്സിജന്‍ ലെവല്‍ അപകടകരമാംവിധം വീണ്ടും താണ് റ്റെംപിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ‘എമര്‍ജന്‍സി’യിലെത്തിച്ചു. രണ്ടാഴ്ചയോളം അവിടെ വിവിധ പരിശോധനകള്‍ക്കു വിധേയനാക്കി. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മുമ്പേയുള്ള പല നടപടിക്രമങ്ങള്‍ക്കു ശേഷം ഭവനത്തിലേക്ക് മടക്കിയയച്ചു.
അങ്ങനെ യാത്രകളും ശുശ്രൂഷകളും വീണ്ടും തടസ്സപ്പെട്ടു. ഒക്ടോബറില്‍ സഹോദരീപുത്രി ജസ്സീനയുടെ വിവാഹത്തോടനുബന്ധിച്ച് ഒക്കലഹോമയില്‍ പോയതൊഴികെ ദൂരയാത്രകള് എല്ലാം ഒഴിവാക്കി. ജസ്സീനയുടെ ആഗ്രഹപ്രകാരം അവളുടെ വിവാഹത്തില്‍ ഞാന്‍ വചനം പ്രസംഗിച്ചത് പ്രത്യേകാനുഭവമായിരുന്നു.
നവംബര്‍ ഒന്പതിനു രാവിലെ 10.24-ന് മകന് തോംസന് ഒരു ആണ്പൈതല് പിറന്നത് വേദനകളുടെയും രോഗങ്ങളുടെയും നടുവില്‍ എന്റെ ജീവിതത്തിലെ വലിയ സന്തോഷമായിരുന്നു. എന്നാല്‍ ഓരോ ദിവസവും ആരോഗ്യനില ആശങ്കാജനകമായിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരെ കാണാന്‍ തുടര്‍ച്ചയായി റ്റെംപിളിലേക്കുള്ള യാത്രകള്‍ കഠിനമായിത്തീര്‍ന്നു.
2018 മാര്‍ച്ച് 11-ന് ആരോഗ്യനില വളരെ വഷളായതിനെ തുടര്‍ന്ന് റ്റെംപിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. ഓക്സിജന്‍ ലെവല്‍ 55 ശതമാനം, ഹൃദയസ്പന്ദനം 138 ആയതിനാല്‍ ഉടന്‍തന്നെ എന്നെ ‘അഡ്മിറ്റ്’ ചെയ്തു. ഓരോ ദിവസവും നല്‍കിയിരുന്ന ഓക്സിജന്റെ അളവ് കൂട്ടിക്കൊണ്ടിരുന്നു. ‘ട്രാന്‍സ്പ്ലാന്റ്’ കഴിയാതെ എന്നെ വീട്ടിലേക്കയയ്ക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയ ‘ടീം’ എന്നെ ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്കു മാറ്റി.
ഏപ്രില്‍ രണ്ടിന് സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ആറാം നിലയില്‍ നിന്നും രണ്ടാം നിലയിലുള്ള ‘ഐ.സി.യു.’വിലേക്കു മാറ്റി. കൂടുതല്‍ നിരീക്ഷണത്തിനും, വേണ്ടിവന്നാല്‍ ജീവന് രക്ഷിക്കേണ്ടതിനും വെന്റിലേറ്ററിലേക്കു മാറ്റി. അന്ന് എന്റെ അവസാനദിവസമാണോ എന്ന് ഭാര്യ ആകുലപ്പെട്ടു. ഫ്യൂണറല്‍ മുന്നില്‍ കണ്ട് മക്കള്‍ ഹൃദയം പൊട്ടി കരഞ്ഞു. വെന്റിലേറ്ററില്‍ അധികനാള്‍ കിടക്കേണ്ടി വന്നാല്‍ ട്രാന്‍സ്പ്ലാന്റ് ലിസ്റ്റില്‍ വീണ്ടും താഴേക്കു പോകുകയും, ചിലപ്പോള്‍ അതു ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും.
എന്നാല്‍ ഏപ്രില്‍ 4, 5 തീയതികളില്‍ ഞങ്ങള്‍ സഭായോഗത്തിനു പോകുന്ന പി.എഫ്.ജി.എ.യില്‍ എനിക്കു വേണ്ടി പ്രത്യേകം ഉപവാസപ്രാര്‍ത്ഥന നടന്നു. വെന്റിലേറ്ററിലേക്കു മാറ്റി എന്നറിഞ്ഞ് സഭ ആത്മാര്‍ത്ഥമായി ദൈവത്തോട് നിലവിളിക്കാന്‍ തുടങ്ങി. ലോകത്തില്‍ വിവിധ രാജ്യങ്ങളില്‍ ദൈവജനം എനിക്കുവേണ്ടി ശ്രദ്ധയോടു കൂടി പ്രാര്‍ത്ഥിച്ചു.
ദൈവം തന്റെ ജനത്തിന്റ നിലവിളി കേട്ടു! വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ ഒരു ദാതാവിനെ ദൈവം എനിക്കായി ഒരുക്കി. ‘തക്കസമയത്ത് എല്ലാം നന്നായി ചെയ്യുന്ന ദൈവം’ എനിക്കുവേണ്ടി അത്ഭുതം ചെയ്തു. പിറ്റേന്ന് (5-ന്) രാവിലെ സര്ജന് ഷിഗമൂറായും സംഘവും വിജയകരമായി ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
അങ്ങനെ ഞങ്ങളുടെ വിലാപത്തെ ദൈവം സന്തോഷമാക്കി മാറ്റി. മരണം നീക്കി, ജീവന് വീണ്ടും നല്കി. ദൈവം എനിക്ക് ഒരു പുതിയ ശ്വാസകോശവും പുതിയ ജീവിതവും നല്കി.
ഏപ്രില്‍ 24-ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഭവനത്തിലേക്ക് അയച്ചു. അങ്ങനെ 44 ദിവസത്തിനു ശേഷം ഭവനത്തിലേക്ക്, ദൈവം എനിക്കു നീട്ടിത്തന്ന ജീവിതത്തിലെ രണ്ടാമൂഴവുമായിട്ടാണ് മടങ്ങിയത്.
കഴിഞ്ഞ 50 വര്‍ഷം കര്‍ത്താവിന്റെ വേല ചെയ്തതിനേക്കാള്‍, ദൈവം തന്റെ കരുണയാല്‍ എനിക്കു നീട്ടിത്തന്ന ഈ ഊഴം, ഇരട്ടി ആത്മനിറവോടും ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും ആത്മഭാരത്തോടും സമര്‍പ്പണത്തോടും വിനയത്തോടും ദൈവഭയത്തോടും കണ്ണുനീരോടും കൂടെ കര്‍ത്തൃശുശ്രൂഷ ചെയ്യുവാന്‍ എന്നെ പുതുക്കി സമര്‍പ്പിച്ചു കൊണ്ടാണ് ഞാന്‍ ഭവനത്തിലേക്കു പ്രവേശിച്ചത്.
ദൈവം എനിക്ക് അതിനുള്ള അഭിഷേകവും അവസരവും ആരോഗ്യവും നല്‍കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു!































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.