ഇടതുപക്ഷത്തിന് ഞെട്ടൽ: പി. സി. തോമസ് യുഡിഎഫിലേക്ക്

ഇടതുപക്ഷത്തിന് ഞെട്ടൽ: പി. സി. തോമസ് യുഡിഎഫിലേക്ക്

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. സി. തോമസിനെ യുഡിഎഫിന്റെ ഭാഗമാക്കുവാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തുറ്റ ശബ്ദവുമായിരുന്ന പി. ടി. ചാക്കോയുടെ മകൻ പി. സി. തോമസിന്റെ രാഷ്ട്രീയ നീക്കത്തിന് പിന്തുണയേറുന്നതായാണ് സൂചന.

ജോസ് കെ. മാണി ഇടതു പാളയത്തിൽ ചേക്കേറിയതിൽ അസ്വസ്ഥരായ ജോസ് പക്ഷത്തെ പ്രമുഖരും ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് കക്ഷികളിലെ നേതാക്കളും പി. സി. തോമസുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്.

കെ.എം. മാണിയുടെ മകന്‍ യുഡിഎഫില്‍ നിന്നും സ്വയം പുറത്തുപോകുമ്പോള്‍ പി. ടി. ചാക്കോയുടെ മകനെ യുഡിഎഫിലെത്തിക്കുകയെന്നതാണ് കോണ്‍ഗ്രസ് തന്ത്രം.

ആറ് തവണ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി. സി. തോമസ്, കെ. എം.മാണി കഴിഞ്ഞാല്‍ ഏറ്റവും ജനകീയ ബന്ധമുള്ള നേതാവായിട്ടാണ് അന്ന് പാര്‍ട്ടിയില്‍ അറിയപ്പെട്ടിരുന്നത്.
ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ താക്കോല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് പി. സി. തോമസിന് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.

മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണിയെ നിര്‍ത്തുമ്പോള്‍ ആ മണ്ഡലത്തില്‍ വലിയ വേരോട്ടമില്ലാത്ത എന്‍ഡിഎ പിൻന്തുണയോട് മത്സരിച്ച് പി. സി. തോമസ് അട്ടിമറി വിജയം നേടി. ജോസ് കെ. മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പുറകില്‍ മൂന്നാം സ്ഥാനത്തേക്ക് ജനങ്ങൾ പിന്തള്ളിയത് മാണിയേയും കൂട്ടരേയും ഞെട്ടിച്ചുകളഞ്ഞു.

ആ ചരിത്രം ജോസ് കെ. മാണിയും അനുയായികളും മനപൂർവം മറക്കാൻ ശ്രമിക്കുകയാണിപ്പോഴും. മാണിയുടെ പ്രിയപുത്രൻ
ജോസ്മോൻ്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും അപമാനകരമായി മാറിയ സംഭവമാണ് മൂവാറ്റുപുഴ തോല്‍വി.

അപ്രതീക്ഷമായ തോൽവിക്കു ശേഷം ജോസ് കെ. മാണി ശത്രുതാമനോഭാമണ് പി.സി. തോമസിനോട് പുലര്‍ത്തിയതെന്നാണ് പിസിയുടെ അടുപ്പക്കാർ പറയുന്നത്.

മൂവാറ്റുപുഴയില്‍ ജയിച്ച് എന്‍ഡിഎയുടെ ഭാഗമായ പി. സി. തോമസ് തിരികെ യുഡിഎഫിന്റെ ഭാഗമാകാന്‍ പല തവണ ആഗ്രഹിച്ചിരുന്നെങ്കിലും ജോസ് കെ. മാണി അതിനെതിരായി ശക്തമായ നിലപാട് കേരള കോണ്‍ഗ്രസിനെക്കൊണ്ട് എടുപ്പിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതുകൊണ്ടാണ് മാണി-ജോസഫ് ലയന സമയത്ത് പി.ജെ. ജോസഫിനൊപ്പം പി.സി. തോമസിന് യുഡിഎഫിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്.

2012ല്‍ കെ. എം. മാണി എൽഡിഎഫില്‍ എത്തി മുഖ്യമന്ത്രിയാകുവാന്‍ ശ്രമിച്ചപ്പോള്‍ സിപിഎമ്മിനോട് ജോസ് കെ. മാണി ആവശ്യപ്പെട്ടത് പി.സി. തോമസിനെ മുന്നണിയില്‍ നിന്നും കളയണമെന്ന നിലപാടായിരുന്നുവെന്നും പറഞ്ഞ് കേൾക്കുന്നു. ആ നിര്‍ദേശം സിപിഎമ്മിലെ ഔദ്യോഗിക ചേരി നടപ്പിലാക്കി കൊടുത്തതിന്റെ ഭാഗമാണ് പി.സി. തോമസിന്റെ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ സ്‌കറിയ തോമസിനെക്കൊണ്ട് പാര്‍ട്ടി പിളര്‍ത്തിയതും മുന്നണിയില്‍ നിന്നും പുറത്താക്കിയതും.

മാണി എല്‍ഡിഎഫിലെത്തിയാല്‍ പി.സി. തോമസ് യുഡിഎഫിലേക്ക് എന്ന് ഉറപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകൾ സജീവമായി നില്‍ക്കുമ്പോഴാണ് അവിചാരിതമായി ബാര്‍ കോഴക്കേസ് വരുന്നത്. അതോടെ മാണിസാറിന്റെ എല്‍ഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമായി മാറി. അതോടെ എല്‍ഡിഎഫിന് പുറത്തായ പി.സി. തോമസിന് യുഡിഎഫിലേക്കുള്ള വഴിയും അടഞ്ഞു. എല്‍ഡിഎഫിലും യുഡിഎഫിലും ഇല്ലാത്ത പി.സി. എന്‍ഡിഎയില്‍ കയറിപ്പറ്റേണ്ട അവസ്ഥ വന്നു.

2017ലെ പി.ടി. ചാക്കോ അനുസ്മരണത്തില്‍ കെ.എം. മാണി നേരിട്ടെത്തിയത് കേരളാ കോണ്‍ഗ്രസ് ക്യാംപിൽ വലിയ വാര്‍ത്തയായിരുന്നു. കേരളാ കോണ്‍ഗ്രസുകള്‍ ഒന്നാകണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതിന് പി.സി. തോമസ് മുന്‍കൈയെടുക്കണം. ഫ്രാന്‍സിസ് ജോര്‍ജിനേയും ജോണി നെല്ലൂരിനേയും സാക്ഷിയാക്കി കെ.എം. മാണി അന്ന് പറഞ്ഞു.

മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ സഭാ പിതാക്കന്മാരുടെ അനുഗ്രഹത്തോടെ പി. സി. തോമസ് കേരള കോൺഗ്രസുകളുടെ ഐക്യത്തിന് വേണ്ടി നീക്കം നടത്തിയപ്പോൾ ജോസ് കെ. മാണിയുടെ ശക്തമായ എതിര്‍പ്പ് മൂലമാണ് ‘ഐക്യ കേരളാ കോണ്‍ഗ്രസ്’ എന്ന ആശയം ഉപേക്ഷിക്കപ്പെട്ടതെന്ന് ആരോപണമുണ്ട്.

എന്‍ഡിഎ ബന്ധത്തില്‍ പി.സി. തോമസിന് ബിജെപി നേതൃത്വം വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലെ തീരുമാനം അനന്തമായി നീണ്ടുപോകുകയാണിപ്പോഴും. കേന്ദ്രഗവണ്‍മെന്റ് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിര്‍പ്പും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആശങ്കകളും എൻഡിഎ മുന്നണിയിലെ ബന്ധം ഭാവിയില്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് പി സിയുടെ പാർട്ടിയെ വലതുപക്ഷത്തോട് അടുപ്പിക്കുന്നത്.

ജോസ് കെ. മാണിയുടെ ഇടതു പ്രവേശത്തിൽ ശക്തമായ വിയോജിപ്പുള്ള കത്തോലിക്ക സഭാനേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് പി.സി. തോമസിനെ യുഡിഎഫില്‍ എത്തിക്കുവാനുള്ള ആശയത്തിന് ജീവന്‍വച്ചത്.
ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ജോസ് കെ. മാണി പക്ഷത്തുള്ള പല പ്രമുഖരും എല്‍ഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റു ചില മുന്‍ എംഎല്‍എമാരും പി. സി. തോമസിനൊപ്പം യുഡിഎഫ് ചേരിയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!